Friday, May 31, 2013

ഒറ്റപ്പെട്ടൊരാൾ

 " ഹല്ല... ആരൊക്കെയാ  ഈ  വന്നിരിക്കുന്നേ .." എന്ന് ചോദിച്ചുകൊണ്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങും  . ശരിക്കും ആരും വന്നിട്ടുണ്ടാവില്ല . ഒക്കെ ഞാൻ വെറുതെ പറയുന്നതാണ് . ഇടയിലൊക്കെ ഇതുപോലെ വെറുതെ ഓരോന്ന് പറയും . കിളികൾ അല്ലാതെ  ആകെക്കൂടെ ഇവിടെ വന്നിരുന്നത്  ഒരു കൊടിച്ചിപ്പട്ടി മാത്രമാണ്. അതിന് ഒരു നന്ദിയും ഇല്ല എന്ന് ഏതാണ്ട് ഉറപ്പായി . ഇപ്പോൾ അതും വരാറില്ല .

 ഓരോരുത്തരും ഇറങ്ങിപ്പോകുമ്പോൾ മനസ്സ് ഇടറുമായിരുന്നു . അവർ ഒന്നൊന്നായി  അകന്നുപോകുമ്പോൾ അവശേഷിച്ച  ശൂന്യത എന്നെ പരിഹസിച്ചു .  തമസ്കരിക്കപ്പെട്ട ഒരു ജീവിതം മിച്ചമായി കിട്ടി .
ചിലപ്പോൾ  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ഒരു അടയാളം മതി ഭൂതകാലത്തിന്റെ കെട്ടിക്കിടക്കലുകൾ കുത്തിയൊലിച്ചുവരുവാൻ . ഗ്ലാനവിവശമായ എന്റെ വർത്തമാന കാലത്തിന് ആ കുത്തൊലിക്കൽ താങ്ങുവാൻ ശേഷിയില്ലല്ലോ ?

ഒരു ദിവസം പതിവ് തെറ്റിച്ചുകൊണ്ട് ഒരാൾ വീടിന്റെ മുന്നിൽ എത്തി . കാഴ്ചയിൽ ശരികേടിന്റെ  ലക്ഷണം . എങ്കിലും ആറ്റുനോറ്റിരുന്ന്   അങ്ങനെ ഒരാൾ വന്നതല്ലെ എന്ന് കരുതി അകത്തേക്ക് വിളിച്ചു .
" ഇവിടെ  ആരെക്കാണാനാ ? " ഞാൻ ചോദിച്ചു .
ഓഹ് .. എന്നെ കാണാൻ വന്നതത്രെ. ഇത്രകാലം ആരും എന്നെ കാണുവാൻ വന്നിട്ടില്ല . ഇപ്പോൾ ഒരാൾ !
" എന്തിനാ ? " ഞാൻ ആകാംക്ഷ ഒളിപ്പിച്ചില്ല .
" കൊല്ലാൻ ."
ങേഹ് ... കൊല്ലാനോ !  ഞാൻ എന്തുതെറ്റ് ചെയ്തു ?
എന്റെ ചോദ്യം കേൾക്കാൻ നിൽക്കാതെ അയാൾ ആയുധം എടുത്തു . മരിക്കുന്നതിന്‌ മുൻപെങ്കിലും ഈ വിധി എന്തിനെന്ന് അറിയുവാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ടായി .
 കൊല്ലുവാൻ മാത്രം ഇയാൾക്ക് എന്നോട് ശത്രുത എങ്ങിനെ ഉണ്ടായി ? അല്ലങ്കിൽ  ആരാണ് ഈയാളെ എന്നിലേക്ക് അയച്ചത് ? ഞാൻ എല്ലാത്തിലും നിന്ന് ഒഴിഞ്ഞ് ഒറ്റപ്പെട്ട് ഇവിടെ കഴിഞ്ഞുകൂടുകയായിരുന്നു .
അയാളുടെ കൈവശമിരുന്ന  ആയുധം  ആർത്തിയോടെ നോക്കുന്നു . കൊലവിളിയുടെ അലകൾ   പൂമുഖത്ത് പ്രതിധ്വനി ഉയർത്തി .   അയാളുടെ കണ്ണുകളിൽ മരണത്തിന്റെ നിറം കലർന്ന്കണ്ടു .
എന്തിനെന്നറിയാതെ ജീവിച്ചതാണ് . ഇനി എന്തിനെന്നറിയാതെ മരിക്കുവാൻ വിധി ! 

