Friday, November 20, 2020

Sunday, November 8, 2020

Thursday, July 16, 2020

പുതു ലോകത്തിലെ പുതുശീലങ്ങള്‍

അവിചാരിതമായുണ്ടാകുന്ന ചില കാര്യങ്ങള്‍ പലപ്പോഴും വ്യക്തികളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. എന്നാല്‍ ചിലപ്പോള്‍ വലിയ ചില പ്രതിസന്ധികളും അതിനെ തുടര്‍ന്നുണ്ടാകുന്ന പുതിയ ലോകക്രമങ്ങളും മൂലം സമൂഹത്തിനു മുഴുവന്‍ ഇത്തരം മാറ്റങ്ങളുണ്ടായി എന്നു വരാം. ലോകത്തുണ്ടായിരുന്ന പല സമൂഹങ്ങളിലും രണ്ടു മഹായുദ്ധങ്ങള്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രം പറയുന്നുണ്ട്. ഏതാണ്ട് അതിനു സമാനമായ ഒരു അവസ്ഥയിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. ഈ പ്രതിസന്ധി മനുഷ്യരാശി എങ്ങനെ അതിജീവിക്കുമെന്നതിന് ഇനിയും കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവന്‍ പിടിച്ചുകുലുക്കിയ മഹാമാരി മനുഷ്യരുടെ സാമൂഹിക ജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍ പലതാണ്. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് നമുക്കുചുറ്റും ഉയര്‍ന്നു പൊന്തുന്ന സാമൂഹികമൂല്യങ്ങളുടെ പുതു സൂത്രവാക്യങ്ങള്‍. യുദ്ധം കഴിഞ്ഞാലും ബാക്കിയാകുന്ന ചിലതുണ്ട്. യുദ്ധശേഷം അവശേഷിക്കുന്ന അംഗഭംഗം സംഭവിച്ച മനുഷ്യരും മനസ്സിനും ശരീരത്തിനും വരുന്ന മുറിവുകളും കറുത്ത സ്മാരകങ്ങളായി നിലനില്‍ക്കും. പരസ്പരം യുദ്ധം ചെയ്ത രാജ്യങ്ങള്‍ വീണ്ടും അടുപ്പക്കാരാവുകയും നയതന്ത്രത്തിന്റെ പേരില്‍ സഹകരിക്കുകയും ചെയ്യും. പക്ഷെ നാശക്കെടുതി നേരിലനുഭവിച്ച മനസ്സുകളില്‍ നിന്നും കറുത്ത കാലത്തിലെ വെടിമരുന്നോര്‍മ്മകള്‍ മാഞ്ഞുപോയെന്നു വരില്ല. ലോകം മുഴുവന്‍ താണ്ഡവമാടിയ മഹാമാരി നിയന്ത്രണത്തിലെത്തിയാലും അതുണ്ടാക്കുന്ന ചില ശീലങ്ങളും ചില ശീലക്കേടുകളും അതിനു സമാനമായി നിലനില്‍ക്കുമൊ എന്നു ഞാന്‍ ഭയക്കുന്നു. എന്നാല്‍ നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്. കോവിഡ് മഹാമാരിയുടെ പേരില്‍ ഉണ്ടാകുന്ന പല മാറ്റങ്ങളും അതിനു വളരെ മുമ്പുതന്നെ തുടങ്ങിയതാണ്. ഈ പകര്‍ച്ചവ്യാധിക്കാലം മാറ്റത്തെ ത്വരിതപ്പെടുത്തി എന്നുമാത്രം.

വിദ്യാഭ്യാസം, സാമ്പത്തിക വിനിമയം, സാമൂഹിക സാഹിത്യ ചര്‍ച്ചകള്‍, ആരാധന, യാത്രകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ പല മേഖലകളിലും കോവിഡ് കാലത്തെ ശീലങ്ങള്‍ സ്ഥിരമായ ചില മാറ്റങ്ങളുമുണ്ടാക്കും എന്നുറപ്പാണ്. ഓണ്‍ലൈന്‍ ക്‌ളാസ്സുകളിലൂടെ വിദ്യാഭ്യാസ മേഖലയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് ഒട്ടനവധി ചര്‍ച്ചകള്‍ ഇതിനകം നമ്മള്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ കോളേജുകളും സ്‌ക്കൂളുകളും എത്ര കാലം മുതല്‍ക്കുതന്നെ വെബ്‌പേജുകള്‍ വഴി വിവരങ്ങള്‍ പഠിതാക്കളേയും രക്ഷകര്‍ത്താക്കളേയും അറിയിച്ചു തുടങ്ങിയിരുന്നു. എന്റെ രണ്ടു മക്കളും സെല്‍ഫോണില്‍ വരുന്ന നോട്ടുകള്‍ പകര്‍ത്തുന്നത് ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. മൊബൈല്‍ മാറ്റിവെക്കൂ എന്നു പറയുമ്പോള്‍ അവര്‍ അദ്ധ്യാപകരുടെ സന്ദേശങ്ങള്‍ കാണിക്കും. ഭാഗികമായി പല വിദ്യാലയങ്ങളും അദ്ധ്യാപകരും ഈ സംഗതികള്‍ മുന്‍പേ ഉപയോഗിച്ചു തുടങ്ങിയതാണ്. ലോക്ക്ഡൗണ്‍ കാലം അവരുടെ പ്രവര്‍ത്തികള്‍ക്കു കൂടുതല്‍ സ്വീകാര്യത നല്‍കുകയാണ്. ഇനി ഭക്തിയുടെ കാര്യം. ചില ക്ഷേത്രങ്ങളില്‍ തൊഴുതു വരാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പണ്ടും ഉപയോഗിച്ചിരുന്നു. എന്നാല്‍ പൂജ ചെയ്യുവാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുവാന്‍ പഴുതുകള്‍ തേടുകയാണിന്ന്. ദൈവങ്ങളുടെ പേരില്‍ മുന്‍പുതന്നെ നിരവധി ഫേസ്ബുക്ക് പേജുകള്‍ തുടങ്ങിയിരുന്നു. എനിക്ക് ഒരു ദൈവം ഫേസ്ബുക്കില്‍ സൗഹൃദ അപേക്ഷ പോലും നല്‍കിയിരുന്നു. ഇങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതിക വിദ്യയുടെ കൈകടത്തല്‍ ഉണ്ടാകുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യയുടെ ചുവടു പിടിച്ചു വന്ന നിരീക്ഷണ സംവിധാനങ്ങളാണ് അതില്‍ ഏറ്റവും വലിയ ഒരെണ്ണം. പണ്ട് മനുഷ്യരെ ഉപയോഗിച്ച് നിരീക്ഷണവും ചാരവൃത്തിയും നടത്തിയ ഇടങ്ങള്‍ ഇന്ന് യന്ത്രങ്ങള്‍ ഏറ്റെടുത്തു. സോവിയറ്റ് ചാരസംഘടനയായ കെ ജി ബിയുടെയും ഇസ്രായേലിന്റെ മൊസാദിന്റെയും  സമാന സ്വഭാവമുള്ള നിരവധി സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ പിന്നീട് ലോകമെമ്പാടും പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ജര്‍മ്മനിയുടെ സ്റ്റാസിയും സോവിയറ്റിന്റെ കെ ജി ബിയുമൊക്കെ 1990- 91 കാലയളവില്‍ ്രപവര്‍ത്തനം നിര്‍ത്തിയെന്നു പറയപ്പെടുന്നു. എന്നാല്‍ ഇത്തരം സംഘടനകള്‍ വെട്ടിയിട്ട വഴികളിലൂടെ സഞ്ചരിക്കാനും വിവരശേഖരണം നടത്തുവാനും എല്ലാ രാജ്യങ്ങളും ഭരണകൂടത്തിന്റെ രഹസ്യ ധാരണയോടെ സംഘങ്ങളെ ഉപയോഗിച്ചിരുന്നു. അവിടെയാണ് ഇപ്പോള്‍ പുതിയ നിരീക്ഷണ ഉപാധികളും ഹൈട്ടെക്ക് ഉപകരണങ്ങളും കടന്നെത്തിയത്. ഒട്ടനവധി ചാരപ്രവര്‍ത്തകര്‍ കഷ്ടപ്പെട്ട് ചെയ്തിരുന്നതൊക്കെ ഒരാള്‍ക്ക് ശീതീകരിച്ച മുറിയിലെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ചെയ്യുവാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കോവിഡ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയും റൂട്ടുമാപ്പും തയാറാക്കി വേണ്ട കരുതലുകള്‍ എടുക്കുമ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബലപ്പെടുമെന്ന് നമ്മള്‍ മനസിലാക്കുന്നു. സ്‌റ്റേറ്റ് അവിടുള്ള അംഗങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ചെയ്യുന്ന കാര്യമാണിത് എന്നതിനാല്‍ യാതൊരു പരാതിയ്ക്കും അടിസ്ഥാനമില്ല. എന്നാല്‍ രോഗം വീണ്ടും വരാവുന്ന ഒരു ആപത്താണെന്നും വീണ്ടും ഇത്തരത്തില്‍ ജനങ്ങളെ നിരീക്ഷിക്കേണ്ടതുണ്ട് എന്നും സ്‌റ്റേറ്റ് പറഞ്ഞാല്‍ മറ്റൊന്നിനും പഴുതില്ല. നിങ്ങള്‍ നിരീക്ഷണത്തിലാണ് എന്ന മുന്നറിയിപ്പ് ഇനിമുതല്‍ പ്രത്യേകം ഉണ്ടാകില്ല എന്നു മാത്രം. സാമൂഹിക ജീവിതം എന്ന സംജ്ഞയില്‍ വരുന്ന മാറ്റമാണ് മറ്റൊന്ന്. കൂട്ടായ്മകളുടെ പേരില്‍ ഇനി നമ്മള്‍ പഴയ മട്ടില്‍ ഒത്തുകൂടിയിരുന്ന് ചര്‍ച്ചകള്‍ ചെയ്യുന്ന കാര്യം ബുദ്ധിമുട്ടാണ്. പകരം നമ്മള്‍ ശീലിച്ച ഓണ്‍ലൈന്‍ പ്‌ളാറ്റുഫോമുകളെ പ്രേമിച്ചു തുടങ്ങുന്നു. ഇവിടെ രസകരമായ ഒരു വസ്തുതയുണ്ട്. കൊറോണയുടെ ഭീതി ഇത്ര കഠിനമായി പരന്നത് ഈ വര്‍ഷം മാര്‍ച്ചു മുതലായിരുന്നു. എന്നാല്‍ നമ്മുടെ ഓണ്‍ലൈന്‍ ഭ്രമം അതിനേറെ മുന്‍പേ തുടങ്ങിയിരുന്നു. മുംബൈയിലുള്ള, നിരവധി പുസ്തകങ്ങള്‍ എഴുതിയ ഒരു എഴുത്തുകാരനെ എനിക്കറിയാം. ഒരു പൊതുപരിപാടികളിലും ഇദ്ദേഹത്തെ കണ്ടിട്ടില്ല. അതൊക്കെ സമയ നഷ്ടം വരുത്തുന്നു എന്നാണു പരാതി. എന്നാല്‍ മിക്കവാറും അലക്ഷ്യകവിതകള്‍ എഴുതി വാട്ട്‌സാപ്പില്‍ അയച്ചു തരും. വാട്ട്‌സാപ്പ് പോലുള്ള മാധ്യമങ്ങള്‍ പ്രചാരം നേടിയ സമയം മുതല്‍ പൊതു ജീവിതത്തില്‍ നിന്നും മാറി വാട്ട്‌സാപ്പ് ജീവിതത്തിലേക്കു പരിപൂര്‍ണ്ണമായി ചേക്കേറിയ പല സുഹൃത്തുക്കളേയും എനിക്കറിയാം. അന്ന് അവരെ പരിഹസിക്കുകയും തിരുത്തുവാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും ഇപ്പോള്‍ ഞാനും അതേ വഴിയില്‍ ചരിക്കുന്നു. ഇനി നാളെ ആ വഴിതന്നെ തുടരുവാന്‍ നിര്‍ബന്ധിതനായേക്കും.

