Sunday, May 31, 2015

അണ്ടിപ്പരിപ്പ് - കഥ

ഇത് ഒരു ഓര്‍മ്മക്കുറിപ്പാണ്. കൊച്ചു മമ്മദ്  എന്ന  സുഹൃത്തിനെ കുറെ വര്‍ഷങ്ങള്‍ ശേഷം കണ്ട കഥ.
കൊച്ചു മമ്മദ് ഇപ്പോള്‍ വലിയ മമ്മദ് ആയിട്ടുണ്ട് . ആദ്യ കാഴ്ച്ചയില്‍  തിരിച്ചറിഞ്ഞില്ല. ഇപ്പോള്‍  മമ്മൂട്ടിയെ പോലെ ചുള്ളന്‍ ആണയാള്‍ . ക്രീം തേയ്ച് ചീകി ഒതുക്കിയ മുടി. വടിച്ച്‌ മിനുക്കിയ മുഖം.  നല്ല ഭംഗിയുള്ള വസ്ത്രങ്ങള്‍.
കുട്ടിക്കാലത്ത്  കൊച്ചുമമ്മദ് ഇങ്ങനെയല്ലായിരുന്നു. എണ്ണ തൊടാതെ പറക്കുന്ന മുടിയുമായി  മൂക്കള ഒലിപ്പിച്ച് തൊടികളായ തൊടികളെല്ലാം  അണ്ടി പെറുക്കി നടക്കും.  മാവുകളില്‍ കല്ലെറിയും. കിളികളെ ഏറിയും.  ഏഴാം  ക്ലാസ്സില്‍  വരെ, കുറെ കൊല്ലങ്ങള്‍ എന്‍റെ കൂടെ ഉണ്ടായിരുന്നു.  അവന്‍  സ്കൂളിലൊന്നും  സ്ഥിരമായി   വന്നിരുന്നില്ല.  അവന്‍റെ ആ സ്വാതന്ത്ര്യം  കണ്ട് ഞാന്‍ കുട്ടിക്കാലത്ത്  അസൂയപ്പെട്ടിരുന്നു. എനിക്കാണെങ്കില്‍ ഒരു ദിവസം പോലും  സ്കൂളില്‍ പോകാതിരിക്കുവാന്‍ അനുവാദം ഉണ്ടായിരുന്നില്ല. പിന്നെ അവനെ കാണുന്നത്  വല്ലപ്പോഴുമായി. ജീവിത പ്രയാണത്തില്‍ എവിടെയോ വച്ച് അവന്‍ മുഴുവനായി മാഞ്ഞുപോയി.    
വര്‍ഷങ്ങള്‍ കഴിഞ്ഞു. പ്രവാസം ശീലമാക്കിയ ഞാന്‍  ഒരിക്കല്‍ അവനുമുന്നില്‍ ചെന്നുപെട്ടു. വലിയ ഒരു കച്ചവട സ്ഥാപനത്തിന്‍റെ  ഉടമയാണ് ഇപ്പോള്‍ അവന്‍. ഒരു വിലപേശലിന്‍റെ  ഇടയിലാണ് അവന്‍ എന്നേ തിരിച്ചറിയുന്നത്‌. പഴയ സ്കൂള്‍ കാലങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ മിന്നിമറഞ്ഞു. കട ഒരു  ജീവനക്കാരനെ ഏല്‍പ്പിച്ച്    മമ്മദ് എന്നെ അവന്‍റെ പുതിയ വീട്ടിലേക്ക്  നിര്‍ബന്ധിച്ച്  കൊണ്ടുപോയി. ബീവിയെ പരിചയപ്പെടുത്തി. നല്ല വൃത്തിയുള്ള വലിയ  വീട്..അവിടെയിരുന്ന്  പഴയ സ്കൂള്‍ ജീവിതത്തിലെ ഞാന്‍ മറന്ന ചില ഏടുകള്‍ അവന്‍ ഓര്‍മ്മിപ്പിച്ചു.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരുകിലോ മുന്തിയ ഇനം അണ്ടിപ്പരിപ്പ് കവറില്‍ ഇട്ടുതന്നു. ഞാന്‍ വാങ്ങുവാന്‍ മടിച്ചു. അപ്പോള്‍ നിര്‍ബന്ധിച്ചുകൊണ്ട്  അവന്‍ പറഞ്ഞു- " ഇത് ഒരു കടം വീട്ടലാണ്. നെനക്ക് ഓര്‍മ്മ കാണില്ല. ഒരു ദിവസം നീ പറമ്പില്‍ നിന്ന് കൊറേ കശുവണ്ടി പറിച്ച് ഒരു കൂടില്‍ വച്ചിരുന്നു. അത് ഞാന്‍  മോട്ടിച്ചെടുത്തു. അന്നത്തെ എന്‍റെ അവസ്ഥ കൊണ്ട് പറ്റിയതാണ്. നീ അത് കാണാതെ കൊറേ വെഷമിച്ചിരുന്നു..   എന്നിട്ടും നീ എന്നെ സംശയിച്ചില്ല. പിന്നെയാണ് നീ അത് എനിക്ക് തരുവാന്‍ പെറുക്കി വച്ചതാണ് എന്ന് പറയുന്നത്. എനിക്ക് വലിയ  വെഷമം ആയി. അന്നത്തെ പേടി കാരണം സത്യം  തൊറന്നു പറയാന്‍ കഴിഞ്ഞില്ല. പിന്നെ നമ്മളൊക്കെ പല വഴിയില്‍ പിരിഞ്ഞു  പോയല്ലോ ?  ഇപ്പോഴാണ്  അത് വീട്ടാന്‍  കഴീന്നത്‌ .." മമ്മദ് ചിരിച്ചു.
അങ്ങനെ ഒരു സംഭവം എനിക്ക് തീരെ ഓര്‍മ്മയില്ല. കുട്ടിക്കാലത്ത് അതുപോലെ എന്തെല്ലാം ജീവിതത്തില്‍ നടന്നിരിക്കുന്നു. ചിലര്‍ ചിലത് ഓര്‍ത്തിരിക്കും. കുചേലന്‍ തന്ന അവില്‍പ്പൊതി പോലെ ആ അണ്ടിപ്പരിപ്പ് പാക്കറ്റ് എന്‍റെ കയ്യില്‍ ഇരുന്ന് പിടച്ചു.  ഈ ലോകം ആരുന്നു അവന്‍റെ സ്കൂള്‍. അവിടെ നിന്നും അവന്‍ ഒത്തിരി പഠിച്ചുകാണും. ഞാന്‍ സ്കൂളില്‍നിന്നും കോളേജില്‍നിന്നും പഠിച്ചതില്‍ വളരെ ഏറെ .

