Wednesday, July 24, 2024

ചെറുകഥ : ഗേറ്റ്‌വേ ഓഫ് ഇന്ത്യ

വൈകിട്ട് ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ മുന്നില്‍ കാണാമെന്ന് ഷുക്കൂര്‍ അറിയിച്ചപ്പോള്‍ അമ്പരന്നു. അയാളെന്തിനാണ് കൂടിക്കാഴ്ചയ്ക്കായി ഇത്ര തിരക്കേറിയ സ്ഥലം നിര്‍ദ്ദേശിച്ചത്?

കടല്‍ത്തീരത്തുള്ള കൂറ്റന്‍ കോണ്‍ക്രീറ്റ് കമാനത്തിനു ചുറ്റും തിരക്കൊഴിയാറില്ല. സന്ദര്‍ശകരും ഫോട്ടോഗ്രാഫര്‍മാരും കച്ചവടക്കാരും ബോട്ടുസവാരി തരപ്പെടുത്തുന്ന ഏജന്റുമാരുമൊക്കെച്ചേര്‍ന്ന് ആകെക്കുഴഞ്ഞ അന്തരീക്ഷം. അവയുടെ ഇടയില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന കമാനത്തിന്റെ ചന്തം ഒന്നു വേറെതന്നെയാണ്. പക്ഷെ തിരക്കില്‍ അയാളെ എങ്ങനെ കണ്ടെത്താനാകും? എന്തെങ്കിലും സമാധാനമായി സംസാരിക്കാന്‍ അവിടെവച്ച് കഴിയുമോ എന്നു സംശയം.