മേല്‍പ്പറഞ്ഞതൊക്കെ സമൂഹത്തിന് ഏതെങ്കിലും തരത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് എനിക്ക് ഉറപ്പു പറയാനാവില്ല. ആളുകള്‍ നേരില്‍ കാണാതെയുള്ള ജീവിതങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഇനിയുള്ള കാലം കിട്ടുമെങ്കില്‍ എല്ലാവരും ആ വഴി ചരിക്കുവാന്‍ നിര്‍ബന്ധിതരാകും. എന്നാല്‍ ഈ കാലത്ത് ഉണ്ടായ ചില ശീലങ്ങള്‍ തുടരണമെന്ന് മനസ്സുകൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടു ദേശങ്ങളിലുള്ള വൈറസ്സിനു ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മനുഷ്യര്‍ക്കു ചെയ്യാന്‍ കഴിയുന്നതുമായ ഒരു കാര്യം ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള അറിവുകള്‍ പങ്കുവെക്കുക എന്നതാണ്. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ അറിവും പരിചയവും മഹാരാഷ്ട്രയില്‍ പ്രയോജനപ്പെടുത്തിയതിന്റെ ഗുണഫലം നമ്മള്‍ കണ്ടതാണ്.  മുംബൈ നഗരത്തിലെ രോഗപ്പകര്‍ച്ച അതുമൂലം കുറച്ചെങ്കിലും പിടിച്ചു നിര്‍ത്തുവാന്‍ കഴിഞ്ഞു. ഇതേ മാതൃക മറ്റുള്ള പ്രദേശങ്ങളിലും പ്രയോഗിക്കാവുന്നതാണ്. ലോകത്തെവിടെ വാക്‌സിന്‍ കണ്ടുപിടിച്ചാലും നമ്മളെല്ലാം രക്ഷ പെടുമെന്ന് ഒരു ചിന്ത ഇതിനകം മനുഷ്യരിലെത്തിയിട്ടുണ്ട്.  ഇങ്ങനെ നന്‍മകള്‍ പങ്കുവെക്കപ്പെടണം എന്ന ബോധ്യവും പുതിയ ലോകക്രമങ്ങളില്‍ കാണുമെന്ന് വിശ്വസിക്കാം. 

Goa Malayali News Paper - 12- July 2020

Thursday, July 9, 2020

ശരീരത്തിന്റെ കലയും രാഷ്ട്രീയവും

കാഴ്ചയുടെ അരങ്ങുകളില്‍ ശരീരത്തിന്റെ വസ്തുവല്‍ക്കരണവും പ്രതിഷ്ഠാപനവും പാര്‍ശവല്‍ക്കരണവും അതിനെത്തുടര്‍ന്നുണ്ടാകുന്ന വാദപ്രതിവാദങ്ങളും മനുഷ്യ ജീവിതവികാസത്തിന്റെ ഏതു ഘട്ടത്തിലായിരിക്കും ആരംഭിച്ചിരിക്കുക എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ശരീരവുമായി ബന്ധപ്പെട്ട പലവിധ കാഴ്ചകള്‍ മനുഷ്യരാശിയുടെ പുരോഗതിയോടൊപ്പം പടുത്തുയര്‍ത്തപ്പെട്ടു. ഭൂമിയെ പരുവപ്പെടുത്തിയുള്ള കൃഷിയ്ക്കും വേട്ടയാടലിനും മാത്രമല്ല കായിക വിനോദങ്ങള്‍ക്കും പിന്നെ കലയിലേക്കും ശരീരവും ശരീര സൗന്ദര്യവും ഉപയോഗപ്പെടുത്താമെന്നും ഉപഭോഗപ്പെടുത്താമെന്നും തിരിച്ചറിയപ്പെട്ടപ്പോള്‍ നിരവധി മേഖലകള്‍ ആ സൂത്രവാക്യങ്ങള്‍ ഉപയോഗിച്ചു തഴച്ചു വളര്‍ന്നു. നൃത്തവും നാടകവും തുടങ്ങി എത്രയോ കലാരൂപങ്ങളാണ് അത്തരത്തില്‍ ശരീരം ഉപയോഗിച്ച് കാഴ്ചയുടെ അരങ്ങിലെത്തിയത്! നമ്മുടെ വികാരങ്ങളേയും ദര്‍ശനങ്ങളേയും സിദ്ധികളേയും മറ്റുള്ളവര്‍ക്ക് അല്ലെങ്കില്‍ കാഴ്ചക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും അനുഭവിക്കുവാന്‍ പാകത്തിന് സൃഷ്ടിച്ച് അവതരിപ്പിക്കുന്നതാണ് കല എന്നു പൊതുവില്‍ പറയുന്നത്. കല വിപ്‌ളവത്തിനു വേണ്ടി ഉപയോഗിക്കാവുന്ന ഒരു ആയുധമാക്കാം എന്ന് പിന്നീട് നമ്മള്‍ കണ്ടെത്തുകയായിരുന്നു. സാമൂഹികമായി മാറി വരേണ്ട ചില അനിവാര്യതകള്‍ വേഗത്തില്‍ പ്രചരിപ്പിക്കാനും കൂടുതല്‍ ഫലസിദ്ധി ഉണ്ടാക്കുവാനും കല ഉപയോഗിക്കാം എന്ന കണ്ടുപിടുത്തം വെറും അസ്വാദനത്തിനുള്ള ഉപകരണമെന്ന കേവല ഉപയോഗത്തില്‍ നിന്നും കലയെ ഉയര്‍ത്തി. കലാകാരന്‍മാര്‍ സാമൂഹ്യപ്രശ്‌നങ്ങളില്‍ നിര്‍ബന്ധമായി ഇടപെടണമെന്നു പോലും നമ്മളിന്നു വിശ്വസിക്കുന്നു. ഇവിടെയാണ് ശരീരം അടിസ്ഥാനമാക്കിയ കലയുടെ പ്രയോഗങ്ങളില്‍ ലിംഗഭേദത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ശരീരത്തെ കലയുടെ മാധ്യമം ആക്കുമ്പോള്‍ അവിടെ സ്ത്രീശരീരവും പുരുഷശരീരവും വേറെവേറെ കാണണമെന്ന സിദ്ധാന്തവും നിര്‍മ്മിക്കപ്പെട്ടു. ഞാന്‍ സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ആണ്‍കുട്ടികളും അപൂര്‍വ്വം പെണ്‍കുട്ടികളും നാടകം ചെയ്യാറുണ്ടായിരുന്നു. ആണുങ്ങളുടെ നാടകത്തില്‍ പെണ്‍വേഷങ്ങള്‍ കെട്ടുന്നത് ആണുങ്ങള്‍ തന്നെയും പെണ്ണുങ്ങളുടെ നാടകത്തില്‍ ആണ്‍വേഷങ്ങള്‍ പെണ്‍കുട്ടികള്‍ തന്നെ കെട്ടുകയും ചെയ്യുന്നതായിരുന്നു പതിവ്.  ആദ്യകാലത്ത് കൊമേഴ്‌സിയല്‍ നാടകങ്ങളില്‍ പോലും പെണ്‍വേഷം കെട്ടിയിരുന്നത് മിക്കവാറും ആണുങ്ങളായിരുന്നു. മെല്ലെ സ്ത്രീവേഷങ്ങള്‍ സ്ത്രീകള്‍ തന്നെ കെട്ടുന്നത് നാടകത്തിന്റെ മേന്‍മയെ വര്‍ദ്ധിപ്പിക്കുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. കലാരംഗങ്ങളില്‍ മാത്രമല്ല, മുന്‍പ് സ്ത്രീകള്‍ക്ക് അന്യമെന്നു കരുതിയ പല രംഗങ്ങളിലും ഇന്ന് ധൈര്യസമേതം ഭാരതസ്ത്രീകള്‍ കടന്നെത്തി. സ്ത്രീകള്‍ ടാക്‌സി വാഹനങ്ങള്‍ ഓടിക്കുന്നതൊക്കെ ഇന്നു വളരെ സാധാരണമായി. ഭാരത സമൂഹത്തില്‍ സ്ത്രീകള്‍ തുല്യത നേടിയത് ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോളല്ല. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെട്ട നിരവധി സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ഇതിനു പിന്നിലുണ്ട്. സമൂഹത്തിന്റെ ചില കോണുകളിലെങ്കിലും ഇന്നും ലിംഗഭേദത്തിനെ കുറിച്ചും അതു സംബന്ധിച്ച പ്രശ്‌നങ്ങളെ കുറിച്ചും ചിലര്‍ വാചാലമാകുമ്പോള്‍ അതൊരു വലിയ പോരാട്ടത്തിന്റെ ഭാഗം ആണെന്ന കാര്യം പലപ്പോഴും നമ്മള്‍ മറന്നുപോകുന്നു.

