"കാടില്ലാത്ത ജില്ല ? " ക്വിസ് മാസ്ടറുടെ ചോദ്യം.
"ആലപ്പുഴ"
ആലപ്പുഴക്കാരന്‍ ആയ എനിക്ക് ഇതുകേള്‍ക്കുമ്പോള്‍ കൌതുകം തോന്നും.
ഞാന്‍ കുട്ടിക്കാലത്ത് കണ്ടിരുന്ന കാടുകള്‍ വെറും കാവുകള്‍ മാത്രം ആയിരുന്നു എന്ന് പതിയെയാണ് മനസ്സിലായത്.. . .
മുതുകുളത്തിന് അടുത്തുള്ള പാണൂര്‍കാവ് (പാണ്ഡവര്‍ കാവ്) സാമാന്യം വലിയ ഒരു കാവായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ അവിടെ പോകുന്നത് നല്ല ഓര്‍മയുണ്ട്. അതുപോലെ വണ്ടാനത്ത് നാഷണല്‍ ഹൈവേയുടെ കിഴക്കുവശത്ത് ഒരു വലിയ കാടുണ്ട് . ഈയടുത് വിനയന്‍ സാര്‍ അദ്ദേഹത്തിന്റെ 'രക്തരക്ഷസ്' ചിത്രം ഈ
കാട്ടില്‍ ചിത്രീകരിച്ചു എന്ന് കേട്ടു. എന്റെ വീടിനടുത്ത് ഇടശ്ശേരിമഠം വക സര്‍പ്പക്കാവില്‍ ഇലഞ്ഞിയും ചേരും കാഞ്ഞരവുമൊക്കെ ചൂരല്‍ വള്ളികളാല്‍ ചുറ്റപ്പെട്ട് ചെറിയ ഒരു കാട് തീര്‍ത്തിരുന്നു. അവിടെ നിന്നാണ് ചുണ്ണാമ്പുവള്ളി മുറിച്ചെടുത്ത് ഞങ്ങള്‍ കുട്ടിക്കാലത്ത് ഊഞ്ഞാല്‍ കെട്ടിയത് .ഇതൊക്കെ വെറും കുട്ടിക്കാടുകള്‍ ആണെന്നും ശരിക്കും ഉള്ള കാടുകള്‍ വലിയ ഒരു സംഭവം ആണെന്നും മനസ്സ് പതുക്കെ ഉറപ്പിച്ചു.
കോന്നിയില്‍ ബന്ധുവീട്ടില്‍ പോയപ്പോഴാണ് വലിയ കാട് കണ്ടത്. അത് 'തേക്ക് പ്ലാന്റെഷന്‍ ' ആയിരുന്നു എന്ന് ആദ്യം മനസ്സിലായില്ല . വലിയ തേക്കുമരങ്ങള്‍ . ഇടയില്‍ വന്യമായ വിജനത. കാട് മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്ന് അതിനിടെ നിറയെ മൃഗങ്ങള്‍ ഉള്ള ഒരു ഭൂമികയാണ് എന്ന് ഇടക്കെപ്പോഴോ ഒരു ധാരണ എന്നില്‍ ഉണ്ടായി. നോട്ടുബുക്കില്‍ ചിത്രങ്ങള്‍ കോറിയിട്ടത് അങ്ങിനെയാണ്. കുറെ മരങ്ങള്‍ . താഴെ മുയലുകളും മാനുകളും നിറഞ്ഞ ഇടം. മരത്തില്‍ പുലി. കുറച്ചുമാറി സിംഹവും ആനയും. ഇങ്ങനെ മൃഗങ്ങളുടെ ഒരു നിറസാന്നിധ്യം ആയിരുന്നു എനിക്ക് പിന്നെയും കുറച്ചുകാലം കാട്. പിന്നെപ്പോഴോ തുടങ്ങിയ ശബരിമല യാത്രകള്‍ ആണ് കാടിനെ എന്നെ അടുത്തുകാട്ടിയത്. പക്ഷെ വനപാതയിലെ തിരക്കില്‍ അത് ശരിക്കും ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല എന്നതാണ് സത്യം.
ആദ്യമായി കേരളം കടന്നത് കല്പാക്കത്ത് ജോലിക്ക് ചേരുവാന്‍ ആയിരുന്നു. പാലക്കാടിനും കോയമ്പത്തൂരിനും ഇടയില്‍ അല്‍പ്പം കാട് കണ്ടു. തമിഴ്നാട് വാസക്കാലത്ത് പല ടൂറുകളും നടത്തി. പലതരം കാടുകള്‍ . എങ്കിലും അവ ശുഷ്ക്കം ആയിരുന്നു.
