Saturday, July 31, 2021

രണ്ടു മഴകൾ തമ്മിൽ

 ഇവിടെ സീല്‍ക്കാര ശബ്ദമായി

ജാലകത്തിനപ്പുറം നിലയ്ക്കാതെ

ഒറ്റച്ചിലമ്പണിനൃത്തം

പെരുംമ്പറയേറ്റം

രുദ്രതാണ്ഡവം..

ചുഴറ്റിയെറിയുന്നയുന്‍മാദം

തീരാത്തയാവേശമീ പെയ്ത്തിന്... 

അവിടെയുണ്ടോ പെണ്ണേ മഴ?


ഇവിടെയുണ്ടാര്‍ദ്രമായ് 

എന്തോ വിഷാദവും വീര്‍പ്പുമായ്...

ചെറുപുഴകളാകാന്‍ വെമ്പി

വഴി മുട്ടിയ

ഇന്നലത്തേ പെയ്‌ത്തോര്‍മ്മകള്‍.

വെറുതേ പരിതപിക്കുന്നു..

പങ്കുവച്ചു വിതുമ്പുന്നു..

അവിടം തണുത്തുകാണുമല്ലേ..?


പൊള്ളിക്കിടപ്പായിരുന്നുള്ളം,

അവിച്ചിലിലേക്കായിരുന്നു പെയ്തിറക്കം.

എങ്കിലും ചൂട് മായാതെ-

യുള്ളിലിനിയും തങ്ങി നില്പുണ്ട്

കടപുഴക്കത്തിന്റെ ഭീതിയായി...


   ഇവിടെ നീര്‍ക്കെട്ടുകളില്‍

   നിരാശ പെയ്തു    പൊഴിയുന്നു!

   മാഞ്ഞ പുഴകള്‍      മടങ്ങിയെത്തുന്നു

   വഴികള്‍ മായുന്നു

   വീണ്ടുമാ മഴ     കിനിഞ്ഞിറങ്ങുന്നു...

   അറിയില്ല പ്രിയനേ,    തോര്‍ന്നുതീരുമെന്ന്.


നീയൊരു മഴപ്പാട്ടു മൂളുക പെണ്ണേ...

ഈ മഴയിലൂടെയതു കേള്‍ക്കാം..

നിന്നെയറിയാം നിര്‍വ്യാജം.

അവിഞ്ഞു വെന്ത നാളുകളില്‍

കൊതിച്ചതല്ലേ...

കുളിരിനായോര്‍ത്തതല്ലേ...

തുള്ളികളായി നീയെത്തുമ്പോള്‍

ഞാനിരിക്കാമീ ജാലകത്തിനിപ്പുറം...

Thursday, June 24, 2021

യു. എ ഖാദർ - ഓർമ്മകളിൽ

 യു. എ ഖാദർ... ഒരിക്കലെങ്കിലും നേരിൽ കാണണം എന്നു ഞാൻ മോഹിച്ച ഒരു എഴുത്തുകാരൻ. വല്ലാത്ത നഷ്ടബോധം ഉണ്ട്. ഒരു സംഭവം പറയട്ടെ.. 2011 ൽ V T പുരസ്ക്കാരത്തിന് എൻ്റെ രണ്ടു കഥകളും List ൽ ഉണ്ടായിരുന്നു. മുംബൈയിലെ training കഴിഞ്ഞ് ഞാൻ കാർവാറിലേക്ക് മടങ്ങിയ ശേഷമാണ് പുരസ്കാര പ്രഖ്യാപനം. പൂനയിലുള്ള ഒരു വലിയ എഴുത്തുകാരന് അവാർഡ് കിട്ടി. അന്ന് അവാർഡ് സമർപ്പിക്കാൻ എത്തിയത് യു. എ. ഖാദർ ആയിരുന്നു. അദ്ദേഹത്തിൻ്റെ അന്നത്തെ പ്രഭാഷണം എനിക്ക് ഒരു സുഹൃത്ത് റിക്കോർഡ് ചെയ്ത് അയച്ചു തന്നു. പ്രഭാഷണത്തിൻ്റെ ഭൂരിഭാഗം സമയവും അദ്ദേഹം എൻ്റെ രണ്ടു കഥകളെ കുറിച്ച് വളരെ ആഴത്തിൽ സംസാരിക്കുകയുണ്ടായി. അന്ന് ആ പ്രഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞു - "ഇതു പോലെ ഒരു അവാർഡ് ഈ എഴുത്തുകാരന് കിട്ടേണ്ടതായിരുന്നു" . എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരമായിരുന്നു ആ വാക്കുകൾ .

