ചിന്നപ്പന്റെ കഥയോടൊപ്പം ഉദയന്റെ കഥയും പറയണം.
അല്ലെങ്കില്‍ കഥയ്ക്ക് പൂര്‍ണ്ണത ലഭിക്കില്ല.
ഉദയന്‍ ഒരു സാധാരണക്കാരന് ആയിരുന്നു. പഠിക്കുവാന്‍ അത്ര മിടുക്കന് ആയിരുന്നില്ല. എങ്കിലും കഷ്ടപ്പെട്ട് പഴയ പ്രീഡിഗ്രി കടന്നു. അതിലും കഷ്ടപ്പെട്ട് 'പി എസ് സി' പരീക്ഷ ജയിച്ച് ഒരു സര്‍ക്കാര്‍ പണി നേടിയെടുത്തു.
എന്നാല്‍ ചിന്നപ്പന് പഠിക്കുവാന്‍ ദൈവം ബുദ്ധി കൊടുത്തു. പക്ഷെ പഠിച്ചു വലിയ ഒരാളാവണം എന്നൊന്നും അയാള്‍ക്ക് ഇല്ലായിരുന്നു. നാലും കൂട്ടി മുറുക്കിത്തുപ്പി , ആല്ച്ചുവട്ടിലും കയ്യാലപ്പുറത്തും നിരങ്ങി സമയം തള്ളി . ജോലി വിവാഹം തുടങ്ങിയ കാര്യങ്ങളോട് അയാള്‍ക്ക് പുശ്ചമായിരുന്നു .
ഉദയന്‍ ജോലി കഴിഞ്ഞു വീട്ടിലേക്ക് ഇടവഴിയിലൂടെ നടന്നു പോകവേ , കയ്യാലയുടെ മുകളില്‍ ഇരുന്ന് ചിന്നപ്പന് പറയും: " ഓ ... ജോലി ശമ്പളം ഇതൊന്നും വലിയ കാര്യമല്ലടോ ...."
എന്നിട്ടയാള്‍ ആ പറഞ്ഞതിന് താംബൂലം നീട്ടിത്തുപ്പി അടിവരയിടും.
കാലം കടന്നുപോയി . എല്ലാവരെയും പോലെ ചിന്നപ്പനും വയസ്സായി.
ഇതിനകം സ്വന്തമായി ഉണ്ടായിരുന്നതെല്ലാം അയാള്‍ക്ക് നഷ്ടമായി.
ഉറക്കം കടത്തിണ്ണയില്‍ ആയി.
ഒരു ചായ കുടിക്കുവാന്‍ കൂടി ആരോടെങ്കിലും കൈ നീട്ടേണ്ട അവസ്ഥ .
ഒരുദിവസം ചിന്നപ്പന് വഴിയരികില്‍ കിടന്നു മരിച്ചു . സ്വന്തക്കാര് ആരും അവിടെ ഇല്ലാഞ്ഞതിനാല്‍ ഉദയനും മക്കളും പിന്നെ മറ്റുചില നാട്ടുകാരും ചേര്‍ന്ന് ചിന്നപ്പന്റെ അന്ത്യ കര്‍മ്മങ്ങള്‍ക്ക് ഒരുങ്ങി.
ചിതയിലേക്ക് എടുക്കുവാന്‍ തുടങ്ങും മുന്‍പ് ഉദയന്‍ പരേതന്റെ മുഖത്തേക്ക് ഒന്ന് നോക്കി . അപ്പോഴും ആ മുഖം പറയുന്നുണ്ടായിരുന്നു - "ഓ.... ഇതൊന്നും വലിയ കാര്യമല്ലടോ .. "