Saturday, October 27, 2018

വീണ്ടും ചില ഗാന്ധിചിന്തകള്‍

വീണ്ടും ചില  ഗാന്ധിചിന്തകള്‍
Image result for ഗാന്ധിജി കുറിപ്പ്
ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നമ്മള്‍ പഠിച്ചതും നമ്മെ പഠിപ്പിച്ചതുമായ ഗാന്ധിപാഠങ്ങളില്‍ എന്താണ് ഇപ്പോള്‍ ഉള്ളില്‍ അവശേഷിക്കുന്നത് എന്ന ചോദ്യം ഒരോ ഭാരതീയനും ചോദിക്കേണ്ടതുണ്ട്. ഓരോ വര്‍ഷവും ഗാന്ധിജയന്തി ആചരിക്കുന്ന വേളയില്‍ നാം പൊടി തട്ടിയെടുക്കുന്ന സൂക്തങ്ങളും മൈക്കിനു മുമ്പില്‍ നടത്തുന്ന അനുസ്മരണങ്ങളും ഉണര്‍ത്തുന്ന ഗാന്ധിചിന്തകള്‍ വായു നിറഞ്ഞ കുമിളകളായി  അന്തരീക്ഷത്തില്‍ എവിടെയൊ ഉടഞ്ഞു പോകുകയാണ്.  ഹിന്ദു എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങളെ നേടി ഒരു വിഭാഗം ഇന്ന് അലയുമ്പോള്‍, സനാതന ഹിന്ദുത്വമെന്ന ആശയത്തെ മരണം വരെ മുറുക്കിപ്പിടിച്ച് ആ ആശയത്തിനായി മരിച്ച മനുഷ്യന്‍ ലോകത്തോടു പറഞ്ഞു- 'ഞാനൊരു സനാതന ഹിന്ദുവാണ്...'  ഒരുപക്ഷെ ഇത്രയധികം പഠിക്കപ്പെട്ട ഒരു നേതാവ് ലോകത്ത് വേറെയില്ല. അത്രതന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ട ജനനേതാവുമുണ്ടാവില്ല. എങ്കിലും നോട്ടിലുള്ള ചിരിക്കുന്ന ഗാന്ധിയില്‍ നിന്നും രാഷ്ട്രപിതാവിലേക്കുള്ള ദൂരം കാലം ചെല്ലുന്തോറും കൂടിക്കൂടി വരുന്നു എന്നു തോന്നുന്നു.
ഗാന്ധിജിയുടെ കാഴ്ചപ്പാടുകളില്‍ ഏറ്റവും ശക്തം ധാര്‍മികത എന്നതായിരുന്നു. അതിനെയാണ് ഫാസിസ്റ്റ് ശക്തികള്‍ ഏറെ ഭയന്നതും. ആ മഹാത്മാവ് മതസൗഹാര്‍ദ്ദത്തിന്‍റെ വലിയ പാഠങ്ങള്‍ നല്‍കിയപ്പോള്‍ അതില്‍ ഭയന്ന വര്‍ഗ്ഗീയ ശക്തികള്‍ മതമെന്ന വലിയ കച്ചവടച്ചരക്കിനെ ബുദ്ധിപൂര്‍വ്വം വിറ്റഴിക്കുകയായിരുന്നു ഇക്കാലമത്രയും. അതിന്നും തുടരുന്നു. മനുഷ്യന് എന്തു ഗുണമാണ് ഈ മതങ്ങള്‍ ഇക്കാലമത്രയും കൊണ്ടു ചെയ്തത് എന്ന ചോദ്യം അവശേഷിക്കുന്നു. ചരിത്രത്തിന്‍റെ എല്ലാ സത്യങ്ങളേയും മറച്ചുപിടിച്ച് വെറും മിത്തുകള്‍ പ്രതിഷ്ഠിച്ച് ചിലര്‍ മുഴുവന്‍ ജനതയേയും കബളിപ്പിക്കുമ്പോള്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാതെ കുഴങ്ങുകയാണ് ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനത. ഏതെങ്കിലും ഒരു പക്ഷത്ത് നിങ്ങള്‍ വിശ്വസിച്ചേ മതിയാവു എന്ന് ആരൊക്കെയോ നിര്‍ബന്ധം പിടിക്കുകയാണ്. പക്ഷം ചേരാത്തവരെ ഹിംസിക്കുകയാണ് പുതു ഫാസിസ്റ്റു ശക്തികള്‍. ഇന്ന് ഗാന്ധിയെ വിമര്‍ശിക്കുന്നത് വളരെ സാധാരണയായ കാര്യമാണ്. ഒരു പച്ച മനുഷ്യന്‍ എന്ന നിലയില്‍ ചില ഗാന്ധിയന്‍ നിലപാടുകളെ ആര്‍ക്കും വിമര്‍ശിക്കാം.  എന്നാല്‍ ഗാന്ധിവധത്തെ ന്യായീകരിക്കുമ്പോള്‍ കളി മാറുകയാണ്. അതിനു പ്രധാന കാരണം, പെട്ടന്നുണ്ടായ ഒരു ക്ഷോഭത്തില്‍ ഉതിര്‍ന്ന വെടിയുണ്ടകളല്ല ആ മഹാത്മാവിന്‍റെ ജീവന്‍ അപഹരിച്ചത് എന്നതുതന്നെ. പതിനാലു വര്‍ഷങ്ങളുടെ കാലയളവില്‍ അഞ്ചുതവണ നടന്ന പാളിയ ശ്രമങ്ങള്‍ക്കു ശേഷമാണ് ആറാമത്തെ തവണ പദ്ധതി വിജയിച്ചത്. അതിന്‍റെ തുടര്‍ച്ചകള്‍ ഇന്നും ഭാരതഭൂമിയില്‍ നടക്കുന്നു എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. അഹിംസയുടെ പാഠങ്ങള്‍ ലോകസമൂഹത്തിന് പഠിപ്പിച്ചു കൊടുത്ത ഭാരതഭൂമിയില്‍ തോക്കുകൊണ്ട് നീതി നടപ്പാക്കുന്നതിലെ വിചിത്രമായ വിരോധാഭാസമല്ല നമ്മെ കൂടുതല്‍ ഭയപ്പെടുത്തേണ്ടത്. മറിച്ച് ഭാരതത്തിന്‍റെ പൊതു ബോധത്തില്‍ വരുന്ന ഭീതി എന്ന വികാരത്തിന്‍റെ തീവ്രത കൂടിവരുന്നതിലെ അസ്വാഭാവികതയാണ് നമ്മുടെ ഉറക്കം ഇനി നഷ്ടപ്പെടുത്തുവാന്‍ പോകുന്നത്.