പിന്നീട് 2018 ൽ VT പുരസ്ക്കാരം എനിക്ക് ലഭിച്ചു. സി രാധാകൃഷ്ണൻ ആണ് അതിഥിയായി വന്നതും പുരസ്കാരം നൽകിയതും. പക്ഷെ , 2011 ലെ ആ വാക്കുകൾ നൽകിയത്ര സംന്താഷം 2018ൽ പുരസ്കാരം ലഭിച്ചപ്പോൾ തോന്നിയില്ല . നമ്മെ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാതെ, എഴുത്തിലൂടെ ഒരു മനുഷ്യൻ അങ്ങനെ തിരിച്ചറിഞ്ഞതും കഥകൾ വായിച്ച ഓർമ്മയിൽ നിന്ന് ആ കഥകൾ മുഴുവൻ സദസിൽ പറഞ്ഞതും എനിക്ക് വലിയൊരു അത്ഭുതം ആയിരുന്നു. ഇനി ഒരിക്കലും അദ്ദേഹത്തെ നേരിൽ കാണാൻ കഴിയില്ലല്ലോ എന്ന വിഷമം ശരിക്കും നോവിക്കുന്നു. ആദരാഞ്ജലികൾ🙏
ആ വീഡിയോയുടെ Link താഴെ ഇടുന്നു.

Monday, May 24, 2021

പൊതി

എന്തുകൊണ്ടെന്നറിയില്ല, പൊതിക്കെട്ട് അഴിക്കാനിരുന്നപ്പോള്‍ കൈകള്‍ വിറച്ചു. റബ്ബര്‍ബാന്റുകള്‍ മാറ്റി ന്യൂസ്‌പ്പേപ്പര്‍ തുറന്നു. അത്ര പഴയ പേപ്പറായിരുന്നില്ല അത്. ചിതകളുടെ ചിത്രം നിറഞ്ഞ ഒരു മുന്‍പേജ്.. ചില പീഡന വാര്‍ത്തകളില്‍ എണ്ണമയം പുരണ്ടിരുന്നു. ഇന്ത്യയുടെ ഭൂപടം പോലെ പരന്ന എണ്ണക്കറുപ്പ്.

ഇനി ഇല വിടര്‍ത്തണം. വാടിയ വാഴയിലയുടെ മണം പരന്നു. ഇലയുടെ മടക്കുകള്‍ അഴിക്കാന്‍ തുടങ്ങിയപ്പോള്‍ കൈകളുടെ വിറയലേറി. തൈരൊഴിച്ച കുത്തരിച്ചോറും തേങ്ങാച്ചമ്മന്തിയും കാണുമെന്നറിയാം. കൂടെ ഉപ്പേരിയുണ്ടാകുമോ? നാടന്‍ചീരയുടെ അവിയലുണ്ടാകുമൊ?

എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് അങ്ങനെയൊരു ഒരു പൊതി തുറക്കുന്നത്? ഇല വിടര്‍ത്തിയപ്പോള്‍ ഉള്ളില്‍ നിന്ന് എന്തോ ഉരുണ്ടിറങ്ങി താഴെവീണു. അശ്രദ്ധയെ സ്വയം പഴിച്ചുകൊണ്ട് തിരയുമ്പോള്‍ നിലത്തൊരു മാംസപിണ്ഡം. അത് സ്പന്ദിക്കുന്നു... നല്ലോര്‍മ്മകളുടെ കുപ്പായമിടുവിച്ച് ഞാന്‍ ചുമന്ന ഗൃഹാതുരതയുടെ വികൃതരൂപമോ അത്? പകച്ചുനിന്നപ്പോള്‍ അത് എന്നെനോക്കി പല്ലിളിക്കുന്നു...

==================================

കണക്കൂര്‍ ആര്‍. സുരേഷ്‌കുമാര്‍ 😞


Sunday, January 3, 2021