Wednesday, October 31, 2012

ഗോവയില്‍ ഒരു പുതിയ ലൈബ്രറി

              കഴിഞ്ഞ ദിവസം പനാജി കേരള സംഗമം പ്രസിഡണ്ട് ശ്രീ ലാലു എബ്രഹാമിന്റെ ഒരു  ഫോണ്‍കാള്‍  വന്നു. അതാണ്‌  കണക്കൂര്‍ ബ്ലോഗില്‍ ഈ കുറിപ്പ് എഴുതുവാന്‍ കാരണം . 

               വായനശാലകളുടെയും   ഗ്രന്ഥശാലകളുടെയും  കാലം  കഴിഞ്ഞുവോ ? കഴിഞ്ഞു പത്തുവര്‍ഷമായി ഒരു ബഹുഭാഷാ  ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഒരു  വ്യക്തി എന്ന നിലയില്‍ തോന്നുന്ന ഒരു കാര്യം ആണ് ഇത് . പണ്ട് , നാട്ടില്‍ വായനശാലകളോട് ബന്ധപ്പെട്ട് നിലനിന്ന കൂട്ടായ്മകളില്‍  ചേര്‍ന്ന്  പല സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഓര്‍മ്മയുണ്ട് . ഇന്നും നാട്ടില്‍ ചെല്ലുമ്പോള്‍ വായനശാലകളില്‍ നടന്നെത്താറുണ്ട് . പലപ്പോഴും ചിറകൊടിഞ്ഞ പക്ഷികളെ പോലെ കുറച്ച് പത്രങ്ങളും പിന്നെ ഉത്സവനോട്ടീസുകളും പരന്നുകിടക്കുന്നത് കാണാം. ലൈബ്രറികള്‍ പലപ്പോഴും തുറക്കാറില്ല എന്നറിഞ്ഞു .  ചിലപ്പോള്‍  ചില വയസ്സുചെന്നവര്‍ അവിടെ ഇടയില്‍ കയറിയിറങ്ങിയാല്‍ ആയി .  മുംബൈ മാട്ടുങ്ക സമാജത്തിന്റെ ലൈബ്രറിയില്‍ രണ്ടുവര്‍ഷം മുന്‍പ്  ചെന്നപ്പോള്‍ അത് തുറക്കാറില്ല എന്നറിഞ്ഞു. മുംബൈക്കവി   ശ്രീ സന്തോഷ്‌ പല്ലശനയും കൂട്ടരും അത് പുനരുജ്ജീവിപ്പിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടു. പിന്നെ എന്തായി എന്നറിയില്ല.  
        അംഗങ്ങള്‍ കുറഞ്ഞുവരുന്നു , പുസ്തകങ്ങളുടെ വില വര്‍ദ്ധിച്ചു, നടത്തിപ്പുകാര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കേണ്ടിവരുന്നു    എന്നതൊക്കെ കൂടാതെ   വായനക്കാര്‍ കുറയുന്നതും  ഇന്ന് വലിയ പ്രശ്നമായി തീര്‍ന്നിരിക്കുന്നു . പക്ഷെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്‌ ഉണ്ടായി എന്നാണ്. ഇതിനുകാരണം എന്താണ് ? വ്യക്തിപരമായ പുസ്തക ശേഖരങ്ങള്‍ കൂടുന്നുണ്ട്  എന്നത് ശരിയാണ് . ഇന്ന് ഓണ്‍ലയിന്‍ സ്റ്റോറുകള്‍ ധാരാളം ഉണ്ട് . ഒറ്റ ക്ലിക്കില്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ കുരിയറില്‍ കൂടെ നമ്മുടെ  വീട്ടില്‍ എത്തുന്നു . വായിച്ചില്ലെങ്കിലും കുറെ പുസ്തകങ്ങള്‍ മുന്മുറിയില്‍ ഷെല്‍ഫില്‍ അടുക്കി നിരത്തുന്നത് നവലോകജാടയുടെ ഒരു രീതിയായി മാറുന്നു . ഷെല്‍ഫില്‍ ഇരിക്കുന്ന അഴിക്കോട് മാഷിന്റെ തത്ത്വമസി എങ്ങനെയുണ്ട്  എന്ന് ചോദിച്ചപ്പോള്‍  "അത്  വായിക്കാന്‍ അല്ല , വെറുതെ ഭംഗിക്ക് വച്ചതാണ് " എന്ന്  ഒരു സുഹൃത്ത്‌ പറഞ്ഞത് ഓര്‍മ്മയുണ്ട് . ഇ - മാധ്യമങ്ങളില്‍  കൂടിയുള്ള  വായന ഏറിവന്നതും ഗ്രന്ഥശാലകളിലെ തിരക്ക് കുറയുവാന്‍ മറ്റൊരു കാരണം ആകാം. ഇന്ന്  വളരെ അധികം പുസ്തകങ്ങള്‍ ഒരു ചിപ്പില്‍ ഒതുക്കാവുന്ന  ഈ -ബുക്ക്‌ റീഡറുകള്‍ മാര്‍കറ്റില്‍ ഉണ്ടല്ലോ ? 
 