അച്ഛനാണ് ഷുക്കൂറിന്റെ കാര്യം ഫോണില്‍ പറഞ്ഞത്. അച്ഛന്റെ സുഹൃത്ത് സുലേമാന്‍ സേഠിന്റെ ഇളയമകന്‍. കുറച്ചുനാള്‍ മുമ്പ് ഷുക്കൂര്‍ നാടുവിട്ടു. ഏതാനും ദിവസങ്ങള്‍ സേഠിന്റെ സ്വന്തക്കാരും കൂട്ടുകാരും തിരച്ചില്‍ നടത്തി. കാര്യമില്ലാണ്ടായപ്പോള്‍ സേഠ് പോലീസില്‍ പരാതി നല്‍കി. അവര്‍ ഷുക്കൂര്‍ മുംബൈയില്‍ ഉണ്ടെന്ന് കണ്ടെത്തി. ഹോട്ടലില്‍ മുറിയെടുത്ത് സുഖജീവിതം നയിക്കുകയായിരുന്നു അയാള്‍. നാട്ടില്‍ വച്ചു പുതിയ സിം കാര്‍ഡ് എടുത്ത് നമ്പര്‍ കുടുംബത്ത് ആര്‍ക്കും കൊടുക്കാതെ മുങ്ങിയ ഷുക്കൂര്‍ അതില്‍നിന്ന് ഏതോ സുഹൃത്തിനെ വിളിച്ചു. അങ്ങനെയാണ് അയാളുടെ നമ്പര്‍ കിട്ടിയത്. സുലേമാന്‍ സേഠിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അച്ഛനു നമ്പര്‍ കൊടുത്ത് സഹായം തേടി. അങ്ങനെ ജോലി എന്റെ തലേലായി. അയാളെന്തിനാണ് നാടുവിട്ടതെന്ന് ഞാന്‍ അച്ഛനോടു ചോദിച്ചു.
''എല്ലിന്റെടേല്‍ ചോറു കേറുന്നതാണ്ടാ.. സുലേമാങ്കുട്ടി കൊറേ സമ്പാദിച്ചുകൂട്ടി. എന്നാല്‍ മക്കളൊന്നും ചൊവ്വല്ല.''
നാടുവിട്ടവനെ അനുനയിപ്പിച്ച് വീട്ടിലേക്ക് മടക്കി അയയ്ക്കണം. അത്തരം ഒരു ദൗത്യം എനിക്ക് പരിചയമില്ല. ശ്രമിച്ചുനോക്കാമെന്നു തീരുമാനിച്ചു. പക്ഷെ വിളിക്കുമ്പോഴൊക്കെ നമ്പര്‍ സ്വിച്ച് ഓഫ്. ശ്രമിച്ചു മടുത്ത് ഒരു അവസാനശ്രമം നടത്തിയപ്പോള്‍ അയാളുടെ ഫോണില്‍ ബെല്ലടിച്ചു. ആള്‍ ഫോണെടുത്തു. നേരില്‍ കാണാമെന്ന് സമ്മതിച്ചു.
''ഗേറ്റുവേയിലെ തെരക്കില്‍ എങ്ങനെ ഷുക്കൂറിനെ തിരിച്ചറിയാന്‍ കഴിയും?'' ഫോണിലൂടെ ചോദിച്ചു.
''അത് കൊയ്പ്പമില്ല. അവിടെത്തി ഭായീനെ ഞാന്‍ കണ്ടുപിടിച്ചോളാം. അപ്പോ... ഓക്കെയല്ലേ ഭായീ... വൈകിട്ട് അഞ്ചുമണി.''
അഞ്ചുമണിയെന്ന് ഷുക്കൂര്‍ പറഞ്ഞെങ്കിലും നാലുമണിക്കു തന്നെ ഞാനവിടെത്തി. ഉച്ച കഴിഞ്ഞാല്‍ എലിഫെന്റ ഗുഹകളിലേക്കു ബോട്ടുകള്‍ പോകാറില്ല. എന്നാല്‍ മടങ്ങിവരുന്ന ബോട്ടുകളുടെ തിരക്കുണ്ട്. ഓളങ്ങളുടെ താളംതുള്ളലില്‍ ബുദ്ധിമുട്ടിയാണ് ബോട്ടുകള്‍ ചേര്‍ത്തടുപ്പിക്കുന്നത്. ചൂടിനെ വകവെക്കാതെ വിനോദസഞ്ചാരികള്‍ കമാനത്തെ വലംവെക്കുന്നു. ചിത്രം പകര്‍ത്തുന്നു. അവരുടെ മുഖങ്ങളില്‍ മീനവെയില്‍പ്പകര്‍ച്ച.
കടലിന്റെ തിള നോക്കി കുറേനേരം നിന്നു. ഇടയില്‍ ചുറ്റിനും കണ്ണുകള്‍ കൊണ്ട് പരതി. ഷുക്കൂര്‍ എപ്പോള്‍ വരും, എങ്ങനെ തിരിച്ചറിയും തുടങ്ങിയ അങ്കലാപ്പുകള്‍ ഉള്ളില്‍ തികട്ടി. അതിനിടെ, തിരകള്‍ പൊട്ടിച്ചിതറുന്ന ശബ്ദം ഇടവിട്ടു മുഴങ്ങി. വലിയൊരു ചെമ്പില്‍ തിളയ്ക്കുന്ന കടല്‍ കല്‍ക്കെട്ടുകളില്‍ തലതല്ലുന്നു. കല്‍ക്കെട്ടില്‍ ചാരി ഉറ്റുനോക്കിനില്‍ക്കെ ഒരാള്‍ വന്നെന്റെ തോളില്‍ തട്ടി. അയാള്‍ സൗമ്യമായി ചിരിച്ചു. ''ഭായീ.. ഞാന്‍ സുക്കൂറാണ്...''
''എന്നെ എങ്ങനെ മനസ്സിലായി?''
മറുപടിയായി അയാള്‍ ചിരിച്ചു. ഒരു ഫ്രീക്കന്‍ ചെറുപ്പക്കാരന്‍..! നിറങ്ങള്‍ തേച്ച് മുടി വികൃതമാക്കിയിട്ടുണ്ട്. എവിടെയെങ്കിലും ശാന്തമായ ഇടത്തിലേക്കു പോയിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ വിസമ്മതിച്ചു. താന്‍ കണ്ട മുംബൈ നഗരത്തെ കുറിച്ച് അയാള്‍ പരസ്പര ബന്ധമില്ലാതെ കുറച്ചുനേരം സംസാരിച്ചു. അല്പനേരത്തെ മൗനത്തിനു ശേഷം അയാള്‍ കടലിലേക്ക് നോക്കിപ്പറഞ്ഞു- ''ഈ കടലു കണ്ടോ ഭായീ... ഈലെ ഒരു ലിറ്റര്‍ വെള്ളത്തിലെ ഉപ്പിന്റെ അംശമെത്ര?''
ഞാന്‍ ഷുക്കൂറിനെ അമ്പരപ്പോടെ നോക്കി. അങ്ങനെയൊരു കാര്യം എനിക്കിതുവരെ ചിന്തിക്കേണ്ടി വന്നിട്ടില്ല. സ്‌കൂളില്‍ പഠിച്ചു കാണുമോ? കാണും. പക്ഷെ അതൊക്കെ പരീക്ഷകള്‍ കഴിഞ്ഞപ്പോള്‍ മറന്നുംകാണും. പരീക്ഷകള്‍ക്കു വേണ്ടി മാത്രമല്ലേ അന്നു പഠിച്ചതൊക്കെ..! ഷുക്കൂര്‍ ചോദ്യങ്ങള്‍ നിര്‍ത്തിയില്ല.
''ഈ കടലിന്റക്കരെ ഏതൊക്കെയാണ് രാജ്യങ്ങള്‍ എന്നറിയുമോ?''
''ഞാന്‍ പൊതുവില്‍ ഭൂമിശാസ്ത്രത്തില്‍ പിറകിലാണ്... ഇന്ത്യേടെ മുഴുവന്‍ അതിരുകള്‍ പോലും ശരിക്കും ഓര്‍മ്മയില്ല.''
''കഷ്ടം. ഇതൊക്കെ അറിഞ്ഞിരിക്കേണ്ടേ? എന്നാ കേട്ടോളൂ... അറബിക്കടലിന് ആറു രാജ്യങ്ങള് അതിരിടുന്നൊണ്ട്. ഇന്ത്യേം പാകിസ്ഥാനും കൂടാതെ ഇറാനും ഒമാനും യമനും പിന്നെ സൊമാലിയേം.'' അയാള്‍ ചുണ്ടുകോട്ടി ചിരിച്ചു. എന്റെ അറിവില്ലായ്മയെ പരിഹസിക്കാനായിരിക്കണം.
''ശരി. അതുപോട്ടെ. എനി അറബിക്കടലിന്റെ ഒരു കടംകഥ ചോയിക്കട്ടെ. ഏറ്റോം ഉള്ളില്‍ അറബിക്കടല്‍. അയിനുമേലെ വെള്ളിത്തകിട്. അയിനു മേലെ പൊന്നിന്തകിട്. തകിടിനു ചുറ്റും പൊന്തം പൊന്തം...''  
''എന്താത്?'' ഞാന്‍ അയാളുടെ കണ്ണുകളില്‍ പടര്‍ന്ന ഭ്രാന്തന്‍ സ്വപ്‌നങ്ങളുടെ നിറഭേദങ്ങളെ ഭയത്തോടെ നോക്കി.
ഉത്തരം അയാള്‍ ഉറക്കെപ്പറഞ്ഞു- ''തേങ്ങ.''  
''അതെയോ... എനിക്കറിയില്ലാരുന്നു. ശരി. ഷുക്കൂര്‍ ബോംബെ കണ്ടുകഴിഞ്ഞല്ലോ... നിങ്ങടെ ബാപ്പ നിങ്ങള്‍ മടങ്ങിച്ചെല്ലുന്നതു കാത്തിരിക്കുന്നു. ഇന്നുതന്നെ നാട്ടിലേക്ക് ഒരു ടിക്കറ്റ് നോക്കട്ടെ?''
അയാള്‍ എന്നെ തുറിച്ചുനോക്കി.
''ഭായീ...'' അയാളുടെ ശബ്ദം ഏതോ തുരങ്കത്തില്‍ നിന്നു വരുന്നപോലെ തോന്നി. ''ഭായീ... നിങ്ങള്‍ ബാപ്പേനേം ബീട്ടുകാരേം കുറിച്ച് പറയുന്നു. എന്നാല്‍ ഞാന്‍ കടലിനേക്കുറിച്ച് ചിന്തിക്കുന്നു.''
അയാള്‍ കല്‍ക്കെട്ടില്‍ കയറിനിന്നു. പിന്നെ ആയമെടുത്ത് വെള്ളത്തിലേക്കു ചാടി. നടുങ്ങിനില്‍ക്കാനല്ലാതെ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അയാള്‍ മുങ്ങിയും പൊങ്ങിയും നീന്തിയപ്പോള്‍ ചിലര്‍ സെല്‍ഫോണ്‍ ക്യാമറകള്‍ ഉയര്‍ത്തിപ്പിടിച്ചു. 'ഹേയ്... ക്യാ കര്‍രേ...'' ചിലര്‍ വിളിച്ചുകൂവി. കടല്‍വെള്ളം കുത്തിമറിയുന്നുണ്ട്. ഷുക്കൂര്‍ ഒരു പൊത്തന്‍കല്ലുപോലെ മുങ്ങി. അയാള്‍ പൊങ്ങിവരുന്നതു കാത്ത് അല്പനേരം നിന്ന ആളുകള്‍ ആ കാഴ്ച ഉപേക്ഷിച്ച്  ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ കല്‍ത്തൂണുകളിലേക്ക് കണ്ണുകള്‍ മടക്കി. നടന്നതൊന്നും വിശ്വസിക്കാതെ കുറച്ചുനേരം കടലിലേക്ക് ഉറ്റുനോക്കി ഞാന്‍ അനക്കമറ്റു നിന്നു.
എന്റെ ഫോണ്‍ ശബ്ദിച്ചു. അച്ഛന്റെ വിളിയാണ്. ഷുക്കൂറിനെ കണ്ടോ എന്നാണ് ചോദ്യം. തിരക്കിനിടെ സംസാരം അവ്യക്തമായി.
അവിടെനിന്നു മാറി ഞാന്‍ അച്ഛനെ തിരികെ വിളിച്ചു- ''കാണാന്‍ കഴിഞ്ഞില്ല. വീണ്ടുമയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു.'' പിന്നെ ഞാന്‍ നഗരത്തിന്റെ തിരക്കിലേക്ക് മുഖമൊളിപ്പിച്ചു.  
   ===================
കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍

Thursday, June 20, 2024

എന്റെ എഴുത്തിനെ കുറിച്ച് എല്ലാം.


 കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍

കഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍. നാടക രചയിതാവ്.

പിതാവ് -  രാമചന്ദ്രപ്പണിക്കര്‍ (late)

മാതാവ്- രാധമ്മ

ആലപ്പുഴ സ്വദേശി. 1994 മുതല്‍ പ്രവാസ ജീവിതം. മുംബൈയില്‍ ആണവോര്‍ജ്ജ കോര്‍പ്പറേഷനില്‍ വ്യാവസായിക സുരക്ഷാവിഭാഗത്തില്‍ ജോലി ചെയ്യുന്നു. 20 വര്‍ഷക്കാലം കര്‍ണ്ണാടകത്തിലെ കാര്‍വാറിലായിരുന്നു. മാനേജുമെന്റില്‍ മാസ്റ്റര്‍ ബിരുദം. മുംബൈയിലെ സെന്‍ട്രല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വ്യാവസായിക സുരക്ഷയില്‍ ഉന്നതവിദ്യാഭ്യാസം.

നിരവധി മറുനാടന്‍ മലയാളി സംഘടനകളുമായി ചേര്‍ന്ന് സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു. ചില കഥകളുടെ ശബ്ദരേഖകള്‍ വിവിധ ചാനലുകളില്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.

ചെറുകഥാസമാഹാരങ്ങളും ബാലസാഹിത്യങ്ങളും നോവലുകളുമായി ഇരുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ നിരവധി ആന്തോജളികളുടെ ഭാഗമായിട്ടുണ്ട്.

A. എഴുത്തുലോകത്തെ കുറിച്ച്:

1970-ല്‍ ആലപ്പുഴയിലെ  ഹരിപ്പാടിനടുത്ത് കരുവാറ്റയിലാണ് ജനിച്ചത്. കണക്കൂരിലെ തമ്പകച്ചുവട് സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ചെറിയ സാഹിത്യ രചനകള്‍ തുടങ്ങി. പക്ഷെ അതൊക്കെ തീരെ ഗൗരവമില്ലാത്ത രചനകളായിരുന്നു. മുഹമ്മ മദര്‍ തരേസ സ്‌കൂളില്‍ പഠിക്കുമ്പോള്‍ പരിചയപ്പെട്ട ഒരു സിസ്റ്ററാണ് പാഠപുസ്തകങ്ങള്‍ക്കു വെളിയില്‍ വായനയുടെ ഒരു ലോകമുണ്ടെന്ന് ആദ്യം പറഞ്ഞത്. അവിടെ മലയാള അദ്ധ്യാപകനായെത്തിയ വാസുദേവന്‍ സാര്‍ എഴുത്തിലേക്ക് നയിച്ചു. ആലപ്പുഴ എസ് ഡി കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ സാഹിത്യ രചനകള്‍ തുടങ്ങി. കാര്‍മല്‍ പോളീടെക്‌നിക്കില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന കാലത്ത് മനോരാജ്യം നടത്തിയ മിനിക്കഥ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. തുടര്‍ന്ന് കുങ്കുമം വാരികയില്‍ അക്കാലത്ത് ചില കഥകള്‍ വന്നു എങ്കിലും എന്തുകൊണ്ടോ എഴുത്തു ലോകത്തുനിന്ന് വിട്ടുപോന്നു. കാരണമെന്തെന്ന് അറിയില്ല. പക്ഷെ വായന തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ഹിമാലയന്‍ യാത്രയില്‍ ആകസ്മികമായി ചില എഴുത്തുകാരെ പരിചയപ്പെട്ടു. പി പി രാമചന്ദ്രന്‍, അനിത തമ്പി, അന്‍വര്‍ അലി, പി ബി ഹൃഷികേശന്‍, ടി കെ മുരളീധരന്‍, ഇ പി അനില്‍ തുടങ്ങി നിരവധിപേര്‍ ആ യാത്രയിലുണ്ടായിരുന്നു. ആ യാത്ര ഒരു ചെറിയ പുസ്തകമായി. പക്ഷെ അന്നും ഫിക്ഷന്‍ എഴുതണം  എന്നൊന്നും തീരുമാനമെടുത്തില്ല. പിന്നീട് 2010-ല്‍ ഒരു വര്‍ഷക്കാലം ഉപരിപഠനാര്‍ത്ഥം മുംബൈയിലെത്തി. അക്കാലത്താണ് മാട്ടുങ്കയില്‍ നടക്കുന്ന സാഹിത്യ വേദിയില്‍ എത്തുന്നത്. മാനസി, ഡോ. വേണുഗോപാലന്‍, സ്വാമി സംവിദാനന്ദ്, പി ബി ഹൃഷികേശന്‍ തുടങ്ങി നിരവധിപേര്‍ അന്ന് വേദിയിലുണ്ട്. വേദിയില്‍ അവതരിപ്പിക്കാനാണ് രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പെഴുതി നിര്‍ത്തിയ ഫിക്ഷന്‍ എഴുത്ത് പുനരാരംഭിച്ചത്. ചെറിയ തോതിലെങ്കിലും അത് ഇന്നും തുടരുന്നു. 

B. പുസ്തകങ്ങള്‍:

1. സര്‍പ്പാസ് (ട്രാവലോഗ്) പ്രസക്തി ബുക്ക് ഹൗസ്, പത്തനംതിട്ട. ഒന്നാം പതിപ്പ് 2007 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചു. മുഖക്കുറിപ്പ്: അനിത തമ്പി. കവി പി പി രാമചന്ദ്രന്‍ മലപ്പുറത്ത്  വച്ചു പ്രകാശനം ചെയ്തു.  രണ്ടാം പതിപ്പ്  2009 ജൂലൈയില്‍ പുറത്തിറങ്ങി.


2. ആള്‍മാറാട്ടം കഥാസമാഹാരം (12 കഥകള്‍) - പ്രസക്തി ബുക്ക് ഹൗസ്, പത്തനംതിട്ട  2011 നവംബറില്‍ മാനസിയുടെ മുഖക്കുറിപ്പുമായി പ്രസിദ്ധീകരിച്ചു.

3. ദൈവത്തിന്റെ എസ് എം എസ് (35 മിനിക്കഥകള്‍) - സൈകതം ബുക്‌സ് കോതമംഗലം ആഗസ്റ്റ് 2013-ല്‍ പ്രസിദ്ധീകരിച്ചു. അവതാരകന്‍- പ്രൊഫസര്‍ ജോസ് കാട്ടുര്‍. ആലപ്പുഴയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രൊ. അമ്പലപ്പുഴ ഗോപകുമാര്‍ പ്രകാശനം ചെയ്തു. 


