Wednesday, December 31, 2014

ഉറച്ച ചില തീരുമാനങ്ങള്‍ (മിനിക്കഥ )

"കേതന്‍   ഒറ്റയ്ക്കല്ലേ  വന്നത് ..  എന്‍റെകൂടെ  വരൂ. റയില്‍വേ  സ്റ്റേഷനില്‍  ഡ്രോപ്പ്  ചെയ്യാം " സുഹൃത്തിന്‍റെ  വിവാഹപ്പാര്‍ട്ടി  കഴിഞ്ഞിറങ്ങവെ,  സോം  കേതനെ  വിളിച്ചു.  കേതന്‍ ഒഴിഞ്ഞുമാറി എങ്കിലും സോം നിര്‍ബന്ധിച്ചു. 

പാര്‍ക്കിങ്ങില്‍  എത്തിയപ്പോള്‍  "നീ  മദ്യപിച്ചിട്ടില്ലല്ലോ "  എന്നു പറഞ്ഞ് അയാള്‍  കേതനുനേരേ  ചാവി  നീട്ടി.  കേതന്‍  തല കുനിച്ചു. 
"ഓ... നിനക്ക്  വണ്ടി ഓടിക്കാന്‍  അറിയില്ലേ ?" സോം അതിശയത്തോടെ  ചാവി  നീട്ടിയ കൈ  പിന്‍ വലിച്ചു . 

ചുവപ്പ് നിറമുള്ള  പുതിയ മോഡല്‍  കാറാണ്. എല്ലാ ആധുനിക സൗകര്യങ്ങളും  ഉള്ളത്. അത് അതിവേഗത്തില്‍ അവരുമായി  പാഞ്ഞു. 
"എനിക്ക്  ഡ്രൈവിംഗ്  ഹരമാണ്. എത്ര നേരം വേണമെങ്കിലും  ഓടിക്കും. മടുക്കില്ല. " സോം  ഡ്രൈവിംഗ്  മഹത്വങ്ങള്‍  വിളമ്പിക്കൊണ്ടിരുന്നു. വണ്ടിയുടെ പാച്ചില്‍  കണ്ടപ്പോള്‍  അത് ശരിയെന്ന്  കേതനും തോന്നി. 

താന്‍ എന്താ വണ്ടി ഓടിക്കുവാന്‍  പഠിക്കാത്തത്  എന്നത്  സോം ചോദിക്കരുതേ  എന്ന് കേതന്‍  പ്രാര്‍ഥിച്ചു.  പക്ഷെ  കാര്യമുണ്ടായില്ല.
" അത്... അത്... " കേതന്‍  വിക്കി . 
ഭാഗ്യം. സോം തന്നെ  വിഷയം മാറ്റി. അയാള്‍  മറ്റ് ചില വിഷയങ്ങളില്‍ വാചാലനായി. 

മുറിവേറ്റ  ഹൃദയം  കൈക്കൊള്ളുന്ന  തീരുമാനങ്ങള്‍ക്ക് നല്ല ഉറപ്പുണ്ടാവുമല്ലോ ? അതല്ലേ  പുതുപുത്തന്‍ കാറും  മുന്തിയ ബ്രാണ്ടും  അയാളെ പ്രലോഭിപ്പിക്കാത്തത്. 
കേതന്‍ നിരത്തിലൂടെ  ചീറിപ്പായുന്ന  വാഹനങ്ങളെ  നെടുവീര്‍പ്പോടെ  നോക്കി.  ചില ഓര്‍മ്മകളില്‍  അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 

Saturday, November 29, 2014

#$&^%$*&^%$$ (മിനിക്കഥ)

മകള്‍ :   ഡാഡീ .. എനിക്ക് അവനെ അത്ര ഇഷ്ടമാണ്.
ഡാഡി:  മോളേ .. നീ എന്തറിഞ്ഞാണ് അവനെ ഇത്ര ഇഷ്ടപ്പെടുന്നത് ? അവൻ കൊള്ളരുതാത്തവൻ ആണ് എന്ന് എനിക്ക് നന്നായി അറിയാം . മദ്യപാനിയും സ്ത്രീലമ്പടനും ആണ് . പല പെണ്‍കുട്ടികളുമായി അവൻ ചുറ്റിത്തിരിയുന്നത് ഞാൻ കണ്ടിരിക്കുന്നു. തന്നെയുമല്ല നിങ്ങൾക്ക് നാളെ ഒന്നിച്ചു  ജീവിക്കുവാൻ വേണ്ട എന്ത് വരുമാനം ആണുള്ളത് ?
മകള്‍ :  അതൊന്നും എനിക്കറിയില്ല ഡാഡി . ഒന്ന് മാത്രം അറിയാം . അവനെ അല്ലാതെ ആരേയും എനിക്ക് എന്‍റെ  ജീവിതത്തിൽ സങ്കൽപ്പിക്കുവാൻ കഴിയില്ല ..
ഡാഡി: അപ്പോൾ ഇത്രകാലം നിന്നെ വളർത്തിവലുതാക്കിയ ഈ ഡാഡിക്കും മമ്മിക്കും ഒരു വിലയും ഇല്ലേ ?
മകള്‍ : അതൊന്നും എനിക്കറിയില്ല . നിങ്ങൾ എന്ത് പറഞ്ഞാലും എന്നെ പിന്തിരിപ്പിക്കുവാൻ കഴിയില്ല .
ഡാഡി: എങ്കിൽ ഡാഡി ഒന്ന് തീരുമാനിച്ചു . മരിച്ചുകളയും ഞാൻ .
മകള്‍ :  മരണം അനിവാര്യമാണ് . എന്നായാലും അത് ഉണ്ടാകേണ്ടതാണല്ലോ.. മകളുടെ ഇഷ്ട്ടം സാധിച്ചുകൊടുക്കുവാൻ  മരിച്ച ഡാഡിയുടെ സ്നേഹത്തെ കുറിച്ച് ഞാൻ എന്നും ഓർത്തുകൊള്ളാം.
ഡാഡി: അപ്പോൾ നീ പിന്തിരിയില്ല
മകള്‍ :  ഇല്ല
ഡാഡി: എന്റെസ്വത്തിൽ നിന്ന് ഒരു നയാപൈസ തരില്ല ഞാൻ
മകള്‍ :  മകളേക്കാൾ സ്വത്തിന് വില മതിക്കുന്ന ഡാഡിയിൽ നിന്നും  ഞങ്ങൾക്ക് ഒന്നും വേണ്ട 
ഡാഡി: @#%^&#&*%$$
മകള്‍ :  ആ പറഞ്ഞത് എനിക്ക് മനസ്സിലായില്ല
           (അല്പം കഴിഞ്ഞ്)
ഡാഡി: മോളേ .. നിന്നെ , നിന്‍റെ  സ്നേഹത്തെ ഞാൻ പരീക്ഷിച്ചതാണ് . അത്ര സ്നേഹം ഉണ്ടെങ്കില്‍   നീ അവനെ കെട്ടിക്കോ .. അച്ഛന് ഒരു എതിര്‍പ്പും ഇല്ല
മകള്‍ :അപ്പോള്‍ അച്ഛന്‍ ഞങ്ങള്‍ക്ക് ജീവിക്കുവാനുള്ള പണം തരുവോ
ഡാഡി:നിങ്ങള്‍ക്ക് ആവോളം സ്നേഹം ഉണ്ടല്ലോ ? പിന്നെ എന്തിനാണ് പണം . അത് മറന്നേക്കൂ
മകള്‍ : &^%$#@*(^%$&
ഡാഡി: ആ പറഞ്ഞത് എനിക്കും മനസ്സിലായില്ല

