Monday, September 30, 2013

ജന്തു (കഥ)


നീലത്താമര വിരിഞ്ഞത് കാണാനാണ് ഞങ്ങൾ ഇവിടെ വന്നത് . അവൾക്ക് എന്റെ കൂടെ വരുവാൻ വല്ലാത്ത ആവേശമുണ്ടായിരുന്നു . ഇരുവരും ഈറകൾ വശങ്ങളിൽ വളർന്ന വഴിയിലൂടെ നടന്നു നീങ്ങവേ പെട്ടന്ന് എന്തോ കണ്ട് ഭയന്നമാതിരി ലേഖ നിലവിളിച്ചു .
"ഒരു വലിയ ജന്തു അവിടെ പതിയിരിപ്പുണ്ട് . " അല്പം അകലെ ,  താമരക്കുളത്തിനരികിൽ വലിയ കാഞ്ഞിരമരത്തിന്റെ ചുവട്ടിൽ പടർന്ന കുറ്റിക്കാട് അവൾ ചൂണ്ടിക്കാണിച്ചു .
എനിക്കവളെ അറിയാം . എന്തിലും അവൾ അതിഭാവുകത്വം കാണും .
"എന്റെ തോന്നലോ ? ഹേയ് അല്ല . " അവൾ തറപ്പിച്ചുപറഞ്ഞു . എനിക്ക് എത്ര ശ്രമിച്ചിട്ടും ഒന്നും കാണുവാൻ കഴിഞ്ഞില്ല . കുറച്ചുകൂടി അടുത്തേക്ക് ചെല്ലുവാൻ ശ്രമിച്ചപ്പോൾ അവൾ തടഞ്ഞു .
"വേണ്ട ... അത് ആക്രമിച്ചാലൊ ?"
"എന്നാൽ നമുക്ക് തിരികെപ്പോകാം " ഞാൻ അവളുടെ മെല്ലിച്ച കൈത്തണ്ടയിൽ പിടിച്ചുകൊണ്ടു പറഞ്ഞു .
" വേണ്ട .. നമുക്ക് നോക്കാം . ഞാൻ കള്ളം പറഞ്ഞതല്ല എന്ന് നിന്നെ ബോധ്യമാക്കണമല്ലോ ? "
അല്പം കഴിഞ്ഞ് അവൾ പതുക്കെ ചോദിച്ചു - " അത് ഏതു ജീവിയായിരിക്കും ? "
"എനിക്കെന്തറിയാം ?"
നോട്ടം പിൻവലിച്ചിട്ട്‌ വല്ലാതെ ചരിഞ്ഞുനിന്ന ഒരു തെങ്ങിലേക്ക് അവൾ എന്നെ ആകർഷിച്ചു - " നമുക്ക് അല്പനേരം അവിടെ ഇരിക്കാം . "
ഞങ്ങൾ ഇരുന്നപ്പോൾ തെങ്ങ് സസന്തോഷം തലയിളക്കി .
"കൊറേ നാളായി വിപിനോട് പറയുന്നു , നിന്റെ വീട്ടില് വരണം എന്ന് . ഇപ്പോഴെങ്കിലും വരാമ്പറ്റിയത് നന്നായി . നീലത്താമര കാണാല്ലോ ? കോളേജിൽ വച്ച് നീ ഇതൊക്കെ എത്രവട്ടം പറഞ്ഞിരിക്കുന്നു " അവൾ മെല്ലെ മൊഴിഞ്ഞു .
"വിപിൻ എന്താടോ നമ്മുടെ കൂടെ വരാഞ്ഞത് ? അയാൾക്ക്‌ ഈ  കാഴ്ചകൾ ഒന്നും ഇഷ്ട്ടമല്ലേ ? "
അവൾ ചിരിച്ചു . ആ ചിരിയിൽ പുശ്ചം കലർന്നിരുന്നുവോ ? അതോ വിഷാദമോ ? എനിക്ക് ഒന്നും ഉറപ്പിക്കുവാൻ കഴിയുന്നില്ല .
"നീ ഇന്നലെ തുറന്നു വച്ചില്ലേ ഒരു സ്കോച്ച്  ? ഇനി അത് തീരാതെ അവൻ എങ്ങും ഇറങ്ങില്ല ." എന്ന് അവൾ .
ഇന്നലെ തുറന്നുവച്ച കുപ്പി യഥാർഥത്തിൽ രാത്രി തന്നെ  തീർന്നിരുന്നു , ഇന്ന് രാവിലെ മറ്റൊരെണ്ണം തുറന്നതാണ് എന്ന് ലേഖ അറിഞ്ഞിരുന്നില്ല .
"അവൻ ഇപ്പോൾ ഓഫായിട്ടുണ്ടാവും ..."
പിന്നെ കുറേനേരം  ഞങ്ങൾ രണ്ടാളും ഒന്നും സംസാരിച്ചില്ല . ഏതൊക്കെയോ ജലപ്പക്ഷികൾ നിലവിളിക്കുന്നു . അവൾ ആ ജീവിയുടെ കാര്യം മറന്നെന്ന് തോന്നി . നീലത്താമരയും .
തിരികെ നടക്കുമ്പോൾ ഞാൻ അനാവിശ്യമായി അവളുടെ മൃദുലമായ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു . ആ ജന്തുവും ഞങ്ങൾക്കൊപ്പം വീട്ടിലേക്ക് വരുന്നുണ്ടായിരുന്നു .