എന്തായിരുന്ന ശരാശരി ഭാരതീയന് ഗാന്ധിജി ? സത്യഗ്രഹമെന്ന കേവലമായ ഒരായുധം കൊണ്ട് സാമ്രാജ്യശക്തിയെ മുട്ടുകുത്തിച്ച ദേശീയ നേതാവു മാത്രമായിരുന്നോ ? ലോകത്തിലെ സായുധ വിപ്ളവങ്ങളുടെ ചരിത്രങ്ങള്‍ക്കിടയില്‍ അഹിംസ എന്ന ഏറ്റവും വിശിഷ്ടമായ മന്ത്രം ചൊല്ലി വിജയം വരിച്ചതിന്‍റെ പേരിലാണോ നാം അദ്ദേഹത്തെ ഓര്‍ക്കുന്നത് ? ഇന്ന് ചിലര്‍ക്ക് അങ്ങനെ ആയിരിക്കാം. എന്നാല്‍ എല്ലാവര്‍ക്കും അങ്ങനെയല്ല. ഒരു സാധാരണക്കാരന്‍റെ വേഷവിതാനങ്ങള്‍ പോലുമില്ലാതെ വെറും മുണ്ടുടുത്ത് മേലുടുപ്പു പോലും ധരിക്കാതെയാണ് അദ്ദേഹം ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. തേച്ചു വടിവാക്കിയ വസ്ത്രങ്ങളും ഏറ്റവും വില കൂടിയ വാഹനങ്ങളും പിന്നെയെങ്ങനെയാണ് ജനാധിപത്യസര്‍ക്കാരുകളുടെ നേതാക്കള്‍ക്ക് പഥ്യമായത് എന്ന് ഇന്നാരും ചോദിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഈ പ്രകൃതിയില്‍ സൗജന്യമായി ഒന്നുമില്ല. ഒരാള്‍ എന്തെങ്കിലും അധികമായി എടുക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അത്രയും നഷ്ടമുണ്ടാകും എന്നു നമ്മെ ആ മഹാത്മാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിപ്പിച്ചതാണ്. 'ഈ ഭൂമിയില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള എല്ലാം ഉണ്ട്. എന്നാല്‍ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്തുവാനായി ഭൂമിയില്‍ ഒന്നുമില്ല.' എന്ന ഗാന്ധിവാക്യം മണ്ണഞ്ചേരി സ്ക്കൂളില്‍ വച്ചു പണ്ട് പഠിച്ചത് കുറേക്കാലം മറന്നുപോയി എന്ന കുറ്റബോധം തോന്നിയത് കേരളം അടുത്തു കണ്ട വലിയ പ്രളയത്തിന്‍റെ വാര്‍ത്തകള്‍ കണ്ടപ്പോളാണ്.  എല്ലാവര്‍ക്കും പുരോഗതി എന്നതായിരുന്നു  സര്‍വോദയ എന്ന ആശയം കൊണ്ട് അദ്ദേഹം വിവക്ഷിച്ചത്. എന്നാല്‍ ഒരു വശത്ത് സമ്പത്തു കുമിഞ്ഞു കൂടിയ ഭാരതത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ  ചേരികളില്‍ പലതുമുള്ളത്. ഭരണാധികാരികള്‍ക്കായി ഗാന്ധിജിയുടെ ഉപദേശം ഇതായിരുന്നു- 'നിങ്ങള്‍ കണ്ട ഏറ്റവും ദരിദ്രനായ, ദുര്‍ബലനായ മനുഷ്യന്‍റെ മുഖം ഓര്‍ക്കൂ... അവന് എത്രമാത്രം ഗുണം ചെയ്യുന്നു എന്നു മനസ്സിലാക്കിവേണം നിങ്ങളെടുക്കുന്ന ഓരോ തീരുമാനവും.' ഇത് നമ്മുടെ ഭരണാധികാരികള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോകുന്നു. ലോകത്തെ അഹിംസയുടെ പുതിയ പാഠങ്ങള്‍ കാണിച്ചുകൊടുത്ത ഭാരതം ഹിംസയുടെ പുതിയ ചരിത്രങ്ങള്‍ എഴുതി നിറയ്ക്കുമ്പോള്‍ ഈ കാഴ്ചകളില്‍ നിന്ന് രക്ഷിക്കുവാന്‍ ഗാന്ധിപ്പാര്‍ക്കിലെ പ്രതിമയുടെ മുഖമെങ്കിലും ഒന്നു മറച്ചു കൊടുത്തിരുന്നെങ്കില്‍...!
--------------------------------------കണക്കൂര്‍ ആര്‍. സുരേഷ്കുമാര്‍.

