മരപ്പലക അടിച്ചുതീർത്ത കള്ളുഷാപ്പില്‍ കണ്ട വിചിത്രമായ ഒരു ചുവരെഴുത്ത് വല്ലാതെ മനസ്സിൽ കൊണ്ടു . അത് ഉള്ളിലൊരു പുളച്ചിലായി . മിനുസമായ പലകയിൽ കുറച്ചിടത്ത് വെള്ളനിറം പൂശിയിട്ട് അതിൽ കറുത്ത ചായത്തിൽ തീർത്ത ചുവരെഴുത്ത് !
നാഷണല്‍ ഹൈവേയിൽ നിന്നും പടിഞ്ഞാറോട്ട് നീളുന്ന ചെറിയ റോഡുവക്കിലുള്ള പ്രഭാകരേട്ടന്റെ ഷാപ്പില്‍ ഇരുന്നാൽ കടലിന്റെ ഇരമ്പല്‍ കേള്‍ക്കാമായിരുന്നു . ഉപ്പുമണം കലര്‍ന്ന കാറ്റും ചിലപ്പോള്‍ ആ വഴി വന്നുപോകും . പണ്ടൊക്കെ മിക്ക ഞായറാഴ്ചകളിലും അവിടെ ചേക്കേറി മണ്‍കുടത്തില്‍ പകര്‍ന്ന്‍ നല്‍കുന്ന മധുരക്കള്ള് കുടിച്ചു വയര്‍ നിറച്ച് പിന്നെ അത് പിന്നാമ്പുറത്തെ കൈത്തോട്ടിലേക്ക് മുള്ളിക്കളയുമായിരുന്നു . കുടമ്പുളിയിട്ട മീങ്കറിയും കപ്പയും ചെറുപ്പത്തിന് നല്ല ചേര്‍ച്ചയുണ്ടായിരുന്നു . ബഞ്ചില്‍ താളമടിച്ചു പാടുന്ന സിനിമാ ഗാനങ്ങള്‍ക്ക് ഈണക്കൂടുതൽ തോന്നിയിരുന്നു .

പിന്നെ ആ യാത്ര വല്ലപ്പോഴുമായി . അവിടെ അനേകം കുടിയന്മാര്‍ കാലാകാലമായി ഇരുന്നു തേഞ്ഞ ബെഞ്ചുകളെ പോലെ ഷാപ്പും പ്രഭാകരേട്ടനും പഴയതായി . നാട്ടില്‍ പുതിയ ബാറുകളും ബിയര്‍ പാര്‍ലര്‍കളും
മുളച്ചു . നാട്ടിലെങ്ങും നല്ല തെങ്ങിന്‍ കള്ള് കിട്ടാതെയായി. വട്ടു
കലക്കിയതും തലവേദന പകരുന്ന പാലക്കാടനും കള്ളുകുടിയുടെ രസം കൊന്നു .
കൂട്ടത്തില്‍ വിഷക്കള്ളിന്റെ ഞെട്ടിപ്പിക്കുന്ന പത്രവാര്‍ത്തകള്‍ !
ഒരു
ദിവസം സുഹൃത്ത് പറഞ്ഞു - "പ്രഭാകരേട്ടന്റെ ഷാപ്പില്‍ നല്ല തെങ്ങിൻകള്ള്
കിട്ടാനൊണ്ട് . " അത് കേട്ടപ്പോള്‍ മധുരക്കള്ളിന്റെ പഴയരുചി നാക്കില്‍ എത്തി
. ഷാപ്പില്‍ പഴയ പോലെ തിരക്കില്ല . വക്ക് ലേശം പൊട്ടിയ മങ്കുടത്തില്‍
നുരയുന്ന കള്ള് മുന്നില്‍ വച്ചുകൊണ്ട് ചോദ്യചിഹ്നത്തെ പോലെ നിലകൊണ്ട പ്രഭാകരേട്ടന് പ്രായത്തിന്റെ ക്ഷീണം .
അയലക്കറിയില്‍ ഒരു അക്ഷരത്തെറ്റുപോലെ ചൂഴ്ന്ന് കിടക്കുന്ന കുടംപുളിയുടെ
കഷണം .
പുറകിലെ ചുവരില്‍ അത്ര വടിവില്ലാത്ത അക്ഷരത്തിൽ എഴുതിയത് അപ്പോഴാണ് കണ്ണിൽ പതിഞ്ഞത് . ' തുലഞ്ഞുപോട്ടെ... ' എന്ന ഒരു വെറുംവാക്ക് മാത്രം ആയിരുന്നു അത് . എങ്കിലും ഓരോവട്ടവും വായിച്ചപ്പോൾ എനിക്ക് വല്ലാത്ത വിമ്മിട്ടം അനുഭവപ്പെട്ടു . ഇതൊന്നും അറിയാതെ കള്ള് പകർന്നു കഴിക്കുന്ന സുഹൃത്തിനോട് ഞാൻ മെല്ലെ അത് സൂചിപ്പിച്ചപ്പോൾ അയാൾ പറഞ്ഞു -
"അതിലെന്താ ഇത്രവലിയ കാര്യം ? അത് എതോ പിരാന്താൻ കള്ള് തലയ്ക്കുപിടിച്ചപ്പോൾ വരച്ചതാവും . "
എനിക്ക് അത് ബോധിച്ചില്ല . ഞാൻ പ്രഭാകരേട്ടനെ നോക്കി . അയാൾ റോഡിലേക്ക് തുറക്കുന്ന വാതിലിനരികിൽ ഒരാളുമായി എന്തിനോ തർക്കിച്ചു നിൽക്കുകയാണ് .
റോഡിന് എതിർവശത്തുള്ള തരിശുപാടങ്ങളിൽ വെറുതെ പരതുന്ന കൊറ്റികൾ . ആരോ കുറ്റിയിൽ കെട്ടിയിട്ട ഒരു ചെമ്പൻപശു അക്കരപ്പച്ചകളെ നോക്കി കൊതിയിറക്കുന്നു. ഉഴാതെ, വിതയ്ക്കാതെ വിണ്ടുകിടന്ന പാടത്തിന് ഒത്തിരി വയസ്സ് ചെന്ന ഒരു മൂപ്പന്റെ മുഖം .
തിരികെ നടക്കവെ സുഹൃത്ത് ചോദിച്ചു- " കള്ള് കൊള്ളാരുന്നു... അല്ലെ ?"
എനിക്ക് മറുപടി ഇല്ലായിരുന്നു . വയൽ നികത്തിയ ഇടത്ത് പണിത പുത്തൻപുരയുടെ വെള്ളയടിച്ച മതിൽക്കെട്ടിൽ ഞാൻ ചെങ്കല്ല് കൊണ്ട് കോറിയിട്ടു-
' തുലഞ്ഞുപോട്ടെ... '
---------------------------------------a mini story by kanakkoor---------