Tuesday, April 30, 2013

ചുവരെഴുത്ത്


                മരപ്പലക അടിച്ചുതീർത്ത   കള്ളുഷാപ്പില്‍ കണ്ട വിചിത്രമായ ഒരു  ചുവരെഴുത്ത്   വല്ലാതെ മനസ്സിൽ കൊണ്ടു . അത് ഉള്ളിലൊരു  പുളച്ചിലായി . മിനുസമായ പലകയിൽ കുറച്ചിടത്ത്  വെള്ളനിറം പൂശിയിട്ട് അതിൽ  കറുത്ത ചായത്തിൽ തീർത്ത ചുവരെഴുത്ത് !
              നാഷണല്‍ ഹൈവേയിൽ നിന്നും  പടിഞ്ഞാറോട്ട്  നീളുന്ന ചെറിയ റോഡുവക്കിലുള്ള  പ്രഭാകരേട്ടന്റെ ഷാപ്പില്‍ ഇരുന്നാൽ   കടലിന്റെ ഇരമ്പല്‍ കേള്‍ക്കാമായിരുന്നു  . ഉപ്പുമണം കലര്‍ന്ന കാറ്റും ചിലപ്പോള്‍ ആ വഴി വന്നുപോകും . പണ്ടൊക്കെ മിക്ക ഞായറാഴ്ചകളിലും  അവിടെ ചേക്കേറി മണ്‍കുടത്തില്‍  പകര്‍ന്ന്‍ നല്‍കുന്ന മധുരക്കള്ള് കുടിച്ചു വയര്‍ നിറച്ച്‌  പിന്നെ അത് പിന്നാമ്പുറത്തെ  കൈത്തോട്ടിലേക്ക് മുള്ളിക്കളയുമായിരുന്നു . കുടമ്പുളിയിട്ട മീങ്കറിയും കപ്പയും ചെറുപ്പത്തിന്  നല്ല ചേര്‍ച്ചയുണ്ടായിരുന്നു  .  ബഞ്ചില്‍ താളമടിച്ചു പാടുന്ന സിനിമാ ഗാനങ്ങള്‍ക്ക് ഈണക്കൂടുതൽ  തോന്നിയിരുന്നു .   
             പിന്നെ ആ യാത്ര വല്ലപ്പോഴുമായി .  അവിടെ അനേകം കുടിയന്മാര്‍ കാലാകാലമായി  ഇരുന്നു തേഞ്ഞ ബെഞ്ചുകളെ  പോലെ  ഷാപ്പും പ്രഭാകരേട്ടനും   പഴയതായി . നാട്ടില്‍ പുതിയ ബാറുകളും ബിയര്‍ പാര്‍ലര്‍കളും  മുളച്ചു .  നാട്ടിലെങ്ങും നല്ല തെങ്ങിന്‍ കള്ള്  കിട്ടാതെയായി.   വട്ടു കലക്കിയതും തലവേദന പകരുന്ന   പാലക്കാടനും കള്ളുകുടിയുടെ  രസം കൊന്നു . കൂട്ടത്തില്‍ വിഷക്കള്ളിന്റെ ഞെട്ടിപ്പിക്കുന്ന  പത്രവാര്‍ത്തകള്‍ ! 
              ഒരു ദിവസം സുഹൃത്ത്‌ പറഞ്ഞു - "പ്രഭാകരേട്ടന്റെ  ഷാപ്പില്‍ നല്ല തെങ്ങിൻകള്ള്  കിട്ടാനൊണ്ട് . " അത് കേട്ടപ്പോള്‍ മധുരക്കള്ളിന്റെ പഴയരുചി നാക്കില്‍ എത്തി . ഷാപ്പില്‍   പഴയ പോലെ  തിരക്കില്ല . വക്ക്  ലേശം പൊട്ടിയ മങ്കുടത്തില്‍ നുരയുന്ന കള്ള്  മുന്നില്‍ വച്ചുകൊണ്ട്  ചോദ്യചിഹ്നത്തെ പോലെ നിലകൊണ്ട    പ്രഭാകരേട്ടന്‌  പ്രായത്തിന്റെ ക്ഷീണം . അയലക്കറിയില്‍ ഒരു അക്ഷരത്തെറ്റുപോലെ ചൂഴ്ന്ന് കിടക്കുന്ന കുടംപുളിയുടെ കഷണം . 
പുറകിലെ ചുവരില്‍ അത്ര വടിവില്ലാത്ത അക്ഷരത്തിൽ എഴുതിയത്  അപ്പോഴാണ്‌ കണ്ണിൽ പതിഞ്ഞത്  .  
              ' തുലഞ്ഞുപോട്ടെ... ' എന്ന  ഒരു വെറുംവാക്ക് മാത്രം ആയിരുന്നു അത് . എങ്കിലും    ഓരോവട്ടവും വായിച്ചപ്പോൾ എനിക്ക് വല്ലാത്ത വിമ്മിട്ടം  അനുഭവപ്പെട്ടു . ഇതൊന്നും അറിയാതെ കള്ള് പകർന്നു കഴിക്കുന്ന സുഹൃത്തിനോട്‌ ഞാൻ മെല്ലെ അത്  സൂചിപ്പിച്ചപ്പോൾ അയാൾ പറഞ്ഞു -   
"അതിലെന്താ ഇത്രവലിയ  കാര്യം ? അത് എതോ പിരാന്താൻ കള്ള് തലയ്ക്കുപിടിച്ചപ്പോൾ വരച്ചതാവും . "
             എനിക്ക് അത് ബോധിച്ചില്ല . ഞാൻ പ്രഭാകരേട്ടനെ നോക്കി . അയാൾ റോഡിലേക്ക് തുറക്കുന്ന വാതിലിനരികിൽ ഒരാളുമായി എന്തിനോ തർക്കിച്ചു നിൽക്കുകയാണ് . 
                റോഡിന് എതിർവശത്തുള്ള തരിശുപാടങ്ങളിൽ വെറുതെ പരതുന്ന കൊറ്റികൾ . ആരോ കുറ്റിയിൽ കെട്ടിയിട്ട ഒരു ചെമ്പൻപശു അക്കരപ്പച്ചകളെ നോക്കി കൊതിയിറക്കുന്നു.  ഉഴാതെ, വിതയ്ക്കാതെ വിണ്ടുകിടന്ന പാടത്തിന് ഒത്തിരി വയസ്സ് ചെന്ന ഒരു മൂപ്പന്റെ മുഖം .
തിരികെ നടക്കവെ സുഹൃത്ത്‌ ചോദിച്ചു- " കള്ള്  കൊള്ളാരുന്നു...  അല്ലെ ?"
എനിക്ക് മറുപടി ഇല്ലായിരുന്നു .  വയൽ നികത്തിയ ഇടത്ത് പണിത പുത്തൻപുരയുടെ വെള്ളയടിച്ച മതിൽക്കെട്ടിൽ ഞാൻ ചെങ്കല്ല് കൊണ്ട് കോറിയിട്ടു-
 ' തുലഞ്ഞുപോട്ടെ... '
---------------------------------------a mini story by kanakkoor---------

