Tuesday, December 31, 2013

ബംഗാളിപ്പണിക്കാർ

അടുത്ത പറമ്പിൽ വലിയൊരു കെട്ടിടത്തിന്റെ പണി ആരംഭിച്ചു . പരിസരം മുഴുവൻ ഇനി പൊടിയിൽ മൂടും. ഇനിമുതൽ  പണിക്കാരുടെ ആരവം കുറച്ചുനാൾ നിലക്കാതെ ഉയരും!

കുറച്ചു ദിവസങ്ങള് മുമ്പ് രാത്രി ഷിഫ്റ്റ്‌ കഴിഞ്ഞുവന്ന് ഉറങ്ങാൻ കിടന്ന ഒരു പകൽ .
തൊട്ടടുത്ത പറമ്പിൽ കെട്ടിടം പണിയുടെ തട്ടും മുട്ടും ഉയരുന്നത് കേട്ട് ഉണർന്നു . പണിക്കാരും യന്ത്രങ്ങളും  ഉയർത്തുന്ന ബഹളങ്ങൾ പിന്നെ കിടന്നുറങ്ങുവാൻ സമ്മതിച്ചില്ല . ബാൽക്കണിയിൽ ചെന്നുനിന്ന് അവിടെ പണി നടക്കുന്നത് നോക്കിക്കണ്ടു . ഒരുപാട് ജോലിക്കാർ ഉണ്ട് .  മിക്കവരും മലയാളികൾ അല്ല . മുഷിഞ്ഞ വസ്ത്രങ്ങളും അതിലേറെ വാടിയ മുഖങ്ങളുമായി ദൈവത്തിന്റെ നാട്ടിൽ   പണിക്കെത്തുന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ !
അതിലൊരു യുവാവിനെയും യുവതിയെയും കഴിഞ്ഞ ദിവസങ്ങളിലും ശ്രദ്ധിച്ചിരുന്നു . വെളുത്ത് മെലിഞ്ഞ യുവതി സാമാന്യം  സുന്ദരിയാണ്. മുഖം മുഴുവൻ പുരണ്ട പൊടിയടയാളങ്ങൾക്ക് അവളുടെ മുഖകാന്തിയെ ഒളിപ്പിക്കുവാൻ ഒട്ടും കഴിയുന്നില്ല . യുവാവ്  ആത്മവിശ്വാസം കുറവുള്ള ഒരു മുഖമാണ് അണിഞ്ഞിട്ടുള്ളത്.  അവർ ദമ്പതികൾ ആയിരിക്കും . യുവതി അസ്വസ്ഥയാണ് . കല്ലുകൾ ചുമക്കുമ്പൊഴും സിമന്റ് കുഴച്ച ചാന്തുചട്ടി കൈമാറുമ്പോഴും അവൾ എന്തിനോ വേദനിക്കുന്നുണ്ട്‌ . ചെറിയ ഇടവേളകളിൽ ആ യുവാവ് വന്ന് എന്തോ പറഞ്ഞ് സമാധാനിപ്പിക്കുവാൻ ശ്രമിക്കും . സൂപ്പർവൈസർ തിലകനെ ഞാനറിയും. അയാൾ അവരെ പലവട്ടം വഴക്ക് പറയുന്നുമുണ്ട് .
തിലകൻ ഇടയ്ക്കിടെ  എല്ലാ ഉത്തരേന്ത്യൻ പണിക്കാരെയും നല്ല മലയാളത്തിൽ ചീത്ത വിളിക്കും. അവർ അതുകേട്ട് ചിരിച്ചുകൊണ്ട് ജോലി തുടരും.
അയാൾ കൈ ഉയർത്തി അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു -"സാറിന് ഇന്നും ജോലിക്കു പോണ്ടെ ?"
വേണ്ട എന്ന് തലയാട്ടിയപ്പോൾ അയാൾ തുടർന്നു -" കണ്ണുതെറ്റിയാൽ  ഒരെണ്ണവും പണി ചെയ്യില്ല സാറേ . പണി നടക്കണം എങ്കിൽ നിർത്താതെ ചീത്ത പറഞ്ഞു കൊണ്ടിരിക്കണം .."
"ഇവർ എവിടുത്തുകാരാണ് ? തിലകൻ പറയുന്നത് അവർക്ക് മനസ്സിലാകുമോ ?"
"ബംഗാളികൾ ആണ് മിക്കവരും . അവർക്ക് നമ്മുടെ ഭാഷ കേട്ടാൽ മനസ്സിലാകും സാറേ " എന്ന് പറഞ്ഞിട്ട് ഒന്ന് നടുനൂർത്ത ഒരുത്തനെ തിലകൻ മുട്ടൻ തെറി വിളിച്ചുകൊണ്ട് പിന്നാലെ ചെന്നു .
ഉച്ചയൂണുകഴിക്കുമ്പോൾ  പുറത്ത് വലിയ ബഹളം കേട്ടു . ബാൽക്കണിയിൽ ചെന്ന് നോക്കുമ്പോൾ ആ ബംഗാളി യുവാവിനെ ചിലർ മർദ്ദിക്കുന്നത് കണ്ടു. കൂട്ടത്തിൽ തിലകനെ കണ്ടില്ല . ഞാൻ ചുറ്റും നോക്കി . ആ യുവതിയെയും കണ്ടില്ല .

