Thursday, July 16, 2020

പുതു ലോകത്തിലെ പുതുശീലങ്ങള്‍

അവിചാരിതമായുണ്ടാകുന്ന ചില കാര്യങ്ങള്‍ പലപ്പോഴും വ്യക്തികളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. എന്നാല്‍ ചിലപ്പോള്‍ വലിയ ചില പ്രതിസന്ധികളും അതിനെ തുടര്‍ന്നുണ്ടാകുന്ന പുതിയ ലോകക്രമങ്ങളും മൂലം സമൂഹത്തിനു മുഴുവന്‍ ഇത്തരം മാറ്റങ്ങളുണ്ടായി എന്നു വരാം. ലോകത്തുണ്ടായിരുന്ന പല സമൂഹങ്ങളിലും രണ്ടു മഹായുദ്ധങ്ങള്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രം പറയുന്നുണ്ട്. ഏതാണ്ട് അതിനു സമാനമായ ഒരു അവസ്ഥയിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. ഈ പ്രതിസന്ധി മനുഷ്യരാശി എങ്ങനെ അതിജീവിക്കുമെന്നതിന് ഇനിയും കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവന്‍ പിടിച്ചുകുലുക്കിയ മഹാമാരി മനുഷ്യരുടെ സാമൂഹിക ജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍ പലതാണ്. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് നമുക്കുചുറ്റും ഉയര്‍ന്നു പൊന്തുന്ന സാമൂഹികമൂല്യങ്ങളുടെ പുതു സൂത്രവാക്യങ്ങള്‍. യുദ്ധം കഴിഞ്ഞാലും ബാക്കിയാകുന്ന ചിലതുണ്ട്. യുദ്ധശേഷം അവശേഷിക്കുന്ന അംഗഭംഗം സംഭവിച്ച മനുഷ്യരും മനസ്സിനും ശരീരത്തിനും വരുന്ന മുറിവുകളും കറുത്ത സ്മാരകങ്ങളായി നിലനില്‍ക്കും. പരസ്പരം യുദ്ധം ചെയ്ത രാജ്യങ്ങള്‍ വീണ്ടും അടുപ്പക്കാരാവുകയും നയതന്ത്രത്തിന്റെ പേരില്‍ സഹകരിക്കുകയും ചെയ്യും. പക്ഷെ നാശക്കെടുതി നേരിലനുഭവിച്ച മനസ്സുകളില്‍ നിന്നും കറുത്ത കാലത്തിലെ വെടിമരുന്നോര്‍മ്മകള്‍ മാഞ്ഞുപോയെന്നു വരില്ല. ലോകം മുഴുവന്‍ താണ്ഡവമാടിയ മഹാമാരി നിയന്ത്രണത്തിലെത്തിയാലും അതുണ്ടാക്കുന്ന ചില ശീലങ്ങളും ചില ശീലക്കേടുകളും അതിനു സമാനമായി നിലനില്‍ക്കുമൊ എന്നു ഞാന്‍ ഭയക്കുന്നു. എന്നാല്‍ നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്. കോവിഡ് മഹാമാരിയുടെ പേരില്‍ ഉണ്ടാകുന്ന പല മാറ്റങ്ങളും അതിനു വളരെ മുമ്പുതന്നെ തുടങ്ങിയതാണ്. ഈ പകര്‍ച്ചവ്യാധിക്കാലം മാറ്റത്തെ ത്വരിതപ്പെടുത്തി എന്നുമാത്രം.

