മൂന്നാം നമ്പര്‍ ഷാപ്പിന്‍റെ വേലികടന്നു വരുന്ന വിവിധ ഗന്ധങ്ങള്‍ ശശാങ്കയെ മത്തുപിടിപ്പിച്ചു കൊണ്ടിരുന്നു. കരിമീന്‍ പൊള്ളിച്ചതിന്‍റെയും കക്കായിറച്ചി വറുത്തതിന്‍റെയും മണം വേലി കടന്ന് അവളുടെ മൂക്കില്‍ അരിച്ചെത്തി. അമ്മയെ ഭയന്ന് അതിരിന് അപ്പുറത്തേക്ക് നോക്കുവാന്‍ കഴിയില്ല എങ്കിലും ഗന്ധങ്ങള്‍ അവളുമായി സംവദിച്ചു.
ആ ഗന്ധങ്ങളിലൂടെ അവള്‍ ഷാപ്പിനെ അറിഞ്ഞു. ഷാപ്പില്‍ കറിയൊരുക്കുന്ന രാമണ്ണനെ അറിഞ്ഞു. കുടിക്കുവാന്‍ വരുന്നവരെ അറിഞ്ഞു. കള്ള് തലയ്ക്കു പിടിച്ച് പിച്ചും പേയും പറയുകയും ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവരെയും ശശാങ്ക അറിഞ്ഞു. ആ അറിവില്‍ ചിലപ്പോള്‍ അവള്‍ മുനിഞ്ഞു കുന്തിച്ച് തന്നത്താന്‍ നഷ്ടപ്പെടും.
"ഈ പെണ്ണെന്തു നോക്കിയിരിക്കാണ് ദൈവേ... "
പെണ്ണ് നിനവില്‍ മുഴുകിയാല്‍ കുഞ്ഞി നിലവിളിക്കും. കുഞ്ഞിക്ക് പേടിയാണ്. പണ്ട് ഇതുപോലെ കള്ള് മണത്ത നാളിന്‍റെ ശാപമായാണ് കുഞ്ഞി ശശാങ്കയെ ഗര്‍ഭം ധരിച്ചത്. ശശാങ്ക തിരണ്ടപ്പോള്‍ കുഞ്ഞിക്ക് കൂടുതല്‍ പേടിയായി. അതിരുവേലി കൂടുതല്‍ കുത്തി മറച്ചിട്ടും കള്ളും കറികളും എല്ലാ പ്രാവൃതിയും കടന്ന് കുഞ്ഞിയുടെ വീടകം എത്തി.
എങ്കിലും മകളുടെ രക്ഷക്കായി കുഞ്ഞി ആവുന്നതെല്ലാം ചെയ്തു. തള്ളകോഴിയെ പോലെ പരുന്തിന്‍ പറ്റങ്ങളില്‍ നിന്നും കുഞ്ഞിനെ കാത്തു പിടിച്ചു.
" ദൈവേ .. പെണ്ണിന് പ്രായമായി വരുന്നല്ലോ ..." എന്ന് ഓരോ നിമിഷങ്ങളിലും അവര്‍ ആവര്‍ത്തിച്ചു ചിന്തിച്ചു.
ഒരിക്കല്‍ ഉപ്പിട്ട് കഞ്ഞി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ശശാങ്ക അറിഞ്ഞു രുചി ഇല്ലാത്ത ജീവിതം ആണ് ഇത് എന്ന്. ഒരു വേലിക്കപ്പുറം രുചിയുടെ മഹാസാഗരം ! ശശാങ്ക ഒരു പൂത്തുമ്പിയായി അങ്ങോട്ട് പറക്കുവാന്‍ കൊതിച്ചു. അവള്‍ തപസ്സ് തുടങ്ങി. കള്ള് മോന്തിയ ഒരുവന്‍ വേലി പകര്‍ത്തുവന്ന് രുചികളുടെ ലോകത്തേക്ക് അവളെ അവാഹിച്ചെടുക്കും വരെ ആ തപസ്സ് തുടര്‍ന്നു.
ശശാങ്ക അമ്മയുടെ നേരെ പൊട്ടിത്തെറിച്ചു.
"ഒള്ള കാലം മുഴുവനും ഈ ഉപ്പും മൊളകും മാത്രം തിന്ന് കഴിവേറണോ പിന്നെ ഞാന്‍ ? "
ഒരു നിയോഗം പോലെ മുട്ടുകാലില്‍ തല ചേര്‍ത്തുവച്ച് കുന്തിച്ചിരുന്ന് കുഞ്ഞി ആവോളം കരഞ്ഞു.
പാകത്തിന് വിളഞ്ഞ ദേഹം മസാല പുരട്ടി ശശാങ്ക കാമാഗ്നിയില്‍ വേവിച്ചെടുത്തു. ഏതാനും നാള്‍ക്കുള്ളില്‍ അവള്‍ സ്വയം രുചിയേറിയ ഒരു വിഭവം ആയി മാറി. മൂന്നാം നമ്പര്‍ ഷാപ്പിന്‍റെ പേര് ഏറെ ഉയര്‍ത്തിയ ഒരു ഉഗ്രന്‍ വിഭവം !
(first posted in Whiteline world)