 -----------------------------കണക്കൂര്‍ 

Friday, October 31, 2014

അവന്‍ വരുന്നു(ചെറുകഥ)

ഒരു വെള്ളിയാഴ്ച ഉച്ചസമയം ഷാപ്പിനു മുന്നില്‍ വച്ച് എന്നെ അല്പം മാറ്റി നിര്‍ത്തി സുനിമോന്‍ ഒരു രഹസ്യം പറഞ്ഞു-  “ഞാന്‍ കൊറച്ചുമുമ്പ്  യേശൂനെ കണ്ട്.” കള്ള് തലയ്ക്കുപിടിച്ചാല്‍ നീ ഇങ്ങനെ പലതും കാണും എന്ന് പറഞ്ഞപ്പോള്‍ “ഇല്ല...ഇതുവരെ തരി കഴിച്ചിട്ടില്ല” എന്ന് അവന്‍ ആണയിട്ടു. കുരിശുപള്ളീടെ വളവില്‍ വച്ച് അല്പം തല കുനിച്ചു പിടിച്ചു യേശു നടന്നു വരുന്നത് അവന്‍ കണ്ടുവത്രെ. “യേശു നേരെ കെഴക്കോട്ടു നടന്നു പോവാരുന്നു. വഴീല് വേറെ ആരെയും കണ്ടില്ല. ഞാന്‍ പേടിച്ചുപോയി.”  എനിക്ക് ചിരി വന്നു. “യേശപ്പനെയാണോ നീ കണ്ടത് ? ഹൌസ് ബോട്ട് ഏജണ്ടായ  യേശപ്പനെ കണ്ടാല്‍ യേശുവിനെ പോലെ തോന്നും. സാം എന്നാ ശരിപ്പേര്. കെട്ടും മട്ടും കൊണ്ട് നാട്ടുകാര്‍ യേശപ്പന്‍ എന്ന് വിളിക്കുന്നതാ.” സുനിമോന്‍ കുഴപ്പത്തിലായി.

