Tuesday, January 24, 2012

പേരൊള്ള ഒരാള്‍

പോലീസേമാന്മാര് എത്ര തല്ലിയിട്ടും എനിക്ക് കൊക്കിപ്പറയാന്‍ ഒരു പേരില്ലാരുന്ന്.

എമാന്മാര്‍ക്ക് ദേഷ്യം കൂടിക്കൂടി വന്ന്. പിന്നേം പിന്നേം തല്ലീന്ന്.

ഇന്നാള് നിങ്ങള് ചോദിച്ചപ്പം ഞാന്‍ പറഞ്ഞില്ലേ എനിക്ക് പേരില്ല എന്ന് ?

ആരാണ് നിങ്ങക്കൊക്കെ പേരിട്ടത് ? അവരൊന്നും എനിക്ക് പേരിട്ടില്ല. ഞാനുമിട്ടില്ല .

അല്ലേത്തന്നെ ഒരു പേരിലെന്തിരിക്കുന്നു ?
നിര്‍ഗുണന് സുശീലന്‍ എന്ന് പേര് . ദുര്‍മുഖനു കോമളന്‍.

കോങ്കണ്ണിക്ക് മീനാക്ഷി. ഒന്നിനും കൊള്ളാത്തവളെ വൈശാലീന്നും.
മാന്മാര്‍ക്കും പേരുണ്ട്. വിളിക്കാന്‍ പറ്റുവോ ? ഇടിച്ചു കൂമ്പു കലക്കും .

നമ്മടെ അപ്പുപ്പന്റെ അപ്പുപ്പന്റെ പേരുപോലും നമക്ക് അറിയില്ല.

അല്ലെങ്കിലും ആദി പൂര്‍വികര്‍ക്ക് പേരുണ്ടായിരുന്നോ ?

ഇല്ല.
ഇനി ഞാന്‍ ചത്തിട്ട്, ശവക്കുഴീലിട്ട് , പുറത്ത് എഴുതിവെക്കാനാണോ ?

എങ്കില്‍ 'പേരില്ലാത്തവന്‍' എന്ന് എഴുതിവെക്ക് .

യേത് ..


ഇനി ഒരു ദുഃഖവാര്‍ത്ത:
എന്റെ കാമുകി പ്രണയലേഖനത്തില്‍ പേരുവെക്കാന്‍ ആവാതെ കുഴങ്ങി.

അവള്‍ക്കു 'പ്രിയനേ' എന്നോ 'കരളേ' എന്നൊക്കെ എഴുതാമായിരുന്ന് .

എന്നിട്ടും അവള്‍ പേരൊള്ള ഒരാളെ തെരക്കി പോയീന്ന്....!

-------------------------------------------------------------------------

(first published in white line world)