 
4. എഗ്ഗിറ്റേറിയന്‍ (നോവല്‍) - സൈകതം ബുക്‌സ് കോതമംഗലം സെപ്തംബര്‍ 2014-ല്‍ പ്രസിദ്ധീകരിച്ചു. മുഖക്കുറിപ്പ്- സിസ്റ്റര്‍ ജെസ്മി. തിരുവനന്തപുരത്തു വച്ച് കവി സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു.

 5. പ്രകൃതി നെഞ്ചിലേറ്റുന്ന പുഴുക്കുത്തുകള്‍ (ലേഖന സമാഹാരം)- സൈകതം ബുക്‌സ് കോതമംഗലം മെയ്  2015-ല്‍ പ്രസിദ്ധീകരിച്ചു. ഗോവയില്‍ പ്രവാസി സാഹിത്യ സംഗമത്തില്‍ മാനസി പ്രകാശനം ചെയ്തു.  

6. കുളം തോട് കായല്‍- ബാലസാഹിത്യം കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട്  2016-ല്‍ പ്രസിദ്ധീകരിച്ചു. കെ പി മുരളീധരന്റെ ചിത്രീകരണം.

7. കുരങ്ങന്‍ കുന്ന് (നോവല്‍- ബാലസാഹിത്യം), പ്രസിദ്ധീകരണം: ലോഗോസ് ബുക്‌സ് 2016 മാര്‍ച്ചില്‍. മുഖക്കുറിപ്പ്- പി പി രാമചന്ദ്രന്‍. ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ പ്രൊ. ജി ബാലചന്ദ്രന്‍ കവി ആര്യാട് വാസുദേവന് കോപ്പി നല്‍കി ്രപകാശനം ചെയ്തു.


 
8. മഞ്ഞനിലാവ് - കഥാസമാഹാരം (21 കഥകള്‍) പ്രസിദ്ധീകരണം- ഒരുമ പബ്ലിക്കേഷന്‍സ് 2016 മേയ്. മുഖക്കുറിപ്പ്- സാറാ തോമസ്സ് .  ഗോവയില്‍  ഡോ. ജേക്കബ് ഐസക്ക് പ്രകാശനം ചെയ്തു. 

9. ഗോമന്തകം നോവല്‍ - സൈകതം ബുക്‌സ് കോതമംഗലം ജൂണ്‍ 2016-ല്‍ പ്രസിദ്ധീകരിച്ചു. മുഖക്കുറിപ്പുകള്‍- കെ ആര്‍ മീര, ഇ ഹരികുമാര്‍. ആലപ്പുഴയില്‍ ബാബു കുഴിമറ്റം പ്രകാശനം ചെയ്തു. 2017-ല്‍ പ്രഥമ എക്‌സ്പ്രസ് നോവല്‍ പുരസ്‌കാരത്തിന് അര്‍ഹമായി. ബന്യാമിനില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചു. 

10. ദ്രവരാഷ്ട്രം- ചിന്ത പബ്ലിക്കേഷന്‍സ് , ഒന്നാം പതിപ്പ്- ജൂലൈ 2017-ല്‍.  മുംബൈയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പ്രകാശനം നിര്‍വ്വഹിച്ചു. രണ്ടാം പതിപ്പ്:- ഏപ്രില്‍ 2019-ല്‍ പുറത്തിറങ്ങി. 

11. മാന്ത്രീകമരം (നോവല്‍- ബാലസാഹിത്യം)- ചെമ്പരത്തി പ്രസാധനം- ജൂണ്‍ 2017 ഗോവയില്‍ മലയാളം മിഷന്‍ വിദ്യാര്‍ത്ഥികള്‍ പ്രകാശനം ചെയ്തു. 

12. ലേഡീസ് ബാര്‍ (കഥാസമാഹാരം) ചെമ്പരത്തി പ്രസാധനം- ഒക്ടോബര്‍ 2018  മുംബൈയിലെ നെരൂളില്‍ മാനസി പ്രകാശനം ചെയ്തു.

13. ഉത്തരങ്ങള്‍ തേടുന്ന കുട്ടികള്‍ (നോവല്‍- ബാലസാഹിത്യം)- എസ് പി സി എസ് - ജാനുവരി 2019 കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021 ലെ ബാലസാഹിത്യ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടം നേടി.

14. കാലം ദേശം കവിത- (കവിതകള്‍, പഠനം) ആന്തോളജി സമന്വയം- മെയ് 2019- പുലിസ്റ്റര്‍ ബുക്‌സ് - ഗോവയില്‍ പ്രകാശനം ചെയ്തു.

15. നുങ്കമ്പാക്കം ദോശ (മൈക്രോ കഥകള്‍)  പേപ്പര്‍ പബ്ലിക്ക - ആഗസ്റ്റ് 2021 പ്രകാശനം ആലപ്പുഴയില്‍ പി ജെ ജെ ആന്റണി. ഏറ്റുവാങ്ങിയത് നോവലിസ്റ്റ് വിനയശ്രീ.

 16. നിഴല്‍ നഗരം (ഡി സി ബുക്‌സ് ഫോലിയൊ) ഏപ്രില്‍ 2021

17. പാണികനും കുട്ടികളും (നോവല്‍- ബാലസാഹിത്യം) ക്രിയാറ്റിഫ് പബ്ലീഷേഴ്‌സ് പ്രസിദ്ധീകരണം- നവംബര്‍ 2021. പ്രകാശനം- തൃശൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും എം എല്‍ ഏയുമായ മുരളി പെരുനെല്ലി കവി ശ്രീനിവാസന്‍ കോവത്തിന് ആദ്യകോപ്പി നല്‍കി പ്രകാശനം ചെയ്തു. 


18. ബൗദി നോവല്‍ - ലോഗോസ് ബുക്‌സ് നവംബര്‍ 2021. മുഖക്കുറിപ്പ്- അഷ്ടമൂര്‍ത്തി. കാര്‍വാറിലെ കടല്‍ത്തീരത്തു വച്ച് അഷ്ടമൂര്‍ത്തി ഡോ. മിനി പ്രസാദിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. 2022-23 ലെ സുകുമാര്‍ അഴിക്കോട് തത്ത്വമസി ജ്യോതിര്‍ഗമയ പുരസ്‌കാരത്തിന് അര്‍ഹമായി. സി പി ഐ-എം സെക്രട്ടറി എം വി ഗോവിന്ദനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. 

19. ചൂതാട്ടക്കാരനം രണ്ടു നാടകങ്ങളും (നാടകങ്ങള്‍)- ഡിസംബര്‍ 2021 ല്‍ ചെമ്പരത്തി പ്രസാധനം. 2022 ഫെബ്രുവരിയില്‍ മുംബൈ അണുശക്തിനഗറില്‍ മാനസി പ്രകാശനം ചെയ്തു. 

