"ഈ കുന്നിന്റെ മുകളിലാണ് അമ്പലം ."
" ഈ കുന്നു മുഴുവന്‍ കേറണോ ?" അവള്‍ ക്ഷീണത്തോടെ ചോദിച്ചു
" പിന്നെ കേറാതെ ? പേടിക്കണ്ട. പടിക്കെട്ടുകള്‍ ഉള്ള വഴീണ്ട് ''
മുകളില്‍ എത്തിയപ്പോള്‍ അവള്‍ ശ്വാസം ആഞ്ഞു വലിച്ചു.
" എപ്പഴാ കഴുകന്‍ വരിക? "
"അത്.... പൂജാരി നേദ്യം കൊണ്ട് പാറമേല് വെക്കും . എന്നിട്ട് വടക്കോട്ട് നോക്കി വിളിക്കും. അപ്പോള് അവ പറന്നു വരും. അവ ഭക്ഷിച്ച് അവശേഷിക്കുന്ന വറ്റുകള്‍ ഭക്തര്‍ രുചിക്കണം. "
" നീ മുന്പ് കണ്ടിട്ടുണ്ടോ ? " അവള്‍ ചോദിച്ചു . ഞാന്‍ പരുങ്ങി. സത്യത്തില്‍ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല . എന്നിട്ടും പറഞ്ഞു. " ഉവ്വ് . ഒണ്ട്..."
അവള്‍ വിശ്വാസം വരാത്ത മട്ടില്‍ എന്നെ നോക്കി . ഞാന്‍ ആ നോട്ടം അവഗണിച്ചു.
" എത്ര നാളായി അവ വരുന്നു ? " വീണ്ടും ചോദ്യം .
"വളരെ പണ്ടുമുതല്‍ക്കെ അവ വരുന്നു. അവ കാശിയില്‍ നിന്നാണ് പറന്നു വരുന്നത് എന്നും കേട്ടിട്ടുണ്ട് . "
" കാശിയില്‍ നിന്നോ ! ഇത്ര ദൂരം അവ എങ്ങിനെ നിത്യോം പറന്നുവരും ? "
ഞാന്‍ ഒന്നും പറഞ്ഞില്ല .
പൂജാരി നേദ്യം കൊണ്ട് പുറത്തു വച്ചുവോ ? കുറേ കാക്കകള്‍ പറന്നെത്തി. ഞങ്ങള്‍ വടക്ക് ദിക്കിലെ ആകാശത്തേക്ക് നോക്കി . രണ്ടുമൂന്നു വെള്ള മേഘങ്ങള്‍ മാത്രം അവിടെ തങ്ങിക്കിടപ്പുണ്ടായിരുന്നു .
കുറച്ചു കഴിഞ്ഞപ്പോള്‍ കുന്നുകയറിവന്ന ഭക്തര്‍ തിരിച്ചു പോകുവാന്‍ തുടങ്ങി . പൂജാരിയും നട അടച്ചിറങ്ങി.
" ഇനി വരില്ലേ ? " അവള്‍ എന്റെ കണ്ണുകളില്‍ നോക്കി ചോദിച്ചു .
" ചിലപ്പോള്‍ ചില ദിവസം വരില്ലായിരിക്കും " ഞാന്‍ മെല്ലെ പറഞ്ഞു.
"എനിക്ക് ഒന്നിനും ഭാഗ്യമില്ല . അതുകൊണ്ടാവും. " കുന്നിറങ്ങി പോകുന്ന ഒരു അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞിനെ അവള്‍ കൊതിയോടെ നോക്കി .