നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാനാകാത്ത കേവലം രോഗാണുക്കളെ ഭയന്നു മനുഷ്യരെല്ലാം അടച്ചിരിക്കേണ്ട അവസ്ഥ എന്നെങ്കിലും വരുമെന്നു നമ്മളാരും കരുതിയിരുന്നില്ല. എന്നാല്‍ അതു സംഭവിച്ചു. ഇരുപത്തൊന്നു ദിവസത്തെ ലോക്ക് ഡൗണ്‍ െകാണ്ടു ഫലം കാണാതെ വീണ്ടും മെയ് മാസം മൂന്നാംതീയതി വരെ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ് ഭാരതത്തില്‍. സാമൂഹിക അകലം പാലിക്കുക എന്നതു രോഗപ്പകര്‍ച്ചക്കെതിരെ ഒരു പുതിയ ആയുധമല്ല. മൂന്നിലോ നാലിലോ പഠിക്കുന്ന കാലത്ത് ഞാന്‍ പഠിച്ച തമ്പകച്ചുവട് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌ക്കൂളിലെ ഒരു അദ്ധ്യാപകന്‍ സാമൂഹിക അകലം എന്ന ആശയം പ്രാവര്‍ത്തികമാക്കിയ സംഭവം ഇന്നും ഓര്‍മ്മയിലൂണ്ട്. ഒരു ചെക്കന്‍ നല്ല പനിയും ചുമയുമായി ക്‌ളാസ്സില്‍ വന്നതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. അദ്ധ്യാപകന്‍ ക്‌ളാസ്സിന്റെ പിന്നിലേക്ക് ഒരു ബഞ്ചു മാറ്റിയിടീച്ച് അവനെ ഒറ്റയ്ക്കു അതിലിരുത്തി. പനി മറ്റുള്ളവര്‍ക്കു പകരേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ഉച്ചയോടെ അവന്‍ വീട്ടിലേക്കു മടങ്ങിപ്പോയി. എന്നാല്‍ അടുത്ത ദിവസം രാവിലെ അവന്റെ അച്ഛനാണു സ്‌ക്കൂളിലെത്തിയത്. മകനെ മാറ്റിയിരുത്തി അപമാനിച്ചതിന് അദ്ധ്യാപകനെ തെറിവിളിച്ചുകൊണ്ടായിരുന്നു വരവ്. ജാതിയും മതവുമൊക്കെ കൂട്ടത്തില്‍ പറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ പ്രീയപ്പെട്ട അദ്ധ്യാപകന്‍ അപമാനിതനായി തലകുനിച്ചു നിന്നു. അവസാനം മറ്റു കുട്ടികള്‍ക്കു രോഗം വരരുത് എന്നു കരുതി നല്ലകാര്യം ചെയ്ത അദ്ദേഹം ആ വിവരംകെട്ട അച്ഛനോടു മാപ്പു പറയേണ്ടിവന്നു. ഇതാണു സാധാരണക്കാരനു സാമൂഹിക അകലം എന്ന ആശയത്തോടു പൊതുവായുള്ള സമീപനം. കടകളുടെ മുമ്പില്‍ നിശ്ചിത അകലത്തില്‍ വരി നില്‍ക്കുവാന്‍ പറയുമ്പോള്‍ കച്ചവടക്കാരനോടു തട്ടിക്കയറുന്നു. ഒരാവശ്യവുമില്ലാതെ വാഹനമെടുത്ത് പൊതു നിരത്തില്‍ കറങ്ങി നടക്കുന്നു. പോലീസ് പട്രോളിങ്ങും ഡ്രോണ്‍ ക്യാമറയും വേണ്ടി വരുന്നു ജനത്തെ അടക്കിയിരുത്തുവാന്‍. എന്തുകൊണ്ടാണ് അടച്ചിരിക്കുക എന്ന ആശയവുമായി നമുക്ക് പൊരുത്തപ്പെടാന്‍ ആകാത്തത് ? സ്വതന്ത്രമായ നടക്കാനുള്ള അഭിവാഞ്ഛയെ തടയുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണിത് എന്നു കരുതിയാല്‍ തെറ്റി. ഇതു പരദ്രോഹത്തിനായുള്ള ചിലരുടെ അദമ്യമായ ആഗ്രഹമാണ്. പൊതുബോധത്തിനെതിരെ ചലിക്കാനുള്ള ചിന്തയുടെ ബാക്കിയാണ്. ഇത്തരം കരിങ്കാലികളെ നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റു. ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞാലും നമ്മള്‍ ഇവരെ ഭയക്കണം.