20. നിര്‍മ്മിതബുദ്ധി തുറക്കുന്ന ലോകം (നോവല്‍- ബാലസാഹിത്യം)- ഏപ്രില്‍ 2022 കറന്റ് ബുക്‌സ്, തൃശൂര്‍

21. ജറവ (കഥാസമാഹാരം) പത്തു കഥകള്‍ - മാര്‍ച്ച് 2023 സുജിലി പബ്ലിക്കേഷന്‍സ്, കൊല്ലം.

22. ഒരു വീട് വില്‍ക്കാനുണ്ട് (കഥാസമാഹാരം) എട്ടു കഥകള്‍ - മെയ് 2023 - പ്രസക്തി ബുക്ക് ഹൗസ്, പത്തനംതിട്ട  2023 സെപ്തംബറില്‍ അണുശക്തിനഗറില്‍ വച്ച് ഡോ. ജയരാമന്‍ ഡോ. പി വി എന്‍ നായര്‍ക്കു കോപ്പി നല്‍കി പ്രകാശനം ചെയ്തു. 

23. മഹാനഗരത്തിന്റെ നിറഭേദങ്ങള്‍ - (കഥകള്‍)- ആന്തോളജി സമന്വയം. 2023 ഡിസംബര്‍ 4 ന് നെരുള്‍ എന്‍ ബി കെ എസില്‍ സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തില്‍ വച്ച് ആശോകന്‍ ചരുവില്‍ അഷ്ടമൂര്‍ത്തിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. 

24. ബൗദി (കന്നഡ വിവര്‍ത്തനം- പാര്‍വതി ഐത്താള്‍) 23 ഡിസംബര്‍ 2023 ന് ബംഗളൂരില്‍ പ്രകാശനം ചെയ്തു.

25. സോമുവിന്റെ പുഴ- ബാലനോവല്‍-  ക്രിയാറ്റിഫ് പബ്ലീഷേഴ്‌സ് , പ്രസിദ്ധീകരണം- ഒക്ടോബര്‍ 2024.

26. ദൈവികം- നോവല്‍ ചിന്ത പബ്ലിക്കേഷന്‍സ് ,  പ്രസിദ്ധീകരണം- നവംബര്‍ 2024

27. കല്‍ക്കത്തി- 10 കഥകളുടെ സമാഹാരം- പായല്‍ ബുക്‌സ്, കണ്ണൂര്‍, പ്രസിദ്ധീകരണം- നവംബര്‍ 2024


 
 C. ശബ്ദരേഖകള്‍:

1. കഥ: ഗോശാല - ബെന്ന ചേന്ദമംഗലം.

2. കഥ: അസന്തുലിതം-   പ്രവീജ വിനീത്  - വായനാലോകം

3. കഥ: സ്‌ട്രോബറികള്‍ വില്‍ക്കുന്ന പെണ്ണ് - അവതരണം- മനോജ്,  ഒരിടത്തൊരിടത്ത് ചാനല്‍

4. കഥ: ഒരു വീട് വില്‍ക്കാനുണ്ട്.  അവതരണം- സി കെ പ്രേംകുമാര്‍,  ഒരിടത്തൊരിടത്ത് ചാനല്‍

5. കഥ: ഒറ്റയാള്‍ കലാപം  അവതരണം- ജയകൃഷ്ണന്‍ - റേഡിയൊ മംഗളം


D. പുരസ്‌കാരങ്ങള്‍:

1. 1988-ല്‍ മനോരാജ്യം വാരിക നടത്തിയ മിനിക്കഥ മത്സരത്തില്‍ ഒന്നാം സമ്മാനം

2. ബാംഗ്‌ളൂര്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ ചെറുകഥ പുരസ്‌കാരം- കഥ: ശലഭമഴ. 

3. മുംബൈ മഹാകേരളീയം പുരസ്‌കാരം - കഥ: മാംസം.

4. സി വി ശ്രീരാമന്‍ ചെറുകഥാ പുരസ്‌കാരം- കഥ : നഗ്നം. 


 
5. യെസ്പ്രസ് നോവല്‍ അവാര്‍ഡ്- നോവല്‍: ഗോമന്തകം . 

 6. വി ടി ഗോപാലകൃഷ്ണന്‍ പുരസ്‌കാരം- കഥ:  ജറവ. 

7. തകഴി സാഹതീയം പ്രത്യേക ജൂറി പുരസ്‌കാരം-   കഥ: ------- 

8. സുകുമാര്‍ അഴിക്കോട് തത്ത്വമസി ജ്യോതിര്‍ഗമയ പുരസ്‌കാരം- നോവല്‍: ബൗദി. 


 
9. ആര്‍ട്ട്‌സ് ഹൈദരാബാദ് ഗോള്‍ഡന്‍ ക്യാറ്റ് പുരസ്‌കാരം- കഥ: കൂ...യ് 

10. മുംബൈ, ലോക് കല്യാണ്‍ സമാജത്തിന്റെ അക്ഷരശ്രീ പുരസ്‌കാരം 

11. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ തകഴി ചെറുകഥാപുരസ്‌കാരം (കഥ- ഛപ്രിയിലെ കുരങ്ങുകള്‍.) 01 ജൂണ്‍ 2024 ന് എം കെ സാനുവില്‍ നിന്ന് സ്വീകരിച്ചു. 

 

12.  പി കുഞ്ഞിരാമന്‍ നായര്‍ ഫൗണ്ടേഷന്റെ താമരത്തോണി സാഹിത്യ പുരസ്‌കാരം ജറവ എന്ന കഥാസമാഹാരത്തിന്- ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍  പള്ളിയറ ശ്രീധരനില്‍ നിന്ന് സ്വീകരിച്ചു.

13. വസായ് പ്രതീക്ഷ ഫൗണ്ടേഷന്റെ ചെറുകഥ അവാര്‍ഡ് 2024 വി ആര്‍ സുധീഷ് മാഷിന്റെ കൈയില്‍ നിന്ന് ഏറ്റുവാങ്ങി. (08-12-2024)


E. സംഘാടനം:

ഗോവയിലെ പ്രവാസി സാഹിത്യ കൂട്ടായ്മയും ഫാഗ്മയും 2014 ല്‍ ആരംഭിച്ച പ്രവാസി മലയാളി സാഹിത്യ സംഗമത്തിന്റെ ആദ്യ അഞ്ചു സംഗമങ്ങളുടെ ജനറല്‍ കണ്‍വീനര്‍.

കേരളീയ കേന്ദ്ര സംഘടന കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് 2018, 2019 വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച സാഹിത്യ സമ്മേളനങ്ങളുടെ മുഖ്യ സംഘാടകന്‍.

2018 മുതല്‍ 2023 വരെ മുംബൈയിലെ ഭാഷ സംരക്ഷണ സമിതിയുടെ വായനോത്സവത്തിന്റെ കണ്‍വീനര്‍.

