Wednesday, October 31, 2012

ഗോവയില്‍ ഒരു പുതിയ ലൈബ്രറി

              കഴിഞ്ഞ ദിവസം പനാജി കേരള സംഗമം പ്രസിഡണ്ട് ശ്രീ ലാലു എബ്രഹാമിന്റെ ഒരു  ഫോണ്‍കാള്‍  വന്നു. അതാണ്‌  കണക്കൂര്‍ ബ്ലോഗില്‍ ഈ കുറിപ്പ് എഴുതുവാന്‍ കാരണം . 

               വായനശാലകളുടെയും   ഗ്രന്ഥശാലകളുടെയും  കാലം  കഴിഞ്ഞുവോ ? കഴിഞ്ഞു പത്തുവര്‍ഷമായി ഒരു ബഹുഭാഷാ  ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ഒരു  വ്യക്തി എന്ന നിലയില്‍ തോന്നുന്ന ഒരു കാര്യം ആണ് ഇത് . പണ്ട് , നാട്ടില്‍ വായനശാലകളോട് ബന്ധപ്പെട്ട് നിലനിന്ന കൂട്ടായ്മകളില്‍  ചേര്‍ന്ന്  പല സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഓര്‍മ്മയുണ്ട് . ഇന്നും നാട്ടില്‍ ചെല്ലുമ്പോള്‍ വായനശാലകളില്‍ നടന്നെത്താറുണ്ട് . പലപ്പോഴും ചിറകൊടിഞ്ഞ പക്ഷികളെ പോലെ കുറച്ച് പത്രങ്ങളും പിന്നെ ഉത്സവനോട്ടീസുകളും പരന്നുകിടക്കുന്നത് കാണാം. ലൈബ്രറികള്‍ പലപ്പോഴും തുറക്കാറില്ല എന്നറിഞ്ഞു .  ചിലപ്പോള്‍  ചില വയസ്സുചെന്നവര്‍ അവിടെ ഇടയില്‍ കയറിയിറങ്ങിയാല്‍ ആയി .  മുംബൈ മാട്ടുങ്ക സമാജത്തിന്റെ ലൈബ്രറിയില്‍ രണ്ടുവര്‍ഷം മുന്‍പ്  ചെന്നപ്പോള്‍ അത് തുറക്കാറില്ല എന്നറിഞ്ഞു. മുംബൈക്കവി   ശ്രീ സന്തോഷ്‌ പല്ലശനയും കൂട്ടരും അത് പുനരുജ്ജീവിപ്പിക്കുവാന്‍ ശ്രമിക്കുന്നത് കണ്ടു. പിന്നെ എന്തായി എന്നറിയില്ല.  
        അംഗങ്ങള്‍ കുറഞ്ഞുവരുന്നു , പുസ്തകങ്ങളുടെ വില വര്‍ദ്ധിച്ചു, നടത്തിപ്പുകാര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കേണ്ടിവരുന്നു    എന്നതൊക്കെ കൂടാതെ   വായനക്കാര്‍ കുറയുന്നതും  ഇന്ന് വലിയ പ്രശ്നമായി തീര്‍ന്നിരിക്കുന്നു . പക്ഷെ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്‌ ഉണ്ടായി എന്നാണ്. ഇതിനുകാരണം എന്താണ് ? വ്യക്തിപരമായ പുസ്തക ശേഖരങ്ങള്‍ കൂടുന്നുണ്ട്  എന്നത് ശരിയാണ് . ഇന്ന് ഓണ്‍ലയിന്‍ സ്റ്റോറുകള്‍ ധാരാളം ഉണ്ട് . ഒറ്റ ക്ലിക്കില്‍ ഇഷ്ടമുള്ള പുസ്തകങ്ങള്‍ കുരിയറില്‍ കൂടെ നമ്മുടെ  വീട്ടില്‍ എത്തുന്നു . വായിച്ചില്ലെങ്കിലും കുറെ പുസ്തകങ്ങള്‍ മുന്മുറിയില്‍ ഷെല്‍ഫില്‍ അടുക്കി നിരത്തുന്നത് നവലോകജാടയുടെ ഒരു രീതിയായി മാറുന്നു . ഷെല്‍ഫില്‍ ഇരിക്കുന്ന അഴിക്കോട് മാഷിന്റെ തത്ത്വമസി എങ്ങനെയുണ്ട്  എന്ന് ചോദിച്ചപ്പോള്‍  "അത്  വായിക്കാന്‍ അല്ല , വെറുതെ ഭംഗിക്ക് വച്ചതാണ് " എന്ന്  ഒരു സുഹൃത്ത്‌ പറഞ്ഞത് ഓര്‍മ്മയുണ്ട് . ഇ - മാധ്യമങ്ങളില്‍  കൂടിയുള്ള  വായന ഏറിവന്നതും ഗ്രന്ഥശാലകളിലെ തിരക്ക് കുറയുവാന്‍ മറ്റൊരു കാരണം ആകാം. ഇന്ന്  വളരെ അധികം പുസ്തകങ്ങള്‍ ഒരു ചിപ്പില്‍ ഒതുക്കാവുന്ന  ഈ -ബുക്ക്‌ റീഡറുകള്‍ മാര്‍കറ്റില്‍ ഉണ്ടല്ലോ ? 
 
