Monday, May 18, 2020

റൈറ്റ് സൈസിങ്ങ് എന്ന ജീവിതശൈലി

ആര്‍ഭാടം നല്‍കുന്ന സുഖമെന്താണ്? കോറോണക്കാലത്ത് അല്ലെങ്കില്‍ കൊറോണാനന്തര കാലത്ത് ആഴത്തില്‍ ചിന്തിക്കേണ്ട ഒരു കാര്യമാണത്. രണ്ടും മൂന്നും വാഹനങ്ങളും ആവശ്യത്തിന്റെ രണ്ടിരട്ടി മുറികളുള്ള വീടുകളുമൊന്നും ഇന്നാരും ആര്‍ഭാടമായി കാണുന്നില്ല എന്നതാണത്ഭുതം. വീടു നിര്‍മ്മിക്കാന്‍ പദ്ധതി ഇടുമ്പോള്‍ത്തന്നെ പറമ്പു മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വീട് എല്ലാവരുടേയും മനസ്സില്‍ ഉണ്ടാകും. വിസ്താരമേറിയ മുറികള്‍. എല്ലാ മുറികള്‍ക്കും പ്രത്യേകം പ്രത്യേകം കുളിമുറി-കക്കൂസുകള്‍. എല്ലാ മുറികള്‍ക്കും ശീതീകരണി. ഇതൊക്കെ സാധാരണക്കാരന്റെ കൂടി ചിന്തയിലുള്ളതാണ്. അടുക്കള അടച്ചിട്ട് പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നത് പണ്ട് വല്ലപ്പോഴുമുള്ള ഒരു മാറ്റം എന്ന നിലയിലായിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം അച്ഛന്‍ മണ്ണഞ്ചേരിയിലെ മണ്ണാരപ്പിള്ളിയുടെ ചായക്കടയില്‍ നിന്നും വാങ്ങിക്കൊണ്ടുവരുന്ന പലഹാരങ്ങളുടെ രുചി ഓര്‍ക്കുന്നു. എന്നാല്‍ ഇന്ന് പലര്‍ക്കും അതൊരു സ്ഥിരം പരിപാടിയാണ്. എല്ലാ ദിവസവും വൈകുന്നേരം എണ്ണപ്പലഹാരം പൊതിഞ്ഞുകെട്ടി വീട്ടില്‍ കൊണ്ടുപോകുന്നവരുടെ ആധിക്യം കാരണം എല്ലാ മുക്കുകളിലും ഇത്തരം പലഹാരക്കടകള്‍ നിരവധി മുളച്ചു വരുന്നു. ഇറച്ചി, മീന്‍ , മദ്യം എന്നിവയുടെ ഉപയോഗം വളരെ വര്‍ദ്ധിച്ചു. കുറച്ചുനാള്‍ മുമ്പ്, തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിലേക്കു പോയ ഒരു യാത്ര ഓര്‍ക്കുന്നു. വഴിക്ക് ചായ കുടിക്കുവാനായി ഒരു കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ഞങ്ങള്‍ രണ്ടുപേര്‍ ചായയും പഴംപൊരി എന്നറിയപ്പെടുന്ന ഏത്തയ്ക്കയപ്പവും കഴിച്ചു. എത്രയെന്നു ചോദിച്ചപ്പോള്‍ ചായക്കടക്കാരന്‍ ഇരുപതു രൂപയെന്നു പറഞ്ഞു. വെറും ഇരുപതു രൂപ മാത്രം! മുംബൈയിലെ മലയാളിക്കടയില്‍ ഒരു ഏത്തയ്ക്കയപ്പത്തിനു മാത്രം ഇരുപതു രൂപ കൊടുക്കണം. അയാള്‍ക്കു തെറ്റിയതാകും എന്നുകരുതി നോക്കുമ്പോള്‍  കടയുടെ മുന്നിലെ വിലവിവരപ്പട്ടിക കണ്ടു. ചായ-അഞ്ചു രൂപ. ഏത്തയ്ക്കയപ്പം-അഞ്ചുരൂപ. വട-അഞ്ചുരൂപ. ഉപഭോഗം കൂടുമ്പോള്‍ വില കുറയുന്നു എന്ന പാഠം ഓര്‍മ്മ വന്നു. എണ്ണപ്പലഹാരങ്ങള്‍ക്ക് വില കുറയുന്നു. അതിനൊത്ത് നിരവധി പുതിയ ആശുപത്രികള്‍ മുളച്ചു പൊന്തുന്നു. ജീവിതശൈലീരോഗങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം കൂടുന്നുണ്ടല്ലോ? സത്യത്തില്‍ ആര്‍ഭാട ജീവിതം നമ്മളെ കബളിപ്പിക്കുകയല്ലേ? ചെറിയ ദൂരം പോലും നടന്നു പോകാതെ വാഹനത്തില്‍ പോകുന്ന നമ്മള്‍ നമ്മെത്തന്നെ കബളിപ്പിക്കുകയാണ്. നടക്കുവാനുള്ള കഴിവ് മെല്ലെ ചിലര്‍ക്കു നഷ്ടപ്പെട്ടുപോയാല്‍ അതിശയപ്പെടേണ്ടതില്ല.  ശീതീകരണി സ്ഥിരമായി ഉപയോഗിച്ചു ശീലിക്കുന്നവര്‍ മെല്ലെ അതിന് അടിമപ്പെടുന്നു. തണുപ്പുകാലത്തു പോലും ആ യന്ത്രത്തിന്റെ മുരളിച്ച കേള്‍ക്കാതെ അവര്‍ക്ക് ഉറങ്ങാനാവില്ല. ഇങ്ങനെ പുതിയ ജീവിത ശൈലിയില്‍ നിരവധി കാര്യങ്ങള്‍ അനാവശ്യമായി നമ്മള്‍ ഏറ്റെടുക്കുന്നുണ്ട്. അവയെ മെല്ലെ ഒഴിവാക്കി ശീലിക്കുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്. ഇതിനെ റൈറ്റ് സൈസിങ്ങ് എന്ന് മാനേജുമെന്റ് സയന്‍സില്‍ വിളിക്കുന്നു.

