Monday, September 30, 2013

ജന്തു (കഥ)


നീലത്താമര വിരിഞ്ഞത് കാണാനാണ് ഞങ്ങൾ ഇവിടെ വന്നത് . അവൾക്ക് എന്റെ കൂടെ വരുവാൻ വല്ലാത്ത ആവേശമുണ്ടായിരുന്നു . ഇരുവരും ഈറകൾ വശങ്ങളിൽ വളർന്ന വഴിയിലൂടെ നടന്നു നീങ്ങവേ പെട്ടന്ന് എന്തോ കണ്ട് ഭയന്നമാതിരി ലേഖ നിലവിളിച്ചു .
"ഒരു വലിയ ജന്തു അവിടെ പതിയിരിപ്പുണ്ട് . " അല്പം അകലെ ,  താമരക്കുളത്തിനരികിൽ വലിയ കാഞ്ഞിരമരത്തിന്റെ ചുവട്ടിൽ പടർന്ന കുറ്റിക്കാട് അവൾ ചൂണ്ടിക്കാണിച്ചു .
എനിക്കവളെ അറിയാം . എന്തിലും അവൾ അതിഭാവുകത്വം കാണും .
"എന്റെ തോന്നലോ ? ഹേയ് അല്ല . " അവൾ തറപ്പിച്ചുപറഞ്ഞു . എനിക്ക് എത്ര ശ്രമിച്ചിട്ടും ഒന്നും കാണുവാൻ കഴിഞ്ഞില്ല . കുറച്ചുകൂടി അടുത്തേക്ക് ചെല്ലുവാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു .
"വേണ്ട ... അത് ആക്രമിച്ചാലൊ ?"
"എന്നാൽ നമുക്ക് തിരികെപ്പോകാം " ഞാൻ അവളുടെ മെല്ലിച്ച കൈത്തണ്ടയിൽ പിടിച്ചുകൊണ്ടു പറഞ്ഞു .
" വേണ്ട .. നമുക്ക് നോക്കാം . ഞാൻ കള്ളം പറഞ്ഞതല്ല എന്ന് നിന്നെ ബോധ്യമാക്കണമല്ലോ ? "
അല്പം കഴിഞ്ഞ് അവൾ പതുക്കെ ചോദിച്ചു - " അത് ഏതു ജീവിയായിരിക്കും ? "
"എനിക്കെന്തറിയാം ?"
നോട്ടം പിൻവലിച്ചിട്ട്‌ വല്ലാതെ ചരിഞ്ഞുനിന്ന ഒരു തെങ്ങിലേക്ക് അവൾ എന്നെ ആകർഷിച്ചു - " നമുക്ക് അല്പനേരം അവിടെ ഇരിക്കാം . "
ഞങ്ങൾ ഇരുന്നപ്പോൾ തെങ്ങ് സസന്തോഷം തലയിളക്കി .
"കൊറേ നാളായി വിപിനോട് പറയുന്നു , നിന്റെ വീട്ടില് വരണം എന്ന് . ഇപ്പോഴെങ്കിലും വരാമ്പറ്റിയത് നന്നായി . നീലത്താമര കാണാല്ലോ ? കോളേജിൽ വച്ച് നീ ഇതൊക്കെ എത്രവട്ടം പറഞ്ഞിരിക്കുന്നു " അവൾ മെല്ലെ മൊഴിഞ്ഞു .
"വിപിൻ എന്താടോ നമ്മുടെ കൂടെ വരാഞ്ഞത് ? അയാൾക്ക്‌ ഈ  കാഴ്ചകൾ ഒന്നും ഇഷ്ട്ടമല്ലേ ? "
അവൾ ചിരിച്ചു . ആ ചിരിയിൽ പുശ്ചം കലർന്നിരുന്നുവോ ? അതോ വിഷാദമോ ? എനിക്ക് ഒന്നും ഉറപ്പിക്കുവാൻ കഴിയുന്നില്ല .
"നീ ഇന്നലെ തുറന്നു വച്ചില്ലേ ഒരു സ്കോച്ച്  ? ഇനി അത് തീരാതെ അവൻ എങ്ങും ഇറങ്ങില്ല ." എന്ന് അവൾ .
ഇന്നലെ തുറന്നുവച്ച കുപ്പി യഥാർഥത്തിൽ രാത്രി തന്നെ  തീർന്നിരുന്നു , ഇന്ന് രാവിലെ മറ്റൊരെണ്ണം തുറന്നതാണ് എന്ന് ലേഖ അറിഞ്ഞിരുന്നില്ല .
"അവൻ ഇപ്പോൾ ഓഫായിട്ടുണ്ടാവും ..."
പിന്നെ കുറേനേരം  ഞങ്ങൾ രണ്ടാളും ഒന്നും സംസാരിച്ചില്ല . ഏതൊക്കെയോ ജലപ്പക്ഷികൾ നിലവിളിക്കുന്നു . അവൾ ആ ജീവിയുടെ കാര്യം മറന്നെന്ന് തോന്നി . നീലത്താമരയും .
തിരികെ നടക്കുമ്പോൾ ഞാൻ അനാവിശ്യമായി അവളുടെ മൃദുലമായ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു . ആ ജന്തുവും ഞങ്ങൾക്കൊപ്പം വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു .

------------------------(കണക്കൂർ)
 സൈകതം ബുക്സ്  പ്രസിദ്ധീകരിച്ച "ദൈവത്തിന്റെ എസ് എം എസ്"  എന്ന സമാഹാരത്തിൽ നിന്ന് ... ബുക്കിലേക്കുള്ള ലിങ്ക് :-
http://books.saikatham.com/?p=982