പിന്നെ ജീവിതം കര്‍ണാടകയിലേക്ക് മാറി. ആയിരത്തി അറുനൂറുകിലോമീറ്റര്‍ നീളം വരുന്ന പശ്ചിമഘട്ടത്തിന്റെ മലനിരകളുടെ നല്ല ഒരു ഭാഗം കൊങ്കണ്‍ മേഖല ഉള്‍ക്കൊള്ളുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടമായ 'ജോഗ് ഫാള്‍സ് ' ഇവിടെ ഷിമോഗ ജില്ലയിലാണ്.
ആദ്യമായി ട്രെക്കിങ്ങിനു പോയത് ഉടുപ്പി യൂത്ത് ഹോസ്റ്റെല്‍ സംഘടിപ്പിച്ച 'അകുമ്പേ' (Akumpe) ട്രെക്ക് ആണ്. ദക്ഷിണ ഇന്ത്യയിലെ ഏറ്റവും മഴ ലഭിക്കുന്ന സ്ഥലമാണ് ഇത്. നാല് ദിവസം കാട് അറിഞ്ഞുള്ള യാത്ര. കാറ്റില്‍ ടെന്റുകെട്ടി താമസം. കാട് എന്തെന്ന സത്യം അന്നാണ് അറിഞ്ഞത്. വന്മരങ്ങള്‍ വെട്ടിമാറ്റിയ കുറ്റികള്‍ ആയിരുന്നു പല ഇടത്തിലും അവശേഷിച്ചത്. കുരങ്ങ് അല്ലാത്ത മൃഗങ്ങളെ കണ്ടത് അത്യപൂര്‍വ്വം. തലങ്ങും വിലങ്ങും ജീപ്പ് പാതകള്‍ കണ്ടു. വനപാലകര്‍ക്കൊപ്പം വനംകൊള്ളക്കാര്‍ക്കും ഉപയോഗിക്കുവാന്‍ ഉള്ള സൗകര്യം ഒരുക്കുന്ന വഴികള്‍ ആണ് ഇവ ! വര്‍ഷങ്ങള്‍ക്കു ശേഷം നീലഗിരി ട്രെക്കിങ്ങില്‍ ആ അഭിപ്രായം മാറി. നീലഗിരി വനയാത്രയില്‍ രാത്രിയിലും പകലുമായി പല കാട്ടുമൃഗങ്ങളെ യും കണ്ടു. ബന്തിപൂര്‍ വഴിയുള്ള കാര്‍ യാത്രയില്‍ അനേകം പുള്ളിമാനുകളെയും ചില ആനകളെയും കാണാന്‍ കഴിഞ്ഞു. ഒരുവട്ടം എന്റെ കൊച്ചു കാറില്‍ കാട്ടാനയുടെ മുന്നില്‍ പെട്ടുപോയതും ഓര്‍മ്മയുണ്ട് .
ഉത്തരകന്നടയിലെ വനങ്ങള്‍ സസ്യനിബിഡംആണ്. എനിക്ക് പേരറിയാത്ത പല മരങ്ങളെയും ഇവിടെ കണ്ടു. മലയണ്ണാന്‍ ആണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത് . പലപ്പോഴും നമ്മള്‍ ഇരിക്കുന്നിടത്തിനടുക്കല്‍ വരെ അവ ചില്ലകള്‍ മാറിമാറി വന്നെത്തും . എന്നാല്‍ നമ്മുടെ ചെറിയ ചലനങ്ങള്‍ അവയെ ദൂരേക്ക് തുരത്തും. വനയാത്രയില്‍ ക്യാമറ പലര്‍ക്കും ഒരു ആവേശം ആണ് . തങ്ങള്‍ കണ്ട കാഴ്ച്ചകള്‍ നാലുപേരെ കാണിച്ചാലേ അവര്‍ക്ക് സമാധാനം കിട്ടൂ. എന്റെ സുഹൃത്തും പക്ഷി നിരീക്ഷകനും ആയ രാജീവാണ് വിലപ്പെട്ട ആ ഉപദേശം തന്നത്. 'ഫോട്ടോഗ്രാഫിക്ക് അമിത പ്രാധാന്യം നല്‍കിയാല്‍ മറ്റു പല വിശിഷ്ട്ട കാഴ്ച്ചകള്‍ നമുക്ക് നഷ്ട്ടപെടും.' ഒരിക്കല്‍ ഏകനായി നടത്തിയ വനയാത്രയില്‍ ഒരു പാറയുടെ അങ്ങേപ്പുറത്ത് ചില വിചിത്രശബ്ദങ്ങള്‍ കേട്ടു. വളരെ പതുക്കെ പാറയില്‍ കയറി മറുവശത്തേക്ക് കണ്ണ് പായിച്ചു.
