ഒരു പാവം വീട്ടമ്മയെ തെരുവിലിട്ട് ഒരുകൂട്ടം സാമൂഹ്യദ്രോഹികള്‍ ബലാല്‍സംഗം ചെയ്തു. വേട്ടയുടെ ഒടുവില്‍ ഇര ഒരു ഞരക്കത്തോടെ തോറ്റ് അവസാനിച്ചിരുന്നു .
ഇതൊന്നും അറിയാതെ തകരപ്പുരയുടെ ചുവരിലെ വിടവിലൂടെ , അപ്പുറത്ത് ഭ്രാന്തമായ ആവേശം പൂണ്ട് ഒഴുകുന്ന തെരുവിലേക്ക് ഉറ്റുനോക്കി ഇരിക്കുകയായിരുന്നു മനസ്സ് കലങ്ങിമറിഞ്ഞ ആങ്ങളയും പെങ്ങളും.
ഏതു നിമിഷവും ആ തെരുവ് വിട്ട് തങ്ങളുടെ അമ്മ കടന്നുവരും എന്ന് കരുതി ഒരു ഇരുപ്പ് !
ആങ്ങള പതിനാലു വയസ്സുള്ള ഒരു കുട്ടി.
പാകമില്ലാത്ത വലിയ ഒരു നിക്കര്‍ . എണ്ണ കാണാത്ത മുടി പലവഴി തെറ്റിക്കിടക്കുന്നു .
പെങ്ങള്‍ പതിനാറു വയസ്സ്. അവളുടെ ഒട്ടും വളര്‍ച്ച പിടിക്കാത്ത മുലകള്‍ വസ്ത്രങ്ങളാല്‍ മറഞ്ഞിട്ടില്ല !
ചിലമ്പിച്ച സ്വരത്തില്‍ അവന്‍ അവളോട് പറഞ്ഞു :- "ചേച്ചി .... എന്റെ വയറിനുള്ളി ഒരെലി ഇന്നും കേറിപ്പോയി ..."
അവള്‍ അവന്റെ വയറ്റില്‍ ഉറ്റുനോക്കി അല്‍പനേരം ഇരുന്നു . പിന്നെ തെരുവിലേക്ക് ആശയോടെ നോക്കി . "നീ കര്യാതെ.. അമ്മ ഇപ്പ വരും "
കുറച്ചു കഴിഞ്ഞു. അവന്‍ പിന്നെയും കരഞ്ഞു.
"അയ്യോ ... എലി വയറ്റീന്നു മാന്തുന്നു ... ഡോട്ടരെ വിളീര് "
പാവം ചേച്ചി. പുറത്തുനിന്നും പൂട്ടിയിരുന്ന കതവ് തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടു . അവന്‍ പിന്നെയും കരഞ്ഞു കൊണ്ടിരുന്നു .
"നീ പേടിക്കണ്ട . എലിയെ ഞാന്‍ വയറു മുറിച്ച് വെളിയില്‍ എടുക്കാം ..." അവള്‍ പറഞ്ഞത് കേട്ട് അവന്‍ തല കുലുക്കി .
അടുക്കളയിലെ കത്തിക്ക് നല്ല മൂര്‍ച്ചയുണ്ടായിരുന്നു. രക്തം വല്ലാതെ ഒഴുകുന്നതിനാല്‍ വയറിനുള്ളില്‍ പതുങ്ങിയിരുന്ന എലിയെ പിടിക്കുവാന്‍ ആ പെങ്ങള്‍ക്ക് കഴിഞ്ഞില്ല .
വേദന കടിച്ചു പിടിച്ച് കിടന്ന ആങ്ങള ഉറങ്ങിപ്പോയി.
പിന്നെപ്പോഴോ ഒരു താക്കോല്‍ പഴുതിലൂടെ അവള്‍ പുറത്തിറങ്ങി .
തെരുവിലൂടെ നടന്നുനടന്ന് അങ്ങനെ ...
ഭ്രാന്തമായ ആവേശത്തോടെ ഒഴുകുന്ന തെരുവിലൂടെ അങ്ങനെ ...
നടന്നു നടന്ന്...
ഇടയില്‍ എപ്പോഴെന്നറിയില്ല , ഒരെലി അവളുടെ ഉദരത്തിലും കടന്നുപറ്റി .
-a story from കണക്കൂര്‍