 
                  പക്ഷെ, കഴിഞ്ഞ ദിവസം പനാജി കേരള സംഗമം പ്രസിഡണ്ട് ശ്രീ ലാലു എബ്രഹാമിന്റെ ഫോണ്‍കാള്‍  എന്നെ ശരിക്കും അതിശയിപ്പിച്ചു . അവര്‍ അവിടെ പുതിയ ഒരു ഗ്രന്ഥശാല തുടങ്ങുന്നു !  ഈ 24 നു അതിന്റെ ഉദ്ഘാടനത്തിന് എന്നെ ക്ഷണിച്ചതാണ് . വിജയദശമി .. നല്ല ദിവസം . എത്താമെന്ന് സസന്തോഷം പറഞ്ഞു . ഒരുവര്‍ഷം മുന്‍പ് അവര്‍ ഒരുക്കിയ ഒരു വേദിയില്‍ സംസാരിക്കവേ ലൈബ്രറി തുടങ്ങുന്ന കാര്യം പരാമര്‍ശിച്ചതാണ് .  ഇതാ ഇപ്പോള്‍  അത്  സത്യമായി തീര്‍ന്നു !  മുംബൈയിലും കാര്‍വാറിലുമായി പ്രവാസജീവിതം നയിക്കുന്ന ശ്രീ  ഓമനകുട്ടന്‍ നെടുമുടിയും കൂടെവന്നു. അവിടെ ചെന്നപ്പോള്‍ കണ്ടതോ ?മുന്നൂറോളം മലയാള പുസ്തകങ്ങള്‍  മനോഹരമായ ചില്ലുകൂട്ടില്‍ നിരത്തിയ കാഴ്ച.  ഒരു ലക്ഷത്തോളം രൂപ മുഖവിലയുള്ള ഈ പുസ്തകങ്ങള്‍ അത്രയും ഗോവയില്‍ താമസിക്കുന്ന  മലയാളിയായ  ശ്രീമാന്‍ തോമസ്‌ കോരുത് എന്ന ഒരു മഹത് വ്യക്തിയുടെ സംഭാവന യാണ് എന്നറിഞ്ഞു . ആ നല്ല മനസ്സിന്  ഹൃദയം നിറഞ്ഞ നന്ദി . പല ലൈബ്രറികളിലും പുസ്തകങ്ങള്‍ മാറാലയില്‍ ഒതുങ്ങുമ്പോള്‍ ഇവിടെ നവ ജീവനുമായി ഒരു പുതുലൈബ്രറി ഒരുങ്ങുന്നു . ആ ചടങ്ങില്‍ പങ്കുകൊള്ളുവാന്‍ കഴിഞ്ഞതില്‍  വളരെ സന്തോഷം തോന്നി .ആ ചടങ്ങില്‍  ഓമനകുട്ടന്‍  ഒരു കവിത മനോഹരമായി ചൊല്ലി. . ഈ പ്രസ്ഥാനത്തിന് ഒരു മലയാളിയെ എങ്കിലും വായനയിലേക്ക് തിരികെ കൊണ്ടുവരുവാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ കാര്യം തന്നെ . കേരള സംഗമത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ . കൂടാതെ ആ ലൈബ്രറി ഏറ്റവും നന്നായി ഉപയോഗിക്കപ്പെടട്ടെ എന്ന പ്രാര്‍ത്ഥനയും  .