പുറത്തിറങ്ങാനാകാതെ വീടിനുള്ളില്‍ അടച്ചിരിക്കുമ്പോള്‍ സ്വാഭാവികമായും നേരിടുന്ന പല പ്രശ്‌നങ്ങളുമുണ്ട്. മതില്‍ക്കെട്ടിലെ വീടുകളില്‍ കഴിയുന്നവര്‍ക്കു ലോകം പൊടുന്നനെ ചുരുങ്ങുന്നു. സെല്‍ഫോണും ടെലിവിഷനുമൊക്കെ ഉണ്ടെങ്കിലും കുറ്റിയില്‍ കെട്ടിയ പശുവിനെ പോലെ ഒരേയിടത്തില്‍ ചുറ്റിനടക്കുമ്പോള്‍ ഉണ്ടാകുന്ന മുരടിപ്പു വലിയൊരു പ്രതിസന്ധിയാകും. കണ്ട കാഴ്ചകള്‍ തന്നെ വീണ്ടും കണ്ടുകൊണ്ടിരിക്കുവാന്‍ വിധിക്കപ്പെടുകയാണ് അവര്‍. ഇനി നഗരങ്ങളില്‍ ബഹുനില ഫ്‌ളാറ്റുകളില്‍ താമസ്സിക്കുന്നവരുടെ കാര്യമെടുക്കാം. അവര്‍ മണ്ണിലിറങ്ങാതെ, അടച്ച മുറികളിലെ ജീവിതം കുറച്ചുകൂടി പരിശീലിച്ചവരാണ്. എങ്കിലും ആഴ്ചകള്‍ നീണ്ട കൂട്ടിലിരിപ്പ് അവരെയും ബാധിക്കും. അടച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഈ പ്രതിസന്ധികളെ നേരിടുവാന്‍ സോഷ്യല്‍ മീഡിയയെ ഒരു പരിധിവരെ ഉപയോഗിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി കുറിപ്പുകള്‍ പോസ്റ്റു ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു. വായനയിലും എഴുത്തിലും താല്‍പര്യമുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചു. അവര്‍ക്കു പോലും കാര്യമായ വായനയും എഴുത്തും സാധ്യമാകുന്നില്ല. ലോകത്താകെമാനം നടക്കുന്ന സംഭവങ്ങളുടെ വാര്‍ത്തകള്‍ അവരെയൊക്കെ ബാധിച്ചിരിക്കുന്നു. ടെലിവിഷനിലെ ചാനല്‍ചര്‍ച്ചകളിലും ഉടക്കി കിടക്കുകയാണവര്‍. വാര്‍ത്തകളിലെ ഗ്രാഫുകളില്‍ ഉയര്‍ന്നു പോകുന്ന രോഗബാധയേറ്റവരുടെയും മരിച്ചവരുടെയും കണക്കുകള്‍ കണ്ട ഭീതി ആരെയും വിട്ടുമാറുന്നില്ല. എങ്കിലും വായിക്കാതെ മാറ്റിയിട്ട ചിലതൊക്കെ വായിച്ചു തിര്‍ത്തവരുണ്ട്.
ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വന്ന നിയന്ത്രണങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്തിന്റെ മറ്റൊരു സാമൂഹ്യപാഠമാണ്. വലിയ ആരാധനാലയങ്ങളില്‍ പോലും ആളൊഴിഞ്ഞതു വലിയൊരു സംഭമാണ്. ക്രിസ്ത്യാനികളുടേയും ഹിന്ദുക്കളുടേയും വളരെ വിശേഷപ്പെട്ട ചില ഉത്സവങ്ങള്‍ ഈ സമയത്തു കടന്നുപോയി. ദൈവങ്ങളുടെ കാര്യം നമുക്കു വിടാം. എന്നാല്‍ ഇത്തരം വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന വലിയൊരു വിഭാഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടായത്. ചെറുകിട കച്ചവടക്കാര്‍ മുതല്‍ പന്തലിടുന്നവരും അലങ്കാരപ്പണികള്‍ ചെയ്യുന്നവരും കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരുമൊക്കെ ഉള്‍പ്പെട്ട വലിയൊരു സംഘത്തിനാണ് ഇതുമൂലം നഷ്ടമുണ്ടായത്. ഈ മാസങ്ങളില്‍ വിവാഹങ്ങള്‍ തീരുമാനിച്ചവയൊക്കെ മാറ്റിവെക്കപ്പെട്ടു. പക്ഷെ മരണാനന്തര ചടങ്ങുകള്‍ മാറ്റിവെക്കാന്‍ കഴിയില്ല. വേണ്ടപ്പെട്ടവരുടെ വിയോഗമറിഞ്ഞിട്ടും ചെന്നെത്താന്‍ പറ്റാതെ വിഷമിച്ച നിരവധി സംഭവങ്ങള്‍ കേട്ടു. ചടങ്ങുകളിലെ ആള്‍ക്കൂട്ടം നമുക്കു വലിയൊരു ശീലമായിരുന്നു. ആ ശീലത്തിനാണ് ഇപ്പോള്‍ അടി പറ്റിയത്. എല്ലാം സാധാരണ ഗതിയിലായാലും ഈ ശീലങ്ങള്‍ കുറച്ചൊക്കെ തുടരുമെന്നു കരുതാം. അനാവശ്യമായ ചില ആര്‍ഭാടങ്ങള്‍ മലയാളികള്‍ കുറയ്‌ക്കേണ്ടതുണ്ട്. പുരോഹിതന്‍മാരും പൂജാരികളുമല്ല ഇപ്പോള്‍ നമ്മള്‍ക്കു വേണ്ടി കഷ്ടപ്പെട്ടത് എന്നത് ഈ ലോക്ക്ഡൗണ്‍ കാലത്തെ വലിയൊരു തിരിച്ചറിവായിരുന്നു. നമ്മള്‍ അടച്ചിരിക്കുമ്പോഴും രോഗബാധിതരുമായി അടുത്ത് ഇടപഴകേണ്ടി വന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രികളിലെ ശുചീകരണ തൊഴിലാളികളുമൊക്കെ ആണിപ്പോള്‍ യഥാര്‍ത്ഥ ഹീറോകള്‍. അവര്‍ക്കത് അവരുടെ ജോലിയുടെ ഭാഗമായിരുന്നു. ഇതൊക്കെ കൈകാര്യം ചെയ്യുവാന്‍ പരിശീലനം കിട്ടിയവരാണെങ്കിലും ഈ രോഗത്തിന്റെ പ്രത്യേകത കൊണ്ടും അധികൃതരുടെ ചില അനാസ്ഥകൊണ്ടും മുംബൈ പോലുള്ള മെട്രൊ നഗരങ്ങളില്‍ അവരൊക്കെ വളരെ അപകടം പിടിച്ച സ്ഥിതിയിലാണുള്ളത്. ആരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ നിന്നും ആശുപത്രിയിലെത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, ആശുപത്രികളിലെ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍ തുടങ്ങി വലിയൊരു വിഭാഗം ഇതില്‍ പെടുന്നു. ഇതിനു പുറമെയാണ് അവശ്യ സര്‍വീസുകാരായ ഒട്ടനവധി ജീവനക്കാര്‍. പോലീസുകാരും സെക്യൂരിറ്റി ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും വൈദ്യുത നിലയങ്ങളിലെ ജീവനക്കാരും മരുന്നു കമ്പനികളിലെ തൊഴിലാളികളും പാല്‍ വതരണം പോലെയുള്ള അത്യാവശ്യ സര്‍വീസുകള്‍ നടത്തുന്നവരുമെല്ലാം ഇതില്‍ പെടും. സത്യത്തില്‍ രാജ്യം മുഴുവന്‍ അടച്ചിരിക്കുമ്പോള്‍ രാജ്യസേവനം ചെയ്യുന്ന ഇവരൊക്കെയാണ് നമ്മുടെ ശരിയായ അഭിമാന താരങ്ങള്‍. ഒരു ഡെമോക്രാറ്റിക്ക് രാജ്യമെന്ന നിലയില്‍ ഭാരതജനതയുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനം ഈ മഹാമരിയിയെ നല്ലൊരു പരിധി വരെ പിടിച്ചു നിര്‍ത്തുന്നതില്‍ വിജയിച്ചു. കേരളവും ഗോവയുമൊക്കെ കൊറോണയില്‍ നിന്നും മെല്ലെ മുക്തി നേടി വരികയാണ്. ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഈ കൊച്ചു സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാകുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും പരസ്പരം വിശ്വാസത്തില്‍ വന്നതാണ് ഇതിന്റെ പിന്നിലെ ശക്തി.