------------------------(കണക്കൂർ)
 സൈകതം ബുക്സ്  പ്രസിദ്ധീകരിച്ച "ദൈവത്തിന്റെ എസ് എം എസ്"  എന്ന സമാഹാരത്തിൽ നിന്ന് ... ബുക്കിലേക്കുള്ള ലിങ്ക് :-
http://books.saikatham.com/?p=982

16 comments:

  1. ആ ജന്തു എത്ര കൊശലമുള്ളതെന്നോ!

    ReplyDelete

  2. വല്ലാത്ത ജന്തു തന്നെ.
    കഥ ഇഷ്ടമായി മാഷെ !

    ReplyDelete
  3. കഥ നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  4. കഥയുടെ ഒപ്പം നടക്കുന്ന കഥ..

    ReplyDelete
  5. അതെതാണാവോ ആ ജന്തു ?

    ReplyDelete
  6. ഇനി ആ ജന്തു കൂടെ തന്നെ കാണുമോ എന്തോ :)

    ReplyDelete
  7. ആക൪ഷകമായ തലക്കെട്ടുകൾക്ക് വായനക്കാരനെ പിടിച്ചിരുത്താ൯ കഴിയുമെന്ന് മനസ്സിലായി..
    ഈ ജന്തുവിനെ എനിക്കിഷ്ടായി..

    ReplyDelete
  8. ദൈവത്തിന്റെ എസ് എം എസ് ... വര്‍ത്തമാനകാല കഥകളില്‍ ഒരു അടയാളവാക്യമായി തന്നെ എടുത്തുകാട്ടാവുന്ന കഥകളുടെ സമാഹാരമാണ് ..........ആശംസകള്‍

    ReplyDelete
  9. നന്നായിട്ടുണ്ട് ....

    ReplyDelete
  10. നല്ല കഥയാണല്ലോ ഇത് ഭായ്
    ഇനി ലിങ്കിൽ പോയി നോക്കാം

    ReplyDelete
  11. കഥ വായിച്ച എല്ലാ പ്രീയപ്പെട്ട സുഹൃത്തുക്കൾക്കും നന്ദി. കണക്കൂരിൽ വീണ്ടും വരണേ ....

    ReplyDelete
  12. ആ ജന്തു ഏതാ ? ഈ ചോദ്യം അവള്‍ മറക്കാനിടയില്ല വീണ്ടും ചോദിക്കും ............

    ReplyDelete