ഉച്ചകഴിഞ്ഞ് കുറച്ചു നേരം നന്നായി ഉറങ്ങാറുള്ളതാണ് . അതും കഴിയുന്നില്ല . ആ യുവതിക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു മനസ്സുമുഴുവൻ . ഇടയ്ക്കിടെ പുറത്തേക്കു നോക്കും . മർദ്ദനമേറ്റ അയാൾ ജോലി ചെയ്യുവാൻ ആവാതെ അവിടെ തളർന്നിരിക്കുന്നുണ്ടായിരുന്നു .
ദയനീയ ഭാവം പൂണ്ട് മതിലിൽ ചാരിയിരിക്കുന്ന ആ യുവാവിന്റെ മുഖം അന്ന് രാത്രി ജോലിക്ക് പോകുമ്പോഴും രാത്രി മുഴുവൻ ഓഫീസിൽ ഇരിക്കുമ്പോഴും മനസ്സിൽ തങ്ങിക്കിടന്നു .
അടുത്തദിനം രാവിലെ പതിവ് ബഹളങ്ങൾ കേട്ട് ചെന്നു നോക്കുമ്പോൾ പണിക്കാരുടെ ഇടയിൽ ആ യുവാവും യുവതിയും ഉണ്ട് . അവൾ ഇന്നലെ കണ്ടതിലും വളരെ ക്ഷീണിച്ചിരുന്നു.

പകൽ മൂത്ത നേരത്ത് ഒരു നിലവിളി വീണ്ടും എന്നെ ഉണർത്തി . ആൾകൂട്ടം ആരെയോ ചുമന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോയി. ഓടിച്ചെന്നപ്പോൾ അങ്കലാപ്പിൽ നിൽക്കുന്ന തിലകനെ കണ്ടു . ഇന്നലെ അടികൊണ്ട ആ ബംഗാളി യുവാവ് ഉയരത്തിൽ നിന്നും താഴെ വീണതാണ്  എന്ന് തിലകൻ പറഞ്ഞറിഞ്ഞു .ആ യുവതി കരഞ്ഞുകൊണ്ട് അവിടെ നിൽക്കുന്നു . 'ഭായീ..  ഭായീ..' എന്നു വിളിച്ച് അവൾ പലരോടും എന്തോ  യാചിക്കുന്നുണ്ട്.
"അപകടത്തിൽ  പെട്ട ആളുടെ ഭാര്യയാണോ അവൾ ?" ഞാൻ ചോദിച്ചു .
"ആർക്കറിയാം സാറേ .. ഇവിടെ വരുമ്പോൾ എല്ലാരും ഭാര്യേം ഭർത്താവുമൊക്കെ ആണെന്ന് പറയും . "
തിലകൻ അടുത്ത് ചെന്നപ്പോൾ അവൾ ഭീതിയോടെ അയാളെ നോക്കി തന്നിലേക്ക് ചുരുങ്ങുന്നുണ്ട് . പിന്നെ മെല്ലെ ചെന്ന് ഒരു സിമന്റ് ചട്ടിയെടുത്ത് നടന്ന് അകന്നു . എന്തോ അസ്വാഭാവികം ആയി എനിക്ക് തോന്നി. ഞാൻ തിലകനോട് വീണ്ടും അവളെ കുറിച്ച് തിരക്കി .
"എന്റെ സാറേ.. ഞാൻ എന്ത് ചെയ്യാനാ ? സൂപ്പർവൈസർ പണിയുടെ കൂടെ പിമ്പിന്റെ പണീം ചെയ്യണം എന്നതാ എന്റെ ഗതികേട് . മനസ്സ് ഉള്ളതുകൊണ്ട് ചെയ്യുന്നതല്ല . കോണ്ട്രാക്ടർക്ക് ചില പെണ്ണുങ്ങളെ കണ്ടാൽ പിന്നെ  ഭ്രാന്താണ് ...മനസ്സിലായില്ലേ ?"
എനിക്ക് എല്ലാം മനസ്സിലായി .