Sunday, September 16, 2018

ഒരേ ചോദ്യം... (മിനിക്കഥ)


"നില്‍ക്കടോ ... ഒരു കാര്യം ചോദിക്കട്ടെ ..."  ഓഫീസിലെ തിരക്കിനിടയില്‍ കടന്നു വന്ന സുഹൃത്ത് ഒരു ചോദ്യവുമായി എത്തി. വ്യക്തമായ  ഉത്തരം പറയാതെ ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചപ്പോള്‍ അയ്യാളുടെ ഭാവം മാറി.  ഉത്തരം നല്‍കിയേ  മതിയാവു എന്നായി. 
വീട്ടിലേക്കുള്ള വഴിയില്‍ ചിലര്‍ അതേ ചോദ്യവുമായി പ്രത്യക്ഷപ്പെട്ടു. 
നിരത്തില്‍  ചില പരിചയക്കാര്‍  എതിരില്‍ വന്നു. അവരും ആ ചോദ്യം ചോദിക്കുമെന്ന ഭയം എപ്പോഴും വെറുതെ ആയിരുന്നില്ല.  കൂട്ടത്തില്‍ മുന്‍പരിചയം ഇല്ലാത്തവരും ഉണ്ട്.    ഉത്തരം പറയാതിരുന്നാല്‍ ചിലപ്പോള്‍ തെറ്റിധരിക്കപ്പെടും.  ഇക്കാലത്ത് ചില തെറ്റിധാരണകള്‍  വലിയ കുഴപ്പം ഉണ്ടാക്കും. ജീവന്‍ പോലും പോയെന്നിരിക്കും.. 
എന്തിനു പറയുന്നു, കാറ്റും വെയിലും അതെ ചോദ്യം ഉതിര്‍ത്തു! 
തീന്‍മേശയില്‍, പളുങ്കു പാത്രത്തില്‍  ചാറില്‍ പൂണ്ടു  കിടന്ന മീന്‍ പോലും  ആ ചോദ്യമാണ് ചോദിച്ചത്. കുറച്ചു നാളുകളായി ഞാന്‍ കേട്ടുകൊണ്ടിരുന്ന അതേ ചോദ്യം.  ആ ഞെട്ടലില്‍  ഊണ് ഉപേക്ഷിച്ച് എഴുനേറ്റു. 
മുന്‍ വാതിലില്‍  വഴി തടഞ്ഞു  നിന്ന്  ഭാര്യയും മക്കളും  ഇപ്പോള്‍  ചോദ്യം ആവര്‍ത്തിക്കുന്നു.  അവരെ  തള്ളി മാറ്റി പുറത്ത് കടന്നു. 
ഇപ്പോള്‍ എന്നെ ഞാന്‍ തന്നെ വഴി തടഞ്ഞു നിര്‍ത്തിയിരിക്കുന്നു.  
ഉത്തരം പറഞ്ഞിട്ട്  ഇനി അനങ്ങിയാല്‍ മതി എന്ന മുന്നറിയിപ്പോടെ... എന്നോടു ഞാന്‍  ഏതു  പക്ഷത്താണ് എന്ന് പറയും??? 

( കണക്കൂര്‍ ആര്‍. സുരേഷ്കുമാര്‍ )