അപ്പോള്‍ കണ്ടത് ഒരു അപൂര്‍വ്വ കാഴ്ച ! രണ്ടു മുള്ളന്‍പന്നികള്‍ ഇണ ചേരുന്നു. എന്റെ കയ്യില്‍ 300 mm എസ് എല്‍ ആര്‍ ക്യാമറയുണ്ട്. ഫോട്ടോഗ്രാഫിക്ക് ശ്രമിച്ചാല്‍ എന്റെ ചലനം അറിഞ്ഞ് അവ ഓടിമറയും. അതിനാല്‍ അതിനു ശ്രമിക്കാതെ അടങ്ങിയിരുന്നു. നമ്മുടെ മനസ്സ് തന്നെ ഒരു നല്ല ക്യാമറ ആണല്ലോ ?
കാടിന്റെ വന്യതയാണ് നമ്മെ പലപ്പോഴും അമ്പരപ്പിക്കുന്നത് . പക്ഷികളുടെ ഒരു മായികലോകം . പൊടുന്നനെ നമ്മെ ഞെട്ടിപ്പിക്കുന്ന ഒരു വലിയ കാഹളം മുഴങ്ങി എന്ന് വരാം. ഒരു ആണ്‍ മയില്‍ അതിന്റെ സാന്നിദ്ധ്യം വിളിച്ചറിയിച്ചതാവും . ഉത്തരകന്നടത്തിലെ കാടുകളില്‍ വേഴാമ്പലുകളുടെ എണ്ണം ഇപ്പോള്‍ കൂടിയിട്ടുണ്ട്. വന്‍ വൃക്ഷങ്ങളുടെ പോതുകളില്‍ ആണ് അവ മുട്ട വിരിയിക്കുന്നത് . വേഴാമ്പലുകളുടെ കൂട് തേടിയുള്ള യാത്രകള്‍ എല്ലായ്പ്പോഴും നിരാശയാണ് നല്‍കിയത് . അവ ഒരിക്കലും നേരെ ഇണ അടയിരിക്കുന്ന ഇടത്തേക്ക് പറന്നു ചെല്ലില്ല. ചുറ്റുമുള്ള പല മരങ്ങളിലും ചാടിച്ചാടി നമ്മെ വട്ടം ചുറ്റിക്കും. കാട്ടില്‍ എന്നെ എന്നും ആകര്‍ഷിക്കുന്ന ഒരു കിളിയാണ് റാക്കറ്റ് വാലന്‍ നാരായണക്കിളി . ഒരു നല്ല മിമിക്രി കലാകാരന്‍ ആണ് ഈ പക്ഷി.

വെളുത്ത നീളന്‍വാലന്‍ പ്രാണിപിടിയന്‍ കിളി വളരെ സുന്ദരന്‍ ആണ് . തവിട്ടു നിറത്തിലും ഇവനെ കാണാം. അവന്റെ നെടുനീളന്‍ വാല്‍ ചില്ലകള്‍ക്കിടയിലൂടെ ഒഴുകി പോകുന്നത് മനോഹര കാഴ്ച്ചയാണ് . കാട്ടുകോഴികള്‍ കാഴ്ചയില്‍ നാട്ടുകോഴിയെക്കാള്‍ ഭംഗി ഉള്ളവയാണ്. എന്നാല്‍ ആണ്‍മയിലുകള്‍ മിക്കതും ശുഷ്ക്കമായ വാലുകളോടെ കാണപ്പെട്ടു. ഉത്തരേന്ത്യയില്‍ അവ കാക്കകളെ പോലെ മനുഷ്യന്റെ ഏറെ അടുത്ത് എത്തും. എന്നാല്‍ ഇവിടുള്ള മയിലുകള്‍ വലിയ നാണക്കാരാണ് . പാമ്പുകള്‍ ആണ് കാട്ടില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു സാന്നിദ്ധ്യം . കാര്‍വാറിനു അടുത്ത് പലയിടത്തും രാജ വെമ്പാലയെ കണ്ടത്തായി വാര്‍ത്തകള്‍ ഉണ്ട്. ഒരിക്കല്‍ ഒരു ട്രെഞ്ചിലാണ് ഞാന്‍ ഈ മരണത്തിന്റെ രാജാവിനെ നേര്‍ക്കുനേര്‍ കണ്ടത്.