സ്വന്തം ലിംഗഭേദത്തെ കുറിച്ചുള്ള വ്യക്തിപരമായ അനുഭവം തന്നെയാണ് ലിംഗവ്യക്തിത്വം കൊണ്ടു വിവക്ഷിക്കപ്പെടുന്നത്. ചില പ്രതീകങ്ങള്‍ സമൂഹം തന്നെ നിര്‍മ്മിക്കുകയോ സമൂഹത്തില്‍ സ്വയം ഉണ്ടായിവരികയോ ചെയ്യപ്പെട്ടു. വസ്ത്ര ധാരണം, മുടി, മീശയും താടിയും, സംബോധനകള്‍ തുടങ്ങി ആഹാര രീതി പോലും ഇങ്ങനെ രൂപപ്പെട്ടു വരുന്നു.  പൊതുവെ മിക്കവരും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ പ്രതീകങ്ങളുമായി ഒത്തുപോകുന്നു. ഒരു യുവതി വഴിയരികില്‍ നിന്ന് പുകവലിച്ചാല്‍ കാഴ്ചക്കാര്‍ക്ക് അസ്വാഭാവികത തോന്നുന്നത് ഈ കാരണത്താലാണ്. അവള്‍ മദ്യം വാങ്ങാന്‍ മദ്യഷോപ്പില്‍ എത്തിയാലും ചിലര്‍ അന്തം വിടുന്നത് ഇതേ കാരണത്തിലാണ്. കുറച്ചുകാലം മുമ്പുവരെ കുറ്റിയിട്ടു സുരക്ഷിതമാക്കിയ കുളിമുറികള്‍ സമൂഹത്തിലെ സമ്പന്ന വര്‍ഗ്ഗത്തിനു മാത്രം സ്വന്തമായിരുന്ന ഒന്നാണ്. നമ്മുടെ നാട്ടില്‍ കുളങ്ങളിലും പുഴകളിലും യാതൊരു സങ്കോചവും കൂടാതെ സ്ത്രീകള്‍ കുറച്ചുകാലം മുമ്പുവരെ കുളിച്ചു കൊണ്ടിരുന്നതാണ്. ഇന്നും വടക്കേ ഇന്ത്യയിലെ ചില ഉള്‍ഗ്രാമ്രപദേശങ്ങളില്‍ സ്ത്രീകള്‍ കൂട്ടമായെത്തി വസ്ത്രങ്ങള്‍ മുഴുവന്‍ ഉരിഞ്ഞെടുത്ത് കഴുകി ഉണക്കാനിട്ട് നഗ്നരായി കുളിക്കുകയും കുളി കഴിഞ്ഞ് വരുമ്പൊഴേക്കും ഉണങ്ങുന്ന വസ്ത്രങ്ങള്‍ വീണ്ടും ഉടുത്തിട്ട് പോകുകയും ചെയ്യും. പെണ്ണിന്റെ കുളി ഒളിഞ്ഞു നിന്നു കാണുക എന്നത് മെല്ലെ ആണുങ്ങളുടെ ലൈംഗിക താല്‍പര്യത്തിന്റെ ഐക്കണായി മാറി. ഇതിന് ചില സിനിമാ സംവിധായകര്‍ പോലും വലിയ പ്രാധാന്യം നല്‍കി എന്നതു രസകരമായ കാര്യമാണ്. പെണ്ണിന്റെ ഭാഗിക നഗ്നത എന്നത് മെല്ലെ നമ്മള്‍ ശരീരത്തിന്റെ രാഷ്ട്രീയ സൂത്രവാക്യമാക്കി മാറ്റി. കുട്ടിക്കു മുല കൊടുക്കുന്നതു പോലും രഹസ്യ കര്‍മ്മമായി അനുഷ്ഠിക്കേണ്ടതാണെന്ന് ഇന്ന് ചില സ്ത്രീകള്‍ വിശ്വസിക്കുന്നു. പെണ്‍മുലകള്‍ വലിയൊരു സംഭവമായി നമ്മളിന്നു വിവക്ഷിക്കുന്നു. മുല കൊടുക്കുന്ന പെണ്ണിന്റെ മുഖചിത്രം ഒരു പ്രസിദ്ധീകരണത്തില്‍ വന്നപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ ഓര്‍ക്കുക. ചുംബിക്കുന്നതും മുലകള്‍ പ്രദര്‍ശിപ്പിക്കുന്നതും അവകാശ സമരമാകുമ്പോള്‍ ചേര്‍ത്തു വായിക്കാറുള്ള ഒരു ഏടാണ് മാറുമറയ്ക്കല്‍ പ്രക്ഷോഭം. കേരള നവോത്ഥാന ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമാണത്. 1859 ല്‍ ആണ് ഉന്നതകുലജാതരെ പോലെ മാറുമറച്ചതിന്റെ പേരില്‍ തെക്കന്‍ തിരുവിതാങ്കൂറില്‍ ചാന്നാര്‍ സമുദായത്തിലുള്ള സ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് അത് വലിയ പ്രക്ഷോഭങ്ങളിലേക്ക് നയിക്കപ്പെട്ടു. ഒടുവില്‍ ചാന്നാര്‍ സ്ത്രീകള്‍ക്കു മേല്‍വസ്ത്രങ്ങള്‍ ധരിക്കാമെന്ന് തിരുവിതാങ്കൂര്‍ രാജാവ് കല്‍പ്പന പുറപ്പെടുവിച്ചു. വസ്ത്രധാരണത്തിന്റെ രാഷ്ട്രീയത്തിന് നല്ല ഉദാഹരണമാണ് ചാന്നാര്‍ ലഹള എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ സംഭവം. ആളുകളെ മതം മാറ്റി സ്വമതത്തിലേക്കു ചേര്‍ത്തെടുക്കുവാന്‍ സ്ത്രീകളുടെ മേല്‍വസ്ത്രം ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുമാണത്. സാമുദായികമായി അടിച്ചമര്‍ത്തപ്പെട്ട ചാന്നാര്‍ സമുദായത്തില്‍ പ്രവര്‍ത്തിച്ച ചില മിഷണറിമാര്‍ അവരെ അക്കാലത്തെ സവര്‍ണ്ണ സമുദായക്കാരുടെ ശ്വാസനകള്‍ ലംഘിച്ച് മാറുമറച്ചു നടക്കുവാന്‍ ആഹ്വാനം ചെയ്തതായി ചരിത്രം പറയുന്നു. ഇത് സാമൂഹിക സമത്വത്തിനു വേണ്ടി നടന്ന ഒരു ഐതിഹാസിക സമരമാണ് എന്ന് ചരിത്ര പണ്ഠിതര്‍ രേഖപ്പെടുത്തിയെങ്കിലും സി ബി എസ് സിയുടെ ഒമ്പതാം ക്‌ളാസിലെ ചരിത്രപുസ്തകത്തില്‍ നിന്നും ഈ പാഠഭാഗം 2019 മാര്‍ച്ചു മാസത്തില്‍ നീക്കിയതെന്തിനെന്നു മനസിലാകുന്നില്ല.
 