റൈറ്റ് സൈസിങ്ങ് എന്ന മാനേജുമെന്റ് ഉപകരണം കമ്പനികള്‍ കാലാകാലങ്ങളായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ്. സ്ഥാപനങ്ങള്‍ അവരുടെ കമ്പനിയെ പുന:ക്രമീമരണം ചെയ്ത് ചെലവു ചുരുക്കുന്നു. കാലാകാലങ്ങളായി ഉപയോഗ ശൂന്യമായും അവശ്യമില്ലാതെയും കിടന്ന വസ്തുക്കളെ ഒഴിവാക്കുന്നു. അതിലൂടെ അത്തരം ഉപകരണങ്ങളുടെ പരിപാലനത്തിനായി ചെലവാക്കുന്ന വലിയൊരു തുക ലാഭിക്കാന്‍ കമ്പനികള്‍ക്കു കഴിയുന്നു. അസംസ്‌കൃത വസ്തുക്കളുടെ സംഭരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നു. ആവശ്യമില്ലാത്ത തൊഴിലാളികളെ ഒഴിവാക്കുന്നു എന്നതാണ് റൈറ്റ് സൈസിങ്ങിന്റെ ഒരു കറുത്ത വശം. സീനിയര്‍ മാനേജുമെന്റിലുള്ളവര്‍ക്കു വരെ ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെടാം. പക്ഷെ കമ്പനികള്‍ക്കു നിലനില്‍ക്കണമെങ്കില്‍ ഇത് മിക്കപ്പോഴും അനിവാര്യമാണ്. അതുപോലെ മനുഷ്യന്റെ ജീവിതത്തിലും  ഇത്തരത്തില്‍ കൃത്യമായ പരിമാണപ്പെടുത്തലിനു വലിയ സാധ്യതയാണുള്ളത്. കൊറോണ വൈറസിന്റെ വ്യാപനക്കാലത്തും അതിനു ശേഷമുള്ള കാലത്തും മനുഷ്യര്‍ക്ക് ഉണ്ടാകുന്ന പുതുചിന്തകളില്‍ ഈ കാര്യവും ഉള്‍പ്പെടുമെന്നു വിശ്വസിക്കാം. ഒരോരുത്തര്‍ക്കും എന്താണ് ആവശ്യമെന്ന് കൃത്യമായി കണ്ടെത്തുക വളരെ പ്രധാനപ്പെട്ട ഒന്നാണ്. അണുകുടുംബങ്ങള്‍ തീര്‍ക്കുന്ന ഇന്നത്തെ വ്യവസ്ഥയില്‍ റിട്ടയര്‍മെന്റ് ജീവിതത്തില്‍ മിക്കവാറും ഗൃഹനാഥനും ഭാര്യയും മാത്രമായിരിക്കും അവശേഷിക്കുക. മക്കള്‍ അവരുടെ അണുകുടുംബത്തിലേക്കു മാറും. അങ്ങനെ ജീവിയ്ക്കാന്‍ കൊട്ടാരം പോലുള്ള വീട് ഉണ്ടാക്കണമോ എന്ന് രണ്ടു വട്ടം ആലോചിക്കണം. നാളെ അത് വൃത്തിയാക്കി ഇടുന്നതു പോലും വലിയ ബുദ്ധിമുട്ടാകരുത്. അതുപോലെ ഒന്നിലേറെ വാഹനങ്ങള്‍ ആദ്യം വലിയ നേട്ടമാണെന്നു തോന്നുമെങ്കിലും മെല്ലെ അതൊരു ബാധ്യതയായി മാറുമെന്ന തിരിച്ചറിവ് വേണം. മെച്ചെപ്പെട്ട പൊതുഗതാഗത സൗകര്യമുള്ള നമ്മുടെ രാജ്യത്ത് ഒട്ടുമിക്ക അവശ്യങ്ങള്‍ക്കും ആ സൗകര്യം ഉപയോഗിക്കാവുന്നതേയുള്ളു. ഇപ്പോള്‍ ശീതീകരണി ഘടിപ്പിച്ച ബസ്സുകള്‍ പോലും നഗരങ്ങളിലെ നിരത്തുകളില്‍ ധാരാളമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെ പണച്ചെലവും കുറയ്ക്കാം. എങ്കിലും ചെറിയ ദൂരങ്ങള്‍ക്കും കാര്യങ്ങള്‍ക്കുമായി സ്വന്തം വാഹനവും കൊണ്ട് നിരത്തിലിറങ്ങുന്നത് സാമൂഹ്യ ദ്രോഹമാണ്. വീട്ടില്‍ ആവശ്യമുള്ള ഗൃഹോപകരണങ്ങള്‍ മാത്രം വാങ്ങുക. വമ്പിച്ച വിലക്കിഴിവും മറ്റ് ഓഫറുകളുമൊക്കെ കണ്ട് അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാവുന്നതാണ്. റൈറ്റ് സൈസിങ്ങ് ഏറ്റവും ഫലപ്രദം ആഹാര കാര്യങ്ങളിലാണ്. ചന്തയില്‍ നിന്നും കണ്ണില്‍ കണ്ടതൊക്കെ വലിച്ചു വാരി വാങ്ങിക്കൂട്ടുന്നത് ഉപേക്ഷിക്കണം. പലപ്പോഴും അതില്‍ പകുതിയും ചീഞ്ഞ് ഉപയോഗശൂന്യമാകുന്നതു കാണാം. ഏറ്റവും ആവശ്യമായതു മാത്രം വാങ്ങുക. പ്രകൃതിയിലെ എല്ലാ സാധനങ്ങളും അത്യാവശ്യത്തിനു മാ്രതം ഉപയോഗിക്കാനുള്ളതാണ് എന്ന തിരിച്ചറിവാണു മുഖ്യം. ജലത്തിന്റെ ഉപയോഗത്തിലാണ് ഏറെ ശ്രദ്ധ വേണ്ട മറ്റൊരു കാര്യം. എത്രമാത്രം വെള്ളമാണ് നമ്മള്‍ നിത്യവും പാഴാക്കുന്നത് എന്നു ശ്രദ്ധയോടെ പരിശോധിക്കുക. പ്രത്യേകിച്ചും പൊതുസ്ഥലങ്ങളിലും ഓഫീസുകളിലുമൊക്കെ വെള്ളം ധൂര്‍ത്തടിച്ച് ഉപയോഗിക്കുന്ന വൈകല്യം പലര്‍ക്കുമുണ്ട്. ഭൂമിയിലെ മനുഷ്യവാസ മേഖലകളില്‍ നല്ലൊരു ഭാഗവും ജലദൗര്‍ലഭ്യത്തിന്റെ ദുരിതങ്ങള്‍ പേറുന്നുണ്ടെന്ന കാര്യം അപ്പോള്‍ നമ്മളോര്‍ക്കുന്നില്ല.  