അപ്രതീക്ഷിതമായ ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ വിവധ ഭാഗത്തു പെട്ടുപോയ അനേകം പേരുണ്ട്. തൊഴില്‍ സംബന്ധമായും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെ പോയവര്‍ ഇതില്‍പ്പെടും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സമ്പൂര്‍ണ്ണമായി വാഹന ഗതാഗതം നിലയ്ക്കില്ല എന്നു കരുതിയവരാണ് ഇതില്‍ ചിലര്‍. എന്നാല്‍ തീവണ്ടിഗതാഗതവും വ്യോമമാര്‍ഗ്ഗവും പൂര്‍ണ്ണമായി അടച്ചപ്പോള്‍ ഇവരില്‍ പലരും ശരിക്കും പെട്ടുപോയി. പണ്ടു നാട്ടില്‍ ഹര്‍ത്താലില്‍ പെട്ടുപോകുന്നതു പോലെയല്ല ഇവിടെ സംഗതികള്‍. ഭക്ഷണം പോലുമില്ലാതെ പലരും ബുദ്ധിമുട്ടി. പ്രവാസി സമാജങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഗുണങ്ങള്‍ ഇപ്പോഴാണ് ചിലര്‍ക്കെങ്കിലും മനസ്സിലായത്. മലയാളി സമാജങ്ങളേയും കുട്ടായ്മകളേയും പുച്ഛിച്ച ചിലരുടെയെങ്കിലും കണ്ണുകള്‍ ഇതിനകം തുറന്നിട്ടുണ്ടാകണം. സര്‍ക്കാരിനോടു സഹകരിച്ചുകൊണ്ടു നല്ല രീതിയില്‍ സാമൂഹിക സേവനങ്ങള്‍ ചെയ്യുന്ന അവരൊക്കെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. എന്നാല്‍ ക്യാമറയുടെ മുന്നില്‍ സാമൂഹ്യപ്രവര്‍ത്തനം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ക്കും ഇതു ചാകരക്കാലമാണ്. സഹായങ്ങള്‍ നല്‍കുന്നതിന്റെ ചിത്രങ്ങള്‍ എടുത്തു ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ ഇടുന്നതു കാണാം. ഇവരുടെ സഹായം കൈകൊണ്ടു മാത്രമാണ്, മനസ്സുകൊണ്ടല്ല. ലോക്ക്ഡൗണ്‍ കാലത്തു നേരിട്ട മറ്റൊരു വലിയ പ്രശ്‌നം, ഓണ്‍ലൈനില്‍ സൗജന്യ ഉപദേശങ്ങള്‍ നല്‍കുന്ന ഉപദേശികളാണ്. അടച്ചിരിക്കുമ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ കാണാന്‍ വിധിക്കപ്പെട്ട ചിലരൊക്കെ ഇവരുടെ ചതിക്കുഴിയില്‍ വീണുപോയിട്ടുണ്ടാകും. അത്തരം ഓണ്‍ലൈന്‍ ചാനലുകളും മുറിവൈദ്യന്‍മാരും വൈറസ്സുകളെ പോലെ വെറുക്കപ്പെടേണ്ടവരാണ്. അവരുടെ കപട ഉപദേശങ്ങള്‍ക്കു ചെവി കൊടുക്കുന്നത് ഏറെ അപകടമാണ്. ചിലപ്പോള്‍ കൊറോണയേക്കാള്‍ മാരകവുമാണ്. ശുചിത്വത്തെ കുറിച്ചുള്ള തിരിച്ചറിവാണ് മറ്റൊരു പാഠം. വൃത്തിയും വെടിപ്പും എന്താണെന്നും അതിന്റെ പ്രാധാന്യമെന്തെന്നും ചെറിയ ക്‌ളാസ്സുകളില്‍ നാം പഠിച്ചതാണ്. ഭക്ഷണം കഴിക്കുന്നതിനു മുമ്പു കൈ കഴുകണം. യാത്ര കഴിഞ്ഞു വന്നാല്‍ മുഖവും കൈകളും കാലുകളും കഴുകി വേണം അകത്തു കയറുവാന്‍. നിത്യവും കുളിച്ചു ദേഹശുദ്ധി വരുത്തണം എന്നൊക്കെ പണ്ടേ മുതിര്‍ന്നവര്‍ പറഞ്ഞു തന്നതാണ്. പക്ഷെ അതൊക്കെ നമ്മള്‍ മറന്നു പോയിരുന്നു. വഴിയോര ഭക്ഷണശാലകളില്‍ തുറന്നു വെച്ച ഭക്ഷണം കൈ കഴുകാതെ കഴിക്കുന്നതില്‍ നമ്മള്‍ മോശമായൊന്നും കണ്ടില്ല. പുറത്തിട്ടുകൊണ്ടുവന്ന ചെരുപ്പഴിക്കാതെ വീട്ടിനുള്ളില്‍ കയറാന്‍ നമ്മള്‍ മടിച്ചില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ശുചിത്വത്തെ കുറിച്ചു വാതോരാതെ സംസാരിക്കുന്നു എന്നത് ബഹുരസം തന്നെ. രാസവസ്തുക്കള്‍ കലര്‍ന്ന പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകണം എന്നു മുന്‍പു പറഞ്ഞതാണ്. എന്നാല്‍ ഇപ്പോഴാണ് അതെല്ലാവരും പ്രാവര്‍ത്തികമാക്കിയത്. അതുപോലെ പച്ചക്കറികളും പലചരക്കുകളും ലഭിക്കുന്നതിനു നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ ഉള്ളതുകൊണ്ട് കഴിയുവാന്‍ നാം നിര്‍ബന്ധിതരായി. കുട്ടികള്‍ക്ക് ഫാസ്റ്റു ഫുഡെന്ന പേരില്‍ അറിയപ്പെടുന്ന ജങ്കു ഭക്ഷണങ്ങള്‍ കിട്ടിയില്ല എങ്കിലും കുഴപ്പമില്ല എന്നായി. മദ്യം ഉപയോഗിച്ചു പഴകിയ പലര്‍ക്കും മദ്യമില്ലാതെയും കഴിയാം എന്ന തിരിച്ചറിവ് ഉണ്ടായതു മറ്റൊരു പ്രധാന കാര്യമാണ്. വീട്ടലിരിക്കുമ്പോള്‍ ജനലിന്റെ അഴികളെണ്ണിയും തറയിലെ ടൈല്‍സെണ്ണിയും സമയം കളയുന്ന തമാശ വീഡിയോകള്‍ കണ്ടുകാണും. ഇതു വെറും ടിക്ക്‌ടോക്ക് തമാശകളല്ല. ചിലരെങ്കിലും വീടിന്റെ ചില ഭാഗങ്ങള്‍ വ്യക്തമായി കണ്ടത് ഈ കാലഘട്ടത്തിലാകും.