ശരീരം അശ്‌ളീലമാകുന്ന ഈ കാലത്ത് നഗ്നത കൊണ്ടല്ലേ സമരം ചെയ്യേണ്ടത് എന്നു ചോദിച്ചുകൊണ്ടാണ് ഭാഗിക നഗ്നയായി കിടന്ന്, മക്കളെക്കൊണ്ടു ദേഹത്ത് ചിത്രം വരപ്പിച്ച് രെഹന ഫാത്തിമ എന്ന അക്ടിവിസ്റ്റ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനു മുന്‍പ് ശബരിമലയില്‍ പോകാന്‍ ശ്രമിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ അവരുടെ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ചെറുതല്ലാത്ത കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചയായി നോക്കിക്കാണുന്ന കപട സദാചാര സമൂഹത്തില്‍, പുരുഷന്‍മാര്‍ ഒളിച്ചിരുന്നു കാണാന്‍ ശ്രമിക്കുന്നത് തുറന്നു കാണിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അവര്‍ വീഡിയോയ്ക്ക് ഒപ്പം എഴുതിയിരിക്കുന്നു. സ്ത്രീയുടെ ദേഹത്തെ മറ്റുള്ളവര്‍ ഉപകരണമാക്കി സ്ത്രീയ്‌ക്കെതിരെ ഉപയോഗിക്കുന്നത് അനുവദിക്കാതെ, സ്ത്രീകള്‍ തന്നെ ശരീരം ആയുധമാക്കണമെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ പ്രവര്‍ത്തിയുടെ പേരില്‍ പോലീസ് ജാമ്യമില്ലാവകുപ്പുകളോടെ കേസ് എടുത്തിട്ടുമുണ്ട്. പ്രസ്തുത വീഡിയോയില്‍ ശരീരത്തിലൂടെ ബ്രഷ് ഓടുമ്പോഴും അവര്‍ ഏറെ ഗൗരവത്തിലാണ്. കുട്ടികളും വീര്‍പ്പുമുട്ടിയാണ് ആ പ്രവര്‍ത്തി ചെയ്യുന്നത്. ഇത് ആ യുവതി സ്വയം ആസ്വദിച്ചു ചെയ്യുന്നതാണോ എന്നു പോലും കാഴ്ചയില്‍ സംശയം തോന്നാം. പിന്നിലൊളിച്ചിരിക്കുന്ന ആര്‍ക്കെങ്കിലും വേണ്ടിയാണ് ഒരു യുവതി ഇങ്ങനെ ചെയ്യുന്നതെങ്കില്‍ അത് കഷ്ടം തന്നെ. എന്നാല്‍ വ്യവസ്ഥിതിക്കു വേണ്ടി മനസ്സുകൊണ്ടുറച്ചു പൊരുതാനാണെങ്കില്‍ സ്വന്തം വാദമുഖങ്ങള്‍ നിരത്തി ഈ ലോകത്തിനു മുമ്പില്‍ നിവര്‍ന്നു നുല്‍ക്കുവാന്‍ അവര്‍ക്കു കഴിയണം. കാരണം, ഒരാള്‍ക്ക് സമൂഹത്തില്‍ സമരം ചെയ്യുവാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. പക്ഷെ സമരങ്ങള്‍ സ്വാതന്ത്ര്യത്തിനായിരിക്കണം. അതേസമയം ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ തടയിടുന്നതുമാകരുത്. മാറു മറയ്ക്കാനും മറയ്ക്കാതിരിക്കാനും സമരങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. 

Published in Goa Malayali News paper- 05 July 2020

Friday, June 19, 2020

വായനാദിന ഭീകരത...

തൊട്ടടുത്തുള്ള സുഹൃത്ത് എഴുതിയതു കാണാതെ, അവൻ അല്ലെങ്കിൽ അവൾ എഴുതിയ പുസ്തകം ഒന്നു തുറന്നുപോലും നോക്കാതെ, വിദേശ എഴുത്തുകാരുടെ പുസ്തകത്തെ കുറിച്ചു മാത്രം വീമ്പു പറയുന്നവരാണ് നമുക്കു ചുറ്റും ഇന്നു കൂടുതലും. (അടുത്തകാലത്ത് ഒര പ്രമുഖ സാഹിത്യപ്രതിഭ തന്റെ ആശ്രിത പ്രേക്ഷകര്‍ക്കായി യുജീനിയൊ മൊണ്ടാലെയുടെ കവിത വായിക്കുന്നതു കേട്ടു!!!)
വായന എന്നത് ഒരുതരം വീമ്പുപറച്ചിലാണിന്ന്.  
പന്ത്രണ്ടു വർഷങ്ങൾ ഒരു ബഹുഭാഷാലൈബ്രറി നടത്തിയ അനുഭവത്തിൽ നിന്നാണിതു പറയുന്നത്. സോഷ്യൽ മീഡിയയിലെ ചില എഴുത്തുകാരോട് തുറന്നു പറയട്ടെ... സ്വന്തം രചനകൾ മാത്രം വീണ്ടും വായിച്ചും അതിൻറെ ലൈക്കുകൾ എണ്ണിയും ആത്മരതിയിൽ മുഴുകുന്ന നിങ്ങളോട് മാന്യവായനക്കാർക്കു പുച്ഛമാണ്. അവരതു പുറത്തു കാണിക്കാത്തത് നിങ്ങളോടു പറഞ്ഞിട്ടു കാര്യമില്ല എന്ന തിരിച്ചറിവു കൊണ്ടാണ്... മാതൃദിനത്തിൽ മാത്രം അമ്മയെ കുറിച്ച് എന്തെങ്കിലും ഓർക്കുക എന്നപോലെ വായനാദിനത്തിൽ മാത്രം പുസ്തകം പൊടിതട്ടി തൊടുന്ന, എഴുത്തുകാർ എന്നു സ്വയം വിശേഷിപ്പിക്കുന്നവരുള്ള കാലം എത്ര ഭീകരമാണ്. അതുപോലും സൗജന്യമായി കിട്ടിയ പുസ്തകം ആയിരിക്കും! എങ്കിലും ഈ ബഹളത്തിനൊന്നുമില്ലാതെ അടങ്ങിയിരുന്ന് വായിക്കുന്നവരുണ്ട്. ചിലരെ അടുത്തറിയാം. അവർ ചിലപ്പോൾ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കില്ല. പൗലോകൊയ്‌ലൊയും ജെ കെ റോളിങ്ങിനേയും ഡാൻ ബ്രൗണിനേയും ഇ എൽ ജയിംസിനേയും മാത്രമല്ല, ഇ സന്തോഷ്‌കുമാറിനേയും ബെന്യാമിനേയും മീരയേയും സുഭാഷ്ചന്ദ്രനേയും പി ജെ ജെ ആന്റണിയേയും കെ ജി എസ്സിനേയും പി പി രാമചന്ദ്രനേയും പോലുള്ള നമ്മുടെ അനേകം സ്വന്തം എഴുത്തുകാരെ അവർ മനസിൽ സൂക്ഷിക്കുന്നു. അതെ. അങ്ങനെയും ചിലരുണ്ട്. ഈ വായനാദിനത്തിൽ അവർക്ക് ഹൃദയം കൊണ്ട് എന്റെ അഭിവാദ്യങ്ങൾ...