 ഒരു ഘട്ടത്തിൽ അയാൾ ചോദിച്ചു :  "മരിക്കാൻ പേടിയുണ്ടോ ? "
ആ ചോദ്യം  എന്റെ ഭയത്തെ ലഘൂകരിച്ചു .
ഒറ്റപ്പെട്ട ഈ ജീവിതം മരണത്തിലും കൂടുതൽ പീഡാനുഭവം നൽകുന്നില്ലേ  എന്ന്  എന്റെ ഉള്ളിൽ ഇരുന്ന് ഒരാൾ വിളിച്ചുച്ചോദിച്ചു . ശരിതന്നെ . അപ്പോൾ ആയുധവുമായി എത്തിയ നിയുക്തൻ എന്നെ മോചിപ്പിക്കുവാൻ വന്നവൻ തന്നെ. മൂർച്ചയേറിയ  ആ  ആയുധം മോക്ഷകാരകവും .
എന്നിൽ പുഞ്ചിരി വിടർന്നു .
അല്ലെങ്കിലും ഒരു നേരിയ മറയുടെ അപ്പുറത്തുള്ള, അമൂർത്തമെന്നുകരുതപ്പെടുന്ന  മരണം ജീവിതത്തിനേക്കാൾ ഭാവ വിസ്മയ പൂരിതമാകാനെ തരമുള്ളൂ .
എവിടെനിന്നോ  ആ കൊടിച്ചിപ്പട്ടി അണച്ചുകൊണ്ട് നുരയൊലിപ്പിച്ച്  ഓടിയെത്തി .
ഒരുപറ്റം തീവിഴുങ്ങിപ്പക്ഷികളും .
നരകത്തിൽ ഇത്രയ്ക്ക് ഏകാന്തത ഉണ്ടാവില്ല ... അല്ലെ ?
 ---------------------------------------------a blog post from kanakkoor

11 comments:

 1. അതെ നരകത്തില്‍ ഇത്ര ഏകാന്തത ഉണ്ടാകില്ല ...!
  ജീവിതം എത്രയാള്‍ക്കൂട്ടങ്ങള്‍ക്ക് നടുവിലും ഒറ്റപെട്ട് പോകുന്നു ..
  മനസെന്നത് ഒറ്റയാകുന്നതിന്റെ തീവ്ര ലക്ഷണങ്ങള്‍ കാണിക്കുന്നു .

  "ഒറ്റയാകുന്നത് ഒറ്റയാനേ പൊലെയാകണം ...
  കണ്ണം നീരു വന്നു തുടുത്ത് , ഓര്‍മകളേ ഖണ്ടിച്ച്
  കാടും മേടും മദിച്ചലയണം , ഇണ ഇല്ലാതേ മദപാട് തീരും മുന്നേ
  ഒരു വലിയ തണല്‍ മരത്തിന്‍ കീഴില്‍ ഒടുങ്ങണം ................!"

  മോചനത്തിന്റെ പാത മരണമൊ , ഇല്ലായ്മയോ ആകാം ..
  മനം മടിപ്പിക്കുന്ന വര്‍ത്തമാന ചരിതങ്ങളില്‍ നിന്നും ...
  ഏട്ടനെ കാണാറെയില്ലലൊ .. സുഖം തന്നെയല്ലേ ?

  ReplyDelete
 2. ഒടുവില്‍ ഏകാന്തതയിലേക്കും ഒരാള്‍ വന്നണയും....
  നമ്മുടെ വിധിന്യായവുമായി ......

  ReplyDelete
 3. നേരിയ മറയുടെ അപ്പുറത്തുള്ള, അമൂർത്തമെന്നുകരുതപ്പെടുന്ന മരണം ജീവിതത്തിനേക്കാൾ ഭാവ വിസ്മയ പൂരിതമാകാനെ തരമുള്ളൂ .

  അങ്ങനെയാവാനെ തരമുള്ളു

  ReplyDelete
 4. വായിച്ചു, ഒതുക്കത്തോടെ പറഞ്ഞു മനസ്സിലേക്ക് തള്ളിവിട്ട ഈ ചിന്ത കൊള്ളാം. .

  ReplyDelete
 5. ഭീകരമായ ഏകാന്തതയെ കണ്ണാടിയിലെന്നപോലെ കാണിച്ചുതരുന്ന വരികള്‍

  ReplyDelete
 6. ഒറ്റപ്പെട്ടവന്‍റെ ആകുലത ഉള്ളില്‍തട്ടുംവിധം അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
 7. നരകത്തേക്കാൾ ഭീകരമായ ഏകാന്തത. നന്നായി എഴുതി.

  ReplyDelete
 8. ഒറ്റപ്പെടുന്നവന്‍റെ നിസ്സഹായത. നന്നായിരിക്കുന്നു.

  ReplyDelete
 9. ഒറ്റപ്പെടല്‍ ..ശരിക്കും ഭീകരമായ ഒരു അവസ്ഥ ആണത് ..നരകതുല്യം ...അതിലും ഭേദം നരകം തന്നെ ..ഈ അക്ഷരങ്ങള്‍ ഒത്തിരി നൊമ്പരം ബാക്കി വെച്ചു ...ആശംസകള്‍

  ReplyDelete
 10. അഭിശപ്തമെന്ന് നടതള്ളാതെ ഏകാന്തതയെ ചിന്തകളാൽ പ്രകാശവത്താക്കി ജീവിച്ചവർ മറ്റുള്ളവർക്ക് വഴിവിളക്കുകളുമായിട്ടുണ്ട്.പക്ഷേ കണക്കൂരിന്റെ വാക്കുകൾ ആവാഹനശക്തിയാർന്നവയാണ്.

  ReplyDelete
 11. മരണാക്ഷരങ്ങൾ.....

  ReplyDelete