യേശപ്പന്‍ മിക്ക സമയത്തും കനാലിന്‍റെ കരയില്‍ കാണും. ഞാന്‍ കാണിച്ചു തരാം എന്നുപറഞ്ഞ് അവനെയും കൂട്ടി കനാല്‍ക്കരയിലേക്ക് നടന്നു. നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായം കാണും അയാള്‍ക്ക്‌. നല്ല ഉയരവും നിറവും അല്പം ചെമ്പിച്ച മുടിയും. അയാളുടെ അപ്പന്‍ ഏതോ ഒരു സായിപ്പാണ്‌ എന്ന് കേട്ടിരുന്നു. കുറച്ചുനാള്‍ മുന്‍പ് വരെ പട്ടണത്തിലെ പള്ളികളിലെ പ്രദക്ഷിണങ്ങളില്‍  യേശപ്പന് സ്ഥിരമായി വേഷം ഉണ്ടാകുമായിരുന്നു. പിന്നെ അയാള്‍ ആ വേഷംകെട്ടല്‍ അങ്ങ് നിര്‍ത്തി. ഒന്ന് രണ്ടു ടെലി-സീരിയലിലും ഒരു സിനിമയിലും ചെറിയ വേഷങ്ങള്‍ ചെയ്തിരുന്നു അയാള്‍. കുറച്ചുനാള്‍ ലോട്ടറിക്കച്ചവടം നടത്തി. അങ്ങനെ പല വേഷങ്ങളും പയറ്റിയ അയാള്‍ എന്‍റെ അറിവില്‍ അവിവാഹിതന്‍ ആണ്.കനാല്‍ക്കരയില്‍ വിനോദ സഞ്ചാരികളുമായി വന്ന ടാക്സികളുടെ  ബഹളം. അതിനിടയില്‍ ഞങ്ങള്‍ യേശപ്പനായി പരതി നടന്നു. ഹൗസ്ബോട്ടുകള്‍ തോളുരുമി നിരന്നു കിടക്കുന്നു. കനാല്‍ക്കരയിലെ വാകമരത്തില്‍ ചിറകൊതുക്കി ഇരുന്ന വെയില്‍ കായുന്ന കാക്കകള്‍ എന്തിനോ കലഹിക്കുന്നുണ്ട്. അവയുടെ ശബ്ദത്തെ വകഞ്ഞുമാറ്റി ഓണം ബമ്പര്‍ ലോട്ടറിയുടെ പരസ്യവുമായി ഒരു മുച്ചാടുവണ്ടി അവിടെ വന്നു. കാലുകള്‍ പോളിയോ ബാധിച്ച അയാളെ എനിക്കറിയാം. ഞാന്‍ അയാളോട് യേശപ്പനെ കുറിച്ച് തിരക്കി. ‘ഇന്ന് കണ്ടില്ല’ എന്ന് അയാള്‍ മറുപടി തന്നു.  ഇനി എവിടെ തിരക്കാനാണ് ? ഞങ്ങള്‍ മടങ്ങുവാന്‍ തീരുമാനിച്ചു. തീരെ ഇറക്കം കുറഞ്ഞ നിക്കര്‍  മാത്രം ധരിച്ച് നടന്നുവന്ന ഒരു വിദേശയുവതിയെ സുനിമോന്‍ കണ്ണുപറിക്കാതെ നോക്കി നിന്നു. പിന്നെ  ഒരു ലൈന്‍ ബോട്ട് പ്രാഞ്ചി പ്രാഞ്ചി പോകുന്നത് നോക്കി നിന്നതിന്‍ശേഷം ഞങ്ങള്‍ തിരികെ നടന്നു.“ന്നാലും യേശൂനെ അങ്ങനെ ഭൂമീല് ചുമ്മാ കാണാന്‍ പറ്റുമോ സുനിമോനെ ?” ഞാന്‍ ചോദിച്ചു.“പറ്റില്ല എന്ന് തീര്‍ത്തു പറയാന്‍ പറ്റ്വോ  ?” അവന്‍ തിരികെ ചോദിച്ചു. അത് ശരിയാണല്ലോ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.നടന്ന്‍ ബേക്കറി ജങ്ങ്ഷന്‍ എത്തിയപ്പോള്‍ “അവന്‍ വരുന്നു “ എന്ന് എഴുതിയ വലിയ ബാനറില്‍ യേശുവിന്‍റെ ചിത്രം മുനിസിപ്പല്‍ മൈതാനത് കണ്ടു. ഇന്ന് വൈകിട്ട് പ്രഘോഷണവും ശുശ്രൂഷയും ഉണ്ടത്രേ. ഷാപ്പുകവല കഴിഞ്ഞപ്പോള്‍ സുനിമോന്‍ ബൈ പറഞ്ഞുപോയി. കുരിശുപള്ളിയുടെ വളവിലൂടെ ഒരു ഒറ്റയടിപ്പാത കടന്നുവേണം എനിക്ക് പോകുവാന്‍. ഒരുവശത്ത് കറുകയും ചെല്ലികളും കാടുപിടിച്ച് വളര്‍ന്നു നില്‍ക്കുന്നു. മറുവശത്ത് സെമിത്തേരിയുടെ മതില്‍.വഴിയുടെ കാല്‍ഭാഗം പിന്നിട്ടപ്പോള്‍ അങ്ങേത്തലക്കല്‍ ആളനക്കം. അത് യേശപ്പന്‍ ആയിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍  നൂറുമീറ്റര്‍ ദൂരമുണ്ട് എങ്കിലും ആ മുഖത്തെ ഭാവം എനിക്ക് വ്യക്തമായി കാണാം. അടുത്ത് വരുമ്പോള്‍ തലയുടെ ചുറ്റുമുള്ള മുള്‍ക്കിരീടം കൂടുതല്‍ വ്യക്തമായി. തോളില്‍ ഭാരമുള്ളതുപോലെ മുന്നോക്കം അല്പം കുനിഞ്ഞാണ് നടത്തം. എന്നെ കടന്ന് പിന്നോക്കം പോകുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി. തിരുമുറിവുകളില്‍ നിന്നും വീണ ചോര കലര്‍ന്ന് ആ വഴിയാകെ  ചുവന്നിട്ടുണ്ട് ...

  

(കണക്കൂര്‍ ആര്‍ സുരേഷ്കുമാര്‍)

Monday, September 29, 2014

രണ്ടു മിനിക്കഥകള്‍

1. പെണ്‍കുട്ടിയും കുറുക്കനും  

“കാട്ടില്‍ പോകാം. കൂട്ടില്‍ പോകാം. കുറുക്കനെ കണ്ടാല്‍ പേടിക്കുമോ?” മാമന്‍ ചോദിച്ചു.
“ഇല്ല.”
“ഫൂ.........” മാമന്‍ പെണ്‍കുട്ടിയുടെ കണ്ണില്‍ ആഞ്ഞൂതി.
“ദേ. കണ്ണടച്ചേ. പേടിച്ചേ...” മാമന്‍ ഉറക്കെച്ചിരിച്ചു.
“ഇതാണോ കുറുക്കന്‍?  ഇത് മാമനല്ലേ?” പെണ്‍കുട്ടി പിണങ്ങി.

കുറച്ചുനാള്‍ കഴിഞ്ഞ്,  കാട്ടില്‍ നിന്നാവണം, ഒരു കുറുക്കന്‍  വന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
“ഇത് മാമനോ അതോ കുറുക്കനോ ?” പെണ്‍കുട്ടി ആശയക്കുഴപ്പത്തിലായി.


2. വാശി

മനസ് ശരീരത്തോട് പറഞ്ഞു : “എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ ഭൂമിയുടെ അങ്ങേക്കൊണിലേക്ക് പായം. ബഹിരാകാശത്ത് അലയാം. അലയാഴിയുടെ അടിത്തട്ടിലെത്താം. എന്നാല്‍ സ്ഥൂലശരീരമേ .. നിനക്ക് ആ കുന്നിന്‍പുറത്ത് എത്തണമെങ്കില്‍ കൂടി വിയര്‍ത്തണച്ച്  കയറിത്തന്നെയാവണം ..”

അങ്ങിനെ തോറ്റ് കൊടുക്കുവാന്‍ കഴിയാതെ ശരീരം അഗ്നിപ്രവേശത്താല്‍  മനസിനെ പരാജയപ്പെടുത്തി. 

Thursday, July 31, 2014

പോസ്റ്റില്ല

സുഹൃത്തുക്കളെ ..

ക്ഷമിക്കണം ...
ഇപ്പോള്‍ പോസ്റ്റ്‌ ഒന്നുമില്ല..
എന്തെന്നറിയില്ല .
ആകെ ശൂന്യത മാത്രം.

