Friday, January 12, 2024

നിഴല്‍ വീണ നക്ഷത്രം (നാടകം)

 


നിഴല്‍ വീണ നക്ഷത്രം (നാടകം)
കാവാലം മാധവന്‍കുട്ടി

ദേശീയതയെ മതാതിഷ്ഠിതമായി കാണുന്ന ഇക്കാലത്ത് വായിച്ചിരിക്കേണ്ട ഒരു നാടകമാണ് കാവാലം മാധവന്‍കുട്ടിയുടെ നിഴല്‍ വീണ നക്ഷത്രം. ദേശസ്‌നേഹത്തിന്റെ പേരില്‍ ഒരുമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ വഞ്ചിനാഥ അയ്യര്‍ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി പറയുന്നു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ അധികം പ്രശസ്തി ലഭിക്കാത്ത ഒരു ഏടിലേക്ക്  ഈ നാടകം വെളിച്ചം വീശുന്നു. ആലപ്പുഴ ജന്‍മനാടായ കാവാലം മാധവന്‍കുട്ടി ഡല്‍ഹിയില്‍ സ്ഥിര താമസമാണ്. ഡല്‍ഹിയുടെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യവുമാണ്.

1886-ല്‍ സെങ്കോട്ടയില്‍ ജനിച്ച വഞ്ചിനാഥ അയ്യര്‍ എന്ന തമിഴ് ബ്രാഹ്മണന്‍,  അന്ന് നാട് അടക്കി ഭരിച്ച വിദേശ ശക്തികളോട് പോരാടുന്നതാണ് ഇതിവൃത്തം. സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരെ പോലീസ് അന്വേഷിച്ചു വരുന്ന രംഗമൊക്കെ രസകരമായിട്ടുണ്ട്.  ചില രംഗങ്ങള്‍ അരങ്ങില്‍ അവതരിപ്പിക്കാന്‍ ലേശം പാടു പെടേണ്ടിവരുമെന്ന് തോന്നി. എന്നാല്‍ നാടകീയത ചേര്‍ത്ത് ഭംഗിയാക്കാവുന്ന പല രംഗങ്ങളുണ്ട്. ഒരു തമ്പുരാട്ടിയുടെ പ്രണയം പഴയമട്ടിലുള്ള പ്രണയ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. പഴയ കാലത്തെ പുനസൃഷ്ടിക്കാന്‍ ആ പ്രണയ രംഗം ധാരാളം. ഒട്ടും മുഷിയാതെ വായിക്കാവുന്ന ഒരു നാടക പുസ്തകം എന്ന് നിസ്സംശയം പറയാം.
ബോധി ബുക്‌സ്- കായംകുളം പ്രസിദ്ധീകരിച്ച പുസ്തകത്തിന് 110 രൂപ.