Wednesday, August 1, 2018

ഗൃഹസന്ദര്‍ശനവും മുംബൈ മലയാളിയും

പണ്ട്, എന്നുപറഞ്ഞാല്‍ അത്ര പണ്ടൊന്നുമല്ല, സുഹൃത്തുക്കളുടെ വീടുകളൊക്കെ സന്ദര്‍ശിക്കുന്നതു മറുനാടന്‍ മലയാളികള്‍ക്കിടയില്‍ സാധാരണമായിരുന്നു. കുറച്ചുനാള്‍ അടുത്ത സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നില്ലെങ്കില്‍ അത്  പരാതിയും പരിഭവവും ആയിവരും. അതിനാല്‍ ആഴ്ച്ചയറുതിയില്‍ ഏതെങ്കിലും സുഹൃത്തിന്‍റെ വീട്ടില്‍ കടന്നുചെല്ലും. അവിടെ വറുത്തതോ പൊരിച്ചതോ ഉണ്ടെങ്കില്‍ അതും കൊറിച്ച് നാട്ടുവിശേഷങ്ങള്‍ പരസ്പരം കൈമാറുന്നത് ഒരു പൊതുശീലമായിരുന്നു. അല്പം രാഷ്ട്രീയം, ചിലപ്പോള്‍ കുറച്ചു സാംസ്കാരികവും. ആ സമയം കുട്ടികള്‍ ഏതെങ്കിലും ഉള്‍മുറിയില്‍ കടന്നുകൂടി ചെറിയ കളികളില്‍ ഏര്‍പ്പെടും. വീട്ടമ്മ തന്‍റെ പുതിയ പാചകപരീക്ഷണം കൂട്ടുകാരിയെ തുറന്നു കാണിക്കും. അവിടെനിന്നും എത്ര വേഗമാണ്  മലയാളികളായ വീട്ടച്ഛന്‍മാര്‍ സ്വന്തം ഭവനത്തില്‍ ഒതുങ്ങുവാന്‍ പഠിച്ചത്! വീട്ടുകാരികള്‍ കിട്ടുന്ന മുഴുവന്‍ സമയവും സീരിയലുകള്‍ കണ്ട് കണ്ണീര്‍ വാര്‍ക്കുവാന്‍ പഠിച്ചു. ആ സമയത്ത് അവിടെ കയറിച്ചെല്ലുന്ന അതിഥികളെ അവര്‍ ശത്രുഗണത്തില്‍ പെടുത്തിയാലും അത്ഭുതപ്പെടാനില്ല. ഒരു നിമിഷമെങ്കിലും ടെലിവിഷന്‍ സ്ക്രീനില്‍ നിന്നും കണ്ണു മാറ്റിയാല്‍ നഷ്ടപ്പെടുന്ന കാഴ്ചയോര്‍ത്ത് അവര്‍ അതിഥികളെ ശപിച്ചു എന്നും വരും. ഗസ്റ്റ് എന്നാല്‍ പെസ്റ്റ് ആണെന്നാരോ ഈ വിഷയത്തില്‍ എഴുതിയത് വായിച്ചതും ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നു.  
മേല്‍പ്പറഞ്ഞ സാഹചര്യത്തിനിടയിലാണ് മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍ ഇപ്പോള്‍ ആഹ്വാനം ചെയ്തു നടത്തുന്ന  ഗൃഹസന്ദര്‍ശന പരിപാടി പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നത്.  മുംബൈ നഗരത്തിലെ മലയാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് മാതൃഭാഷ പഠിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ബോധവാന്മാര്‍ ആക്കുവാനുള്ള ഒരു വലിയ ശ്രമം ആണിത്. ഒരുപക്ഷെ കുടിയേറിയ ജനതയുടെ ചരിത്രത്തില്‍ അവരുടെ മാതൃഭാഷ പഠിപ്പിക്കുവാനുള്ള ഇത്തരം ഒരു പദ്ധതി ലോകത്തുതന്നെ ആദ്യമായിരിക്കും. എന്നാല്‍ ഒരു വീട്ടില്‍ കയറിച്ചെന്ന്-  'നിങ്ങളുടെ കുട്ടികളെ അവരുടെ മാതൃഭാഷ പഠിപ്പിക്കണം' എന്നു പറയുന്നത് അത്ര നിസ്സാരകാര്യമല്ല. അത്തരം ഒരു നിര്‍ദ്ദേശത്തെ വീട്ടുകാര്‍ എങ്ങനെ സ്വീകരിക്കും എന്ന് പ്രവചിക്കുക അസാധ്യം. കാരണം ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് നല്ല ബോധമുള്ളവര്‍ പോലും തന്‍റെ കുട്ടികളുടെ കാര്യം വരുമ്പോള്‍ മാതൃഭാഷയോട് മുഖം തിരിച്ചു നില്‍ക്കും. 'എന്‍റെ കുട്ടിയ്ക്ക് സ്കൂളിലേക്കുള്ളതു തന്നെ കുറേ പഠിക്കുവാനുണ്ട്. പിന്നെ സംഗീതം, കരാട്ടെ, അബാക്കസ് അങ്ങനെ ഒരുപാട്. ഇനി മലയാളം കൂടി പഠിക്കുവാന്‍ നേരമില്ല' എന്ന പല്ലവി നമ്മള്‍ ഇതിനകം കുറേ കേട്ടുകഴിഞ്ഞു. ഇനി മറ്റൊരാള്‍ പറയുന്നത് ഇങ്ങനെയാകും- 'അവര്‍ക്ക് അത്യാവശ്യത്തിനുള്ള മലയാളമൊക്കെ പറയാന്‍ അറിയാം. അത് ഞങ്ങള്‍ വീട്ടില്‍ പഠിപ്പിച്ചു. ഇനി കണിക്കൊന്നേം സര്‍ട്ടിഫിക്കറ്റും ഒന്നും അവര്‍ക്ക് വേണ്ട.' വേറൊരു അഭിമാനിയായ പിതാവ് ഇങ്ങനെയും പറഞ്ഞെന്നു വരും:  'എന്‍റെ കുട്ടി മുതിര്‍ന്നു കഴിഞ്ഞാല്‍ ഇന്ത്യയില്‍തന്നെ ജീവിയ്ക്കാന്‍ പോകുന്നില്ല. അവന് യൂറോപ്പാണ് ഇഷ്ടം. പിന്നെ ഈ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്താ കാര്യം ?' അതുകൊണ്ട് ഭവന സന്ദര്‍ശനത്തിന് ചെല്ലുന്നവര്‍ക്ക് വലിയ സ്വീകരണം കിട്ടുമെന്ന് ഉറപ്പൊന്നും പറയുവാന്‍ കഴിയില്ല. എങ്കിലും ഇതൊരു വലിയ നീക്കമാണ്. കാരണം മാത്യഭാഷ എന്നത് കേവലം ആശയ വിനിമയത്തിനുള്ള  ഒരു ഉപാധി മാത്രമല്ല മറിച്ച് അത് ഒരു വലിയ വികാരമാണ്  എന്ന കാര്യം ലോകത്തിന്‍റെ ഏതു കോണിലുമുള്ള മലയാളിയെ ബോധ്യപ്പെടുത്തണം. അത് ഈ കാലഘട്ടത്തിന്‍റെ വലിയൊരു ആവശ്യം തന്നെയാണ്. 
