Thursday, August 13, 2015

മഴവില്‍ ചമ്മന്തി

ഡെലിഗേറ്റ് പാസ്സും കഴുത്തില്‍ തൂക്കി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗോവ അന്താരാഷ്‌ട്ര ചലചിത്രമേളയില്‍ അലയുന്നു. മിക്ക ചലച്ചിത്ര പ്രേമികളെ പോലെ, മേളയെ കുറിച്ച് ആവേശം കൊള്ളുന്നുമുണ്ട്. അതൊക്കെ കാണുമ്പോള്‍ ഭാര്യ ലത ചോദിക്കും “എന്തായിത് ? വെറുതെ ചെന്ന് സിനിമ കാണുകയല്ലേ ? അല്ലാതെ അവിടെ  സിനിമ ഉണ്ടാക്കുകയോന്നും അല്ലല്ലോ ?” ചലച്ചിത്ര മേള എന്നു പറഞ്ഞാല്‍ വെറും സിനിമ കാണല്‍ മാത്രമല്ലടീ... എന്നൊക്കെ മറുപടി പറയുമ്പോഴും കാണിയുടെ ഇരുപ്പിടത്തില്‍ നിന്നല്ലാതെ മേളകളില്‍ മറ്റെന്തെല്ലാം ചെയ്യുവാന്‍ കഴിയും എന്നത് ഗൗരവമുള്ള ഒരു ചോദ്യം തന്നെയാണ്. തീയേറ്റര്‍കള്‍ക്ക്  വെളിയില്‍ ഉരുത്തിരിഞ്ഞു വരുന്ന കൂട്ടായ്മകളും സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച  പ്രവര്‍ത്തകരുമായി നേരിട്ട് സംവദിക്കാനും ഉള്ള ഇടങ്ങളുമൊക്കെ ഗുണങ്ങളായി നിരത്താം എങ്കിലും സിനിമയ്ക്ക് വെളിയിലേക്ക് നീളുന്ന ചില അനുഭവങ്ങള്‍ എനിക്ക് കഴിഞ്ഞ ഗോവ ചലച്ചിത്രമേള പകര്‍ന്നു  തന്നിരുന്നു. അതിലൊന്ന് ഈ സ്മരണികയിലൂടെ എന്‍റെ  പ്രിയ സുഹൃത്തുക്കളുമായി പങ്കുവെക്കട്ടെ. മേള തുടങ്ങി രണ്ടാം ദിവസമാണ് എത്തിച്ചേര്‍ന്നത്‌. അന്നുതന്നെ പ്രിയ സുഹൃത്ത് ശിവശങ്കരന്‍ ഒരു  കാര്യം സൂചിപ്പിച്ചു. "ഉച്ചയൂണിനു വേറെങ്ങും   പോണ്ടാട്ടോ . ഞങ്ങള്‍ കുറച്ചാള് ഇവിടെ ഉച്ചയ്ക്ക് കൂടാറുണ്ട്. ഗഡി അങ്ങോട്ട്‌ വന്നോളൂട്ടോ..” 
ഉച്ചയോടെ “ Finding Mister Right “ എന്ന ചൈനീസ് ചിത്രം കണ്ടിട്ടു സിദ്ധാര്‍ഥന്‍   സാറിനൊപ്പം നല്ല വിശപ്പുമായി ഞാന്‍ ശിവശങ്കരനെ കണ്ടുപിടിച്ചു. വഴിയില്‍ ഒതുക്കിയിട്ട വാനിന്‍റെ  പിന്നില്‍ നിറയെ പാത്രങ്ങള്‍. റയില്‍വേ മുതലാളിമാര്‍ ആയ മജീദ്‌ ഭവനം , സദാശിവന്‍ നാട്ടില്‍ നിന്നെത്തിയ ഫിലിം ഡയരക്ടര്‍ രഘുനാഥ്... പിന്നെയും ചിലര്‍. ഇനി ഫെസ്റിവല്‍ ദിനങ്ങളില്‍ എല്ലാം ഇങ്ങോട്ട് വന്നാല്‍ മതി എന്ന് അറിയിപ്പും. കുത്തരിച്ചോറും സാമ്പാറും തോരനും മീന്‍ വറുത്തതും  ഒക്കെയുണ്ട് , ചമ്മന്തിയും.  "ചമ്മന്തി എങ്ങനെയുണ്ട് " മജീദ്‌ ചോദിച്ചു.  
"കൊള്ളാം.." എരിവും പുളിയും പാകത്തില്‍ ചേര്‍ത്ത  ഇലച്ചമ്മന്തി രുചിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു- ഇത് എന്ത് ചമ്മന്തിയാണ് ?"
"മഴവില്‍ച്ചമ്മന്തി " 
സ്നേഹത്തിന്‍റെയും സാഹോദര്യതിന്‍റെയും സപ്തവര്‍ണ്ണങ്ങള്‍  ഉള്ള  ആ രസ്യന്‍ ചമ്മന്തിക്ക് അതിലും യോജിച്ച ഒരു പേര് ഇടുവാനില്ല. ഫെസ്റിവലില്‍ ഓരോ ചിത്രവും തുടങ്ങുന്നതിനു മുമ്പ് വാനില്‍ പറക്കുന്ന ബഹുവര്‍ണ്ണ പരവതാനിയില്‍ മഴവില്‍ വര്‍ണ്ണങ്ങള്‍ വാരിപ്പുതച്ച് മയൂരങ്ങള്‍ നൃത്തം ചെയ്യുന്ന  സിഗ്നേച്ചര്‍ സംഗീതം ഉണ്ടാവും . കാലത്ത് ഉണര്‍ന്ന്    ഇത്രയും വിഭവങ്ങള്‍ തയാര്‍ ചെയ്തു വരുന്ന ശിവശങ്കരനും സ്നേഹത്തിന്‍റെ രുചിക്കൂട്ടുമായി എത്തുന്ന മജീദും മറ്റ്   അനവധി ഗോവ മലയാളി സുഹൃത്തുക്കളും തീര്‍ക്കുന്നത് അതിലും മനോഹരമായ വിസ്മയം തന്നെ.
  ( കേരള  സമാജം  കോര്‍ത്താലിം - ഗോവ  യുടെ 2015 ലേ സ്മരണികയില്‍  എഴുതിയത്) 