സ്നേഹപൂര്‍വ്വം
കണക്കൂര്‍ 

Monday, June 30, 2014

സ്വപ്നസാക്ഷാത്കാരം (ചെറുകഥ)


അങ്ങേയറ്റത്തെ നിരാശയോടെയാണ് ഞാന്‍ ലാല്‍ബാഗിലെത്തിയത്. 
മൈനകളും പ്രാവുകളും പരതിനടക്കുന്നതും നോക്കി മിനുസമുള്ള സിമന്റുബഞ്ചില്‍ ഇരുന്നു.
എത്രയോ പേര്‍ ഇരുന്നുമിനുസപ്പെട്ടതാണ് ഈ ഇരുപ്പിടങ്ങള്‍ ! അതില്‍ എത്രയോ പേര്‍ നിരാശര്‍ ആയിരിക്കും.

ആഗ്രഹങ്ങളാണ് എല്ലാ വിഷമങ്ങള്‍ക്കും കാരണം എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ചുരുട്ടിപ്പിടിച്ച മലയാളം പത്രവുമേന്തി അയാള്‍ അടുക്കല്‍ വന്നിരുന്നത്.
അപരന്‍ ചിരിച്ചു. പോതിയഴിച്ച് ഒരുകൈ നിറയെ കടല നീട്ടി. എന്‍റെ പേരും തൊഴിലും വെറുതെ എന്നമട്ടില്‍ തിരക്കി.  
“നല്ല നഗരം ആണിത്. ജീവിക്കാന്‍ പറ്റിയ ഇടം. അല്ലെ ?  ഇനിയുള്ള കാലം  ഇവിടെ കൂടാം എന്ന് കരുതുന്നു.” - അയാള്‍ പറഞ്ഞു.
 
വേണ്ട എന്ന് പറഞ്ഞിട്ടും വീണ്ടും കടല നീട്ടി എന്നെ പ്രലോഭിപ്പിച്ചു.

“എനിക്ക് ഈ നഗരത്തില്‍ എവിടെയെങ്കിലും കോട്ട പോലുള്ള ഒരു വീട് കെട്ടണം. ചുറ്റും പുല്‍മേടുകള്‍ ഉണ്ടായിരിക്കും. കാര്യങ്ങള്‍ ഒക്കെ നോക്കിനടത്താന്‍ നല്ല ഒരു വേലക്കാരി വേണം.. പിന്നെ ...” അയാള്‍ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

കുറേ ആയപ്പോള്‍ എന്‍റെ കൌതുകം നശിച്ചുതുടങ്ങി. കുള്ളന്‍ മരങ്ങളുടെ പാര്‍ക്കിലെ സിമന്റുബഞ്ചില്‍ നിന്നും ഞാന്‍ മെല്ലെ എഴുനേറ്റു. അതൊന്നും ശ്രദ്ധിക്കാതെ അയാള്‍ പുലമ്പിക്കൊണ്ടിരുന്നു.

പിന്നെ ഞാന്‍ അയാളെ കാണുന്നത് അള്‍സൂരില്‍ വച്ചാണ്. കൂടെ മെലിഞ്ഞ ഒരു സ്ത്രീയുണ്ട്. അവരുടെ പ്രായം ഊഹിച്ചെടുക്കുവാന്‍ കഴിയുന്നില്ല. ഞാന്‍ ചോദിക്കാതെ തന്നെ അയാള്‍ പരിചയപ്പെടുത്തി:- “ഇത് എന്‍റെ പുതിയ സെക്രെട്ടറിയാണ്..ഞങ്ങള്‍ സിറ്റിയൊക്കെ കാണുവാന്‍ ഇറങ്ങി.. ഇവിടെ അടുത്ത് മാളുകള്‍ വല്ലതും ഉണ്ടോ? എന്തെങ്കിലും കാര്യമായിട്ട് വാങ്ങിച്ചുകൂട്ടാന്‍ പറ്റിയ ഇടം?”
അവര്‍ ചിരിച്ചുല്ലസിച്ച്‌ കൈകള്‍ കോര്‍ത്തുപിടിച്ച് നടന്നുപോയി.

അയാളെ ഞാന്‍ പിന്നെയും പല ഇടങ്ങളില്‍ വച്ച് കണ്ടു. മലയാള സമാജങ്ങളുടെ മീറ്റിങ്ങുകളില്‍, മാമ്പഴ മേളയില്‍ അങ്ങനെയങ്ങനെ ...
അപ്പോഴൊക്കെ അയാള്‍ പുതിയ ആഗ്രഹങ്ങള്‍ നിരത്തും. ഒരു ജോഡി കുതിരകളെ വാങ്ങണം, അല്ലെങ്കില്‍ കാറുകളുടെ ഒരു മ്യൂസിയം തുടങ്ങണം എന്നപോലുള്ള വിചിത്രമായവ തന്നെ മിക്കതും.  ഇതില്‍ ഏതെങ്കിലും ഇന്നുവരെ നടന്നുവോ എന്നൊന്നും ഞാന്‍ ചോദിക്കുവാന്‍ മിനക്കെട്ടില്ല.

അയാള്‍ എന്‍റെമുന്നില്‍  നിരാശയോടെ നില്‍ക്കരുതല്ലോ! സ്വപ്നസാക്ഷാത്കാരം എന്നതല്ല, സ്വപ്നം കാണുവാന്‍ കഴിയുന്നില്ല എന്നതാണ് എന്‍റെ ഇപ്പോഴത്തെ  വിഷയം.