എന്തിനാണ് നമ്മള്‍ മാതൃഭാഷയെ കാത്തുസൂക്ഷിക്കണം എന്നു മുറവിളി കൂട്ടുന്നത് ? ആശയ വിനിമയത്തിന് ഒരു ഭാഷ ഉണ്ടായാല്‍ പോരേ ? അത് എല്ലാവര്‍ക്കും അറിയാവുന്ന, മനസിലാകുന്ന ഇംഗ്ളീഷോ ഹിന്ദിയോ ആയാല്‍ അതല്ലേ നല്ലത് ? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ മലയാളികള്‍ ഒന്നു തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. മറുനാട്ടില്‍, പ്രത്യേകിച്ച് പഴയ ബോംബെയില്‍ മലയാളികള്‍ക്ക് കിട്ടിയ സ്വീകരണം മറ്റൊരു ഭാഷക്കാര്‍ക്കും ലഭിച്ചിട്ടില്ല. ഇന്ത്യയിലും വെളിയിലും സംസ്കാര സമ്പന്നരാണ് എന്ന വിശ്വാസത്തില്‍ മലയാളികള്‍ക്ക് വലിയൊരു സ്ഥാനമാണ് അതാതു നാട്ടുകാര്‍ നല്‍കിയത്. നിര്‍മ്മാണ മേഖല, വിദ്യാഭ്യാസരംഗം, ആതുരസേവനരംഗം എന്നുതുടങ്ങി നിരവധി മേഖലകളില്‍ ബുദ്ധിയും വിവേകവും ഉള്ളവര്‍ എന്ന പേരില്‍ ഒരുകാലത്ത് കേരളത്തില്‍ നിന്നും എത്തിപ്പെട്ടവര്‍ക്ക് വന്‍ സ്വീകരണംലഭിച്ചു. അത് നമ്മുടെ നാടിന്‍റെ സമ്പത്ത് വ്യവസ്ഥയെ എത്രമാത്രം താങ്ങി നിര്‍ത്തി എന്നത് ഒരു മലയാളിയും മറക്കരുത്.  അത് നമ്മുടെ അസ്തിത്വത്തിന്‍റെ വിലയാണ്. അതാണ് ഭാഷ മറക്കുമ്പോള്‍ നമ്മള്‍ നഷ്ടപ്പെടുത്തുന്നത്. മാതൃഭാഷ മാതാവിന്‍റെ ഭാഷ എന്ന അര്‍ത്ഥത്തില്‍ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉത്തമം മാതാവിനെ പോലെ സ്നേഹിക്കേണ്ടത് എന്ന അര്‍ത്ഥത്തില്‍ എടുക്കുന്നതല്ലേ ? അത് മാതൃനാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധമാണ് നില നിര്‍ത്തുന്നത് എന്ന തിരിച്ചറിവ് ഉണ്ടാക്കുവാന്‍ ഗൃഹസന്ദര്‍ശനത്തിന് ചെല്ലുന്ന ഓരോ പ്രവര്‍ത്തകനും കഴിയണം. 
മാതൃഭാഷ പഠിക്കുന്നത് വ്യക്തിത്വത്തിന്‍റെ വികസനവുമായി ചേര്‍ത്തുകാണണം എന്ന് ഓരോ മലയാളിയേയും മനസിലാക്കണം. അത് പകരം വെക്കുവാന്‍ ആകാത്ത ഒന്നാണ്. മുംബൈ മലയാളികളുടെ കുട്ടികളില്‍ നല്ലൊരു ശതമാനവും മലയാളം മിഷന്‍റെ പഠന പദ്ധതിയില്‍ എത്തിയിട്ടില്ല എന്ന് അനുമാനിച്ചുവേണം ഈ പദ്ധതിയെ കാണുവാന്‍. കാരണം മുബൈ മലയാളികളുടെ ശരിയായ കണക്കെടുപ്പ് ഇതുവരെ നടന്നിട്ടുണ്ടോ എന്നതുതന്നെ സംശയമാണ്. സമാജങ്ങളില്‍ അംഗത്വമെടുത്തവര്‍ ഒരുപക്ഷെ ആകെയുള്ള കുടിയേറ്റ മലയാളികളുടെ പകുതി പോലും കാണില്ല. ആദ്യകാലം കുടിയേറിയ മലയാളികളുടെ അടുത്തതും അതിന്‍റെ അടുത്തതുമായ തലമുറയാണ് ഇന്ന് മംബൈയില്‍ ഉള്ളത്. അതില്‍ത്തന്നെ മറ്റു ഭാഷക്കാരുമായുള്ള വിവാഹ ബന്ധവും ആഴത്തിലുള്ള സമ്പര്‍ക്കവും കൊണ്ട് മലയാളിത്വം ഏറെക്കുറെ ശിഥിലമായിക്കൊണ്ടിരിക്കുന്നു. നല്ലൊരു ശതമാനവും കലര്‍പ്പുള്ള സമൂഹമായി മാറി. അവരുടെ കുട്ടികള്‍ അത്ര എളുപ്പത്തില്‍ മലയാളഭാഷ പഠിക്കുവാന്‍  മുന്നോട്ടുവരില്ല. അവിടെയാണ് കേരളത്തില്‍ അന്യഭാഷാ തൊഴിലാളികള്‍ പോലും വലിയ താല്‍പര്യത്തോടെ മലയാള ഭാഷ പഠിക്കുന്നു എന്ന കാര്യം എടുത്തു പറയേണ്ടത്. ആസാം പെണ്‍കുട്ടിയായ ഹിമാദ്രി മാജിയുടെ കഥ മിക്ക പത്രങ്ങളിലും വന്നതാണ്. ഏതൊരു മലയാളിയേക്കാള്‍ നല്ല മലയാളം അവള്‍ പറയുന്നു. പന്മന രാമചന്ദ്രന്‍ ഫൗണ്ടേഷന്‍റെ 2016 ലെ നല്ലഭാഷ പുരസ്കാരം ഹിമാദ്രിക്കാണ് ലഭിച്ചത്. ഇന്ന് കേരളത്തിലുള്ള അന്യഭാഷക്കാര്‍ അനായാസേന മലയാളം പറയുന്നു. അപ്പോള്‍ മലയാളഭാഷ പഠിക്കുവാന്‍ അത്ര കാഠിന്യമുള്ളതല്ല. അത് ഉള്‍ക്കൊള്ളുവാന്‍ ഒരു മനസ്സുണ്ടായാല്‍ മതി. അത് ലളിതമായി ബോധ്യപ്പെടുത്തുക എന്നതായിരിക്കണം ഭവന സന്ദര്‍ശനത്തിന് ചെല്ലുന്ന ഭാഷാസ്നേഹികളായ പ്രവര്‍ത്തകരുടെ ദൗത്യം.  
ഗൃഹസന്ദര്‍ശനം ചെയ്യുന്നത് കുട്ടികളെ ഭാഷ പഠിപ്പിക്കുന്ന കാര്യം ഓര്‍മ്മപ്പെടുത്തുവാനൊ ബോധ്യപ്പെടുത്തുവാനൊ വേണ്ടി മാത്രം ആകരുത്.  അതിനുപരി 'നിങ്ങള്‍ക്കൊപ്പം ഞങ്ങളും ഉണ്ട് ഈ ചുറ്റുവട്ടത്ത്' എന്ന വലിയ ഒരു സന്ദേശം കൈമാറുവാന്‍ കൂടി ആയിരിക്കണം ആ സന്ദര്‍ശനങ്ങള്‍. "സുഹൃത്തേ, ഈ വലിയ നഗരത്തില്‍ നിങ്ങളെ അറിയുന്നവര്‍ വേറേയും ഉണ്ട്. നിങ്ങളുടെ സുഖദു:ഖങ്ങളില്‍ പങ്കു കൊള്ളുവാന്‍, നിങ്ങളേകുറിച്ച് സന്തോഷിക്കുവാന്‍, വേവലാതിപ്പെടാന്‍ ഞങ്ങളും കൂടെയുണ്ടാകും. നിങ്ങളുടെ കുട്ടികള്‍ ഈ മഹാനഗരത്തിലെ വലിയ തിരക്കിലൂടെ നടക്കുമ്പോള്‍   ശ്രദ്ധാവലയത്തിലാണ്..." ഇത്തരത്തില്‍ ചില നിശബ്ദ സന്ദേശങ്ങള്‍  പറയാതെ പറയുന്നുണ്ട്. അതുകൊണ്ട് ഇത് ഭാഷയില്‍ മാത്രം ഊന്നിയ ഒരു മുന്നേറ്റം ആയികാണരുത്. ഭാഷയുടെ ചിറകിലേറിയുള്ള മാനവികതയുടെ മുന്നേറ്റമായി കാണുക തന്നെ വേണം.
(മലയാള മനോരമ മെട്രോ - മുംബൈ )