Monday, May 18, 2020

റൈറ്റ് സൈസിങ്ങ് എന്ന ജീവിതശൈലി

ആര്‍ഭാടം നല്‍കുന്ന സുഖമെന്താണ്? കോറോണക്കാലത്ത് അല്ലെങ്കില്‍ കൊറോണാനന്തര കാലത്ത് ആഴത്തില്‍ ചിന്തിക്കേണ്ട ഒരു കാര്യമാണത്. രണ്ടും മൂന്നും വാഹനങ്ങളും ആവശ്യത്തിന്റെ രണ്ടിരട്ടി മുറികളുള്ള വീടുകളുമൊന്നും ഇന്നാരും ആര്‍ഭാടമായി കാണുന്നില്ല എന്നതാണത്ഭുതം. വീടു നിര്‍മ്മിക്കാന്‍ പദ്ധതി ഇടുമ്പോള്‍ത്തന്നെ പറമ്പു മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വീട് എല്ലാവരുടേയും മനസ്സില്‍ ഉണ്ടാകും. വിസ്താരമേറിയ മുറികള്‍. എല്ലാ മുറികള്‍ക്കും പ്രത്യേകം പ്രത്യേകം കുളിമുറി-കക്കൂസുകള്‍. എല്ലാ മുറികള്‍ക്കും ശീതീകരണി. ഇതൊക്കെ സാധാരണക്കാരന്റെ കൂടി ചിന്തയിലുള്ളതാണ്. അടുക്കള അടച്ചിട്ട് പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നത് പണ്ട് വല്ലപ്പോഴുമുള്ള ഒരു മാറ്റം എന്ന നിലയിലായിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം അച്ഛന്‍ മണ്ണഞ്ചേരിയിലെ മണ്ണാരപ്പിള്ളിയുടെ ചായക്കടയില്‍ നിന്നും വാങ്ങിക്കൊണ്ടുവരുന്ന പലഹാരങ്ങളുടെ രുചി ഓര്‍ക്കുന്നു. എന്നാല്‍ ഇന്ന് പലര്‍ക്കും അതൊരു സ്ഥിരം പരിപാടിയാണ്. എല്ലാ ദിവസവും വൈകുന്നേരം എണ്ണപ്പലഹാരം പൊതിഞ്ഞുകെട്ടി വീട്ടില്‍ കൊണ്ടുപോകുന്നവരുടെ ആധിക്യം കാരണം എല്ലാ മുക്കുകളിലും ഇത്തരം പലഹാരക്കടകള്‍ നിരവധി മുളച്ചു വരുന്നു. ഇറച്ചി, മീന്‍ , മദ്യം എന്നിവയുടെ ഉപയോഗം വളരെ വര്‍ദ്ധിച്ചു. കുറച്ചുനാള്‍ മുമ്പ്, തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിലേക്കു പോയ ഒരു യാത്ര ഓര്‍ക്കുന്നു. വഴിക്ക് ചായ കുടിക്കുവാനായി ഒരു കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ഞങ്ങള്‍ രണ്ടുപേര്‍ ചായയും പഴംപൊരി എന്നറിയപ്പെടുന്ന ഏത്തയ്ക്കയപ്പവും കഴിച്ചു. എത്രയെന്നു ചോദിച്ചപ്പോള്‍ ചായക്കടക്കാരന്‍ ഇരുപതു രൂപയെന്നു പറഞ്ഞു. വെറും ഇരുപതു രൂപ മാത്രം! മുംബൈയിലെ മലയാളിക്കടയില്‍ ഒരു ഏത്തയ്ക്കയപ്പത്തിനു മാത്രം ഇരുപതു രൂപ കൊടുക്കണം. അയാള്‍ക്കു തെറ്റിയതാകും എന്നുകരുതി നോക്കുമ്പോള്‍  കടയുടെ മുന്നിലെ വിലവിവരപ്പട്ടിക കണ്ടു. ചായ-അഞ്ചു രൂപ. ഏത്തയ്ക്കയപ്പം-അഞ്ചുരൂപ. വട-അഞ്ചുരൂപ. ഉപഭോഗം കൂടുമ്പോള്‍ വില കുറയുന്നു എന്ന പാഠം ഓര്‍മ്മ വന്നു. എണ്ണപ്പലഹാരങ്ങള്‍ക്ക് വില കുറയുന്നു. അതിനൊത്ത് നിരവധി പുതിയ ആശുപത്രികള്‍ മുളച്ചു പൊന്തുന്നു. ജീവിതശൈലീരോഗങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം കൂടുന്നുണ്ടല്ലോ? സത്യത്തില്‍ ആര്‍ഭാട ജീവിതം നമ്മളെ കബളിപ്പിക്കുകയല്ലേ? ചെറിയ ദൂരം പോലും നടന്നു പോകാതെ വാഹനത്തില്‍ പോകുന്ന നമ്മള്‍ നമ്മെത്തന്നെ കബളിപ്പിക്കുകയാണ്. നടക്കുവാനുള്ള കഴിവ് മെല്ലെ ചിലര്‍ക്കു നഷ്ടപ്പെട്ടുപോയാല്‍ അതിശയപ്പെടേണ്ടതില്ല.  ശീതീകരണി സ്ഥിരമായി ഉപയോഗിച്ചു ശീലിക്കുന്നവര്‍ മെല്ലെ അതിന് അടിമപ്പെടുന്നു. തണുപ്പുകാലത്തു പോലും ആ യന്ത്രത്തിന്റെ മുരളിച്ച കേള്‍ക്കാതെ അവര്‍ക്ക് ഉറങ്ങാനാവില്ല. ഇങ്ങനെ പുതിയ ജീവിത ശൈലിയില്‍ നിരവധി കാര്യങ്ങള്‍ അനാവശ്യമായി നമ്മള്‍ ഏറ്റെടുക്കുന്നുണ്ട്. അവയെ മെല്ലെ ഒഴിവാക്കി ശീലിക്കുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്. ഇതിനെ റൈറ്റ് സൈസിങ്ങ് എന്ന് മാനേജുമെന്റ് സയന്‍സില്‍ വിളിക്കുന്നു.

റൈറ്റ് സൈസിങ്ങ് എന്ന മാനേജുമെന്റ് ഉപകരണം കമ്പനികള്‍ കാലാകാലങ്ങളായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ്. സ്ഥാപനങ്ങള്‍ അവരുടെ കമ്പനിയെ പുന:ക്രമീമരണം ചെയ്ത് ചെലവു ചുരുക്കുന്നു. കാലാകാലങ്ങളായി ഉപയോഗ ശൂന്യമായും അവശ്യമില്ലാതെയും കിടന്ന വസ്തുക്കളെ ഒഴിവാക്കുന്നു. അതിലൂടെ അത്തരം ഉപകരണങ്ങളുടെ പരിപാലനത്തിനായി ചെലവാക്കുന്ന വലിയൊരു തുക ലാഭിക്കാന്‍ കമ്പനികള്‍ക്കു കഴിയുന്നു. അസംസ്‌കൃത വസ്തുക്കളുടെ സംഭരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നു. ആവശ്യമില്ലാത്ത തൊഴിലാളികളെ ഒഴിവാക്കുന്നു എന്നതാണ് റൈറ്റ് സൈസിങ്ങിന്റെ ഒരു കറുത്ത വശം. സീനിയര്‍ മാനേജുമെന്റിലുള്ളവര്‍ക്കു വരെ ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെടാം. പക്ഷെ കമ്പനികള്‍ക്കു നിലനില്‍ക്കണമെങ്കില്‍ ഇത് മിക്കപ്പോഴും അനിവാര്യമാണ്. അതുപോലെ മനുഷ്യന്റെ ജീവിതത്തിലും  ഇത്തരത്തില്‍ കൃത്യമായ പരിമാണപ്പെടുത്തലിനു വലിയ സാധ്യതയാണുള്ളത്. കൊറോണ വൈറസിന്റെ വ്യാപനക്കാലത്തും അതിനു ശേഷമുള്ള കാലത്തും മനുഷ്യര്‍ക്ക് ഉണ്ടാകുന്ന പുതുചിന്തകളില്‍ ഈ കാര്യവും ഉള്‍പ്പെടുമെന്നു വിശ്വസിക്കാം. ഒരോരുത്തര്‍ക്കും എന്താണ് ആവശ്യമെന്ന് കൃത്യമായി കണ്ടെത്തുക വളരെ പ്രധാനപ്പെട്ട ഒന്നാണ്. അണുകുടുംബങ്ങള്‍ തീര്‍ക്കുന്ന ഇന്നത്തെ വ്യവസ്ഥയില്‍ റിട്ടയര്‍മെന്റ് ജീവിതത്തില്‍ മിക്കവാറും ഗൃഹനാഥനും ഭാര്യയും മാത്രമായിരിക്കും അവശേഷിക്കുക. മക്കള്‍ അവരുടെ അണുകുടുംബത്തിലേക്കു മാറും. അങ്ങനെ ജീവിയ്ക്കാന്‍ കൊട്ടാരം പോലുള്ള വീട് ഉണ്ടാക്കണമോ എന്ന് രണ്ടു വട്ടം ആലോചിക്കണം. നാളെ അത് വൃത്തിയാക്കി ഇടുന്നതു പോലും വലിയ ബുദ്ധിമുട്ടാകരുത്. അതുപോലെ ഒന്നിലേറെ വാഹനങ്ങള്‍ ആദ്യം വലിയ നേട്ടമാണെന്നു തോന്നുമെങ്കിലും മെല്ലെ അതൊരു ബാധ്യതയായി മാറുമെന്ന തിരിച്ചറിവ് വേണം. മെച്ചെപ്പെട്ട പൊതുഗതാഗത സൗകര്യമുള്ള നമ്മുടെ രാജ്യത്ത് ഒട്ടുമിക്ക അവശ്യങ്ങള്‍ക്കും ആ സൗകര്യം ഉപയോഗിക്കാവുന്നതേയുള്ളു. ഇപ്പോള്‍ ശീതീകരണി ഘടിപ്പിച്ച ബസ്സുകള്‍ പോലും നഗരങ്ങളിലെ നിരത്തുകളില്‍ ധാരാളമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെ പണച്ചെലവും കുറയ്ക്കാം. എങ്കിലും ചെറിയ ദൂരങ്ങള്‍ക്കും കാര്യങ്ങള്‍ക്കുമായി സ്വന്തം വാഹനവും കൊണ്ട് നിരത്തിലിറങ്ങുന്നത് സാമൂഹ്യ ദ്രോഹമാണ്. വീട്ടില്‍ ആവശ്യമുള്ള ഗൃഹോപകരണങ്ങള്‍ മാത്രം വാങ്ങുക. വമ്പിച്ച വിലക്കിഴിവും മറ്റ് ഓഫറുകളുമൊക്കെ കണ്ട് അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാവുന്നതാണ്. റൈറ്റ് സൈസിങ്ങ് ഏറ്റവും ഫലപ്രദം ആഹാര കാര്യങ്ങളിലാണ്. ചന്തയില്‍ നിന്നും കണ്ണില്‍ കണ്ടതൊക്കെ വലിച്ചു വാരി വാങ്ങിക്കൂട്ടുന്നത് ഉപേക്ഷിക്കണം. പലപ്പോഴും അതില്‍ പകുതിയും ചീഞ്ഞ് ഉപയോഗശൂന്യമാകുന്നതു കാണാം. ഏറ്റവും ആവശ്യമായതു മാത്രം വാങ്ങുക. പ്രകൃതിയിലെ എല്ലാ സാധനങ്ങളും അത്യാവശ്യത്തിനു മാ്രതം ഉപയോഗിക്കാനുള്ളതാണ് എന്ന തിരിച്ചറിവാണു മുഖ്യം. ജലത്തിന്റെ ഉപയോഗത്തിലാണ് ഏറെ ശ്രദ്ധ വേണ്ട മറ്റൊരു കാര്യം. എത്രമാത്രം വെള്ളമാണ് നമ്മള്‍ നിത്യവും പാഴാക്കുന്നത് എന്നു ശ്രദ്ധയോടെ പരിശോധിക്കുക. പ്രത്യേകിച്ചും പൊതുസ്ഥലങ്ങളിലും ഓഫീസുകളിലുമൊക്കെ വെള്ളം ധൂര്‍ത്തടിച്ച് ഉപയോഗിക്കുന്ന വൈകല്യം പലര്‍ക്കുമുണ്ട്. ഭൂമിയിലെ മനുഷ്യവാസ മേഖലകളില്‍ നല്ലൊരു ഭാഗവും ജലദൗര്‍ലഭ്യത്തിന്റെ ദുരിതങ്ങള്‍ പേറുന്നുണ്ടെന്ന കാര്യം അപ്പോള്‍ നമ്മളോര്‍ക്കുന്നില്ല.  