കാര്‍വാറിലേക്കുള്ള തീവണ്ടി നിലയത്തിലേക്കുള്ള രാത്രിയാത്രകളില്‍ ധാരാളം വന്യമൃഗങ്ങളെ കാണാം. വാഹനത്തിന്റെ വെളിച്ചത്തില്‍ അവയുടെ കണ്ണുകള്‍ വൈഡൂര്യം പോലെ തിളങ്ങും. മിക്കപ്പോഴും പുള്ളിപ്പുലികള്‍ . ചിലര്‍ കരിമ്പുലിയെ കണ്ടിട്ടുണ്ട് . ഒരു പകല്‍ യാത്രയില്‍ റോഡരികില്‍ ഒരു കലിങ്കില്‍ കയറി അനങ്ങാതെ ഇരിക്കുന്ന പുള്ളിപ്പുലിയെ കണ്ടു. ഡ്രൈവര്‍ കുറച്ചു സമയം ബസ്സ് നിര്‍ത്തിയിട്ടു . അവന്‍ 'ഇതൊന്നും വലിയ കാര്യം അല്ല' എന്ന മട്ടില്‍ അനങ്ങാതെ കിടന്നു. ആ കാഴ്ച ഇന്നും മനസ്സില്‍ ഉണ്ട്.
കാട് ഒരു വിശ്വാസം ആണ്. മനുഷ്യന്റെ മനസ്സിലും ഒരു കാട് ഉണ്ട്. കാടിന്റെ വലുപ്പമല്ല, അതിന്റെ ആഴമാണ് പ്രധാനം . അത് മറ്റെന്തിലും ഉപരിയായി നമ്മില്‍ ഉന്മേഷം നിറയ്ക്കും . ചിലപ്പോള്‍ ഏകനായി കാളി നദിയുടെ തീരത്ത് കാട്ടില്‍ അലയുമ്പോള്‍ കാട് എന്തോ മന്ത്രിക്കുന്നത് കേള്‍ക്കാം . അത് പണ്ടെങ്ങോ കടന്നുപോയ ഒരു സുവര്‍ണ കാലഘട്ടത്തിന്റെ സ്മരണ അയവിറക്കുന്നുണ്ടാവും . വനത്തെയും വനദേവകളെയും പൂജിച്ച ഒരു കാലം. കാട് തീര്‍ത്ത മേല്‍ക്കൂരയ്ക്കു കീഴെ മാനിനും മയിലിനും ഒപ്പം മനുജനും ഉറങ്ങിയ കാലം ഉണ്ടായിരുന്നല്ലോ ?
ഈയിടെ ഒരു സുഹൃത്ത് ചില പാഴ്മരങ്ങള്‍ ചൂണ്ടിക്കാട്ടി പറയുകയുണ്ടായി :-
"ഇവയൊക്കെ പറിച്ചുകളഞ്ഞിട്ട് നമുക്ക് ആവിശ്യമുള്ള ഫലവൃക്ഷങ്ങളും ഈട്ടിയും തേക്കും ഒക്കെ നട്ടിരുന്നെങ്കില്‍ എത്ര നന്നായി ?!"
ഇത് നമ്മുടെ പൊതുസ്വഭാവം ആണ് - നമുക്ക് (മനുഷ്യന്) ഗുണപരമായത് മാത്രം നില നിര്‍ത്തുക എന്നത് . പ്രകൃതിയില്‍ ഓരോ ജീവിക്കും അതിന്റേതായ സ്ഥാനം ഉണ്ട് എന്ന കാര്യം നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കുന്നു. ഒരു ചെറിയ പുല്‍ച്ചെടിക്കും കാണും ഈ ലോകത്തില്‍ അതിന്റേതായ സ്ഥാനം . അത് നിഷേധിക്കുവാന്‍ നമുക്ക് എന്തവകാശം ? എങ്കിലും മനുഷ്യന്റെ വികാസത്തിന് ഒത്ത് വനസ്ഥലികള്‍ ചുരുങ്ങിവരുന്നു.
കുറച്ചുകഴിയുമ്പോള്‍ എനിക്ക് ചിലപ്പോള്‍ പറയുവാന്‍ ആകും - ആലപ്പുഴയിലെ മരക്കൂട്ടങ്ങളും ഗരിമയുള്ള വനങ്ങള്‍ ആണ് എന്ന്. അവയെങ്കിലും അവശേഷിച്ചാല്‍ മാത്രം .

----------------#-------------