 
                  പക്ഷെ, കഴിഞ്ഞ ദിവസം പനാജി കേരള സംഗമം പ്രസിഡണ്ട് ശ്രീ ലാലു എബ്രഹാമിന്റെ ഫോണ്‍കാള്‍  എന്നെ ശരിക്കും അതിശയിപ്പിച്ചു . അവര്‍ അവിടെ പുതിയ ഒരു ഗ്രന്ഥശാല തുടങ്ങുന്നു !  ഈ 24 നു അതിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചതാണ് . വിജയദശമി .. നല്ല ദിവസം . എത്താമെന്ന് സസന്തോഷം പറഞ്ഞു . ഒരുവര്‍ഷം മുന്‍പ് അവര്‍ ഒരുക്കിയ ഒരു വേദിയില്‍ സംസാരിക്കവേ ലൈബ്രറി തുടങ്ങുന്ന കാര്യം പരാമര്‍ശിച്ചതാണ് .  ഇതാ ഇപ്പോള്‍  അത്  സത്യമായി തീര്‍ന്നു !  മുംബൈയിലും കാര്‍വാറിലുമായി പ്രവാസജീവിതം നയിക്കുന്ന ശ്രീ  ഓമനകുട്ടന്‍ നെടുമുടിയും കൂടെവന്നു. അവിടെ ചെന്നപ്പോള്‍ കണ്ടതോ ?മുന്നൂറോളം മലയാള പുസ്തകങ്ങള്‍  മനോഹരമായ ചില്ലുകൂട്ടില്‍ നിരത്തിയ കാഴ്ച.  ഒരു ലക്ഷത്തോളം രൂപ മുഖവിലയുള്ള ഈ പുസ്തകങ്ങള്‍ അത്രയും ഗോവയില്‍ താമസിക്കുന്ന  മലയാളിയായ  ശ്രീമാന്‍ തോമസ്‌ കോരുത് എന്ന ഒരു മഹത് വ്യക്തിയുടെ സംഭാവന യാണ് എന്നറിഞ്ഞു . ആ നല്ല മനസ്സിന്  ഹൃദയം നിറഞ്ഞ നന്ദി . പല ലൈബ്രറികളിലും പുസ്തകങ്ങള്‍ മാറാലയില്‍ ഒതുങ്ങുമ്പോള്‍ ഇവിടെ നവ ജീവനുമായി ഒരു പുതുലൈബ്രറി ഒരുങ്ങുന്നു . ആ ചടങ്ങില്‍ പങ്കുകൊള്ളുവാന്‍ കഴിഞ്ഞതില്‍  വളരെ സന്തോഷം തോന്നി .ആ ചടങ്ങില്‍  ഓമനകുട്ടന്‍  ഒരു കവിത മനോഹരമായി ചൊല്ലി. . ഈ പ്രസ്ഥാനത്തിന് ഒരു മലയാളിയെ എങ്കിലും വായനയിലേക്ക് തിരികെ കൊണ്ടുവരുവാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാര്യം തന്നെ . കേരള സംഗമത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ . കൂടാതെ ആ ലൈബ്രറി ഏറ്റവും നന്നായി ഉപയോഗിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയും  .

