Wednesday, February 27, 2013

മരിച്ചവര്‍ തിരികെ വരുന്നത്...


"അമ്പിയമ്മേ.... അമ്പിയമ്മേ.... എനിക്കൊരു കത പറഞ്ഞുതാ ...." മീനാക്ഷി കൊഞ്ചി . 
അമ്പിയമ്മ മുറുക്കാന്‍ ചെല്ലത്തില്‍ പൊയ്ലക്കഷണം  പരതുകയായിരുന്നു .  ഉമ്മറത്ത്‌ മണലില്‍ അരിക്കുന്ന  അമ്പലപ്രാവുകളെ വിട്ട് മീനാക്ഷി തിരിഞ്ഞതാണ് . 
അവര്‍  തലയാട്ടി .  
നടവഴിയരികില്‍ വെയില്‍ കോരിക്കുളിച്ചുനിന്ന മന്ദാരവും മൈലാഞ്ചിയും തലയിളക്കി . 
അടക്കയുടെ തോട് അവള്‍ കുഞ്ഞിക്കയ്യില്‍ എടുത്ത് മുറ്റത്തേക്ക് എറിഞ്ഞു . പ്രാവുകള്‍ 'പട പട ' എന്ന് ശബ്ദമുണ്ടാക്കി പറന്നുപോയി. 
അമ്പിയമ്മ മീനാക്ഷിയെ അടുത്തിരുത്തി . " ഇന്ന്   ഏതു കഥ വേണം മീനുമോക്ക് ? "
"അമ്പലപ്രാവുകടെ കത മതി. "
അവര്‍ പറന്നുപോകുന്ന പ്രാവുകളെ നോക്കി. അവ തെങ്ങുകള്‍ക്ക്  വലംവച്ച്  വൈക്കോല്‍ കൂനയുടെ ചുവട്ടില്‍ തിരികെ  പറന്നിറങ്ങി . 
ഇണപ്രാവുകള്‍ ! അമ്പിയമ്മ   നെന്മണി കൊത്തിപ്പെറുക്കുന്ന ആ  പറവകളിലേക്ക്  കണ്ണയച്ചു .
അവര്‍   ഒരു കയ്യ് കൊണ്ട് കൊച്ചുമകളെ   ചേര്‍ത്ത് പിടിച്ചു .  എന്നിട്ട്  പറഞ്ഞു തുടങ്ങി :-
" മക്കളോട്  ഒത്തിരി സ്നേഹം ഉള്ളവര്‍ മരിച്ചാല്‍ അവര്‍ അമ്പലപ്രാവുകള്‍ ആയി തിരികെ ഭൂമിയില്‍ ജനിക്കുന്നു ..സ്നേഹം ഇല്ലാതെ തന്നിഷ്ടത്തിനു  ജീവിച്ചാല്‍ പിന്നീട് അവര്‍ കാക്കയായി പുനര്‍ജ്ജനിക്കും . "  
"കാക്കയായാല്‍  എന്താ കൊഴപ്പം ? " മീനാക്ഷി ചോദിച്ചു . മീനാക്ഷിക്ക്  പോടനേയും  കരീലക്കിളിയെയും പോലെ കാക്കകളേയും  ഇഷ്ടമാണ് .  അവള്‍ക്ക് ചുറ്റുമുള്ള  എല്ലാത്തിനേം ഇഷ്ടമാണ്  . 
അമ്പിയമ്മ തുടര്‍ന്നു :- " കാക്കകള്‍ പിന്നീട് സ്വന്തം മാത്രമല്ല ... കുയിലിന്റെ കുഞ്ഞിനേയും വളര്‍ത്തണം . അത് അവര്‍ക്കുള്ള ശിക്ഷയാണ് . അവ ചീത്ത സാധനങ്ങള്‍ കൊത്തിത്തിന്നില്ലേ .. ചുള്ളിക്കമ്പുകള്‍ കൊണ്ടു വെയിലും മഴേം കൊള്ളുന്ന വീടല്ലേ അവ വെക്കുന്നത് ....  അമ്പലപ്രാവുകളോ ? അവ സ്വന്തം കുഞ്ഞിന് പാലൂട്ടി വളര്‍ത്തും.   "