വിദ്യാഭ്യാസം, സാമ്പത്തിക വിനിമയം, സാമൂഹിക സാഹിത്യ ചര്‍ച്ചകള്‍, ആരാധന, യാത്രകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ പല മേഖലകളിലും കോവിഡ് കാലത്തെ ശീലങ്ങള്‍ സ്ഥിരമായ ചില മാറ്റങ്ങളുമുണ്ടാക്കും എന്നുറപ്പാണ്. ഓണ്‍ലൈന്‍ ക്‌ളാസ്സുകളിലൂടെ വിദ്യാഭ്യാസ മേഖലയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് ഒട്ടനവധി ചര്‍ച്ചകള്‍ ഇതിനകം നമ്മള്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ കോളേജുകളും സ്‌ക്കൂളുകളും എത്ര കാലം മുതല്‍ക്കുതന്നെ വെബ്‌പേജുകള്‍ വഴി വിവരങ്ങള്‍ പഠിതാക്കളേയും രക്ഷകര്‍ത്താക്കളേയും അറിയിച്ചു തുടങ്ങിയിരുന്നു. എന്റെ രണ്ടു മക്കളും സെല്‍ഫോണില്‍ വരുന്ന നോട്ടുകള്‍ പകര്‍ത്തുന്നത് ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. മൊബൈല്‍ മാറ്റിവെക്കൂ എന്നു പറയുമ്പോള്‍ അവര്‍ അദ്ധ്യാപകരുടെ സന്ദേശങ്ങള്‍ കാണിക്കും. ഭാഗികമായി പല വിദ്യാലയങ്ങളും അദ്ധ്യാപകരും ഈ സംഗതികള്‍ മുന്‍പേ ഉപയോഗിച്ചു തുടങ്ങിയതാണ്. ലോക്ക്ഡൗണ്‍ കാലം അവരുടെ പ്രവര്‍ത്തികള്‍ക്കു കൂടുതല്‍ സ്വീകാര്യത നല്‍കുകയാണ്. ഇനി ഭക്തിയുടെ കാര്യം. ചില ക്ഷേത്രങ്ങളില്‍ തൊഴുതു വരാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പണ്ടും ഉപയോഗിച്ചിരുന്നു. എന്നാല്‍ പൂജ ചെയ്യുവാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുവാന്‍ പഴുതുകള്‍ തേടുകയാണിന്ന്. ദൈവങ്ങളുടെ പേരില്‍ മുന്‍പുതന്നെ നിരവധി ഫേസ്ബുക്ക് പേജുകള്‍ തുടങ്ങിയിരുന്നു. എനിക്ക് ഒരു ദൈവം ഫേസ്ബുക്കില്‍ സൗഹൃദ അപേക്ഷ പോലും നല്‍കിയിരുന്നു. ഇങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതിക വിദ്യയുടെ കൈകടത്തല്‍ ഉണ്ടാകുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യയുടെ ചുവടു പിടിച്ചു വന്ന നിരീക്ഷണ സംവിധാനങ്ങളാണ് അതില്‍ ഏറ്റവും വലിയ ഒരെണ്ണം. പണ്ട് മനുഷ്യരെ ഉപയോഗിച്ച് നിരീക്ഷണവും ചാരവൃത്തിയും നടത്തിയ ഇടങ്ങള്‍ ഇന്ന് യന്ത്രങ്ങള്‍ ഏറ്റെടുത്തു. സോവിയറ്റ് ചാരസംഘടനയായ കെ ജി ബിയുടെയും ഇസ്രായേലിന്റെ മൊസാദിന്റെയും  സമാന സ്വഭാവമുള്ള നിരവധി സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ പിന്നീട് ലോകമെമ്പാടും പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ജര്‍മ്മനിയുടെ സ്റ്റാസിയും സോവിയറ്റിന്റെ കെ ജി ബിയുമൊക്കെ 1990- 91 കാലയളവില്‍ ്രപവര്‍ത്തനം നിര്‍ത്തിയെന്നു പറയപ്പെടുന്നു. എന്നാല്‍ ഇത്തരം സംഘടനകള്‍ വെട്ടിയിട്ട വഴികളിലൂടെ സഞ്ചരിക്കാനും വിവരശേഖരണം നടത്തുവാനും എല്ലാ രാജ്യങ്ങളും ഭരണകൂടത്തിന്റെ രഹസ്യ ധാരണയോടെ സംഘങ്ങളെ ഉപയോഗിച്ചിരുന്നു. അവിടെയാണ് ഇപ്പോള്‍ പുതിയ നിരീക്ഷണ ഉപാധികളും ഹൈട്ടെക്ക് ഉപകരണങ്ങളും കടന്നെത്തിയത്. ഒട്ടനവധി ചാരപ്രവര്‍ത്തകര്‍ കഷ്ടപ്പെട്ട് ചെയ്തിരുന്നതൊക്കെ ഒരാള്‍ക്ക് ശീതീകരിച്ച മുറിയിലെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ചെയ്യുവാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കോവിഡ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയും റൂട്ടുമാപ്പും തയാറാക്കി വേണ്ട കരുതലുകള്‍ എടുക്കുമ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബലപ്പെടുമെന്ന് നമ്മള്‍ മനസിലാക്കുന്നു. സ്‌റ്റേറ്റ് അവിടുള്ള അംഗങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ചെയ്യുന്ന കാര്യമാണിത് എന്നതിനാല്‍ യാതൊരു പരാതിയ്ക്കും അടിസ്ഥാനമില്ല. എന്നാല്‍ രോഗം വീണ്ടും വരാവുന്ന ഒരു ആപത്താണെന്നും വീണ്ടും ഇത്തരത്തില്‍ ജനങ്ങളെ നിരീക്ഷിക്കേണ്ടതുണ്ട് എന്നും സ്‌റ്റേറ്റ് പറഞ്ഞാല്‍ മറ്റൊന്നിനും പഴുതില്ല. നിങ്ങള്‍ നിരീക്ഷണത്തിലാണ് എന്ന മുന്നറിയിപ്പ് ഇനിമുതല്‍ പ്രത്യേകം ഉണ്ടാകില്ല എന്നു മാത്രം. സാമൂഹിക ജീവിതം എന്ന സംജ്ഞയില്‍ വരുന്ന മാറ്റമാണ് മറ്റൊന്ന്. കൂട്ടായ്മകളുടെ പേരില്‍ ഇനി നമ്മള്‍ പഴയ മട്ടില്‍ ഒത്തുകൂടിയിരുന്ന് ചര്‍ച്ചകള്‍ ചെയ്യുന്ന കാര്യം ബുദ്ധിമുട്ടാണ്. പകരം നമ്മള്‍ ശീലിച്ച ഓണ്‍ലൈന്‍ പ്‌ളാറ്റുഫോമുകളെ പ്രേമിച്ചു തുടങ്ങുന്നു. ഇവിടെ രസകരമായ ഒരു വസ്തുതയുണ്ട്. കൊറോണയുടെ ഭീതി ഇത്ര കഠിനമായി പരന്നത് ഈ വര്‍ഷം മാര്‍ച്ചു മുതലായിരുന്നു. എന്നാല്‍ നമ്മുടെ ഓണ്‍ലൈന്‍ ഭ്രമം അതിനേറെ മുന്‍പേ തുടങ്ങിയിരുന്നു. മുംബൈയിലുള്ള, നിരവധി പുസ്തകങ്ങള്‍ എഴുതിയ ഒരു എഴുത്തുകാരനെ എനിക്കറിയാം. ഒരു പൊതുപരിപാടികളിലും ഇദ്ദേഹത്തെ കണ്ടിട്ടില്ല. അതൊക്കെ സമയ നഷ്ടം വരുത്തുന്നു എന്നാണു പരാതി. എന്നാല്‍ മിക്കവാറും അലക്ഷ്യകവിതകള്‍ എഴുതി വാട്ട്‌സാപ്പില്‍ അയച്ചു തരും. വാട്ട്‌സാപ്പ് പോലുള്ള മാധ്യമങ്ങള്‍ പ്രചാരം നേടിയ സമയം മുതല്‍ പൊതു ജീവിതത്തില്‍ നിന്നും മാറി വാട്ട്‌സാപ്പ് ജീവിതത്തിലേക്കു പരിപൂര്‍ണ്ണമായി ചേക്കേറിയ പല സുഹൃത്തുക്കളേയും എനിക്കറിയാം. അന്ന് അവരെ പരിഹസിക്കുകയും തിരുത്തുവാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ ഞാനും അതേ വഴിയില്‍ ചരിക്കുന്നു. ഇനി നാളെ ആ വഴിതന്നെ തുടരുവാന്‍ നിര്‍ബന്ധിതനായേക്കും.