2022 ഏപ്രിലില്‍ എഴുത്തുകാരി മാനസിയുടെ എഴുത്തിന്റെ 50 വര്‍ഷങ്ങള്‍- പ്രോഗ്രാം ഡയറക്ടര്‍

2024 മാര്‍ച്ച് 23, 24- മുംബൈ ചെറുകഥാക്യാമ്പ്- ക്യാമ്പ് ഡയറക്ടര്‍

F. കുടുംബം

ഭാര്യ- ലത  (ഹോംമേക്കര്‍) , മലയാളം മിഷന്‍ പ്രവര്‍ത്തക

മക്കള്‍ - വിഷ്ണു (ഡല്‍ഹി), ജിഷ്ണു (വിദ്യാര്‍ത്ഥി)

സഹോദരന്‍ - ആര്‍ രാജേഷ്‌കുമാര്‍ (കുടുംബത്തോടൊപ്പം ആലപ്പുഴയിലെ കണക്കൂരില്‍)



Sunday, June 16, 2024

ബൗദി - വായനാനുഭവം. - അമല

 കടമ്പിൻപൂവുപോലെ 

മനോഹരിയായ കാദംബരി - ആസ്വാദനം 

          ------------------------

ബൗദി - വായനാനുഭവം

 

by അമല ശിവാത്മിക 

 

കാദംബരിയെ എനിക്കു പരിചയമുണ്ടായിരുന്നില്ല. അങ്ങനെയൊരാളെ കുറിച്ച് 'ബൗദി' വായിക്കുംവരെയും ജ്ഞാനിയുമായിരുന്നില്ല. ചരിത്രവിഷയങ്ങളിൽ തത്പരയാണെന്നു വീമ്പിളക്കുമെങ്കിലും, വിശ്വമഹാകവിയുടെ കുടുംബപശ്ചാത്തലത്തെ ഏറെക്കുറേ പരിചയമെങ്കിലും, അത്തരമൊരു കഥാപാത്രത്തെ വേണ്ടത്ര അടയാളപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. 

സത്യജിത്ത് റായുടെ വിഖ്യാതമായ ചലച്ചിത്രം, 'ചാരുലത'യും, സുമൻ ഘോഷിന്റെ 'കാദംബരി'യും കാണുവാൻ ശ്രമിച്ചതും ഇതിനുശേഷം മാത്രം!

അത്തരം ഉണർച്ചകളിലേക്ക് ഏതെങ്കിലും കാവ്യസൃഷ്ടികൾ തള്ളിവിട്ടാൽ മാത്രമല്ലാതെ ആരറിയുന്നൂ ഇവരെയൊക്കെ. കാരണമെന്താവാം? 

ഗാന്ധിജിയെ അറിഞ്ഞത് സിനിമയിലൂടെയാണെന്ന്, അടുത്തിടെയുണ്ടായ വിവാദപരാമർശത്തിന്റെ മറ്റൊരു സിംഹമുഖം യാഥാർഥ്യത്തിന്റെ പുഴയിൽ തല താഴ്ത്തുമ്പോൾ തെളിഞ്ഞു വരും. ചിലരെയെങ്കിലും അറിയുന്നത്, സിനിമയിലൂടെയോ സാഹിത്യത്തിലൂടെയോ ആണ്. 

പക്ഷേ, കാണുന്ന മുഖം നേരുള്ളതാണോന്ന് കരയ്ക്കിരിക്കുന്ന സിംഹത്തെ പോലെ ആശങ്കപ്പെട്ടേക്കാം.

അത്തരമൊരു ആശയക്കുഴപ്പമാണ് കാദംബരിയെ വായിക്കുമ്പോഴും. അവരുടെ ദുരൂഹജീവിതത്തിന്റെ പിന്നാമ്പുറക്കഥകൾ ഇനിയും അഴിഞ്ഞുപോകാതെ എവിടെയൊക്കെയോ ചുറ്റിപ്പിണച്ചു വച്ചിട്ടുണ്ടെന്ന് തോന്നും. 

മനസ്സ് വെറുതെ അസ്വസ്ഥമാകും. 

എന്താവും വാസ്തവത്തിൽ സംഭവിച്ചത്?


ബൗദി;

ബംഗാളിയിൽ ജ്യേഷ്ഠന്റെ ഭാര്യയെ ബൗദിയെന്നാണ് വിളിക്കാറ് പതിവ്. ഭാനുസിംഹനും ബൗദിയും തമ്മിലുള്ള അമൂർത്തമായ പ്രണയമാണ് ഇതിവൃത്തം.

പ്രണയമെന്നു വിളിക്കാമോ?

വിവരണസാദ്ധ്യമല്ലാത്ത ഏതോ ഒരുതരം അവസ്ഥ പരസ്പരം പങ്കിടുന്ന രണ്ടുപേർ; അങ്ങനെയാണ് തോന്നിയത്.

കടമ്പിൻപൂവു പോലെ രവിയിലേക്കു ഉരുണ്ടുപോകാൻ തയാറായൊരു പന്താണ് കാദംബരി! അവൾ അവനെ പ്രണയിച്ചിരുന്നു.

രവിയോ?


"കാദംബരി രവിയിലേക്ക് ആഞ്ഞമർന്നു. അവൻ ഇടത്തുകൈ അവളുടെ കഴുത്തിന്റെ പിന്നിലൂടെ വലയം ചെയ്തു പിടിച്ചു. വലതു കൈയുടെ ചൂണ്ടുവിരലുകൾ കൊണ്ട് അവളുടെ വലത്തേ കവിളുകളിൽ എന്തോ എഴുതിയിട്ടു. കുറച്ചുനേരം തുഴകൾ വെള്ളത്തിൽ വീഴുമ്പോൾ ഉണ്ടാകുന്ന സ്വരഭേദങ്ങൾ മാത്രം ഉയർന്നു. കണ്ണുകൾ പാതിപൂട്ടി അവളിരുന്നു. രവി ഇരുട്ടിലേക്ക് നോക്കി. കാറ്റിൽ അത്ര പരിചിതമല്ലാത്ത ഒരു ഗന്ധം പരക്കുന്നെണ്ടെന്നു തോന്നി. എന്താണത്? അവന്റെ മനസ്സു ചികഞ്ഞു. പണ്ടെപ്പൊഴോ അറിഞ്ഞിട്ടുണ്ടല്ലോ ആ ഗന്ധം. അത് മുലപ്പാലിന്റെ മണമോ?"


ബൗദിയോടുള്ള സ്നേഹപ്രകടനത്തിലെല്ലാം അറിയാതെയെത്തുന്ന ഗന്ധം, അമ്മയെന്ന വാക്കിലേക്ക് അവളെ ഒതുക്കുന്നുണ്ടോ? അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ അവളെ സമീപിക്കാൻ രവിയെ അത് അശക്തനാക്കുന്നുണ്ടോ?

രവിയും അവളെ പ്രണയിച്ചിരുന്നുവോ?