-കണക്കൂര്‍ 

Saturday, May 31, 2014

രണ്ടു മിനിക്കഥകള്‍

രണ്ടു മിനിക്കഥകള്‍
1. അവള്‍ മിണ്ടാത്തതിനു കാരണം
ഒരു തിര കടലിലേക്ക് മടങ്ങുവാന്‍ മടിച്ച് അവള്‍ക്കൊപ്പം പോന്നു. വീട്ടിലേക്കുള്ള വഴിയില്‍ ഉടനീളം അതിന്‍റെ അലകള്‍ അവളില്‍ ഉണ്ടായിരുന്നു. വീടെത്തിയിട്ടും അതവളെ വിട്ടുപോയില്ല.
 “എന്താണ് നിനക്കിത്ര ഇളക്കം ?” എന്ന് അമ്മ അവളോട്‌ ചോദിച്ചു. അവള്‍ ഒന്നും മിണ്ടിയില്ല. എന്തെങ്കിലും മിണ്ടുവാന്‍ തുനിഞ്ഞാല്‍ ഉടന്‍ അവളുടെ വായില്‍ നിന്നും ഒരു തിര ആര്‍ത്തിരമ്പി ഇറങ്ങുവാന്‍ തുടങ്ങും. പാവം.

2. പോക്കറിന്‍റെ വാച്ച്  

കണ്ണിലേക്ക് ഭൂതകണ്ണാടി തിരുകിക്കയറ്റി പട്ടണത്തിലെ എല്ലാ പണിക്കാരും പലവട്ടം ശ്രമിച്ചുനോക്കി. പോക്കറിന്‍റെ വാച്ച് എന്നിട്ടും തിരിഞ്ഞുതന്നെ  കറങ്ങി. അവസാനം പോക്കര്‍  തന്നെ അത് കണ്ടുപിടിച്ചു. വാച്ച് അല്ല, ഈ ദുനിയാവാണ് തിരിഞ്ഞുകറങ്ങുന്നത് എന്ന്!

Tuesday, April 29, 2014

വീട്ടില്‍ എത്തിച്ചേരുന്നത് -- മിനിക്കഥ



അച്ഛന്‍ വീട്ടില്‍ എത്തിച്ചേരുന്നതിനു മുമ്പുതന്നെ ഒരു നീണ്ട ചുമ ദൂരെനിന്ന്  വീട്ടിലെത്തും.
ഇരുള്‍ വീണ വഴിയില്‍ നിന്നും വീട്ടിലേക്ക് വളയുന്ന ഇടത്തെ മയിലാഞ്ചിപ്പടര്‍പ്പ് പിന്നിട്ടിരിക്കും അപ്പോള്‍ അച്ഛന്‍. 
അത് അമ്മയ്ക്കും ചേച്ചിക്കും എനിക്കുമുള്ള അടയാളം ആണ്.
അമ്മ ശബ്ദം താഴ്ത്തിവച്ച് കണ്ടുകൊണ്ടിരുന്ന ടെലിവിഷന്‍ നിര്‍ത്തി അടുക്കളയിലേക്ക് ഓടും. ഞാനും ചേച്ചിയും ഒരൊ പുസ്തകങ്ങള്‍ കയ്യിലെടുത്ത് രണ്ടുഭാഗങ്ങളില്‍ ചെന്നിരിക്കും.

പിന്നീട് അച്ഛന്‍ പൈപ്പ് തുറന്ന്‍ കാല്‍ കഴുകുന്ന ശബ്ദം കേള്‍ക്കാം.
അമ്മ നിലവിളക്ക് കെടുത്തുവാന്‍ തയ്യാറെടുത്ത് നില്‍ക്കും.
അച്ഛന്‍ എത്തുന്നവരെ വിളക്ക് ഇരുത്തുന്ന പതിവാണ് അമ്മയുടേത്.
ഒരു ദിവസം അച്ഛന്‍ വൈകിയാല്‍ അമ്മ പറയും “കാണുന്നില്ലല്ലോ ... വെളക്ക്‌ കെടുത്തണോല്ലോ”

അത് കേള്‍ക്കുമ്പോള്‍ അച്ഛന്‍ വരാന്‍ വൈകുന്നതിലല്ല , വിളക്ക് ഇരുന്നുകത്തുന്നതിലാണ് അമ്മയ്ക്ക് സങ്കടം എന്ന് തോന്നും.

ബാഗ് മേശമേല്‍ ഇട്ട് മുണ്ടുമാറി, മുന്മുറിയിലെ കസേരയില്‍ ഇരുന്ന് അച്ഛന്‍ പത്രമെടുത്ത് കാലത്ത് വായിച്ചുനിര്‍ത്തിയതിന്‍റെ ബാക്കി വായന തുടരും. 
അമ്മ കട്ടന്‍ചായ കൊണ്ടുവരുന്നതുവരെ ആ ഇരുപ്പ് തുടരും. 
ചിലപ്പോള്‍ ഞങ്ങളുടെ പഠനകാര്യങ്ങള്‍ തിരക്കും. 
അപ്പോഴാണ്‌ ടുഷന്‍ ഫീസ്‌ , പത്രക്കാരന്‍ വന്നത് തുടങ്ങിയ ഗാര്‍ഹിക കാര്യങ്ങള്‍ അമ്മ അവതരിപ്പിക്കുന്നത്‌. 


ചേച്ചി കോളേജില്‍ പോയ കാലം മുതല്‍ അച്ഛനെ എന്തോ ഒരു ഭയം പിടികൂടിയ മട്ടാണ്. 
ചില ദിവസങ്ങളില്‍ പത്രവായനയുടെ  ഇടയില്‍ അച്ഛന്‍ ചേച്ചിയെ വിളിക്കും. 
കോളേജില്‍ എന്തെങ്കിലും വിശേഷം ഉണ്ടോ എന്ന് ചോദിക്കും. 
ചേച്ചി ആ ചോദ്യം ഇഷ്ടപ്പെടാത്ത മട്ടില്‍ തലയാട്ടും. 
അച്ഛന്‍ എത്തുന്നതിന് മുന്‍പ് ചേച്ചി ചിലപ്പോള്‍ അമ്മയോട് പരിഭവിക്കും. “എന്തിനാണ് എന്നോട് കോളേജിലെ വിശേഷങ്ങള്‍ ഇങ്ങനെ അച്ചന്‍ ഇടക്കിടെ ചോദിക്കുന്നത്?”

“പെണ്മക്കള്‍ കോളേജിലൊക്കെ പോയ്‌ക്കഴിഞ്ഞാല്‍ അച്ചനമ്മമാര്‍ക്ക് ഒരുതരം ആധിയാണ്. അതോണ്ട് ചോദിച്ചു പോകുന്നതാ ..” എന്ന് അമ്മ പറയും.