9 comments:

  1. ഓര്‍മ്മയുണ്ടായിരിക്കണം.....
    ആശംസകള്‍

    ReplyDelete
  2. ഈ ലോകം ആണേറ്റവും ഉത്തമമായ സ്കൂള്‍. പക്ഷെ ജയിക്കുന്നവര്‍ ചുരുങ്ങുമെന്നേയുള്ളു.

    കഥ ചെറുതാണെങ്കിലും പരിപ്പുണ്ട്

    ReplyDelete
  3. സ്കൂളില്‍ നിന്നു പഠിക്കുന്നതില്‍ എത്രയോ അധികമാണ് ജീവിതം പഠിപ്പിക്കുന്നത്...............

    ReplyDelete
  4. നിഷ്കളങ്ക ബാല്യകാല സ്മരണകൾ എത്ര മാത്രം സുന്ദരം
    എന്ന് അതിസുന്ദരമായി പകർത്തിയിരിക്കുന്നു കഥയിൽ !!

    ReplyDelete
  5. പഠിക്കാതെ പഠിക്കുന്ന പാഠങ്ങള്‍.

    ReplyDelete
  6. ജീവിതത്തിലും വലിയ പാഠശാല എവിടെയുണ്ട്...? നല്ല പോസ്റ്റ്.

    ReplyDelete
  7. Thanks..............dear friends

    ReplyDelete