Wednesday, May 30, 2018

മുനമ്പ്‌

















മുനമ്പ്‌
ഒരു കണ്ണുകൊണ്ടുദയം..
മറു കണ്ണാല്‍ അസ്തമയം..
ഒറ്റകാഴ്ചയില്‍ രണ്ടാഴികള്‍ 
മഹാസമുദ്രത്തെ  തൊട്ടുവണങ്ങുന്നു...
ത്രിവേണി സംഗമത്തില്‍ ബലിയിട്ടു
മുങ്ങുന്നവരുടെ തിരക്ക്...
കാക്കകള്‍ ദ്രാവിഡ ദേവതകളുടെ
ആടയാഭരണങ്ങള്‍ കൊത്തിപ്പറക്കുന്നു..
വലമ്പിരി ശംഖ്  വില്‍ക്കുന്ന  കറുത്ത പെണ്ണിന്‍റെ
മുക്കൂത്തിത്തിളക്കത്തില്‍  കണ്ണഞ്ചി !
മുനമ്പത്ത്  തിരകള്‍  എണ്ണിനില്‍ക്കുമ്പോള്‍
കിതച്ചു കൊണ്ടൊരു ശബ്ദം
കടല്‍പ്പരപ്പിലൂടെ  ഒഴുകി വന്നു..
"കര്‍മ്മ ബദ്ധമാണ് ജീവിതം
ധര്‍മ്മ മാര്‍ഗ്ഗം ധന്യം"
തിരികെ നടക്കുമ്പോള്‍
'ഭ്രാന്താലയത്തിലേക്കല്ലേ ?...'
എന്ന ചോദ്യം വ്യക്തമായി കേട്ടു.
തിരകളുടെ ശബ്ദം എത്താത്തിടത്ത്
എത്തിയിട്ടും ആ ചോദ്യം
ആരോ വീണ്ടും നെഞ്ചിലേക്ക്
കുത്തിയിറക്കുന്നു
ആ കറുത്ത  മുനമ്പ്‌...  കുത്തിയിറക്കുന്നു