മേല്‍പ്പറഞ്ഞതൊക്കെ സമൂഹത്തിന് ഏതെങ്കിലും തരത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് എനിക്ക് ഉറപ്പു പറയാനാവില്ല. ആളുകള്‍ നേരില്‍ കാണാതെയുള്ള ജീവിതങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഇനിയുള്ള കാലം കിട്ടുമെങ്കില്‍ എല്ലാവരും ആ വഴി ചരിക്കുവാന്‍ നിര്‍ബന്ധിതരാകും. എന്നാല്‍ ഈ കാലത്ത് ഉണ്ടായ ചില ശീലങ്ങള്‍ തുടരണമെന്ന് മനസ്സുകൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടു ദേശങ്ങളിലുള്ള വൈറസ്സിനു ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മനുഷ്യര്‍ക്കു ചെയ്യാന്‍ കഴിയുന്നതുമായ ഒരു കാര്യം ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള അറിവുകള്‍ പങ്കുവെക്കുക എന്നതാണ്. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ അറിവും പരിചയവും മഹാരാഷ്ട്രയില്‍ പ്രയോജനപ്പെടുത്തിയതിന്റെ ഗുണഫലം നമ്മള്‍ കണ്ടതാണ്.  മുംബൈ നഗരത്തിലെ രോഗപ്പകര്‍ച്ച അതുമൂലം കുറച്ചെങ്കിലും പിടിച്ചു നിര്‍ത്തുവാന്‍ കഴിഞ്ഞു. ഇതേ മാതൃക മറ്റുള്ള പ്രദേശങ്ങളിലും പ്രയോഗിക്കാവുന്നതാണ്. ലോകത്തെവിടെ വാക്‌സിന്‍ കണ്ടുപിടിച്ചാലും നമ്മളെല്ലാം രക്ഷ പെടുമെന്ന് ഒരു ചിന്ത ഇതിനകം മനുഷ്യരിലെത്തിയിട്ടുണ്ട്.  ഇങ്ങനെ നന്‍മകള്‍ പങ്കുവെക്കപ്പെടണം എന്ന ബോധ്യവും പുതിയ ലോകക്രമങ്ങളില്‍ കാണുമെന്ന് വിശ്വസിക്കാം. 

Goa Malayali News Paper - 12- July 2020

1 comment:

  1. ആളുകള്‍ നേരില്‍ കാണാതെയുള്ള ജീവിതങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഇനിയുള്ള കാലം കിട്ടുമെങ്കില്‍ എല്ലാവരും ആ വഴി ചരിക്കുവാന്‍ നിര്‍ബന്ധിതരാകും...

    ReplyDelete