ഓരോ വ്യക്തിയുടെയും ജീവിതശൈലി നമ്മുടെ പ്രകൃതിയെ ആഴത്തില്‍ സ്വാധീനിക്കുന്നു എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ജീവിതശൈലിയില്‍ റൈറ്റ് സൈസിങ്ങ് തത്ത്വങ്ങള്‍ സ്വീകരിക്കണം. ഈ പ്രകൃതിയില്‍ നിന്നും ഏറ്റവും കുറച്ചു മാത്രമെ ഞാന്‍ ഉപയോഗിക്കു എന്ന് പ്രതിജ്ഞയാണ് ആദ്യം വേണ്ടത്. വെള്ളം ഉപയോഗിക്കുമ്പോള്‍, പേപ്പര്‍ ഉപയോഗിക്കുമ്പോള്‍, പാചകവാതകം ഉപയോഗിക്കുമ്പോള്‍, വൈദ്യുതി ഉപയോഗിക്കുമ്പോള്‍, പെട്രോളും ഡീസലും കത്തിക്കുമ്പോള്‍ നമ്മള്‍ ഈ ചിന്തയിലൂടെ കടന്നു പോകണം. ഇതെനിക്കു വേണോ, ഇത്രയും വേണോ എന്ന ചിന്ത. ധനസ്ഥിതി മെച്ചപ്പെട്ടവര്‍ക്കാണ് റൈറ്റ് സൈസിങ്ങ് ജീവിത ശൈലി ഏറ്റവും നല്ലവണ്ണം ഉപയോഗിക്കാവുന്നത്. പണം കയ്യിലുള്ളവര്‍ക്ക് എന്തും വാങ്ങിമുടിക്കാമെന്ന ചിന്ത വെടിയണം. പാവങ്ങള്‍ക്കും കൂടി അര്‍ഹമായ വിഹിതമാണ് എല്ലാമെന്ന ചിന്ത ഉള്‍ക്കൊണ്ടാല്‍ ധൂര്‍ത്ത്  ഒരു പരിധി വരെ ഒഴിവാക്കാം. ഉപേക്ഷിക്കാന്‍ കഴിയുന്നവയൊക്കെ ഉപേക്ഷിക്കാം. ഈ ലോക്ക്ഡൗണ്‍ കാലം അങ്ങനെ നമ്മള്‍ എന്തെല്ലാം ഉപേക്ഷിച്ചു എന്ന തിരിഞ്ഞുനോട്ടം ഏറെ നല്ലതാണ്. മദ്യമില്ലാതെ ജീവിച്ചു. യാത്രകള്‍ ഒഴിവായി. ധാന്യവും പച്ചക്കറികളും അത്യാവശ്യത്തിനു മാത്രമായി ഉപഭോഗിച്ചു. ഈ ശീലം കുറേയൊക്കെ ജീവിതചര്യയുടെ ഭാഗമാക്കാം. ആര്‍ഭാടം സുഖമല്ല, പലപ്പോഴും ബാധ്യതയാണ് ഉണ്ടാക്കുന്നത് എന്ന തിരിച്ചറിവ് കുറേ ആളുകള്‍ക്കെങ്കിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.  