25 comments:

  1. നല്ലൊരു നാടൻ കഥ.

    ReplyDelete
    Replies
    1. വായനന്ക്ക് നന്ദി സിദ്ദിഖ് ജി

      Delete
  2. നന്മയെല്ലാം തുലഞ്ഞുപോകുന്ന ആസുരകാലം

    തുലഞ്ഞുപോട്ടെ എന്നാണ് ചുവരെഴുത്തുകള്‍

    ReplyDelete
    Replies
    1. ശരിയാവാം . വായനന്ക്ക് നന്ദി ... അജിത്‌ ഭായ്

      Delete
  3. This comment has been removed by the author.

    ReplyDelete
  4. ആഖ്യാനത്തിന്റെ പ്രായാധിക്യം കാരണമാവാം, പൊഴിയുന്ന പടത്തോടെ ഇഴയുന്ന, ഇനിയും ദഹിക്കാത്ത ഇരകളെ വിഴുങ്ങിയ പാമ്പുപോലെ, പൊട്ടിയ ഇഴകളും കെട്ടിയ മുഴകളും ഉള്ള രസച്ചരട് അനുഭവപ്പെടുന്ന കഥ. ഓരോ വായനയിലും വെവ്വേറെ സങ്കേതങ്ങൾ ജനിപ്പിക്കുന്നതിനാൽ ആഖ്യാതാവിന്റെ കഥനം മറ്റെന്തിനെങ്കിലും ആയിരിക്കാം എന്നാ സംശയം ഇനിയും ബാക്കി...മറ്റൊരു കഥയിലെ ചിലന്തിയെ പോലെ ഇനിയും എനിക്കു ശ്രമിക്കണം.

