Friday, November 30, 2012

വീണ്ടും ഒരു പട്ടം (മിനിക്കഥ)


       സിറ്റിയിലെ കടകള്‍ മുഴുവന്‍ പരതി. ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇടയില്‍ എങ്ങും പട്ടങ്ങള്‍ വില്പ്പനക്കില്ല ! ചിലര്‍ തീര്‍ന്നു പോയി എന്ന് ക്ഷമ പറഞ്ഞു .
           ഇവന് പൊടുന്നനെ പട്ടത്തിനുള്ള ആശ എങ്ങനെ വന്നു ? അത് മനസ്സിലായില്ല . 
വീണ്ടും ചേച്ചിയുടെ മോന്‍ അതുതന്നെ ചോദിക്കുന്നു : " മാമാ .. ഒരു പട്ടോണ്ടാക്കിത്തരുവോ ?"
          എനിക്ക് അതുണ്ടാക്കുവാന്‍  അറിയില്ല എന്ന് പലവട്ടം പറഞ്ഞു . പക്ഷെ അവന്‍ ഒട്ടും സമ്മതിക്കുന്നില്ല . 
കുട്ടിക്കാലത്തിന്റെ സമയ രേഖകളില്‍ എവിടെയോ ഞാന്‍ പട്ടം പറത്തിയിട്ടുണ്ട് . പട്ടം നിര്‍മ്മിച്ചിട്ടുമുണ്ട്. പക്ഷെ വളര്‍ച്ചയുടെ ഗൌരവങ്ങളില്‍ പെട്ട് മറ്റ് പലതിനോപ്പം അതും  മറന്നുപോയി .
ഇപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ വളരെക്കാലം കൂടി വന്നതാണ് . അവരെ വിവാഹം ചെയ്ത് അയച്ചകാലത്ത്  വന്ന ഓര്‍മ്മയുണ്ട്. പിന്നെ ഇപ്പോളാണ് ഇവിടെ വരുന്നത് . വര്‍ഷങ്ങള്‍ അതിനകം എത്ര കടന്നു പോയി ?! അവരുടെ മൂത്തമകള്‍ ഇപ്പോള്‍ പതിനൊന്നാം ക്ലാസ്സില്‍ എത്തി. മകന്‍ അഞ്ചാം തരത്തിലും . 
      അവന്‍ ആശയോടെ വീണ്ടും വിളിക്കുന്നു - " പ്ലീസ് മാമാ .. ഒരു പട്ടം ..."
      " നെനക്ക് പട്ടം ഒണ്ടാക്കാന്‍ അറിയാല്ലോ ? " ... ചേച്ചി തുടര്‍ന്നു- " പണ്ടുനീ എത്ര പട്ടം ഒണ്ടാക്കി കായപ്പുറത്ത്  പറത്തീരിക്കുന്നു ! ഇപ്പം നീ വല്യ ഇഞ്ചിനീയരല്ലേ ..... ഒരെണ്ണം അവന് ഒണ്ടാക്കി കൊടുക്കടാ .."
അത് ശരിയാണ് . ഞാന്‍ ചെറു കുറ്റബോധത്തോടെ ചേച്ചിയോട് പുഞ്ചിരിച്ചു . സാങ്കേതിക വിദ്യയില്‍ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തിലെ  ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ഒരാള്‍ വെറും പേപ്പര്‍ ഒട്ടിച്ച് പട്ടം ഉണ്ടാക്കുവാന്‍ അറിയാതെ കുഴഞ്ഞാല്‍ ?
    " മാമനെ ശല്യപ്പെടുത്താതെ പോടാ ..." ചേച്ചിയുടെ മകള്‍ എന്റെ രക്ഷക്ക് എത്തി .
    " സാരമില്ല മോളെ .. മാമന്‍ ട്രൈ ചെയ്യാം " 
    " കൈറ്റ് മേക്കിംഗ് എന്ന് ഗൂഗിളില് ജസ്റ്റ്‌ ടൈപ്പ് ചെയ്‌താല്‍ മതി മാമാ.. ഇത്ര പാടോന്നുമില്ല .. " അവള്‍ പറഞ്ഞു .
   " അതൊന്നും വേണ്ട . മാമന് അല്ലാണ്ട്തന്നെ അറിയാം "