പ്രാവ് കുഞ്ഞിനു പാല്‍ നല്‍കുമോ ? അത് മീനുമോള്‍ക്ക് ഒരു പുതിയ അറിവായിരുന്നു .
" അമ്പല പ്രാവുകള്‍ എന്നും ഭഗവാനെ തൊഴുത്‌ ചുറ്റമ്പലത്തിന്റെ മച്ചുമ്പുറത്ത്    കഴിയുന്നു . ഇടയ്ക്ക് അവ ഇതുപോലെ പറന്നിറങ്ങും . തങ്ങള്‍ക്കു ഇഷ്ട്ടപെട്ടവരെ കാണാന്‍ ..."
അമ്പിയമ്മ വൈക്കോല്‍ കൂനയുടെ കീഴ്വട്ടത്തില്‍ പരതി  നടക്കുന്ന പ്രാവുകളെ നോക്കി . അതില്‍ ഒരു പ്രാവ് അവരെ നോക്കുന്നുണ്ട് .
നടവഴിയിലൂടെ പടിക്കെട്ടുകളോളം മെല്ലെ നടന്നുവന്ന അതിന്റെ കഴുത്തില്‍  നീലിമ തിളങ്ങുന്നു .
അമ്പിയമ്മ അതിനെ നോക്കി പറഞ്ഞു- " എടാ നീലാണ്ടാ.. ഇന്റെ മോളൂട്ടി സുഖമായി കഴീന്നുണ്ട് ..."
" അമ്പിയമ്മ ആരോടാ  വര്‍ത്താനം ചെയ്യണത് ? പ്രാവിനോടാ ? "
" ഉം. അത് മീനുമോളെ കാണാന്‍  വന്നതാ ... പാവം പ്രാവ് .. അല്ലെ ? "
അവള്‍ കൌതുകത്തോടെ ആ പ്രാവിനെ നോക്കി . പിന്നെ ഒരുപിടി അരി എടുക്കുവാന്‍ അകത്തേക്ക് ഓടി .
" നീലാണ്ടാ.. ഇപ്പം ഭാര്യേം കുട്ടികളും ഒക്കെ ആയി സുഖമല്ലേ ... പിന്നെ എന്തിനാ ഇവിടെ ചുറ്റി തിരിയുന്നത്  ? "
" ഞാന്‍ ന്റെ മോളെ വിളിവാന്‍ വന്നതാ ... " പ്രാവ് പറഞ്ഞുവോ ? അതോ അവര്‍ക്ക് തോന്നിയതോ !
 അമ്പിയമ്മ എഴുനേറ്റ് കൈ ആട്ടി . " പൊയ്ക്കോ .. നീ അവളെ അധികം സ്നേഹിക്കണ്ട.. "
ആ പ്രാവ് പറന്നു പൊങ്ങി . പുറകെ മറ്റു പ്രാവുകളും . അമ്പിയമ്മ മുറുക്കാന്‍ ചെല്ലവുമായി അകത്തേക്ക് നീങ്ങി .
ഒരു പിടി  അരിയുമായി വന്ന മീനാക്ഷി   അവിടെ ഒരു  പ്രാവിനേയും    കണ്ടില്ല  !
തൈത്തെങ്ങിന്റെ  കൈയില്‍ ഒരു കാക്ക ഇരിക്കുന്നുണ്ട്  . അവള്‍ കുഞ്ഞുകയ്യാല്‍  വിതറിയ അരിമണികള്‍ താഴേക്കു പറന്നിറങ്ങിയ കാക്ക സ്നേഹത്തോടെ കൊത്തിത്തിന്നു . ശേഷം  നാളെ വരാം എന്നുപറഞ്ഞിട്ട്  ആ കറുപ്പ് പറന്നുപോയി.
 കുഞ്ഞുമീനാക്ഷി സന്തോഷത്തോടെ കൈ വീശി . 

-------------------------------------kanakkoor ..............