ഓരോ വ്യക്തിയുടെയും ജീവിതശൈലി നമ്മുടെ പ്രകൃതിയെ ആഴത്തില്‍ സ്വാധീനിക്കുന്നു എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ജീവിതശൈലിയില്‍ റൈറ്റ് സൈസിങ്ങ് തത്ത്വങ്ങള്‍ സ്വീകരിക്കണം. ഈ പ്രകൃതിയില്‍ നിന്നും ഏറ്റവും കുറച്ചു മാത്രമെ ഞാന്‍ ഉപയോഗിക്കു എന്ന് പ്രതിജ്ഞയാണ് ആദ്യം വേണ്ടത്. വെള്ളം ഉപയോഗിക്കുമ്പോള്‍, പേപ്പര്‍ ഉപയോഗിക്കുമ്പോള്‍, പാചകവാതകം ഉപയോഗിക്കുമ്പോള്‍, വൈദ്യുതി ഉപയോഗിക്കുമ്പോള്‍, പെട്രോളും ഡീസലും കത്തിക്കുമ്പോള്‍ നമ്മള്‍ ഈ ചിന്തയിലൂടെ കടന്നു പോകണം. ഇതെനിക്കു വേണോ, ഇത്രയും വേണോ എന്ന ചിന്ത. ധനസ്ഥിതി മെച്ചപ്പെട്ടവര്‍ക്കാണ് റൈറ്റ് സൈസിങ്ങ് ജീവിത ശൈലി ഏറ്റവും നല്ലവണ്ണം ഉപയോഗിക്കാവുന്നത്. പണം കയ്യിലുള്ളവര്‍ക്ക് എന്തും വാങ്ങിമുടിക്കാമെന്ന ചിന്ത വെടിയണം. പാവങ്ങള്‍ക്കും കൂടി അര്‍ഹമായ വിഹിതമാണ് എല്ലാമെന്ന ചിന്ത ഉള്‍ക്കൊണ്ടാല്‍ ധൂര്‍ത്ത്  ഒരു പരിധി വരെ ഒഴിവാക്കാം. ഉപേക്ഷിക്കാന്‍ കഴിയുന്നവയൊക്കെ ഉപേക്ഷിക്കാം. ഈ ലോക്ക്ഡൗണ്‍ കാലം അങ്ങനെ നമ്മള്‍ എന്തെല്ലാം ഉപേക്ഷിച്ചു എന്ന തിരിഞ്ഞുനോട്ടം ഏറെ നല്ലതാണ്. മദ്യമില്ലാതെ ജീവിച്ചു. യാത്രകള്‍ ഒഴിവായി. ധാന്യവും പച്ചക്കറികളും അത്യാവശ്യത്തിനു മാത്രമായി ഉപഭോഗിച്ചു. ഈ ശീലം കുറേയൊക്കെ ജീവിതചര്യയുടെ ഭാഗമാക്കാം. ആര്‍ഭാടം സുഖമല്ല, പലപ്പോഴും ബാധ്യതയാണ് ഉണ്ടാക്കുന്നത് എന്ന തിരിച്ചറിവ് കുറേ ആളുകള്‍ക്കെങ്കിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.  

(Published in Goa Malayali Newspaper on 17th May 2020) 

Wednesday, May 13, 2020

ലോക്ക്ഡൗണിൻറെ സാമൂഹ്യപാഠങ്ങള്‍


നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാനാകാത്ത കേവലം രോഗാണുക്കളെ ഭയന്നു മനുഷ്യരെല്ലാം അടച്ചിരിക്കേണ്ട അവസ്ഥ എന്നെങ്കിലും വരുമെന്നു നമ്മളാരും കരുതിയിരുന്നില്ല. എന്നാല്‍ അതു സംഭവിച്ചു. ഇരുപത്തൊന്നു ദിവസത്തെ ലോക്ക് ഡൗണ്‍ െകാണ്ടു ഫലം കാണാതെ വീണ്ടും മെയ് മാസം മൂന്നാംതീയതി വരെ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ് ഭാരതത്തില്‍. സാമൂഹിക അകലം പാലിക്കുക എന്നതു രോഗപ്പകര്‍ച്ചക്കെതിരെ ഒരു പുതിയ ആയുധമല്ല. മൂന്നിലോ നാലിലോ പഠിക്കുന്ന കാലത്ത് ഞാന്‍ പഠിച്ച തമ്പകച്ചുവട് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌ക്കൂളിലെ ഒരു അദ്ധ്യാപകന്‍ സാമൂഹിക അകലം എന്ന ആശയം പ്രാവര്‍ത്തികമാക്കിയ സംഭവം ഇന്നും ഓര്‍മ്മയിലൂണ്ട്. ഒരു ചെക്കന്‍ നല്ല പനിയും ചുമയുമായി ക്‌ളാസ്സില്‍ വന്നതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. അദ്ധ്യാപകന്‍ ക്‌ളാസ്സിന്റെ പിന്നിലേക്ക് ഒരു ബഞ്ചു മാറ്റിയിടീച്ച് അവനെ ഒറ്റയ്ക്കു അതിലിരുത്തി. പനി മറ്റുള്ളവര്‍ക്കു പകരേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ഉച്ചയോടെ അവന്‍ വീട്ടിലേക്കു മടങ്ങിപ്പോയി. എന്നാല്‍ അടുത്ത ദിവസം രാവിലെ അവന്റെ അച്ഛനാണു സ്‌ക്കൂളിലെത്തിയത്. മകനെ മാറ്റിയിരുത്തി അപമാനിച്ചതിന് അദ്ധ്യാപകനെ തെറിവിളിച്ചുകൊണ്ടായിരുന്നു വരവ്. ജാതിയും മതവുമൊക്കെ കൂട്ടത്തില്‍ പറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ പ്രീയപ്പെട്ട അദ്ധ്യാപകന്‍ അപമാനിതനായി തലകുനിച്ചു നിന്നു. അവസാനം മറ്റു കുട്ടികള്‍ക്കു രോഗം വരരുത് എന്നു കരുതി നല്ലകാര്യം ചെയ്ത അദ്ദേഹം ആ വിവരംകെട്ട അച്ഛനോടു മാപ്പു പറയേണ്ടിവന്നു. ഇതാണു സാധാരണക്കാരനു സാമൂഹിക അകലം എന്ന ആശയത്തോടു പൊതുവായുള്ള സമീപനം. കടകളുടെ മുമ്പില്‍ നിശ്ചിത അകലത്തില്‍ വരി നില്‍ക്കുവാന്‍ പറയുമ്പോള്‍ കച്ചവടക്കാരനോടു തട്ടിക്കയറുന്നു. ഒരാവശ്യവുമില്ലാതെ വാഹനമെടുത്ത് പൊതു നിരത്തില്‍ കറങ്ങി നടക്കുന്നു. പോലീസ് പട്രോളിങ്ങും ഡ്രോണ്‍ ക്യാമറയും വേണ്ടി വരുന്നു ജനത്തെ അടക്കിയിരുത്തുവാന്‍. എന്തുകൊണ്ടാണ് അടച്ചിരിക്കുക എന്ന ആശയവുമായി നമുക്ക് പൊരുത്തപ്പെടാന്‍ ആകാത്തത് ? സ്വതന്ത്രമായ നടക്കാനുള്ള അഭിവാഞ്ഛയെ തടയുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണിത് എന്നു കരുതിയാല്‍ തെറ്റി. ഇതു പരദ്രോഹത്തിനായുള്ള ചിലരുടെ അദമ്യമായ ആഗ്രഹമാണ്. പൊതുബോധത്തിനെതിരെ ചലിക്കാനുള്ള ചിന്തയുടെ ബാക്കിയാണ്. ഇത്തരം കരിങ്കാലികളെ നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റു. ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞാലും നമ്മള്‍ ഇവരെ ഭയക്കണം.