മലയാളികൾ സ്വന്തം നാട്ടിൽ ജോലിയെടുക്കാതെ വെളിനാട്ടിൽ ചെന്ന്  'ആടുജീവിതം' നയിക്കുന്നു . ഇവിടെ പണിക്ക് ഉത്തരേന്ത്യയിൽ നിന്നും ആൾ എത്തണം . അവരിൽ അല്പം കൊള്ളാവുന്ന പെണ്ണുങ്ങൾ ഉണ്ടെങ്കിൽ ഇവിടെ ചിലർക്ക് ഇത്തരം പൂതികൾ തുടങ്ങും . ചോദിക്കുവാനും പറയുവാനും ആരുമില്ലാത്തവർ ആണല്ലോ അവർ !
മലയാളിയുടെ കപടമായ സംസ്കാരത്തെ നില നിർത്തുവാൻ അവർ ചുറ്റും ഉണ്ട് . റോഡുപണിയിൽ... ഹോട്ടലുകളിൽ .. വീട്ടുപണികളിൽ ... കൃഷിയിടങ്ങളിൽ ..എന്നുവേണ്ട കായിക അദ്ധ്വാനം ആവിശ്യമുള്ള എല്ലായിടങ്ങളിലും അവർ ഉണ്ട് .

ഇന്ന് രാവിലെ ഓഫീസിൽ നിന്നും വരുമ്പോൾ കനാലിന് അരികിൽ ഒരാൾകൂട്ടം . പോലീസിന്റെ വണ്ടിയും കിടപ്പുണ്ട് . കനാലിൽ ഒരു യുവതിയുടെ ദേഹം കിടക്കുന്നുണ്ടത്രെ !!
അത് ആ യുവതി ആയിരിക്കരുതേ എന്ന് ഞാൻ  പ്രാർത്ഥിച്ചത്  വെറുതെ ആയി .
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ വെളിയിൽ പണിക്കാരുടെ ബഹളം . യന്ത്രങ്ങളുടെ മുരളിച്ച.. ചിലപ്പോൾ ചില ഒറ്റപ്പെട്ട നിലവിളികളും ഉയരുന്നുണ്ട് .
 

----------------------------------------------------------------കണക്കൂർ

{എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും പുതുവത്സര ആശംസകൾ }


15 comments:

  1. "ആടുജീവിതം"ഒക്കെ വായിച്ചു നമ്മള്‍ വിലപിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ എന്തൊക്കെയാണ് നടക്കുന്നത്!
    ഹൃദയസ്പര്‍ശിയായിരിക്കുന്നു രചന
    പുതുവത്സരാശംസകള്‍

    ReplyDelete
    Replies
    1. നന്ദി.. പുതുവത്സരാശംസകള്‍

      Delete
  2. നാട്ടുജീവിതം ചിലര്‍ക്ക് നരകജീവിതമാകുന്നത് ഇങ്ങിനെയൊക്കെയാണ്..

