Thursday, October 31, 2013

മച്ചുമ്പുറത്തെ ഭഗവതി (ചെറുകഥ)


മച്ചുമ്പുറത്തെ ഭഗവതി (ചെറുകഥ)
---------------------------------------------
ആശച്ചേച്ചിയെ വർഷങ്ങൾക്ക് ശേഷം അമ്പലത്തിന്റെ തെക്കേനടയുടെ വെളിയിൽ വച്ച് അടുത്ത്  കണ്ടു . ചിലപ്പോൾ ഇടയിലൊക്കെ നാട്ടിൽ വരുമ്പോൾ കണ്ടുകാണും . ശ്രദ്ധിച്ചിരിക്കില്ല ..  അവർ ഒത്തിരി മാറിയിട്ടുണ്ട് . മച്ചുമ്പുറത്തെ ഭഗവതിയിൽ നിന്നും ഉണങ്ങി  ഒരു വീട്ടമ്മയുടെ ആകാരത്തിലേക്ക് അവർ ചുരുങ്ങി .
" നീ  മദ്രാസീന്നും എന്നെത്തി ? "
" രണ്ടു ദെവസമായി " ഞാൻ പറഞ്ഞു .
അവർ ഇലക്കീറിൽ നിന്നും ചന്ദനം നുള്ളിയെടുത്ത് എന്റെ നെറ്റിയിൽ പതിച്ചു .അപ്പോൾ  അവരുടെ ഉള്ളങ്കൈ ഞാൻ മണത്തു .
" ചെക്കൻ വണ്ണം വച്ചു . പാണ്ടിനാട്ടിലെ  ചോറും സാമ്പാറും തോനെ കഴിക്കുന്നൊണ്ട് .. ല്ലേ ? "
ഞാൻ ചിരിച്ചു .
വെട്ടുവഴിയിലൂടെ നടക്കുമ്പോൾ  അവർ എന്തൊക്കെയോ  ചോദിച്ചു . പറഞ്ഞു . ഞാൻ മുക്കിയും മൂളിയും ഉത്തരം  നൽകി . എന്റെ മനസ്സ് പഴയ മച്ചുമ്പുറത്ത്   മേയുകയായിരുന്നു.
അവരുടെ വീട്ടിലേക്കുള്ള വഴി പിരിയുന്നിടത്ത് വച്ച് ആശച്ചേച്ചി ചോദിച്ചു -  " വീട്ടിൽ കേറീട്ടു പോന്നോ ? "
തറവാട്ടുവീടിന്  കാര്യമായ മാറ്റങ്ങൾ തോന്നിയില്ല . സുന്ദരിയമ്മ മാസങ്ങൾ മുമ്പ്  മരിച്ചുപോയി .
മുറ്റത്ത് ഒരു കുട്ടി കളിച്ചുകൊണ്ട് നിൽക്കുന്നു . അവരെ കണ്ടതും കുട്ടി ഓടിയടുത്തു .
" നീയിരിക്ക് . ചായ എടുക്കാം ."
അവർ അകത്തേക്ക് പോയി . ഞാൻ നടുമുറിയുടെ വാതിൽ വരെ ചെന്ന്  മച്ചുമ്പുറത്തേക്ക് നയിക്കുന്ന   ആ കോണിപ്പടികൾക്ക് വേണ്ടി പരതി . അത് കാണുന്നില്ല . പൊളിച്ചു കളഞ്ഞുവോ ? അതോ കാലത്തിനൊത്ത് മുന്നേറാനാവാതെ  പൊളിഞ്ഞു വീണതാകുമോ ?
പണ്ട് ആ കോണിപ്പടികൾ വഴിയാണ് ആ മച്ചുമ്പുറത്തെ മങ്ങിയ വെട്ടത്തിലേക്ക്   കയറിച്ചെന്നത് . ആശച്ചേച്ചിയാണ് ആ രഹസ്യം ഒരിക്കൽ പകർന്നുതന്നത് . ഒരു വേനലവധിയിൽ .
അവർ മുഴുനീളൻ പാവാടയിൽ നിന്നും ഹാഫ് സാരിയിലേക്ക് ചുവടുമാറിയത് ഏതാണ്ട് ആ കാലത്തായിരിക്കണം .
"മച്ചുമ്പുറത്ത് ഭഗവതിയോ ? " ഞാൻ അന്തം വിട്ടു .
" ചെമ്പരത്തി  പൂക്കടെ നെറം .. തറമുട്ടെ  മുടി .. പിന്നെ വലിയ മൊലകൾ . കഴുത്തിലൊക്കെ നെറയെ സ്വർണ്ണമാലകൾ...  പിന്നെ ...." അല്പം ഓർത്തുനിന്നിട്ട്  ആശച്ചേച്ചി തുടർന്നു - "കയ്യിൽ ഒരു ശൂലോം .."
ആ ശൂലം വേണ്ടായിരുന്നു എന്ന് തോന്നി .
ഒരു ഉച്ചനേരം അവിടെച്ചെന്നു . സുന്ദരിയമ്മ പറമ്പിന്റെ അങ്ങേക്കോണിൽ  ഓലക്കീറുകളുടെ ഇടയിൽ അലിഞ്ഞുനിൽക്കുന്നു .  വീടിന്റെ മുകളിൽ മച്ചിൽ നിന്ന് കിഴക്കോട്ട് ഉള്ള ഒരു തുറപ്പുണ്ട്. അതായിരിക്കും ഭഗവതിയുടെ വഴി !  അവിടെ രണ്ട് കാവൽ പ്രാവുകൾ ഇരുന്ന് കുറുകുന്നു .   വീട്ടിൽ  ആളനക്കം ഇല്ല .
രണ്ടുവട്ടം ഉറക്കെ വിളിച്ചു .