9 comments:

 1. മഴവില്ലഴകില്‍ ചമ്മന്തി

  ReplyDelete
  Replies
  1. ഉവ്വ് അജിത്‌ ജി

   Delete
 2. മഴവില്ച്ചമ്മന്തി നന്നായിരുന്നു..........................

  ReplyDelete
 3. കാലത്ത് ഉണര്‍ന്ന് ഇത്രയും വിഭവങ്ങള്‍ തയാര്‍ ചെയ്തു വരുന്ന ശിവശങ്കരനും സ്നേഹത്തിന്‍റെ രുചിക്കൂട്ടുമായി എത്തുന്ന മജീദും മറ്റ് അനവധി ഗോവ മലയാളി സുഹൃത്തുക്കളും തീര്‍ക്കുന്നത് അതിലും മനോഹരമായ വിസ്മയം തന്നെ.

  സത്യം

  ReplyDelete
  Replies
  1. തീര്‍ച്ചയായും .
   നന്ദി ജി

   Delete
 4. ചമ്മന്തിപെട്ടെന്ന് തീര്‍ന്നുപോയതുപോലെ....
  രുചി കൂടിയതുകൊണ്ടാണോ....??!!!!!

  ReplyDelete
  Replies
  1. അതെ . ചില രുചികള്‍ പെട്ടെന്ന് തീര്‍ന്നുപോകും . ബാല്യം പോലെ

   Delete
 5. അപ്പോൾ ചമ്മന്തി
  മഴവില്ലഴ്കിലും അരക്കാം അല്ലേ ഭായ്

  ReplyDelete