പുറത്തിറങ്ങാനാകാതെ വീടിനുള്ളില്‍ അടച്ചിരിക്കുമ്പോള്‍ സ്വാഭാവികമായും നേരിടുന്ന പല പ്രശ്‌നങ്ങളുമുണ്ട്. മതില്‍ക്കെട്ടിലെ വീടുകളില്‍ കഴിയുന്നവര്‍ക്കു ലോകം പൊടുന്നനെ ചുരുങ്ങുന്നു. സെല്‍ഫോണും ടെലിവിഷനുമൊക്കെ ഉണ്ടെങ്കിലും കുറ്റിയില്‍ കെട്ടിയ പശുവിനെ പോലെ ഒരേയിടത്തില്‍ ചുറ്റിനടക്കുമ്പോള്‍ ഉണ്ടാകുന്ന മുരടിപ്പു വലിയൊരു പ്രതിസന്ധിയാകും. കണ്ട കാഴ്ചകള്‍ തന്നെ വീണ്ടും കണ്ടുകൊണ്ടിരിക്കുവാന്‍ വിധിക്കപ്പെടുകയാണ് അവര്‍. ഇനി നഗരങ്ങളില്‍ ബഹുനില ഫ്‌ളാറ്റുകളില്‍ താമസ്സിക്കുന്നവരുടെ കാര്യമെടുക്കാം. അവര്‍ മണ്ണിലിറങ്ങാതെ, അടച്ച മുറികളിലെ ജീവിതം കുറച്ചുകൂടി പരിശീലിച്ചവരാണ്. എങ്കിലും ആഴ്ചകള്‍ നീണ്ട കൂട്ടിലിരിപ്പ് അവരെയും ബാധിക്കും. അടച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഈ പ്രതിസന്ധികളെ നേരിടുവാന്‍ സോഷ്യല്‍ മീഡിയയെ ഒരു പരിധിവരെ ഉപയോഗിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി കുറിപ്പുകള്‍ പോസ്റ്റു ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു. വായനയിലും എഴുത്തിലും  താല്‍പര്യമുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചു. അവര്‍ക്കു പോലും കാര്യമായ വായനയും എഴുത്തും സാധ്യമാകുന്നില്ല. ലോകത്താകെമാനം നടക്കുന്ന സംഭവങ്ങളുടെ വാര്‍ത്തകള്‍ അവരെയൊക്കെ ബാധിച്ചിരിക്കുന്നു. ടെലിവിഷനിലെ ചാനല്‍ചര്‍ച്ചകളിലും ഉടക്കി കിടക്കുകയാണവര്‍. വാര്‍ത്തകളിലെ ഗ്രാഫുകളില്‍ ഉയര്‍ന്നു പോകുന്ന രോഗബാധയേറ്റവരുടെയും മരിച്ചവരുടെയും കണക്കുകള്‍ കണ്ട ഭീതി ആരെയും വിട്ടുമാറുന്നില്ല. എങ്കിലും വായിക്കാതെ മാറ്റിയിട്ട ചിലതൊക്കെ വായിച്ചു തിര്‍ത്തവരുണ്ട്.

ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വന്ന നിയന്ത്രണങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്തിന്റെ മറ്റൊരു സാമൂഹ്യപാഠമാണ്. വലിയ ആരാധനാലയങ്ങളില്‍ പോലും ആളൊഴിഞ്ഞതു വലിയൊരു സംഭമാണ്. ക്രിസ്ത്യാനികളുടേയും ഹിന്ദുക്കളുടേയും വളരെ വിശേഷപ്പെട്ട ചില ഉത്സവങ്ങള്‍ ഈ സമയത്തു കടന്നുപോയി. ദൈവങ്ങളുടെ കാര്യം നമുക്കു വിടാം. എന്നാല്‍ ഇത്തരം വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന വലിയൊരു വിഭാഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടായത്. ചെറുകിട കച്ചവടക്കാര്‍ മുതല്‍ പന്തലിടുന്നവരും അലങ്കാരപ്പണികള്‍ ചെയ്യുന്നവരും കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരുമൊക്കെ ഉള്‍പ്പെട്ട വലിയൊരു സംഘത്തിനാണ് ഇതുമൂലം നഷ്ടമുണ്ടായത്. ഈ മാസങ്ങളില്‍ വിവാഹങ്ങള്‍ തീരുമാനിച്ചവയൊക്കെ മാറ്റിവെക്കപ്പെട്ടു. പക്ഷെ മരണാനന്തര ചടങ്ങുകള്‍ മാറ്റിവെക്കാന്‍ കഴിയില്ല.  വേണ്ടപ്പെട്ടവരുടെ വിയോഗമറിഞ്ഞിട്ടും ചെന്നെത്താന്‍ പറ്റാതെ വിഷമിച്ച നിരവധി സംഭവങ്ങള്‍ കേട്ടു. ചടങ്ങുകളിലെ ആള്‍ക്കൂട്ടം നമുക്കു വലിയൊരു ശീലമായിരുന്നു. ആ ശീലത്തിനാണ് ഇപ്പോള്‍ അടി പറ്റിയത്. എല്ലാം സാധാരണ ഗതിയിലായാലും ഈ ശീലങ്ങള്‍ കുറച്ചൊക്കെ തുടരുമെന്നു കരുതാം. അനാവശ്യമായ ചില ആര്‍ഭാടങ്ങള്‍ മലയാളികള്‍ കുറയ്‌ക്കേണ്ടതുണ്ട്. പുരോഹിതന്‍മാരും പൂജാരികളുമല്ല ഇപ്പോള്‍ നമ്മള്‍ക്കു വേണ്ടി കഷ്ടപ്പെട്ടത് എന്നത് ഈ ലോക്ക്ഡൗണ്‍ കാലത്തെ വലിയൊരു തിരിച്ചറിവായിരുന്നു. നമ്മള്‍ അടച്ചിരിക്കുമ്പോഴും രോഗബാധിതരുമായി അടുത്ത് ഇടപഴകേണ്ടി വന്ന  ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രികളിലെ ശുചീകരണ തൊഴിലാളികളുമൊക്കെ ആണിപ്പോള്‍ യഥാര്‍ത്ഥ ഹീറോകള്‍. അവര്‍ക്കത് അവരുടെ ജോലിയുടെ ഭാഗമായിരുന്നു. ഇതൊക്കെ കൈകാര്യം ചെയ്യുവാന്‍ പരിശീലനം കിട്ടിയവരാണെങ്കിലും ഈ രോഗത്തിന്റെ പ്രത്യേകത കൊണ്ടും അധികൃതരുടെ ചില അനാസ്ഥകൊണ്ടും മുംബൈ പോലുള്ള മെട്രൊ നഗരങ്ങളില്‍ അവരൊക്കെ വളരെ അപകടം പിടിച്ച സ്ഥിതിയിലാണുള്ളത്. ആരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ നിന്നും ആശുപത്രിയിലെത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, ആശുപത്രികളിലെ അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍ തുടങ്ങി വലിയൊരു വിഭാഗം ഇതില്‍ പെടുന്നു. ഇതിനു പുറമെയാണ് അവശ്യ സര്‍വീസുകാരായ ഒട്ടനവധി ജീവനക്കാര്‍. പോലീസുകാരും സെക്യൂരിറ്റി ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും വൈദ്യുത നിലയങ്ങളിലെ ജീവനക്കാരും മരുന്നു കമ്പനികളിലെ തൊഴിലാളികളും പാല്‍ വതരണം പോലെയുള്ള അത്യാവശ്യ സര്‍വീസുകള്‍ നടത്തുന്നവരുമെല്ലാം ഇതില്‍ പെടും. സത്യത്തില്‍ രാജ്യം മുഴുവന്‍ അടച്ചിരിക്കുമ്പോള്‍ രാജ്യസേവനം ചെയ്യുന്ന ഇവരൊക്കെയാണ്  നമ്മുടെ ശരിയായ അഭിമാന താരങ്ങള്‍. ഒരു ഡെമോക്രാറ്റിക്ക് രാജ്യമെന്ന നിലയില്‍ ഭാരതജനതയുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനം ഈ മഹാമരിയിയെ നല്ലൊരു പരിധി വരെ പിടിച്ചു നിര്‍ത്തുന്നതില്‍ വിജയിച്ചു. കേരളവും ഗോവയുമൊക്കെ കൊറോണയില്‍ നിന്നും മെല്ലെ മുക്തി നേടി വരികയാണ്. ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഈ കൊച്ചു സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാകുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും പരസ്പരം വിശ്വാസത്തില്‍ വന്നതാണ് ഇതിന്റെ പിന്നിലെ ശക്തി.