Wednesday, May 2, 2018

യാത്രകളില്‍ ചിലപ്പോള്‍ സംഭവിക്കുന്നത്‌...

കഴിഞ്ഞൊരു ദിവസം, രാത്രിയുടെ വൈകിയ വേളയിൽ മുംബൈയ്ക്കുള്ള തീവണ്ടി കാത്ത് മഡ്ഗാവ് സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു. മേയ്മാസ ചൂടിനെ മറികടക്കുവാന്‍ ഫാന്‍ കറങ്ങുന്ന ഇടത്തിന് കീഴെയുള്ള ഇരിപ്പിടം തേടി കണ്ടുപിടിച്ചതാണ്. എനിക്കു പോകേണ്ട തീവണ്ടി എത്തുവാൻ ഇനിയും കുറേ സമയമുണ്ട്. ബാഗ് തുറന്ന് ഒരു പുസ്തകമെടുത്തു. അതിനിടെ ഒരാൾ അരികിൽ വന്നിരുന്നു. ആൾ സ്വയം പരിചയപ്പെടുത്തി. ശേഷം തീവണ്ടികൾ വൈകുന്നതിനെ കുറിച്ചുള്ള ഒരുപിടി  പരിഭവങ്ങൾ പറഞ്ഞു. കുറച്ചു നേരം അദ്ദേഹത്തിന് ചെവി നൽകിയ ശേഷം പുസ്തകത്തിലേക്കു മടങ്ങുവാൻ ശ്രമിച്ചു.

യു കെ കുമാരൻ സാറിന്‍റെ നോവല്‍ - തക്ഷൻകുന്ന് സ്വരൂപം. വായന രസം പിടിച്ചു വന്നതാണ്. ഒരു ദേശത്തിന്‍റെ  സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ഭൂവിലേക്ക് രാമര്‍ എന്ന കഥാനായകന്‍ എന്നെ കൈപിടിച്ചു കടത്തിക്കൊണ്ടു പോകുവാന്‍ തുടങ്ങുകയായിരുന്നു. അതിനിടെ,  അടുത്തിരുന്ന അദ്ദേഹം എന്നെ വീണ്ടും തോണ്ടി വിളിച്ചു. “എന്തിനു ഗോവയിൽ വന്നു ?”, “എത്ര ദിവസങ്ങൾ ഉണ്ടായിരുന്നു?”  തുടങ്ങിയ ഒരടുക്ക് ചോദ്യങ്ങളായിരുന്നു പിന്നെ.

ഒരുവിധം ഉത്തരങ്ങള്‍ നല്‍കി, വീണ്ടും പുസ്തകത്തിലേക്ക് മടങ്ങുവാൻ ശ്രമം നടത്തി. വീണ്ടും അദ്ദേഹം ചോദ്യം ഉതിര്‍ത്തു- “പുസ്തകവായന വലിയ ഇഷ്ടമാ അല്ലേ... നല്ല കാര്യമാണ്”  തുടർന്ന് തന്‍റെ  വായനയൊക്കെ സെൽഫോണിൽ മാത്രമാണെന്ന് കുറ്റസമ്മതവും നടത്തി. ശേഷം സ്വന്തം സെൽഫോണെടുത്ത് അതിലേക്കു കയറിപ്പോയി. രക്ഷപെട്ടു. ഇനി സ്വസ്ഥമായി വായിക്കാം എന്നു ഞാന്‍ കരുതി. എന്നാൽ അതെല്ലാം വെറുതെയായിരുന്നു. ആൾ ഫോണിൽ തപ്പിയെടുത്ത എന്തോ ഒന്നുമായി ഇടയിൽ ചാടിവീണു.

“ഇതു നോക്കു... എത്ര രസകരമായിരിക്കുന്നു.”

തികഞ്ഞ വെറുപ്പോടെ ഞാൻ അതിലേക്ക് പാളിനോക്കി. എന്തോ ഒരു തമാശ വീഡിയോക്ളിപ്പ്. “താങ്കൾ കണ്ടോളൂ. എനിക്കിതിലൊന്നും താൽപര്യമില്ല...” എന്നു പറഞ്ഞ് പുസ്തകത്തിലേക്ക് മടങ്ങുവാൽ ശ്രമം നടത്തി.