    ReplyDelete
    Replies
    1. ശ്രീ ജയകുമാർ .. പൊട്ടിയ ഇഴകളും കെട്ടിയ മുഴകളും ഉള്ള ഈ കഥ ഒരു സക്ഷ്യം പറച്ചിലാണ് . ചില കഥകൾ അങ്ങനെയാണ് . ഇവിടെ ആഖ്യാതാവിന് ഒന്നും ചെയ്യുവാൻ കഴിയില്ല . പലപ്പോഴും ഒരു നോക്കുകുത്തി പോലെ നില കൊള്ളുവാൻ മാത്രം കഴിയും . ചുവരെഴുത്തുകളും അത്തരം ധർമസങ്കടത്തിൽ എത്തിക്കുന്നു . അത്രയ്ക്ക് ലോകം മാറുന്നു . പകച്ചു നിൽക്കുമ്പോൾ അതുപോല നമ്മൾ ചുവരിൽ എഴുതിപ്പോകുന്നതാവാം.
      വായനക്ക് വളരെ നന്ദി

      Delete
    2. എന്റെ വാക്കുകൾ ഒന്നുകൂടി, മുഴുവനായും,വായിക്കുവാൻ അഭ്യർത്ഥിക്കുന്നു. പിന്നെ,താങ്കളുടെ കഥ, അനുഭവാഖ്യാനം ആണെന്ന് എനിക്ക് അനുഭവപ്പെട്ടില്ല. സാക്ഷ്യം പറച്ചിലിൽ സമയത്തിനൊപ്പം എങ്കിലും ഓടിയാൽ മാത്രമേ "സത്യം" അറിയുവാനും പറയുവാനും കഴിയൂ എന്നൊരു തോന്നൽ. പിന്നെ,"തുലഞ്ഞുപോട്ടെ" എന്ന ആഗ്രഹം അനുഭവപ്പെടുന്ന തിന്മകളോടും തിന്മകളായി അനുഭവപ്പെടുന്നവയോടും പ്രകടിപ്പിക്കുമ്പോൾ,പരിസര ബന്ധനങ്ങളുടെ ധർമസങ്കടങ്ങൾക്ക് ഒരു ആശ്വാസം...

      Delete
    3. ശ്രീ ജയകുമാർ, ഞാൻ സമ്മതിക്കുന്നു. ചിലപ്പോൾ സമയം എന്നെ തോൽപ്പിച്ച് മുന്നേറും . ആത്മാർഥമായ വിശകലനത്തിന് വളരെ നന്ദി

      Delete
  5. തുലഞ്ഞ് തുലഞ്ഞ് ഇല്ലാണ്ടായിരിക്കുന്നു ....
    വാക്കിന്റെ നന്മയും , പ്രവര്‍ത്തിയുടെ നന്മയും
    കാഴ്ചയുടെ , മനസ്സിന്റെ നന്മയുമെല്ലാം പടിയിറങ്ങിയിറങ്ങിയിരിക്കുന്നു ..!
    "അക്ഷരതെറ്റ് പോലെ അയലകറിയിലെ കുടം പുളി "
    ഇന്ന് പലതിന്റെയും ഓര്‍മപ്പെടുത്തലാണ് ..
    ഒരൊ പൊസ്റ്റിലും ഈ ഏട്ടന്‍ ഓര്‍മപെടുത്തികൊണ്ടെയിരിക്കുന്നു ..
    ഇപ്പൊള്‍ എന്റെ ഉള്ളവും പറയുന്നുണ്ട് എല്ലാം " തുലഞ്ഞ് പൊട്ടേ "

    ReplyDelete
    Replies
    1. ഡിയർ റിനി , തുലഞ്ഞു പോട്ടെ എന്നത് ഒരു ശാപവചനം ആയിരിക്കാം . കാലത്തിന്റെ ഇങ്ങേ അറ്റത്ത് നിൽക്കുന്ന മനുഷ്യന് ഇപ്പോൾ പിന്നോക്കം നോക്കി അതിനു മാത്രം കഴിയുന്നു എന്നത് സങ്കോചത്തോടെ മാത്രം ഓർക്കാം .
      വായനക്ക് വളരെ നന്ദി .

      Delete
  6. ഉത്തരമില്ലാത്ത നിസ്സംഗത പോലെ ജീവിതം മുന്നോട്ട്...

