കിട്ടിയ ഏതാനും ചെറിയ നോട്ടുകളില്‍ ചൗക്കിദാറിനുള്ള പങ്കു കഴിഞ്ഞാല്‍ പിന്നെ ഉച്ചഭക്ഷണം കഴിക്കുവാന്‍ കഷ്ടിച്ച് തികയും. പിന്നെ ചുണ്ടില്‍ സിഗരറ്റ് കത്തിച്ചു പിടിപ്പിക്കാന്‍ വഴിയില്ല .
ഈയിടെയായി സൌന്ദര്യമുള്ള മുഖങ്ങള്‍ തെരുവില്‍ വളരെ കുറവാണ് . ഒരു ഭംഗിയുള്ള മുഖം കടലാസില്‍ കോറിയിട്ടിട്ട് നാളുകള്‍ ആയി. സുന്ദരനൊ സുന്ദരിയോ മുന്നില്‍ അനങ്ങാതെ ഇരിക്കുമ്പോള്‍ വരയ്ക്കുവാന്‍ ഒരു സുഖം ഉണ്ട് എന്ന് ജോസഫ് ചിന്തിച്ചു.
കറുകറുത്ത പെന്സിലുകള്ക്കും ബോര്‍ഡിനും ഇടയില്‍ ജോസഫ് ഇരുന്ന് ഉറക്കം തൂങ്ങി. പിന്നെ അയാള്‍ ഭക്ഷണം വെട്ടിക്കുറച്ച് ഒരു കവര്‍ സിഗരറ്റ് വാങ്ങി .
ബീച്ച് തെരുവിലൂടെ ജനം ഇടതടവില്ലാതെ നടന്നു പോകുന്നു . ജോസഫ് പരസ്യത്തിനായി തൂക്കിയ രണ്ടുമൂന്ന് മുഖചിത്രങ്ങളില്‍ ഒന്ന് പാളി നോക്കിയിട്ട് ചിലര്‍ കടന്നുപോയി . പൊടുന്നനെ സുന്ദരിയായ ഒരു യുവതി കടന്നുപോകുന്നത് അയാള്‍ ശ്രദ്ധിച്ചു . അവര്‍ അയാളെ വെറുതെ നോക്കിയപ്പോള്‍ "പടം വരക്കട്ടെ ? " എന്ന് ജോസഫ് അല്പം ഉറക്കെ ചോദിച്ചു.
അവള് അവിടെ നിന്നിട്ട് അയാളെ തറപ്പിച്ചു നോക്കി . അയാള്‍ വീണ്ടും ആശയോടെ ചോദ്യം ആവര്‍ത്തിച്ചു .
" പക്ഷെ നിങ്ങള്‍ക്ക് കൂലി വേണ്ടെ ? അതിന് എന്റെ പേഴ്സില്‍ പണമില്ല .... " അവള് നിരാശയോടെ പറഞ്ഞു .
ജോസഫ് അവളെ നോക്കി . വിടര്‍ന്ന മുഖം . അല്പം ചുരുണ്ട മുടിയിഴകള്‍ . ഭംഗിയുള്ള ചുണ്ടുകള്‍ . പ്രകാശിക്കുന്ന കണ്ണുകളും . താന്‍ ഇത്രനാള്‍ കാത്തിരുന്ന ഒരു മുഖം ആണത് എന്നയാള്‍ക്ക് തോന്നി . പക്ഷെ അവളുടെ കയ്യില്‍ പണമില്ല .
ഒരു നിമിഷം ആലോചിച്ചിട്ട് അയാള്‍ പറഞ്ഞു - " സാരമില്ല . നിങ്ങള്‍ അല്പനേരം ഇരുന്നു തരിക. ഞാന്‍ നിങ്ങളോട് പണം വാങ്ങുന്നില്ല ..."
അവള് അല്പം മടിച്ചിട്ട് അവിടെ കിടന്ന തടികൊണ്ടുള്ള പീഠത്തില്‍ ഇരുന്നു . അവളുടെ മുഖത്ത് ഒരു കാന്ത ശക്തി ഉണ്ടെന്ന് അയാള്‍ക്ക് തോന്നി .
ജോസഫ് ആ സുന്ദരിയുടെ പേര് ചോദിച്ചു . അയാള്‍ ആ സുന്ദര മുഖം ഒപ്പിയെടുത്ത് കടലാസില്‍ പതിച്ചു . പണം വാങ്ങാതെ പണിയെടുക്കരുത് എന്ന് അയാള്‍ മറന്നു പോയിരുന്നു !
അയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് , പൂര്‍ത്തിയായ ആ മനോഹര ചിത്രവുമായി അവള് നടന്നകന്നു . എന്തോ നഷ്ട്ടപെട്ട ഒരു വേദനയോടെ ജോസഫ് അവള് മറഞ്ഞ തെരുവിലേക്ക് നോക്കി നിന്നു . പിന്നെ അയാള്‍ക്ക് വരയ്ക്കുവാന്‍ കഴിയുന്നില്ല . മനസ്സ് ഉറക്കുന്നില്ല . കയ്യ് വഴങ്ങുന്നില്ല ... . ഒരു തെരുവ്തെണ്ടിയെ പോലെ അയാള്‍ അലഞ്ഞു .
എല്ലാ കലാകാരന്മാര്ക്കും ഇതുപോലെ ഒരു വിധിയുണ്ടത്രേ ! അവര്‍ കൊതിച്ച ഒരു ചിത്രം വരച്ചിട്ടു കഴിഞ്ഞാല്‍ അതോടെ അവരുടെ കലാജീവിതം കഴിയും .
a mini story by- കണക്കൂര്‍