20 comments:

  1. പഴയ ഒരു കൂട്ടായ്മ ഇപ്പോള്‍ ലൈബ്രറികളില്‍ കൂടി സംഭവിക്കുന്നില്ല എന്നത് വാസ്തവം തന്നെ. എന്റെ തൊട്ടുള്ള ഒരു ലൈബ്രറി ഇപ്പോള്‍ പഴയതില്‍ നിന്നും കൂടുതല്‍ ഉഷാറോടെ നല്ല വായനയും പ്രവര്‍ത്തനവും നടക്കുന്നു എന്നറിയുന്നതില്‍ ഉള്ള സന്തോഷം അറിയിക്കുന്നതോടൊപ്പം പഴയത് പോലുള്ള സാമുഹ്യ പ്രവര്‍ത്തനം ഇല്ല എന്നും പറയേണ്ടി വരുന്നു. അതിനു കാരണം പൈസ ലഭിക്കാതെ എന്തെങ്കിലും ചെയ്യുക എന്നത് മനുഷ്യന് ആലോചിക്കാന്‍ പറ്റാതായിരിക്കുന്നു എന്ന രീതിയാണ് എന്ന് തോന്നുന്നു. ഭാര്യയും ഭര്‍ത്താവും മാത്രമായി ഒതുങ്ങിയ കുടുമ്പത്തിന് എങ്ങോട്ടും തിരിയാന്‍ കഴിയാതായിരിക്കുന്നു എന്ന വസ്തുതയും നിലനില്‍ക്കുന്നു.
    നല്ല കുറിപ്പ്.

    ReplyDelete
    Replies
    1. ശരിയാണ് ശ്രീ റാംജി.
      ഇന്നും കൂട്ടായ്മകള്‍ ചില ഇടങ്ങളില്‍ നില നില്‍ക്കുന്നു
      ചില ഗ്രന്ഥ ശാലകളും .
      എത്ര നാള്‍ എന്നതാണ് ചോദ്യം

      Delete
  2. പഴയ രീതിയിലുള്ള ഗ്രന്ഥ ശാലകളുടെ പ്രാധാന്യം കുറയുന്നത് സ്വാഭാവികമാണ്.എന്തും ഏതും നെറ്റില്‍ സുലഭമായിരിക്കെ പഴയ പുസ്തകങ്ങള്‍ തപ്പി വിവരമാര്‍ജ്ജിക്കാന്‍ കുട്ടികള്‍ തയ്യാറാവില്ല.പക്ഷേ എണ്ണമറ്റ സാഹിത്യ കൃതികള്‍ വായനക്കാരിലേക്ക് എത്തിക്കാന്‍ ലൈബ്രറികള്‍ക്ക് കഴിയും.അതും എത്ര നാള്‍? ആവശ്യം തോന്നുമ്പോള്‍ രചനകള്‍ "കേള്‍ക്കാനുള്ള " സംവിധാനം വന്നേ തീരൂ.

    ReplyDelete
    Replies
    1. Dear ji, അങ്ങനെ ഒരു കേള്‍ക്കല്‍ സംവിധാനം വരുമോ ? കേള്‍ക്കാന്‍ നമുക്ക് സമയവും സൌകര്യവും ഉണ്ടാകുമോ ?