    ReplyDelete
  7. പല കാഴ്ചകളെ പുതു ബിംബ കല്‍പ്പന നല്‍കും നല്ല കഥ
    സസൂക്ക്ഷം വീക്ഷിക്കുന്ന കഥാ കൃത്തിനു ഇനിയും എഴുതാന്‍ കഴിയട്ടെ ഏന്നു ആശംസിക്കുന്നു

    ReplyDelete
  8. എഴുത്ത് നന്നായി. പക്ഷെ കഥാവസാനം ഒരു കണ്‍ഫ്യൂഷന്‍

    ReplyDelete
  9. വെറുപ്പുകൊണ്ട്‌ ഉള്ളില്‍മുളപൊട്ടിയ ശാപലിഖിതങ്ങള്‍.......
    നന്നായിട്ടുണ്ട്‌.
    ആശംസകള്‍

    ReplyDelete
  10. നാടന്‍ കള്ളുഷാപ്പും ..നാടിന്റെ മണമുള്ള സൌഹൃദങ്ങളും എന്തിന് ഈ നാട് വരെ മാറി ..ഓര്‍ക്കുവാന്‍ ഓര്‍മ്മകള്‍ സുന്ദരം ..അത് തുലഞ്ഞു പോകാതിരിക്കട്ടെ

    ReplyDelete
  11. നാടന്‍ കഥ , നന്നായി എഴുതി

    ReplyDelete
  12. ഗ്രിഹാതുരതയുടെ മാധുര്യത്തെ ഇല്ലാതാക്കുന്ന സകലതും തുലഞ്ഞു തന്നെ പോകട്ടെ നല്ല മധുരകള്ള് കുടിക്കുമ്പോലെ വായിക്കാന്‍ കഴിഞ്ഞു

    ReplyDelete
  13. Dear Friends:
    പട്ടേപ്പാടം റാംജി
    GR KAVIYOOR
    റോസാപൂക്കള്‍
    Cv Thankappan
    ദീപ എന്ന ആതിര
    kochumol(കുങ്കുമം)
    കൊമ്പന്‍
    വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി . വീണ്ടും കണക്കൂരിൽ വരണേ ....

    ReplyDelete
  14. മനോഹരമായ അവതരണം.ആശംസകള്‍

    ReplyDelete
  15. ഇനി ആ വാക്ക് ഇതു പോലെ എത്ര പേര്‍ എത്രയിടത്തൊക്കെ ഇതേ പോലെ കണ്ട് കോറിയിടുമോ എന്തോ...

    ReplyDelete
  16. നന്നായി എഴുതുന്ന അങ്ങയുടെ ബ്ലോഗില്‍ പോസ്റ്റുകള്‍ വരുന്നത് അറിയാതെ പോവുന്നു..... ആവര്‍ത്തനവിരസമായ ബ്ലോഗ്ശൈലികളില്‍ നിന്ന് മാറിനടക്കുന്ന അങ്ങയുടെ എഴുത്ത് സമ്പ്രദായത്തെ അഭിനന്ദിക്കാതെ വയ്യ....

    ReplyDelete
  17. തുലഞ്ഞുപോട്ടെന്നു വിചാരിക്കുകയേ നിവൃത്തിയുള്ളൂ. കാരണം എല്ലാം തുലയ്ക്കുന്നവർക്കാണ് ഭൂരിപക്ഷം. ജനാധിപത്യപരമായി ഭൂരിപക്ഷ തീരുമാനം അംഗീകരിക്കുന്നതാണല്ലോ മര്യാദ. തൽക്കാലം സൌകര്യവും അതുതന്നെ. എല്ലാം-എല്ലാവരും തുലയ്ക്കാനും തുലയാനും തുനിഞ്ഞിറങ്ങുമ്പോൾ നമ്മൾ ചിലർ മാത്രം തുലയാതിരുന്നിട്ട് എന്തു കാര്യം! ഒത്തുപിടിച്ചാൽ എല്ലാം വേഗം തുലയ്ക്കാം. ഏലേലം ഐലസാ......

    ReplyDelete
  18. രസകരമായ അവതരണം.ആശംസകള്‍.

    ReplyDelete
  19. ജീവിതത്തോടുള്ള പ്രതിഷേധം കലര്ന്ന ഒറ്റവാക്ക് കവിതയാണ് അത്. നന്നായിരിക്കുന്നു.

    ReplyDelete