ചൈനയിലെ വുഹാന്‍ നഗരത്തിലെ ഹുവാനന്‍ സമുദ്രോത്പന്ന ചന്തയിലെ വൈ ഗുയ്ഷിയാന്‍ എന്ന ചെമ്മീന്‍ കച്ചവടക്കാരിയില്‍ 2019 ഡിസംബറില്‍ അദ്യം സ്ഥിരീകരിച്ച കൊറോണ എന്ന രോഗം മാസങ്ങള്‍ക്കകം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പകര്‍ന്നു പിടിച്ചതിന്റെ കാരണങ്ങള്‍ പലതാണ്. ആഗോളവത്കരണത്തിനെ തുടര്‍ന്നു മാറിമറിഞ്ഞ ലോകവിപണിയില്‍ ഇന്നു നിലവിലുള്ള സാഹചര്യങ്ങളാണ് ഒരു പ്രതി എന്നതില്‍ തര്‍ക്കമില്ല. പുതിയ സാമ്പത്തികവും രാഷ്ട്രീയവുമായ നയങ്ങള്‍ അതിനുമാത്രം ലോകവിപണിയെ മാറ്റിമറിച്ചു കഴിഞ്ഞു. ഭൂഗോളത്തില്‍ എവിടെയുമുള്ള ബ്രാന്‍ഡുകള്‍ വാങ്ങിക്കാന്‍ കഴിയുന്നതില്‍ നമ്മള്‍ അഹങ്കരിച്ചു. ഇത്തരത്തില്‍ ലോക വിപണി നമുക്കു തുറന്നു കിട്ടുമ്പോള്‍ ബോണസ്സായി ഇത്തരം ചില രോഗങ്ങള്‍ വരുമെന്നു നാമിപ്പോള്‍ തിരിച്ചറിയുകയാണ്. എന്നിട്ടും ഇതൊക്കെ അങ്ങു ചൈനയിലല്ലേ, ഇവിടെ കുഴപ്പമുണ്ടാകില്ല എന്ന മിഥ്യാചിന്തയില്‍ ആദ്യനാളുകളില്‍ നാം അഭിരമിച്ചു. ഇതേ വികാരമാകും മറ്റു പല രാജ്യങ്ങളിലും ആദ്യഘട്ടത്തില്‍ നില നിന്നിരിക്കുക എന്നു കരുതേണ്ടതുണ്ട്. ഏതായാലും വലിയ സിംഹങ്ങളെന്നു കരുതിയ പല ലോകരാഷ്ട്രങ്ങളും പതറി നില്‍ക്കുകയാണ്. ലോക പോലീസ് എന്നഹങ്കരിച്ച രാജ്യം സഹായത്തിനായി നിലവിളിക്കുന്നതു നമ്മള്‍ കേട്ടു. ആപത്തില്‍ പരിഹസിക്കുന്നത് ശരിയല്ല. എങ്കിലും ലോക്ക്ഡൗണ്‍ കാലത്തെ ശീലങ്ങള്‍ വരുത്തുന്ന മാറ്റങ്ങളും തിരിച്ചറിവുകളും നാളെ ലോക വിപണിയില്‍ പുതിയ സമവാക്യങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. അമേരിക്കയുടേയും യുറോപ്യന്‍ രാജ്യങ്ങളുടേയും അധീശത്വം ഇനിയുണ്ടാകുമോ എന്നു കണ്ടറിയണം.
മനുഷ്യര്‍ വീടിനുള്ളില്‍ അടച്ചിരുന്നപ്പോള്‍ പ്രകൃതിയിലെ മറ്റു ജീവികള്‍ക്ക് അതെങ്ങനെ ഉള്‍ക്കൊള്ളാനായി എന്നതു കൗതുകകരമായ ഒരു കാര്യമാണ്. ഏതാനും ആഴ്ചകള്‍ അടച്ചിട്ടപ്പോള്‍തന്നെ പ്രകൃതി സുന്ദരിയായി. നദികളില്‍ മാലിന്യങ്ങള്‍ കുറഞ്ഞു. പൊടിപടലങ്ങളൊഴിഞ്ഞ് ആകാശം നീലനിറം പൂണ്ടു. വന്യജീവികള്‍ വനപാതകളിലൂടെ സ്വതന്ത്രവിഹാരം ചെയ്യുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നതു കണ്ടു. ഭൂരിഭാഗം വൈറസ്സുകളും മൃഗങ്ങളില്‍ നിന്നുമാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നു തെളിഞ്ഞിട്ടുണ്ട്. വന്യജീവികളെ കൊന്നു തിന്നുന്നതു ശീലമാക്കിയ ചൈനയിലെ പ്രവിശ്യകള്‍ ഇത്തരം രോഗാണുക്കള്‍ക്കു പ്രഭവസ്ഥാനമാകുന്നത് അതുകൊണ്ടാണ്. എന്നാല്‍ മൃഗങ്ങളെയും പക്ഷികളെയുമൊക്കെ ഈ ലോകത്തിന്റെ തുല്യ അവകാശികളാണെന്ന സത്യം മനുഷ്യര്‍ അംഗീകരിക്കുകയും അവയെ അവയുടെ വഴിക്കു വിടുകയും ചെയ്യേണ്ടതുണ്ട് എന്നു പ്രകൃതി നല്‍കുന്ന ഓര്‍മ്മപ്പെടുത്തലാണ് ഇതെന്ന തിരിച്ചറിവു നമുക്ക് ഉണ്ടാകണം. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുമ്പോഴെല്ലാം ഇത്തരം തിരിച്ചടികള്‍ നമ്മള്‍ നേരിടേണ്ടി വരുന്നുണ്ട്. കൂട്ടത്തില്‍ നിരപരാധികളായ മറ്റു ജീവികളും അതില്‍ അകപ്പെടുകയാണ്. പ്രകൃതിയുമായി ആഴത്തില്‍ ബന്ധപ്പെട്ടാണു മനുഷ്യരുടെ അതിജീവനം നിലനില്‍ക്കുന്നത്. എവിടെയെങ്കിലും താളം തെറ്റിയാല്‍ അതു മൊത്തത്തില്‍ പ്രശ്‌നമാകുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ മനുഷ്യര്‍ പ്രകൃതിക്കൊപ്പം ചേര്‍ന്നുകൊണ്ടാണ് അതിജീവനത്തിനായി ശ്രമിക്കേണ്ടത്. എല്ലാ വികസനങ്ങളും നടത്തേണ്ടത് ആ ബോധമുള്‍ക്കൊണ്ടാകണം. അടച്ചിരിക്കുന്നത് നാളെ സുഖമായി പുറത്തിറങ്ങാനാണ്. അങ്ങനെ ഇറങ്ങുമ്പോള്‍ നാമെല്ലാം ഓര്‍ക്കേണ്ടത് ഇത്തരം വലിയ പാഠങ്ങളാണ്. അടച്ചിരിക്കുമ്പോള്‍ നമ്മള്‍ വീണ്ടും വീണ്ടും ഉരുവിട്ടു പഠിക്കേണ്ട പാഠങ്ങളാണവ.
എന്റെ നിഴലിനെ ഞാനിന്നാദ്യമായി കണ്ടുമുട്ടി.
എന്നും എനിക്കൊപ്പം ഉണ്ടായിരുന്നെങ്കിലും
ഇതുവരെ അതിനെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.
ഒരു പരിഭവവും പറയാതെ അതെന്നെ തഴുകി.
അടച്ചിരിക്കെ, ഞങ്ങള്‍ പരസ്പരം സുഖപ്പെടുത്തി...
(article published in Goa Malayali Newspaper- Sunday 03.05.2020)
ഈ കോറോണേച്ചി കോവിഡ് -19 എന്ന അവതാരമെടുത്ത് ചൈനേലെ വ്യൂഹാൻ പട്ടണത്തിന്റെ മോളിൽ കയറി നിന്ന് താണ്ഡവ നൃത്തം ആടിത്തുടങ്ങിയപ്പോൾ - അവളാരത്തി , ചൈനയുടെ വൻ മതിൽ ചാടിക്കടന്ന് മറ്റ് രാജ്യക്കാരെയൊന്നും വശീകരിക്കുവാൻ പോകില്ല എന്നാണ് ഏവരും കരുതിയിരുന്നത് ...
ReplyDeleteപക്ഷേ ഇപ്പോൾ ഇവളാരത്തി കാരണം ലോകം മുഴുവൻ അടച്ചു പൂട്ടി ..എന്താ അല്ലെ
അതെ..
ReplyDeleteവിജ്ഞാനപ്രദവും കാലോചിതവുമായ കാര്യങ്ങളാണ് പറഞ്ഞുവന്നത്. ഇനിയും നമ്മൾ പലതും കാണാൻ ഇരിക്കുന്നുണ്ടാകാം..പലതും ജീവിതരീതിയായി ശീലമാക്കുന്നതിന് പഠിക്കാനും പരിശീലിക്കാനും ശ്രമിക്കേണ്ടിയിരിക്കുന്നു.
ReplyDeletethanks for reading
ReplyDeleteഇനിയും നമ്മൾ കരുതിയിരിക്കണം.
ReplyDeleteആശംസകൾ സാർ
വളരെ നന്ദി...
ReplyDelete