      Delete
  3. പ്രിയപ്പെട്ട കണക്കൂര്‍ മാഷെ,
    വായന നിലനില്‍ക്കുന്നുണ്ട്. പിന്നെ മാഷ്‌ പറഞ്ഞപോലെ ഇന്ന് വളരെ അധികം പുസ്തകങ്ങള്‍ ഒരു ചിപ്പില്‍ ഒതുങ്ങുമ്പോള്‍ എല്ലാവരും അവരവരുടെ വീടുകളില്‍ മുറികളില്‍ ഒതുങ്ങിടുന്നു കൂട്ടായ്മകള്‍ ഇല്ലാതാകുന്നു. കേരള സംഗമത്തിന്റെ പ്രവര്‍ത്തകര്‍ക്ക് എന്റെയും ആശംസകള്‍. വളരെ നന്ദി ഈ സന്തോഷ വര്‍ത്തമാനം പങ്കുവച്ചതില്‍.

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഈ ആശംസകള്‍ പനാജി സംഗമത്തിന് ഉള്ളതാണ് . നന്ദി ഗിരീഷ്‌

      Delete
  4. വായന നിലനില്‍ക്കുന്നുണ്ട്. ഇക്കഴിഞ്ഞ അവധിക്ക് പോയപ്പോള്‍ നരേന്ദ്രസ്മാരകഗ്രന്ഥശാല ഉടുത്തൊരുങ്ങി നവോഢയെപ്പോലെ നില്‍ക്കുന്നു. വരിക്കാരും അധികമായിട്ടുണ്ട്. വായനക്കാരും ഏറിയിട്ടുണ്ടെന്ന് പറഞ്ഞു.

    പുതുലൈബ്രറിക്ക് വിജയാശംസകള്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ്
      ഇത് അറിഞ്ഞതില്‍ വലിയ സന്തോഷം . കുറച്ചുപേര്‍ ഇന്നും വായനയുടെ ഊര്‍ജ്ജം കൊണ്ടുനടക്കുന്നു . അത് ഭാഷയുടെ സുകൃതം

      Delete
  5. ഇങ്ങനെയൊരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താങ്കളെ അഭിനന്ദിക്കുന്നു.വായന പുതിയ അർത്ഥത്തിൽ നിലനില്ക്കുമെന്നേ കരുതാവൂ.എല്ലാം പരിണമിച്ചല്ലേ തീരൂ.പിന്നെ കൂട്ടായ്മകളെക്കുറിച്ച്. അത് നാം തന്നെ വേണ്ടെന്ന് വയ്ക്കുന്നതാണ് നമ്മുടെ സൌകര്യാർത്ഥം.ഒതുങ്ങിക്കൂടാനുള്ള വ്യഗ്രതയാണ് ആധുനികമനുഷ്യന്റെ മുഖമുദ്ര.

    ReplyDelete
  6. dear രമേഷ്സുകുമാരന്‍
    താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ് . ഇന്ന് എല്ലാവരും സ്വയം ഒരു തുരുത്ത് സൃഷ്ടിച്ച് അതില്‍ ഒതുങ്ങുന്നു . അപ്പോള്‍ നമ്മള്‍ കൂട്ടായ്മയെ കുറിച്ച് ചിന്തിച്ചത് കൊണ്ട് എന്ത് കാര്യം ???

    ReplyDelete
  7. വായന മരിക്കുന്നില്ല. എങ്കിലും പുതിയ കാലത്തില്‍ എല്ലാം മാറിയതുപോലെ വായനയും മാറി. ഈ സംരഭം വിജയിക്കട്ടെ

    ReplyDelete
    Replies
    1. Dear സേതുലക്ഷ്മി, വായന മരിക്കാതിരിക്കട്ടെ

      Delete
  8. വായന മരിക്കാതിരിക്കട്ടെ. ഈ സംരഭത്തിനും എല്ലാ ആശംസകളും..

    ReplyDelete
    Replies
    1. Dear മുല്ല.... വായന മരിക്കാതിരിക്കട്ടെ

      Delete
  9. കേരള സംഗമത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍.
    താങ്കള്‍ക്കും.