കുട്ടിത്തം മാറാത്ത പ്രായത്തിൽ ജോറസങ്കോയിൽ വധൂവേഷമണിഞ്ഞു വന്നവളാണ് കാദംബരി. ബാല്യവിവാഹത്തിന്റെ എല്ലാ ശരികേടുകളും അവളുടെ കുഞ്ഞുപ്രായത്തിനെ മഥിച്ചു കളഞ്ഞിട്ടുണ്ട്. അതിൽ നിന്നുമൊക്കെ രക്ഷപ്പെടാൻ അവളെ സഹായിച്ചത്, പലപ്പോഴും രവിയുമായുള്ള സൗഹൃദമാകാം. 

കുടുംബത്തിലെ പരമ്പരാഗത ചട്ടങ്ങളെ കാറ്റിൽ പറത്തി, സ്വന്തം വ്യക്തിപ്രഭാവം നിലനിർത്തിയ സ്ത്രീയാണ് ജ്ഞാനദനന്ദിനി. അവർ പോലും അപരിഷ്കൃതമായ ചിന്തകളുടെ തുലാസിലാണ് രവിയേയും കാദംബരിയേയും അളന്നു നോക്കുന്നത്. അവിടെയും രവിയുടെ തട്ട് താണിരുന്നു. കാദംബരി, രവിയെ വശീകരിക്കുന്നവളായി. 


ശ്യാംലാൽ ഗംഗോപാദ്ധ്യായെന്ന കണക്കുപ്പിള്ളയുടെ മകൾക്ക്, ജോറസങ്കോ കുടുംബത്തിലെ മരുമകളെന്ന സ്ഥാനം, ഒരുപക്ഷേ വലിയ ഭാരമാണ്. ആ ഭാരത്തിന്റെ അറ്റം ചുമന്നു സഹായിക്കാൻ ഭർത്താവും വിസമ്മതനാണ്. 

തീർത്തും ഒറ്റപ്പെട്ട സാഹചര്യം.

ഒരു പെൺകുട്ടിയുടെ മനസ്സോടെ ചിന്തിക്കുമ്പോൾ, അവൾക്കൊരു പ്രണയം ആവശ്യമായിരുന്നു. ഉത്തമകുലസ്ത്രീ പട്ടത്തിന്റെ ചരട് പൊട്ടിച്ചു അവൾ പറന്നു നടന്നതിന്റെ ധീരത, ആവിക്കപ്പലിൽ തനിച്ചു യാത്ര പോയ ജ്ഞാനദനന്ദിനിയോടൊപ്പം തന്നെ പറയേണ്ടതാണ്. 


എപ്പോഴും വിഷാദവതിയായ മുഖമോടെ, കണ്ണുകളിൽ പ്രണയം നിറച്ച നോട്ടമോടെ, തല പാതിമറച്ച ചേലത്തുമ്പിൽ, മെലിഞ്ഞു കൊലുന്നു, പിശുക്കിയുള്ള ചിരിയോടെയാണ്, കാദംബരിയുടെ കാഴ്ച ഉൾക്കണ്ണിൽ തെളിയുന്നത്. 

ഇളംപ്രായത്തിലെ വിവാഹം, ഉത്തരവാദിത്തങ്ങൾ, ഭർത്താവിന്റെ അവഗണന, ഒറ്റപ്പെടൽ, എന്നിവയെല്ലാം അവളെ സദാസമയവും വിഷാദം കൊണ്ടു വേട്ടയാടുന്നുണ്ടെങ്കിലും മുഖ്യമായും കടന്നുവരുന്ന വിഷയം; ഒരു പെൺകുട്ടിയും അവളുടെ ജീവിതത്തിൽ മറ്റുള്ളവർ പുലർത്തുന്ന സ്വാധീനവുമാണ്. 


പ്രണയത്തിന്റെ രാസമാറ്റം സംഭവിക്കാനിടയുള്ള 

കാലഘട്ടത്തിലാണ് കാദംബരിയുടെ വിവാഹം. ദേവേന്ദ്രഗുരുജിയുടെ തീരുമാനം, അവളുടെ ജീവിതത്തെ അങ്ങനെ മാറ്റിയെഴുതി കളഞ്ഞു. അവളെ വധുവായി സ്വീകരിച്ച ജ്യോത്രീന്ദ്രനാഥനൊരിക്കലും അവളെ പ്രണയിക്കാനും കഴിഞ്ഞില്ല. 

കവിതകൾ ഏറെ ഇഷ്ടപ്പെടുന്ന കാദംബരി,  തീവ്രമായി പ്രണയിക്കപ്പെടാൻ  കൊതിയുള്ളവളാണെന്നു നിസ്സംശയം പറയാം. 


മാർത്ത റിവേറ ഗാരിഡോയുടെ പ്രശസ്തമായ കവിതയാണ്;

Don’t fall in love with a woman who reads....

അതിൽ അവർ പറയുന്നുണ്ട്:


Don’t fall in love with a woman who laughs or cries making love, knows how to turn her spirit into flesh; let alone one that loves poetry (these are the most dangerous), or spends half an hour contemplating a painting and isn't able to live without music.


കാദംബരിയും അപകടകാരിയായ കാമുകിയായിരുന്നു! അവൾ കവിതകളെ അഗാധമായി ഇഷ്ടപ്പെട്ടിരുന്നു. അവളുടെ മുത്തശ്ശൻ ജഗൻമോഹൻ ഒരു ഗായകനായിരുന്നു. കവിതകളും ഈണങ്ങളുമാണ് അവളെ വശീകരികരിക്കുന്നത്. ബീഹാരിലാലുമായുള്ള അടുപ്പം പോലും കവിതയിൽ നിന്നു പിറന്നതാണെന്നു സന്ദേഹമില്ല. അങ്ങനെയെങ്കിൽ കവിതകൾ എഴുതുകയും മനോഹരമായി ആലപിക്കുകയും ചെയ്യുന്ന, അവളുടെ ഭാനുസിംഹനെ അവൾ പ്രണയിക്കാതെ പോകുമോ? 

ഭാനുവിന്റെ കവിതകൾ തന്റെ സങ്കടങ്ങളുടെ കടുംകെട്ടഴിക്കുന്നതായി അവൾക്കു തോന്നാതെയിരിക്കുമോ?


"ഓരോ പെണ്ണും അവളുടെ ഹൃദയംകൊണ്ട് പൂന്തോപ്പുകൾ തീർക്കുന്നുണ്ട്. എന്റെ ഭർത്താവ് ആ തോട്ടം ഒരിക്കലും കണ്ടെത്തിയില്ല. നീണ്ട പതിനഞ്ചു വർഷക്കാലം അദ്ദേഹം അവിടെ വെറും പൊന്തക്കാടുകൾ മാത്രമാണു കണ്ടത്. കവി ബീഹാരിലാൽ തോട്ടത്തിൽ കടന്നു വന്നെങ്കിലും അയാളുടെ വെറും ആസക്തി മാത്രമായിരുന്നു എന്നു ഞാനറിഞ്ഞു. എന്നാൽ ഭാനു... ഞാൻ ഹൃദയം കൊണ്ടുതീർത്ത പൂന്തോട്ടത്തിന്റെ വാതിൽക്കൽ വരെ വന്നു നീ നിൽക്കുമായിരുന്നു"


ആറാം അദ്ധ്യായം നിറയെ കാളിനദിയൊഴുകുമ്പോൾ, മീതെ അവളുടെ പ്രണയം അതിലും ശക്തിയിൽ കുതിക്കുന്നുണ്ട്. നോവലിലെ ഏറ്റവും ഹൃദ്യവും വൈകാരികവുമായ ഇടം. 