അങ്ങനെ ദേഷ്യപ്പെട്ട ചേച്ചി ഒരു ദിവസം കോളേജില്‍ നിന്നും തിരികെ വന്നില്ല. 

ഞാന്‍ തിരക്കിയപ്പോള്‍ ഞങ്ങളെ എല്ലാം ആകെ തളര്‍ത്തുന്ന ഒരു വാര്‍ത്തയാണ് കേട്ടത്. 
ചേച്ചി സീനിയര്‍ ആയി പഠിക്കുന്ന ഒരു യുവാവിനെ രജിസ്ടര്‍ വിവാഹം കഴിച്ച് അയാളുടെ കൂടെ നാട് വിട്ടുപോയി.
വിവരം കേട്ടപ്പോള്‍ മുതല്‍ അമ്മ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു.

വഴിയരികിലെ മയിലാഞ്ചിപ്പടര്‍പ്പ് കടന്നുവരുന്ന അച്ഛന്‍റെ നീണ്ട ചുമ കേട്ടു. 
കാല്‍ കഴുകുന്ന ശബ്ദവും കേള്‍ക്കാം. 
പക്ഷെ നേരം എത്ര കടന്നുപോയിട്ടും അച്ഛന്‍ വീട്ടിലേക്ക് കടന്നുവന്നില്ല. 

അമ്മ അന്ന്  നിലവിളക്ക് കെടുത്തിയതുമില്ല.



(കണക്കൂര്‍ ആര്‍ സുരേഷ്കുമാര്‍)  

Monday, March 31, 2014

തോറ്റവര്‍ക്കായുള്ള യുദ്ധങ്ങള്‍ .......


ചുവരിൽ  മുഖം ചേർത്ത് ആ സുഷിരത്തിലൂടെ  അവനും കൂട്ടുകാരിയും    ലോകത്തെ നോക്കിക്കാണുകയായിരുന്നു. ലോകം അട്ടികളും അടരുകളുമായി ആ ചെറിയ സുഷിരത്തിൽ ഒതുങ്ങി. അവരുടെ    സൗകര്യം പോലെ  വേണ്ടതെല്ലാം അവിടെനിന്നും നോക്കിക്കണ്ടു.
അങ്ങനെയിരിക്കെയാണ് അയാളുടെ വരവ് സംഭവിച്ചത്. ഒരു നേരം കെട്ട നേരത്ത്  തോളിൾ ഒരു ബാഗും തൂക്കി ഒരാൾ അവിടേക്ക്  കടന്നുവന്നു.
"ആരാണ് എന്താണ് എന്ന് അറിയാതെ എങ്ങനെ ഒരാളെ വീട്ടിൽ കയറ്റി താമസിപ്പിക്കും ?"  അവന്‍റെ   കൂട്ടുകാരി അവനെ  കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി , ശബ്ദം കുറച്ച്  ചോദിച്ചപ്പോൾ അവൻ  ഒന്ന് പതറി.
"അബു പറഞ്ഞ ആളായത് കൊണ്ട് ..." അവൻ  വിക്കി.
അവൾ കടുപ്പിച്ച് ഒന്ന് നോക്കിയിട്ട് അടുക്കളയിലേക്ക് മടങ്ങി.  അവിടെ ഒരു വട്ടക്കസേരയിൽ  ആഗതൻ  ഒതുങ്ങി ഇരിപ്പുണ്ട്. അടുത്ത് ഒരു ബാഗും. അവനെ  നോക്കി ആഗതൻ ആശയോടെ ചിരിക്കുന്നുമുണ്ട് .
"ഇവിടെ സൗകര്യങ്ങൾ അല്പം കുറവാണ് " എന്ന്  അവൻ സത്യം വെളിപ്പെടുത്തി..
"എനിക്ക് നിലത്ത് അല്പം ഇടം മതി "

പ്രിയ സുഹൃത്തുക്കളെ , കഥകൾ കേട്ടിട്ട് നിങ്ങൾ സന്തോഷിക്കുകയും ചിലപ്പോൾ സങ്കടപ്പെടുകയും ചെയ്തേക്കാം . ചില കഥകൾ ഒരു വികാരവും നൽകാതെ വെറുതെ കേട്ടിരുന്ന് നേരം കൊല്ലുവാൻ മാത്രം ഉതകും .അതൊക്കെ നിങ്ങളുടെ കാര്യം. പക്ഷെ കഥ പറയുമ്പോൾ എനിക്ക് മനസ്സിൽ  നിന്ന് ഒരു കുരുക്ക് അഴിച്ചുകളയുന്ന സുഖമാണ് . ചില കഥകള്‍ പറഞ്ഞൊഴിച്ചില്ല എങ്കിൽ ആ കുരുക്ക് അഴിയാതെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കും . ഇപ്പോൾ പറഞ്ഞു തുടങ്ങിയത് അതുപോലെ ഒന്നാണ് .