    ReplyDelete
    Replies
    1. നന്ദി.. പുതുവത്സരാശംസകള്‍

      Delete
  3. എല്ലായിടത്തും പണിക്കാര്‍ക്ക് ഇതൊക്കെത്തന്നെ....ഞാനും ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അടുത്ത പറമ്പിലെ കെട്ടിടം പണി വീട്ടില്‍ നിന്ന് നോക്കാറുണ്ടായിരുന്നു. പക്ഷെ അവിടുത്തെ അവസ്ഥ നേരെ തിരിച്ചായിരുന്നു. പണിക്കാര്‍ എല്ലാം ഉത്തരേന്ത്യക്കാര്‍ തന്നെ. നല്ല ബന്ധം ആയിരുന്നു അവര്‍ തമ്മത്തമ്മില്‍. എങ്കിലും അവരുടെ മുഖത്തെ ആ ഭാവവും ഭയവും തന്നെയാണ് നാടുവിട്ട് പണി ചെയ്യുമ്പോള്‍ ഞാനും അനുഭവിക്കുന്നത് എന്ന് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ അവര്‍ക്ക് ഞങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് എന്തെങ്കിലും ഭക്ഷണം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
    പെണ് വിഷയങ്ങള്‍ താരതമ്യം ചെയ്‌താല്‍ നാട്ടിലാണ് കുറവെന്നു തോന്നുന്നു. അവിടെ വിവരങ്ങള്‍ പുറത്തറിയുന്നു എന്നതിനാലാണ് കൂടുതല്‍ എന്ന് തോന്നുന്നത്. ഇത് ന്യായികരണമല്ല കേട്ടോ. സമ്പത്തും അധികാരവും എപ്പോഴും ധാര്‍ഷ്ട്യം സൃഷ്ടിക്കുന്നു എന്നത് നേര് തന്നെ.

    പുതുവത്സരാശംസകള്‍.

    ReplyDelete
    Replies
    1. ഒരുപക്ഷെ നാട്ടിൽ കുറവാണ് .. നന്ദി റാംജീ

      Delete
  4. ബംഗാളിൽ നിന്നെത്തുന്ന സ്ത്രീതൊഴിലാളികളെ ഇത്തരത്തിൽ ചൂഷണം ചെയ്യാറുണ്ട് എന്നത് പുതിയ അറിവാണ്. ബംഗാൾ പണിക്കാരുടെ ദയനീയമായ മുഖവും ശരീരഭാഷയും കാണുമ്പോൾ മനസ്സ് പിടയാറുണ്ട്.... എന്തെല്ലാമോ ദുഃഖങ്ങൾ ഉള്ളിലേറ്റി അന്യദേശത്ത് ചോരനീരാക്കുന്ന പാവം മനുഷ്യർ.

    ReplyDelete
    Replies
    1. ഇതിൽ ഒരു വന്യ ഭാവന എന്ന് കരുതിയാൽ മതി .. നന്ദി..Pradeep Kumar

      Delete
  5. ഇവിടെ പ്രവാസിയായിരിക്കുന്നത് താരതമ്യേന എളുപ്പമാണ്
    നമ്മുടെ സ്വന്തം നാട്ടിലെ പ്രവാസികളുമായി ഒത്തുനോക്കുമ്പോള്‍.

    ReplyDelete
  6. 'മലയാളിയുടെ കപടമായ സംസ്കാരത്തെ' പ്രയോഗം അസ്സ്ലാലായി. പുതു ദിനത്തിൽ ഇതുവായിച്ചു മനസ്സ് പൊള്ളി

    ReplyDelete
  7. അതെ, അവരുടെ ദയനീയത നൊമ്പരപ്പെടുത്തുന്നതാണു..
    ന്റേം പ്രാർത്ഥനകൾ..!

    ReplyDelete
  8. @ ajith, ഉഷശ്രീ (കിലുക്കാംപെട്ടി); വര്‍ഷിണി* വിനോദിനി
    thanks for valuable comments

    ReplyDelete
  9. നിസഹായ മുഖവുമായി കാണുന്ന ബെങ്ങളി തൊഴിലാളികള്‍ എപ്പോഴും ഓര് ദയനീയ കാഴ്ചയാണ്.അതിലും മോശമാണ് നമ്മുടെ സമൂഹത്തിനു അവരോടുള്ള മനോഭാവം

    ReplyDelete
  10. ബംഗാളികള്‍ ഇങ്ങനെയുള്ള പീഡനങ്ങള്‍ നേരിടുന്നുണ്ടോ ?നാം നാട്ടുകാര്‍ തന്നെ എതിര്‍ക്കണം അത്തരം ക്രൂരതകളെ .ഭാവന ആണെന്ന് കരുതുന്നു ,,ഒരിടത്തും ഇത്തരം ക്രൂരതകള്‍ സംഭവിക്കാതിരിക്കട്ടെ

    ReplyDelete
  11. @ സാജന്‍ വി എസ്സ് -- നമ്മുടെ മനോഭാവം തീർച്ചയായും മാറണം
    @ സിയാഫ് അബ്ദുള്‍ഖാദര്‍ --- ഭാവനയും സത്യവും തമ്മിലുള്ള അതിർവരമ്പ് വളരെ നേർത്തതാണ്
    Thanks ...

    ReplyDelete