(Published in Goa Malayali Newspaper on 17th May 2020) 

5 comments:

  1. നല്ല ലേഖനം.
    ശീലിച്ചതിൽനിന്ന് പിന്തിരിയാനാണ് ഇനിയോരോരുത്തർക്കും വിഷമമുണ്ടാവുക.
    ആശംസകൾ സാർ

    ReplyDelete
  2. ശ്രദ്ധേയമായ വാക്കുകൾ..ശരിയാണ് ഈ ലോക്ക്ഡൗണിൽ ശീലിച്ചത് ആജീവനാന്തം ഒരു ശീലമാക്കണം..എല്ലാവരെയും ഒരുപോലെ കാണാനും മനസ്സിലാക്കാനും പഠിക്കണം..ഉള്ളവൻ ഇല്ലാത്തവന് പങ്കിടണം..

    ReplyDelete
  3. നന്ദി..
    @Cv Thankappan
    @ആറങ്ങോട്ടുകര മുഹമ്മദ്‌

    ReplyDelete
  4. അതെ ഇനിയും  നമുക്ക് ഇപ്പോൾ ശീലിച്ച പുതിയ ശീലങ്ങൾ ഫലവത്താക്കാം ...

    ReplyDelete
  5. tHANKS Muralee... കുറച്ചു നാൾ കഴിയുമ്പോൾ നമ്മൾ കുറെയൊക്കെ മറക്കും. പലതും പഴയപടിയാകും...

    ReplyDelete