പതിനഞ്ചു വർഷക്കാലം ഉള്ളിലൊളിപ്പിച്ച പ്രണയം തുറന്നു പറയുമ്പോഴും സ്വയം തോറ്റു പോയവളുടെ വേദനയും കാണാം. 

'സ്നേഹം എന്നാൽ തഴയലും കൂടിയാണെ'ന്നു കാദംബരിക്കു ബോദ്ധ്യമുണ്ട്. 

എങ്കിലും അവൾ സ്നേഹിച്ചു പോകുന്നു.

രാധാകൃഷ്ണ പ്രണയം പ്രമേയമായി വരുന്ന പല ഘട്ടങ്ങളിലും, ഭാനുസിംഹന്റെ കവിതകളുടെ അമൃതിറ്റു വീണ്, ഒരിക്കലും നശിക്കാത്ത കദംബമരം പോലെയാണ് കാദംബരിയുടെ പ്രണയം! 


കാദംബരിക്കു സമാനമായ മറ്റൊരു കഥാപാത്രമാണ്, സാബത്ത്.

കരിനീലമുടിയുള്ളവൾ. 

പതിനഞ്ചുവയസ്സിൽ പ്രായമേറെ ചെന്ന ഉസുമാനെ വിവാഹം കഴിക്കേണ്ടി വന്നവളാണ് അവളും. രഹസ്യമായി തന്റെ സമപ്രായക്കാരനായ പാമിറിനെ പ്രണയിക്കുവാനായി കണ്ടെത്തുകയും ചെയ്തു. ബീഹാരിലാലിനെ പോലെ ആസക്തി മാത്രമായിരുന്നോ പാമിറിനും?

തീർച്ചയില്ല.

പ്രായം പ്രണയത്തിനു ബാധകമല്ലെന്നു ഭാനുവിനെയും കാദംബരിയേയും പോലെ, അസ്റഫും സാബത്തും അവിടെവിടെയായി കാട്ടുതേനിന്റെ സൗരഭ്യമുയർത്തുന്നുണ്ട്. 


പരസ്പരം ഭാഷയറിയാത്ത രണ്ടു കൂട്ടുകാരികൾ തമ്മിലുള്ള നിർമ്മലമായ സ്നേഹത്തിന്റെ കഥ കൂടിയാണ് 'ബൗദി'. 


ഉത്തരാഖ്യാനത്തിൽ ബൗദിയുടെ മരണത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. 


'നിങ്ങളില്ലാതെയാകുന്നത് ഒരു ദുസ്വപ്നമായിപ്പോലും കാണാനാകില്ലെ'ന്നു രവി പറയുന്നുണ്ട്. എന്നിട്ടും, രവിയെ വേദനിപ്പിക്കുവാൻ വേണ്ടി മാത്രം കാദംബരി മരിച്ചുകളഞ്ഞോ? 

വായനയ്ക്കൊടുവിൽ, ദുരൂഹമായ എന്നാൽ വേദനിപ്പിക്കുന്ന കുറേ ചിന്തകൾ മനസ്സിൽ വെറുതെ അഴിഞ്ഞു നടക്കുന്നു. 


"കൗശലക്കാരനായ ഗോവിന്ദന്റെ മധുരമായ വാക്കുകൾ കേട്ട് രാധ തീർച്ചയായും തെറ്റിധരിച്ചിരിക്കും. വൃന്ദാവനത്തിലെ വള്ളിക്കുടിലിലേക്ക് അവളെ വ്യാജസ്തുതികളോടെ ആകർഷിച്ച് ആനയിച്ചതാകണം. വൃന്ദാവനത്തിൽ അവൾ കാണുന്നത് കാഞ്ചനപ്പക്ഷികളെ ആകില്ല. പകരം കറുത്ത നിറമുള്ള ബലിഭുക്കുകളെ ആയിരിക്കും. സത്യം ആരറിയുന്നു..!"


ആരറിയുന്നു?

തീർച്ചയായും ജോറസങ്കോ കുടുംബം നശിപ്പിച്ച കടലാസ്സുകൾ, അവളെ കുറിച്ചു കൂടുതൽ വിളിച്ചു പറഞ്ഞിരിക്കണം. ആ നിലവിളികളുടെ മുഴക്കത്തിലേക്ക് മനസ്സ് മുഴുവൻ തിരുകി വയ്ക്കാൻ, കണക്കൂർ സാറിന്റെ എഴുത്തിനു സാധിച്ചിട്ടുണ്ട്.

കാദംബരിയും രവിയും തമ്മിലുള്ള ഇഴയടുപ്പം, ഒരു മഞ്ഞുമഴ പെയ്യുന്ന പ്രതീതിയായി ചിലയിടങ്ങളിൽ ഉദിച്ചു നിൽക്കുന്നു. 

കാദംബരിയുടെ താടിത്തുമ്പിൽ പിടിച്ചുയർത്തുന്ന രവി, ഒരു നിശ്ചലചിത്രം പോലെ മനസ്സിന്റെ ഇറയത്തിരുന്നു വളരുന്നു. 

നഷ്ടപ്രണയത്തിന്റെ സകലവേദനകളും കാദംബരിയുടെ കണ്ണിൽ തെളിഞ്ഞുപോകുമോ? ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് അവൾ പറയുന്നത് അതുകൊണ്ടാകുമോ?

വല്ലാത്ത നൊമ്പരം.

അവരുടെ ഓരോ നിമിഷങ്ങളും വായനയ്ക്കു ശേഷവും ഒപ്പം തുടരുന്നത്, ഭാഷയുടെ മികവും ആഖ്യാനത്തിന്റെ സവിശേഷതയും കൊണ്ടാണ്. കണക്കൂർ സാറിന്റെ 'ഞാൻ വായിച്ച' മറ്റുകൃതികളിൽ നിന്നും  ഒരുപടി മേലെയാണ് 'ബൗദി'യുടെ സ്ഥാനം.

ഭാഷയുടെ ഉപയോഗം വളരെ മനോഹരമായിട്ടാണ് തോന്നിയത്. തികച്ചും മികച്ച രചന തന്നെ.

കാദംബരിയിലേക്ക് എന്നെ എത്തിച്ച, കൂടുതൽ അറിയാൻ പ്രേരിപ്പിച്ച കണക്കൂർ സാറിന് നന്ദി.

സ്നേഹം 💜

അമല