ഓര്‍മ്മയില്‍ പരതി . കായല്‍പ്പുറത്ത്  ഒരു സംഘം കുട്ടികളുമായി കളിച്ചുതിമിര്‍ത്ത നാളുകള്‍ . ചിലപ്പോള്‍ പത്രത്താള്‍ കീറിയൊട്ടിച്ച്  പട്ടം ഉണ്ടാക്കുമായിരുന്നു . കാറ്റിന്റെ ദിശ നോക്കി അതിനെയങ്ങ് ആകാശത്തിലേക്ക് ഇറക്കിവിടും .  വര്‍ണ്ണക്കടലാസില്‍ നിര്‍മ്മിക്കപ്പെട്ട നിരവധി പട്ടങ്ങളോട് എന്റെ പട്ടം മത്സരിച്ചു ജയിക്കുമായിരുന്നു . ആകാശത്തില്‍ അത് ഉയര്‍ന്ന് പൊട്ടുപോലെ ചെറുതാകുമ്പോള്‍   നൂലിന്റെ ഇങ്ങേത്തലക്കല്‍ പിടിച്ച് ഭൂമിയില്‍ നിന്ന് ഞാന്‍ അഭിമാനം കൊള്ളുമായിരുന്നു. 
     " ഒരു കണ്ടി* .. രണ്ടു കണ്ടി  .. മൂന്ന്...... '' അപ്പോള്‍  മറ്റ്കുട്ടികള്‍ നൂല്‍ച്ചുറ്റുകള്‍   അഴിയുന്നത് നോക്കി അമ്പരക്കും . 
     ചിലപ്പോള്‍ നൂലിഴ പൊട്ടി പട്ടം എന്നില്‍ നിന്നും സ്വതന്ത്രനാകും . താഴെ കുട്ടികള്‍ ആര്‍ത്തു വിളിക്കവേ ,കാറ്റിനെ  വശത്താക്കി അത് തലയിളക്കി അകലേക്ക്‌ പറന്നുപോകും . ഒരു കൊന്നത്തെങ്ങിന്റെ തുഞ്ചോലയില്‍ കുടുങ്ങിയ നിലയില്‍ ചിലപ്പോള്‍ പിന്നെയതിനെ കണ്ട് ഞാന്‍ നെടുവീര്‍പ്പിടും . 
    കടന്നുപോയ കാലം അടുക്കിയിട്ട ജീവിതാനുഭവങ്ങളുടെ അട്ടികള്‍ വകഞ്ഞു മാറ്റി ഞാന്‍ പിന്നോക്കം സഞ്ചരിച്ചു . ഈടുവെപ്പില്‍ നിന്നും ചില അറിവുകള്‍ കണ്ടെടുക്കാന്‍ . 
    ആദ്യം പേപ്പര്‍ കോണോടുകോണ്‍ വച്ച് മടക്കി , അരിക് മുറിച്ചു മാറ്റി സമചതുരം തീര്‍ത്ത് മാറ്റിവച്ചു.
പിന്നെ ചീകി മിനുക്കിയ ഈര്‍ക്കില്‍ വളച്ചു കെട്ടി വില്ലൊരുക്കി . അത് പേപ്പറിന്റെ കോണോടുകോണ്‍ ഒട്ടിച്ചിരുത്തി. വില്ലിന്റെ നടുവിലൂടെ അതിനെ കുലച്ചു നിര്‍ത്തിയ ചരടിന് ലംബമായി മറ്റൊരു ഈര്‍ക്കിലിനെ   കോണോടുകോണ്‍ പതിച്ചു . പേപ്പര്‍  നീളത്തില്‍ ഒട്ടിച്ച് വാലുകളും  പിന്നെ ചിറകുകളും ഒരുക്കി കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ മോന്റെ കണ്ണുകളില്‍ അത്ഭുതം വിടര്‍ന്നു. യഥാസ്ഥാനങ്ങളില്‍ നൂലിഴ അയച്ചു കെട്ടി അതിനെ ഞാന്‍ സന്നദ്ധമാക്കി . അത് കുഞ്ഞു കൈകളില്‍ ഏറ്റുവാങ്ങുമ്പോള്‍   ആ മുഖത്ത് ആഹ്ലാദം തിങ്ങിനിന്നിരുന്നു . 
    കുറച്ചു കഴിഞ്ഞു നോക്കുമ്പോള്‍ ഇത്തിരിയുള്ള ആ തൊടിയുടെ ഭൂമികയില്‍ നിന്നും ഉയര്‍ന്ന് പൊങ്ങി ആ പട്ടം കാറ്റിനോട്‌ സല്ലപിക്കുന്നത്‌ കണ്ടു. 
     ചേച്ചിയുടെ കണ്ണുകള്‍ എന്തെന്നറിയില്ല , നിറഞ്ഞു തുളുമ്പി . 
     ഒട്ടും പിടി തരാതെ പണി മുടക്കിക്കിടന്ന ഒരു യന്ത്രത്തെ നാളുകളുടെ അശ്രാന്തപരിശ്രമത്തിന് ശേഷം പ്രവര്‍ത്തനസജ്ജമാക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഏറെ സന്തോഷം ... അഭിമാനം .. എനിക്ക് അപ്പോള്‍ തോന്നി . 
 
(*കണ്ടി - ഒരു ചുറ്റ് നൂലിന്റെ അളവ് - വണ്ടി എന്നും പറയും )