വളകിലുക്കം പോലെ എന്തോ കേട്ടു .
തുറന്ന വാതിലിൽ കൂടി നടന്ന്  നടുമുറിയുടെ പിന്നിലെ കോണിപ്പടിയുടെ ചുവട്ടിൽ എത്തി .
മച്ചുമ്പുറത്ത് എന്തോ  അനക്കം .
പലകപ്പടികൾ കയറി . ഒന്ന് ... രണ്ട് ... മൂന്ന് ...
കരി പിടിച്ച ചുവരുകൾ . ചിരട്ടയും കൊതുമ്പും നിരതെറ്റി കിടക്കുന്നുണ്ട് . പുകമണത്തെ വെല്ലുന്ന  എന്തോ രൂക്ഷഗന്ധം . മരപ്പട്ടികളുടെ വിസർജ്ജം ചിതറിയ പലകവിരിയിലൂടെ മുന്നോട്ട് നടന്നപ്പോൾ മുന്നിൽ ആരൊ നിൽക്കുന്നു . നിറചിരിയുമായി മച്ചുമ്പുറത്ത് ഭഗവതി !
" നീ കയറി വരുമെന്ന് അറിയാമായിരുന്നു ." ഭഗവതി പറഞ്ഞു .
"എനിക്ക് പേടി വരുന്നു ചേച്ചീ ..."
 "എടാ.. ഇത് ആശച്ചേച്ചിയല്ല.. ഇത്  മച്ചുമ്പുറത്ത് ഭഗവതിയാ ..."
ഞാൻ വിക്കി . "ഇങ്ങനെയുണ്ടോ ഭഗവതി ?"
"എടാ... ഭാഗവതീന്ന് വച്ചാൽ ശരിക്കും  എന്താ ? ഭഗം എന്നാൽ എന്താ ? മലയാളം അറിയുവോ പൊട്ടാ.."
പിന്നെ ആ അവധിക്കാലത്ത് പലവട്ടം സുന്ദരിയമ്മയുടെയും മറ്റുള്ളവരുടെയും കണ്ണ് വെട്ടിച്ച് ആ കോണിപ്പടികൾ കയറിച്ചെന്നു .
ഒരു ദിവസം പെട്ടന്ന്  ആശച്ചേച്ചിയുടെ ഭാവം മാറി. വീട്ടുപടിക്കൽ വച്ച് തടഞ്ഞുകൊണ്ട്‌  പറഞ്ഞു -
"ഇനി നീയിവിടെ വരണ്ട . മച്ചുമ്പുറത്ത് ഭഗവതി പടിയിറങ്ങി ."  എന്നിട്ട്  അവർ  വെട്ടിത്തിരിഞ്ഞ് നടന്നു .
എല്ലാം തുടങ്ങിവച്ചിട്ട്  ഇപ്പോൾ ... !
വിഷമം കടിച്ചിറക്കി .  പിന്നെ കാണുവാൻ ഇട വന്നില്ല . കോളേജ് തുറന്നു . പഠിത്തം ..പിന്നെ  ദൂരദേശത്ത് പഠിത്തം .. കാമ്പസ് തിരഞ്ഞെടുപ്പ് വഴി  ചുട്ടുപൊള്ളുന്ന ചെന്നെയിൽ ജോലിയുമായി .
അതിനിടെ ആശച്ചേച്ചി വിവാഹിതയായി എന്നറിഞ്ഞു . അതൊരു പരാജയം ആയി എന്നും .
പിന്നെ എന്താണ് കഥ ? അറിയില്ല .
ചുവരിൽ നിറം കാലത്തിനോട് തോറ്റ  മങ്ങിയ ചില ചിത്രങ്ങൾ .
അവർ ചായയും കൊണ്ട് വന്നു .
കുട്ടി അല്പം മാറിയിരുന്ന് എന്നെ വീക്ഷിക്കുന്നുണ്ട് . ഇടയിൽ തന്റെ കളിയിലേക്ക് കുറച്ചുനേരം മടങ്ങും .
" എല്ലാരും പലവഴിക്ക് പോയി . അവസാനം  അമ്മേം മരിച്ചു . ഇപ്പോ ഞാനും മോനും മാത്രം ഇവിടെ ..."
ഞാൻ എന്തോ ചോദിക്കുവാൻ ആഞ്ഞു . അവർ എന്തോ   പറയുവാനും തുടങ്ങിയതാണ്‌ .
അതിനകം മച്ചുമ്പുറത്ത് ഭഗവതി ഞങ്ങൾക്കിടയിൽ ഒരു സമസ്യ തീർത്തിരുന്നു  .
ഞാൻ എഴുനേറ്റു . ഇറങ്ങും മുൻപ് കുട്ടിയുടെ മുഖത്ത് ഒന്ന് മെല്ലെ തൊട്ടു .
പുറത്ത് ഇറങ്ങി നടക്കവേ ഒരു പിൻവിളി കേട്ടതുപോലെ തിരിഞ്ഞു നോക്കി .
മച്ചുമ്പുറത്തുനിന്ന്   കിഴക്കോട്ടുള്ള  തുറപ്പിൽ നിന്നും  ഒരു കടാക്ഷം ഒഴുകി വരുന്നുണ്ട്‌ .
ആ കടാക്ഷം ചെവിയിൽ  മന്ത്രിച്ചു  :-  "എടാ.. ഇത് ആശച്ചേച്ചിയല്ല.. ഇത്  ഞാനാ... മച്ചുമ്പുറത്ത് ഭഗവതി ..."
ചിലപ്പോൾ അത് ഒരു തോന്നൽ ആയിരിക്കാം.
 എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു .

   ------------------------------------കണക്കൂർ  31 - 10 - 2013 

15 comments:

  1. ആശാനിര്‍വേദം
    കഥ മനോഹരം

    ReplyDelete
  2. ഹൃദ്യമായ രീതിയില്‍ അവതരിപ്പിച്ച നല്ല കഥ.

    ReplyDelete
  3. വളരെ ഒതുക്കത്തോടെ,ഹൃദ്യമായി പറഞ്ഞു.

    ReplyDelete
  4. എഴുത്തിന്‍റെ ശൈലി നന്നായിരിക്കുന്നു . അതുപോലെതന്നെ 'മച്ചുംപുറത്തെ ഭഗവതിയും' ...ഇനിയും വായിക്കാന്‍ കഥകള്‍ പ്രതീക്ഷിക്കുന്നു ...

    ReplyDelete
  5. "എടാ... ഭാഗവതീന്ന് വച്ചാൽ ശരിക്കും എന്താ ?
    ഭഗം എന്നാൽ എന്താ ?
    മലയാളം അറിയുവോ പൊട്ടാ.."

    സുന്ദരമായ അവതരണം കേട്ടൊ ഭായ്

    ReplyDelete
  6. നല്ല അവതരണം
    ഹൃദ്യമായിരിക്കുന്നു കഥ
    ആശംസകള്‍

    ReplyDelete
  7. "എടാ.. ഇത് ആശച്ചേച്ചിയല്ല.. ഇത് ഞാനാ... മച്ചുമ്പുറത്ത് ഭഗവതി ..."

    എല്ലാം ഓരോ തോന്നലുകള്‍ .

    ReplyDelete
  8. ഇങ്ങിനെ എത്രയെത്ര ഭഗവതിമാർ ......

    നല്ല കൈയ്യടക്കത്തിന് അഭിനന്ദനം...
    (ഭഗം എന്ന വാക്കിന്റെ പൊരുൾ ഡിക്ഷ്ണറിയിൽ നോക്കി...)

    ReplyDelete
    Replies
    1. വായിച്ച് കഴിഞ്ഞപ്പോള്‍ എന്തോ തോന്നി. അത് ശരിയാണോ എന്നറിയാന്‍ ഞാനും ഡിക്ഷണറി എടുക്കട്ടെ. അറിവില്ലായ്മ തുറന്ന് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി.

      Delete
  9. ഗോപ്യമാക്കി, മധുരമാക്കി കാച്ചിക്കുറുക്കിയ ശൈലി ഇഷ്ട്ടപ്പെട്ടു. വളരെ...

    ReplyDelete
  10. ഒരു കുഞ്ഞു നൊമ്പരം ബാക്കി വെച്ചു ...

    ReplyDelete
  11. നന്ദി... എന്റെ എല്ലാ കൂട്ടുകാർക്കും

    ReplyDelete
  12. കഥ കൊള്ളാം , ആ ഭഗവതിയെ ഞാനറിയുമോ ?

    ReplyDelete
  13. കഥ കൊള്ളാം , ആ ഭഗവതിയെ ഞാനറിയുമോ ?

    ReplyDelete
  14. ഈ ബ്ലോഗ്‌ കാണുവാന്‍ വൈകിയതില്‍ വിഷമം തോന്നുന്നു മച്ചുമ്പുറത്തെ ഭഗവതി നല്ലൊരു വായനാസുഖം നല്‍കി എന്തൊക്കയോ കഥയില്‍ ഇനിയും അറിയാന്‍ ഭാക്കിയുള്ളത് പോലെ തോന്നിപ്പിച്ചു ഒപ്പം കഥ വീണ്ടും തുടര്‍ന്നെങ്കില്‍ എന്ന് മനസ്സിലൊരു മോഹവും ഉണ്ടാകാതെയിരുന്നില്ല ആശംസകള്‍

    ReplyDelete