ഒരേയൊരു കിടപ്പുമുറിയിൽ  ഒരു ചെറിയ മടക്കുകട്ടിൽ ആണ് ആകെ ഉള്ളത്. അതിൽ അവർ  രണ്ടാൾ  ഒട്ടിച്ചേർന്നു  കിടക്കും. പുറത്തെ മുറിയിൽ, കട്ടിൽ പോയിട്ട്  കിടക്കുവാനുള്ള അല്പം ഇടം പോലും ഇല്ലായിരുന്നു. പഴയ പത്രങ്ങൾ അട്ടിയാക്കി  കെട്ടിവച്ചിരുന്നത്   കുറച്ച് ഒതുക്കി.  ഒരു വലിയ സ്റ്റാന്റ് അല്പം തള്ളിമാറ്റി അവൻ  കുറച്ച് ഇടമുണ്ടാക്കി . അവിടെ ഒരു പായ കഷ്ടിച്ചു വിരിക്കുവാൻ കഴിഞ്ഞു.
വീട്ടിലെ താമസക്കാർ കാഴ്ചകൾ നോക്കിക്കാണുന്ന ഒരു സുഷിരം അവിടെ, മുന്മുറിയിലെ ചുവരിലാണ് ഉള്ളത് . മറ്റൊരാൾ ആ മുറിയിൽ ഉള്ളതിനാൽ ആ സുഷിരത്തിലൂടെ നോക്കുവാൻ അന്ന് അവർ  മടിച്ചു.
"അയാൾ വല്ലതും കഴിച്ചതാവുമോ ?" അവൾ അവന്റെ  കാതിൽ  ചോദിച്ചു.  വീട്ടിൽ ഒന്നും ഇരിപ്പുണ്ടാവില്ല എന്ന് അവനറിയാം. എന്നിട്ടും അവൻ ചോദിച്ചു . അയാൾ വിശപ്പ്‌ നിറഞ്ഞ സ്വരത്തിൽ "ഒന്നും വേണ്ട..." എന്ന് പറഞ്ഞു.
പുറത്ത്  രാത്രി നന്നായി ഒരുങ്ങിയിട്ടുണ്ട്.
"എന്താണ് നിങ്ങള്‍  ചെയ്യുന്നത് ?"
ആഗതൻ  എന്തോ കുറച്ചുനേരം ആലോചിച്ചു . എന്നിട്ട് ഒരു മറുചോദ്യം എറിഞ്ഞു : "അബു ഒന്നും പറഞ്ഞില്ലേ ?"
അബു വല്ലതും പറഞ്ഞിരുന്നോ  എന്ന് അവൻ ഓർത്തുനോക്കി . ഇല്ല .. ഓർമ്മ വരുന്നില്ല.
"ഞാൻ ഒരു പടയാളിയാണ്. തോറ്റവർക്കായി യുദ്ധം ചെയ്യുന്നയാൾ "എന്ന്  അയാൾതന്നെ വെളിപ്പെടുത്തി.
" !! "
അവൻ വിളക്കണച്ച് ഉറങ്ങിക്കൊള്ളുവാൻ ആഗതനോട്  പറഞ്ഞു .
പിന്നെ അവർ അകത്തെ മുറിയിൽ ഉറങ്ങുവാൻ കിടന്നു.
അവരുടെ രാത്രികൾ  മിക്കപ്പോഴും മലമടക്കിലെ കുഞ്ഞരുവി പോലെ തുടങ്ങി കുത്തിയൊലിക്കുന്ന പുഴയായി പിന്നെ ചെറുതിരകൾ അനങ്ങുന്ന കടലായി മാറുന്നതാണ് . പക്ഷെ പതിവില്ലാതെ അവർ കുറച്ചുനേരം മിണ്ടാതെ കിടന്നു.
ലോകം എത്ര മാറി വരുന്നു! അവൻ അവിടെ കിടന്നുകൊണ്ട് ചിന്തിച്ചു. ഒരു പടയാളിയായി മാറേണ്ട അത്യാവിശ്യത്തെ കുറിച്ച് അവൻ ഓർക്കുകയായിരുന്നു.  അധിനിവേശങ്ങളെ ചെറുക്കുന്ന ഒരു പോരാളി ആയിരിക്കണം. ജയിക്കണം എന്ന് എത്ര വാശി കാണിച്ചാലും യുദ്ധങ്ങളിൽ ഒരുകൂട്ടർ  തോറ്റെ മതിയാവൂ .
പിന്നെയും സമയം പോകവേ അവൾ  മെല്ലെ എഴുനേറ്റു. പതുക്കെ കതവ് തുറന്ന് അപ്പുറത്തേക്ക് പോയി. ഉറക്കം വന്നപ്പോൾ അവൻ തന്‍റെ  മുഖത്ത് ആഞ്ഞു നുള്ളി  അവൾ തിരികെ വരുംവരെ ഉണർന്നിരിക്കുവാൻ ശ്രമിച്ചു.
കുറച്ചേറെ സമയം കഴിഞ്ഞപ്പോൾ അവൾ തിരികെയെത്തി . അവൻ അപ്പോൾ  പാതിയുറക്കത്തിൽ ആയിരുന്നു.