വലിയൊരു ചിരിയായിരുന്നു മറുപടി. ആ മനുഷ്യൻ തുടർന്നു-  “ഇതൊക്കെ കാണണം സഹോദരാ... കാലത്തിനൊത്ത് നമ്മൾ മാറണം. എന്തെല്ലാം നല്ല കാര്യങ്ങളാണ് ചെറിയ സന്ദേശങ്ങളായി ഈ ഫോണിൽ വരുന്നത്...”  

“ദയവായി താങ്കൾ എന്നെ വെറുതെ വിടൂ.. ഞാൻ ഈ നോവൽ വായിക്കട്ടെ..” പരമാവധി വിനയം വാക്കുകളിൽ വരുത്തി അറിയിച്ചു.

“എങ്കിൽ ഒരു കാര്യം ചെയ്യൂ.. നിങ്ങളുടെ വാട്ട്സാപ്പ് നമ്പർ പറയൂ.. ഞാൻ നല്ല കുറേയെണ്ണം അയച്ചു തരാം. നിങ്ങള്‍ക്ക് സമയം പോലെ കാണാല്ലോ...”

ഒരു നിമിഷം എന്‍റെ  കണ്ണുകളിൽ ഇരുട്ടു കയറി. ആ മനുഷ്യന്‍റെ  കഴുത്തിൽ രണ്ടു കൈകളും കൊണ്ടു മുറുക്കെപ്പിടിച്ച് ഉലച്ച് ട്രാക്കിലേക്ക് തള്ളുവാൻ തോന്നി. അതിനു നിയമം എന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കട്ടെ എന്ന വിചാരവും വന്നു.

പിന്നെ സ്വബോധം തിരികെക്കിട്ടി. എന്‍റെ ഫോണിൽ ഇത്തരം എത്ര സന്ദേശങ്ങൾ വരുന്നു! ഒരെണ്ണം തന്നെ എത്രവട്ടം..! ഞാനും കുറ്റവാളിയാണ്. പലതും അയച്ചിട്ടുണ്ട്. എത്ര രചനകളാണ് ഇങ്ങനെ പരക്കുന്നത്... എഴുത്തുകാരന്‍റെ പേരു പോലും ഇല്ലാതെ... ചിലത് നല്ലതും ആകാം. വിവരങ്ങള്‍ പങ്കു വെക്കുവാന്‍ ഇത്തരം നവ മാധ്യമങ്ങള്‍ ഉപകാരപ്രദമാണ് എന്നത് സത്യം. പക്ഷെ അത് പരിധി വിടുമ്പോള്‍ അസഹനീയം ആകും. അത്തരത്തില്‍ ആയിക്കഴിഞ്ഞു. നല്ല ലക്ഷ്യങ്ങള്‍ക്കായി രൂപം കൊടുത്ത നിരവധി ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ മലിനപ്പെടുന്നു. എത്ര അപേക്ഷിച്ചാലും ചിലര്‍ സന്ദേശങ്ങളെ തള്ളി വിടുകയാണ്. ഒരേ സന്ദേശം പലവട്ടം പല ഇടങ്ങളില്‍ വായിക്കുമ്പോള്‍ എന്ത് ചെയ്യും? ആവശ്യത്തിനും അനാവശ്യത്തിനും ആയി എത്ര ഗ്രൂപ്പുകള്‍. അതിനിടെ ഇതാ ഒരു അപരിചിതന്‍ എന്‍റെ നമ്പര്‍ ചോദിക്കുന്നു. ഞാന്‍ ഒന്നും മിണ്ടാതെ എഴുനേറ്റു നടന്നു. ഗോമന്തകം എന്ന നോവലിലെ ആകാശ് എന്ന ചെറുപ്പക്കാരന്‍ നടന്നുപോയ കാലടികള്‍ മങ്ങിയ വെട്ടത്തില്‍ ഞാന്‍ വീണ്ടും കണ്ടു.    

------------------------കണക്കൂര്‍ ആര്‍. സുരേഷ്കുമാര്‍     

Monday, February 19, 2018

തോറ്റവന്റെ കഥ (കവിത)


രാത്രിയുടെ നടുവില്‍
ബദാം മരക്കൊമ്പില്‍ പറന്നിറങ്ങിയ
ഒരു കടവാതില്‍
തൊട്ടുനിന്ന മാവിന്‍കൊമ്പില്‍
തൂങ്ങുവാനിരുന്നയാളോട്
വെറുതേ കുശലം ചോദിച്ചു.

കഴുത്തില്‍ ചുറ്റിയ കള്ളിമുണ്ടൊന്നയച്ച്
പിന്തിരിഞ്ഞിരുന്നയാള്‍
ജീവിതകഥ മുഴുവന്‍  വിളമ്പിയേക്കുമെന്ന്
കരുതി കടവാതില്‍
തോറ്റവന്‍റെ കഥകേട്ടു
സമയം കളയേണ്ടെന്നോര്‍ത്ത്
മുഴുത്തൊരു ബദാം
ചപ്പിത്തിന്നാന്‍ തുടങ്ങി.

തൊട്ടടുത്തൊരു മാവിന്‍കൊമ്പ്
കുലുങ്ങിയുലഞ്ഞു  നിശ്ചലമായി.

ഇനിയൊരു ദുരാത്മാവു കൂടി
ബദാം മരത്തില്‍ പറന്നെത്തുമെന്ന്
മരം കടവാതിലിനോട് 
അടക്കം പറഞ്ഞു.