അന്നമ്മേ .......... നീ ......
അന്നമ്മേ നീ എന്തിനിങ്ങനെ ക്രിസ്ത്യാനിയായി പിറന്നു
അര്‍ജുനന്‍ എന്ന ഞാനെന്തിനു ഹിന്ദുവായി പിറന്നു
നമുക്ക് മനുഷ്യരായി പിറക്കാമായിരുന്നു ...
നമുക്ക് മനുഷ്യരായി ജീവിക്കാമായിരുന്നു
ക്രിസ്തു കൈ നല്‍കുമെന്ന് നീ വീമ്പു ചൊല്ലി
കൃഷ്ണന്‍ എങ്കിലും താങ്ങാവും എന്ന് ഞാനും നിനച്ചു
എന്നിട്ടും
ആരും ഇല്ലാതെ ഈവഴിത്താരയില്‍ തളര്‍ന്നു നില്‍ക്കെ
ആര് നല്‍കി ഒരിത്തിരി തണല്‍ നമുക്ക്
ഇല്ല വരില്ലയൊരു പുണ്യാത്മാവും
ഇല്ല ജനിക്കില്ല ഇനിയൊരു ദേവദൂതനും
ആര്‍ത്തു വിളിച്ചലറി ഓടിയടുക്കുന്ന
ആയുധം പേറുന്ന വര്‍ഗ്ഗപിശാചുക്കള്‍
വന്നു വളഞ്ഞു മുറവിളി കൂട്ടവേ
എനിക്കായ് നീ .... നിനക്ക് ഞാനും പിന്നെ
നമ്മുടെ വഴി മുട്ടിയ സ്നേഹത്തിന്റെ നന്മയും മാത്രം
സ്നേഹത്തിന്റെ നന്മയും മാത്രം .