    ReplyDelete
    Replies
    1. Dear Kalavallabhan
      ആശംസകള്‍ക്ക് വളരെ നന്ദി

      Delete
  10. ഇ വായനയുടെ പരിമിതിയെന്നുപറയാവുന്നത്
    പഴയ വായനശാലകളില്‍ നടന്നിരുന്ന സര്‍ഗ്ഗവാദപ്രതിവാദങ്ങളും, ക്രിയാത്മകചര്‍ച്ചകളുടെയും അവസരങ്ങളുടെ അപര്യാപ്തതയാണ്.
    വീടുകളിലെ ഷെല്‍ഫുകളിലെ പുസ്തകങ്ങള്‍ വായിക്കപ്പെടുന്നുണ്ടെങ്കില്‍ത്തന്നെ ആത്മരതിമാത്രമേ തരുന്നുള്ളൂ.. (അങ്ങനെയൊന്നുണ്ടെങ്കില്‍..!)
    പൊതുചര്‍ച്ചകള്‍ക്കും, ആശയവിനിമയത്തിനും, വിഭിന്നമായ വായനാനുഭവചര്‍ച്ചകളും നടക്കുന്നത് വായനശാലകളിലെ ചെറുകൂട്ടങ്ങളില്‍ മാത്രമാണ്.
    വായനശാലകളുടെ അപ്രത്യക്ഷമാകല്‍ ഈ ചര്‍ച്ചാ, സര്‍ഗ്ഗാത്മകക്കൂട്ടങ്ങളും കൂടെയാണ്.
    അതുകൊണ്ട് വായനമാത്രമല്ല, വായനശാലകളും മരിക്കാന്‍പാടില്ല.
    കണക്കൂര്‍ സാറിന് വായനശാലയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാന്‍ പറ്റിയെന്നത് ചെറിയ കാര്യമല്ല.
    നാളെയുടെ മാറ്റത്തിന്റെ നാന്ദിയാവാം.
    അങ്ങനെയാവട്ടെ.
    ആശംസകള്‍...

    ReplyDelete
  11. സുഹൃത്തേ
    ഇനിയും പറയുവാന്‍ ആയിട്ടില്ല ഈ - വായന എവിടെ എത്തും എന്ന് .
    പക്ഷെ ഭാഷയുടെ ആത്മാവ് നഷ്ട്ടപ്പെടാതെ സൂക്ഷിക്കപ്പെടുവാന്‍ ഉള്ള പല ഉപാധികളില്‍ ഒന്നാണ് ഈ - വായന
    അതുപോലെ വായനശാലകളും .
    നമുക്ക് ഒന്നും തള്ളിക്കളയുവാന്‍ ആവില്ല
    നന്ദി ശ്രീജിത്ത്‌

    ReplyDelete
  12. വായന മരിച്ചിട്ടില്ല എന്നതാണ് സത്യം . പക്ഷെ വായനശാലകള്‍ മരിച്ചിരിക്കുന്നു . മരിക്കാത്തവ രോഗാതുരവുമാണ്. ഇന്ന് നിലവിലുള്ള പല വായന ശാലകളിലും പോയി നോക്കിയാല്‍ ഏതെങ്കിലും prathyka രാഷ്ട്രീയ പ്രസ്ഥാനമോ മത സംഘടനയോ അവരുടെ പ്രചാരണ തന്ത്രങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയതാണെന്ന് മനസ്സിലാകും . അത് കൊണ്ട് തന്നെ അവയ്ക്ക് സാംസ്കാരികമായ യാതൊരു സംഭാവനയും സമൂഹത്തിനു ചെയ്യാന്‍ കഴിയുന്നില്ല .
    എല്ലാറ്റിലും ഉപരി ഭാഷയെയും സാഹിത്യത്തെയും സംസ്കാരത്തെയും സ്നേഹിക്കുന്ന കൂട്ടായ്മകള്‍ ആയി മാറാന്‍ ഉതകുന്ന വായനശാലകള്‍ ആണ് ഇന്നിറെ ആവശ്യം .
    അത്തരത്തിലൊന്നായി ഈ വായനശാലയ്ക്ക് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു . കൂടെ ഇതിന്റെ പ്രവര്‍ത്തകര്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു

    ReplyDelete
  13. വായന മരിക്കാതിരിക്കട്ടെ..ഇങ്ങനെയൊരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷത്തില്‍ പങ്കുചേരുന്നു ..
    അഭിനന്ദനങ്ങള്‍ !

    ReplyDelete