വാക്കുകള്‍ എല്ലായ്പ്പോഴും നമ്മെ നാണം കെടുത്തുവാന്‍..
വര്‍ത്തമാന പത്രത്തിലൂടെ , ടെലിവിഷനിലൂടെ,
പിന്നെയും അനേകം വാതായനങ്ങളിലൂടെ
വെറുപ്പിക്കുന്ന ചിത്രങ്ങളും
വെറി പിടിപ്പിക്കുന്ന ചിന്തകളുമായി
വേദനകളും പരിദേവനങ്ങളുമായി
വീടിന്റെയുള്ളില്‍ അതിക്രമിചെത്തുന്നു.
എന്നിട്ടും എന്തുകൊണ്ടെന്നറിയില്ല..
മുഷിഞ്ഞിട്ടും കണ്ണ് നൊന്തിട്ടും
നാം അവയുടെ വരവിനായി കാത്തിരിക്കുന്നു.
എന്നെങ്കിലും വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞ്
കുഞ്ഞരി പല്ലുകളായി മുളയ്ക്കുമെന്ന് ,
ചിറകു വിടര്‍ത്തി ശലഭങ്ങളായോ, കിന്നരികളായോ
തുമ്പപ്പൂവുകളായോ വെള്ളിനക്ഷത്രങ്ങളായോ
മാറുമെന്ന് നമ്മള്‍ നിനച്ചുവോ ?
പക്ഷെ,
നെടുവീര്‍പ്പിന്റെ, മൌനത്തിന്റെ തേങ്ങലിന്റെ തമസ്സില്‍
വാക്കുകള്‍ തോറ്റോടുകയാണല്ലോ !
ഏന്തേ പിന്നെയും പിന്നെയും നാം കാത്തിരിക്കുന്നു ?