17 comments:

  1. നീലാണ്ടാ.. ഇപ്പം ഭാര്യേം കുട്ടികളും ഒക്കെ ആയി സുഖമല്ലേ ... പിന്നെ എന്തിനാ ഇവിടെ ചുറ്റി തിരിയുന്നത് ?

    ഇഷ്ടപ്പെട്ടു കഥ.

    ReplyDelete
  2. ദേവനുമനുരാഗിയാമമ്പലപ്രാവേ...

    നല്ല കഥ

    ReplyDelete
  3. അവള്‍ക്ക് ചുറ്റുമുള്ള എല്ലാത്തിനേം ഇഷ്ടമാണ് .
    സോദ്ദേശ്യശുദ്ധിയുള്ള കഥ.
    ആശംസകള്‍

    ReplyDelete
  4. മനോഹരമായി ..പക്ഷെ വായിച്ചു വന്നപ്പോള്‍ എന്തോ പെട്ടന്ന് തീര്‍ന്നൊരു ഫീല്‍

    ReplyDelete
  5. പ്രിയ മാഷേ,
    നല്ല കഥയാണ്
    അമ്പല പ്രാവുകളെ പോലെ ഇഷ്ടമായി.
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  6. പ്രീയപ്പെട്ട സുഹൃത്തുക്കള്‍
    പട്ടേപ്പാടം വായനക്ക് വളരെ നന്ദി
    ajithji ... ,
    ആറങ്ങോട്ടുകര മുഹമ്മദ്‌ വായനക്ക് വളരെ നന്ദി
    Cv Thankappan വായനക്ക് വളരെ നന്ദി
    ദീപ എന്ന ആതിര പെട്ടന്ന് തീര്‍ന്നു പോയി ... ചില കഥകള്‍ അങ്ങനെയാണ്, നന്ദി
    Gireesh KS mash. Thanks for comments

    ReplyDelete
  7. കഥ നന്നായി. ഇഷ്ടമായി

    ReplyDelete
  8. മനോഹരമായ കഥ മനോഹരമായി പറഞ്ഞിരിക്കുന്നു

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ആ കറുപ്പ് പറന്നുപോയി.കഥ നന്നായി

    ReplyDelete
  11. കാക്കയായാലും പ്രാവായാലും കുഞ്ഞു കുട്ടിക്ക്
    ഒന്നു തന്നെ , മനസ്സ് തന്നെ പ്രധാനം ...
    മനസ്സ് പറയുന്ന തലങ്ങളിലൂടെ കാഴ്ചകള്‍ക്കും
    ചിന്തകള്‍ക്കും വേരുകള്‍ ഓടും ....
    അമ്പല പ്രാവായി പുനര്‍ജനിക്കണോ ..
    കാക്കയാകണോ ......... ?
    കാക്കയാകാം , അല്ലേ... മനുഷ്യമാലിന്യങ്ങള്‍
    തീര്‍ത്ത് തീര്‍ത്ത് അന്നിന്റെ നല്ലതിലേക്കൊരു ചുവട് വയ്ക്കാം ..
    ദൈവത്തിന്റെ കോട്ടകളില്‍ നിന്നും മുക്തി നേടാം ...
    സത്യത്തില്‍ ഏറ്റം ദുസ്സഹം അവിടെയാകുമല്ലേ ...
    നല്ല കഥ ഏട്ടാ ..!

    ReplyDelete
  12. Dear friends:-
    ഭാനു കളരിക്കല്‍
    Rajeev Elanthoor
    aboothi:അബൂതി
    mumbai arts
    റിനി ശബരി
    വായനക്ക് ഹൃദയം നിറഞ്ഞ നന്ദി.
    Dear റിനി, മനുഷ്യനായി പുനര്‍ജ്ജനിക്കുന്നത് ആണ് വലിയ ശിക്ഷ എന്ന് ചിലപ്പോള്‍ തോന്നും

    ReplyDelete
  13. കഥ ഇഷ്ടപ്പെട്ടു

    ReplyDelete
  14. വളരെ നന്ദി dear friends
    vettathan g & അഷ്‌റഫ്‌ സല്‍വ

    ReplyDelete