Friday, October 5, 2012

വഴി തെറ്റി വരുന്നവര്‍ക്ക് മാത്രം


'ഒരുനാള്‍  തിരികെ വരും' എന്നുപറഞ്ഞായിരുന്നത്രേ  അയാള്‍ പോയത് !?   ചെറുവഴിയിലൂടെ മലയിറങ്ങി  അയാള്‍ നടന്നകലുന്നത് കാര്‍ത്തു നോക്കിനിന്നു കാണും . ഇനി അയാള്‍ തിരികെവരില്ല എന്നവള്‍ക്ക്  അന്ന് തോന്നിയിട്ടുണ്ടാവും. 
അങ്ങനെ എത്രപേര്‍ ! 
പാറയുടെ മുകളിലെ പരപ്പില്‍ കയറിനിന്നാല്‍ ദൂരെ ക്ഷേത്രം കാണാം . 
പാവനമായ സന്നിധി . ദൂരെനാട്ടില്‍ നിന്നൊക്കെ ആളുകള്‍ വരുന്നയിടം. പലരും വന്‍മല കയറും. മുകളിലെ ഗുഹയില്‍ പണ്ടൊരു മഹാമുനി തപസ്സിരുന്നു പോലും. 
തിരികെ മലയിറങ്ങുന്നവര്‍ക്ക്  ചിലപ്പോള്‍ വഴി തെറ്റാം  . ചിലര്‍ കറങ്ങിത്തിരിഞ്ഞ് കാര്‍ത്തുവിന്റെ കുടിക്ക് മുന്നിലെത്തും . 
അപ്പോള്‍ നേരം  ഒരുപാട് വൈകിയിരിക്കുമല്ലോ ?
അവള്‍ അവര്‍ക്ക് അടിവാരത്തേക്കുള്ള    വഴി പറഞ്ഞുകൊടുക്കും . 
ചിലര്‍ ഒറ്റക്കായിരിക്കും . അവര്‍ ഇരുട്ടിനെ പകച്ചുനോക്കുമ്പോള്‍ കാര്‍ത്തു പറയും. 
"ഇവ്ടെ കെടന്നിട്ട്‌ നാളെ പൊലരുമ്പോ  പോകാം ... " 
കാര്‍ത്തു അയാള്‍ക്ക്‌ മുളയരിക്കഞ്ഞി കൊടുക്കും . ചിലപ്പോള്‍ ചക്കപ്പുഴുക്ക് ... ചിലനാള്‍ അമ്പഴങ്ങാച്ചമ്മന്തി കാണും . ആഗതന്‍ സന്തോഷത്തോടെ അവ ഭക്ഷിക്കും . 
കാടിന്റെ മണമുള്ള ആ ഒറ്റമുറിക്കുടിലില്‍  അയാള്‍ ആ രാത്രി കൂടും. 
മടങ്ങുമ്പോള്‍  ചിലപ്പോള്‍ ഒരുതുക അവള്‍ക്ക് നന്ദിയോടെ നല്‍കിയെന്നും വരും .   
ഇതിപ്പോള്‍ വഴി തെറ്റാതെ ഒരാള്‍ ! കാര്‍ത്തുവിന്റെ വീട് തേടിവന്ന ഒരാള്‍ ! 

"മിക്കപ്പോഴും  ആ രാത്രി  മനസ്സില്‍ തെളിയുന്നു .  ശ്രമിച്ചിട്ടും  മറക്കാന്‍ കഴിയുന്നില്ല നിന്നെയും ഈ കുടിയേയും ."  അയാള്‍  ആവേശത്തോടെ തുടര്‍ന്നു- " പട്ടണം തീരെ  മടുത്തു.  ഇനിയുള്ള കാലം  ഇവിടെ നിന്റെകൂടെ കൂടണം എന്ന് തീരുമാനിച്ചു. "
അവള്‍ അയാളെ തുറിച്ചു നോക്കി .   
കാറ്റ് വല്ലാതെ കാടിളക്കി  മൂളുന്നു . കാട് എന്തോ വിളിച്ചു പറയുന്നുണ്ട് . 
"വേണ്ട ..തിര്യെ  പൊയ്ക്കോളൂ " - അവള്‍ മെല്ലെ തുടര്‍ന്നു :  "ഇവ്ടെ  താമസ്സിക്കാന്‍ പറ്റില്ല ...... അത് ശരിയാവില്ല .."
കാര്‍ത്തു അയാള്‍ക്ക്‌ മുന്നില്‍ വാതില്‍ അടച്ചു . അയാള്‍ പരാജിതനെ പോലെ തന്റെ    വിഴുപ്പുനിറഞ്ഞ ബാഗും ചുമന്ന്  കാടിറങ്ങി. 

 വഴിതെറ്റി വരുന്നവരെ കാത്ത്... അവര്‍ക്ക് മാത്രമായി  പിന്നെയും അവള്‍ ഇരുന്നു . 

-----------------------------------------------------------------a kanakkoor story-------