സുഹൃത്തുക്കളെ ,   കഥയുടെ ആദ്യം, ചുവരിലുള്ള ഒരു സുഷിരത്തെ കുറിച്ച് പറഞ്ഞില്ലേ ? അവൾ ആ സുഷിരത്തിൽ കണ്ണുകൾ ചേർത്ത് നോക്കുവാൻ പോയതാകണം. ചുറ്റുമുള്ള ലോകത്ത് നടക്കുന്നത് അറിയുക എന്നത്  വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്ന് അവർ നമ്മെപ്പോലെ വിശവസിക്കുന്നു. ചിലപ്പോൾ അവർ  മാറിമാറി അതിലൂടെ നോക്കും .  കാഴ്ചകളെ നിർദ്ധാരണം ചെയ്തെടുക്കുവാൻ ആ ദ്വാരത്തിന് വലിയ കഴിവുണ്ട് . അവൾ തിരികെ വന്ന് അടുത്ത് കിടന്നു . വെടിമരുന്നിന്‍റെ  ഗന്ധമായിരുന്നു അവളുടെ നിശ്വാസത്തിന് എന്ന് അവന് തോന്നി. ലോകത്ത് എമ്പാടും നടക്കുന്ന യുദ്ധങ്ങളിൽ ചിലത് അവൾ നോക്കിക്കണ്ടിരിക്കും. 
"അയാൾ എന്തിനാവും വന്നത് ?'' അവൾ പതുക്കെ ചോദിച്ചു .
"തോറ്റവർക്കായി യുദ്ധം ചെയ്യാൻ."
"എനിക്ക് ഇഷ്ടമായില്ല അയാളെ "
"അബുവിനെ ഓർത്താണ് ഞാൻ..."
"ആരാണ് അബു ? "
അപ്പുറത്തെ മുറിയിൽ നിന്നും അയാളുടെ ശ്വാസംവലിയുടെ സ്വരം മരക്കതവുകടന്ന്  അകത്തെത്തി. ക്രമമായ് ഉയർന്നു താഴുന്ന ആ ശബ്ദത്തിന് ഒരു നിലവിളിയുടെ ഈണം തോന്നി .  കുറച്ചുകഴിഞ്ഞപ്പോൾ ആ ശബ്ദം നിലച്ചു . അപ്പുറത്തെ മുറിയിൽ നിന്നും എന്തൊക്കെയോ അനക്കങ്ങൾ. പിന്നെ പൂർണ്ണനിശബ്ദത!
അവൻ മെല്ലെ എഴുനേറ്റ് കതകിന്‍റെ  കൊളുത്തെടുത്തു. അവിടെ അയാൾ ഇല്ല. അയാളുടെ ബാഗും !
"അയാൾ പോയോ ?" അവൾ പിന്നിൽ നിന്നും ചോദിച്ചു.
"ഇവിടെ കാണുന്നില്ല. യുദ്ധങ്ങളില്‍  ജയിക്കുന്നവർക്കായി അയാൾ ഒരുപക്ഷെ കാത്തുകിടക്കില്ലായിരിക്കാം. ഏതായാലും  ഞാൻ ഒന്ന് നോക്കിയിട്ടുവരാം "
അവൾ ഒന്നും പറഞ്ഞില്ല. പകരം മുൻവാതിലിൽ നിന്ന് കാണാവുന്ന   വഴിയുടെ അങ്ങേയറ്റത്തേക്ക് നോക്കി. അവിടെ മുഴുവൻ ഇരുട്ട് ഉറഞ്ഞുകിടന്നിരുന്നു.
പുറത്ത് നല്ല തണുപ്പുണ്ട് . അവൻ മുഖത്തിന് ചുറ്റും ഒരു തുണി ചുറ്റിക്കെട്ടി. അയാളെ വഴിയിൽ കണ്ടുമുട്ടും എന്ന് പ്രതീക്ഷയില്ല എങ്കിലും  നീണ്ടുപോകുന്ന വഴിയിലൂടെ വേഗത്തിൽ  നടന്നു. പാലത്തിന്‍റെ  മുകളിൽ എത്തിയപ്പോൾ അതുപോലെ ഒരാൾ പുഴയരികിലൂടെ നടന്നുപോകുന്നത്‌ അവൻ കണ്ടു . അത്പോലെ ഒരു ബാഗ് അയാളുടെ തോളിൽ ഞാന്നു കിടക്കുന്നുണ്ട്.
അവനെ കണ്ടതും അയാൾ നടത്തം വേഗത്തിൽ ആക്കി. അവൻ പിന്നാലെ ചെന്നപ്പോൾ അയാൾ ഓടുവാൻ തുടങ്ങി. ഇരുട്ടിൽ ഒരാളെ പിന്തുടരുവാൻ അത്ര എളുപ്പമല്ല.
അധികദൂരം അങ്ങനെ പോകേണ്ടിവന്നില്ല . ഒരു കല്ലിൽ തട്ടി അയാൾ മറിഞ്ഞുവീണു. എഴുനേല്‍ക്കുവാൻ കഴിയാതെ അയാൾ അവിടെ കിടന്നു. ഇരുട്ടിൽ അത് ആര്  എന്ന് ഉറപ്പു വരുത്തുവാൻ കഴിഞ്ഞില്ല . എങ്കിലും അതയാള്‍ തന്നെ എന്ന് അവന് ഉറപ്പായിരുന്നു. വലിയ ഒരു കല്ലെടുത്ത്‌ അയാളുടെ തലയിൽ പലവട്ടം ആഞ്ഞടിച്ചു. കല്ല്‌ ഒരു നല്ല ആയുധമാണ്. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ആയുധം. ഒന്ന് നിലവിളിക്കുക പോലും ചെയ്യാതെ ആ  പടയാളി  ഒടുങ്ങി! ആ ദേഹത്തെ പുഴയിലേക്ക് മറിച്ചിട്ട്    ചോരപ്പാടുകൾ കഴുകി അവൻ  തിരികെ നടന്നു. മടങ്ങും മുമ്പ് ആ ബാഗ് പുഴയിലേക്ക് വലിച്ചെറിയുവാൻ മറന്നില്ല.
തിരികെ നടക്കുമ്പോൾ അവൻ അബുവിനെ നന്ദിയോടെ  ഓർത്തു .
വീട്ടുവാതിൽക്കൽ ഇരുട്ടിൽ അവൾ കാത്തു നിൽക്കുകയായിരുന്നു.
"അയാളെ കണ്ടോ ? "
അവൻ ഒന്നും പറഞ്ഞില്ല . ചിലപ്പോൾ അവൾക്ക് പറയാതെ എല്ലാം മനസ്സിലായിരിക്കാം. അവൾ മുറിയുടെ മൂലയിൽ പോയിരുന്ന് കരയുന്നുണ്ടാവും. ചുവരിലുള്ള സുഷിരത്തിലൂടെ ലോകത്തെ വീണ്ടും  നോക്കിക്കാണുവാൻ തുടങ്ങിയിരിക്കും .
അവളുടെ കരച്ചിൽ അവൻ വ്യക്തമായി കേട്ടു. സഹികെട്ടപ്പോൾ അവൻ അങ്ങോട്ട്‌ ചെന്നു. ക്രൂരമായ ഒരു മന്ദഹാസത്തോടെ  ചുവരിലെ സുഷിരത്തിൽ മുഖം ചേർത്തു. ഇപ്പോൾ ലോകത്തിന്‍റെ  നെറുകയിൽ കയറി നില്ക്കുന്ന അബുവിനെ അവന്  അതിലൂടെ  കാണാം. അബു അവനെ  നോക്കി ചിരിക്കുന്നു . അബുവിന്‍റെ  തലയുടെ ചുറ്റും ദിവ്യമായ ഒരു പ്രകാശ വലയം. അവൻ ആ ദ്വാരം കല്ലുകൾ ഇടിച്ചു കയറ്റി അടച്ചു. 
പ്രിയ സുഹൃത്തുക്കളെ , അവൻ  പിന്നെയും മടക്കു കട്ടിലിൽ ഉറങ്ങുവാൻ കിടന്നു.  എങ്കിലും കഥ അവസാനിക്കുന്നില്ല. 


............................................കണക്കൂര്‍ .