അപ്രതീക്ഷിതമായ ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ വിവധ ഭാഗത്തു പെട്ടുപോയ അനേകം പേരുണ്ട്. തൊഴില്‍ സംബന്ധമായും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെ പോയവര്‍ ഇതില്‍പ്പെടും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സമ്പൂര്‍ണ്ണമായി വാഹന ഗതാഗതം നിലയ്ക്കില്ല എന്നു കരുതിയവരാണ് ഇതില്‍ ചിലര്‍. എന്നാല്‍ തീവണ്ടിഗതാഗതവും വ്യോമമാര്‍ഗ്ഗവും പൂര്‍ണ്ണമായി അടച്ചപ്പോള്‍ ഇവരില്‍ പലരും ശരിക്കും പെട്ടുപോയി.  പണ്ടു നാട്ടില്‍ ഹര്‍ത്താലില്‍ പെട്ടുപോകുന്നതു പോലെയല്ല ഇവിടെ സംഗതികള്‍. ഭക്ഷണം പോലുമില്ലാതെ പലരും ബുദ്ധിമുട്ടി. പ്രവാസി സമാജങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഗുണങ്ങള്‍ ഇപ്പോഴാണ് ചിലര്‍ക്കെങ്കിലും മനസ്സിലായത്. മലയാളി സമാജങ്ങളേയും കുട്ടായ്മകളേയും പുച്ഛിച്ച ചിലരുടെയെങ്കിലും കണ്ണുകള്‍ ഇതിനകം തുറന്നിട്ടുണ്ടാകണം. സര്‍ക്കാരിനോടു സഹകരിച്ചുകൊണ്ടു നല്ല രീതിയില്‍ സാമൂഹിക സേവനങ്ങള്‍ ചെയ്യുന്ന അവരൊക്കെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. എന്നാല്‍ ക്യാമറയുടെ മുന്നില്‍ സാമൂഹ്യപ്രവര്‍ത്തനം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ക്കും ഇതു ചാകരക്കാലമാണ്. സഹായങ്ങള്‍ നല്‍കുന്നതിന്റെ ചിത്രങ്ങള്‍ എടുത്തു ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ ഇടുന്നതു കാണാം. ഇവരുടെ സഹായം കൈകൊണ്ടു മാത്രമാണ്, മനസ്സുകൊണ്ടല്ല. ലോക്ക്ഡൗണ്‍ കാലത്തു നേരിട്ട മറ്റൊരു വലിയ പ്രശ്‌നം, ഓണ്‍ലൈനില്‍ സൗജന്യ ഉപദേശങ്ങള്‍ നല്‍കുന്ന ഉപദേശികളാണ്. അടച്ചിരിക്കുമ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ കാണാന്‍ വിധിക്കപ്പെട്ട ചിലരൊക്കെ ഇവരുടെ ചതിക്കുഴിയില്‍ വീണുപോയിട്ടുണ്ടാകും. അത്തരം ഓണ്‍ലൈന്‍ ചാനലുകളും മുറിവൈദ്യന്‍മാരും വൈറസ്സുകളെ പോലെ വെറുക്കപ്പെടേണ്ടവരാണ്.  അവരുടെ കപട ഉപദേശങ്ങള്‍ക്കു ചെവി കൊടുക്കുന്നത് ഏറെ അപകടമാണ്. ചിലപ്പോള്‍ കൊറോണയേക്കാള്‍ മാരകവുമാണ്. ശുചിത്വത്തെ കുറിച്ചുള്ള തിരിച്ചറിവാണ് മറ്റൊരു പാഠം.  വൃത്തിയും വെടിപ്പും എന്താണെന്നും അതിന്റെ പ്രാധാന്യമെന്തെന്നും ചെറിയ ക്‌ളാസ്സുകളില്‍ നാം പഠിച്ചതാണ്. ഭക്ഷണം കഴിക്കുന്നതിനു മുമ്പു കൈ കഴുകണം. യാത്ര കഴിഞ്ഞു വന്നാല്‍ മുഖവും കൈകളും കാലുകളും കഴുകി വേണം അകത്തു കയറുവാന്‍. നിത്യവും കുളിച്ചു ദേഹശുദ്ധി വരുത്തണം എന്നൊക്കെ പണ്ടേ മുതിര്‍ന്നവര്‍ പറഞ്ഞു തന്നതാണ്. പക്ഷെ അതൊക്കെ നമ്മള്‍ മറന്നു പോയിരുന്നു. വഴിയോര ഭക്ഷണശാലകളില്‍ തുറന്നു വെച്ച ഭക്ഷണം കൈ കഴുകാതെ കഴിക്കുന്നതില്‍ നമ്മള്‍ മോശമായൊന്നും കണ്ടില്ല. പുറത്തിട്ടുകൊണ്ടുവന്ന ചെരുപ്പഴിക്കാതെ വീട്ടിനുള്ളില്‍ കയറാന്‍ നമ്മള്‍ മടിച്ചില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ശുചിത്വത്തെ കുറിച്ചു വാതോരാതെ സംസാരിക്കുന്നു എന്നത് ബഹുരസം തന്നെ. രാസവസ്തുക്കള്‍ കലര്‍ന്ന പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകണം എന്നു മുന്‍പു പറഞ്ഞതാണ്. എന്നാല്‍ ഇപ്പോഴാണ് അതെല്ലാവരും പ്രാവര്‍ത്തികമാക്കിയത്. അതുപോലെ പച്ചക്കറികളും പലചരക്കുകളും ലഭിക്കുന്നതിനു നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ ഉള്ളതുകൊണ്ട് കഴിയുവാന്‍ നാം നിര്‍ബന്ധിതരായി. കുട്ടികള്‍ക്ക് ഫാസ്റ്റു ഫുഡെന്ന പേരില്‍ അറിയപ്പെടുന്ന ജങ്കു ഭക്ഷണങ്ങള്‍ കിട്ടിയില്ല എങ്കിലും കുഴപ്പമില്ല എന്നായി. മദ്യം ഉപയോഗിച്ചു പഴകിയ പലര്‍ക്കും മദ്യമില്ലാതെയും കഴിയാം എന്ന തിരിച്ചറിവ് ഉണ്ടായതു മറ്റൊരു പ്രധാന കാര്യമാണ്. വീട്ടലിരിക്കുമ്പോള്‍ ജനലിന്റെ അഴികളെണ്ണിയും തറയിലെ ടൈല്‍സെണ്ണിയും സമയം കളയുന്ന തമാശ വീഡിയോകള്‍ കണ്ടുകാണും. ഇതു വെറും ടിക്ക്‌ടോക്ക് തമാശകളല്ല. ചിലരെങ്കിലും വീടിന്റെ ചില ഭാഗങ്ങള്‍ വ്യക്തമായി കണ്ടത് ഈ കാലഘട്ടത്തിലാകും.

ചൈനയിലെ വുഹാന്‍ നഗരത്തിലെ ഹുവാനന്‍ സമുദ്രോത്പന്ന ചന്തയിലെ വൈ ഗുയ്ഷിയാന്‍ എന്ന ചെമ്മീന്‍ കച്ചവടക്കാരിയില്‍ 2019 ഡിസംബറില്‍ അദ്യം സ്ഥിരീകരിച്ച കൊറോണ എന്ന രോഗം മാസങ്ങള്‍ക്കകം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പകര്‍ന്നു പിടിച്ചതിന്റെ കാരണങ്ങള്‍ പലതാണ്. ആഗോളവത്കരണത്തിനെ തുടര്‍ന്നു മാറിമറിഞ്ഞ ലോകവിപണിയില്‍ ഇന്നു നിലവിലുള്ള സാഹചര്യങ്ങളാണ് ഒരു പ്രതി എന്നതില്‍ തര്‍ക്കമില്ല. പുതിയ സാമ്പത്തികവും രാഷ്ട്രീയവുമായ നയങ്ങള്‍ അതിനുമാത്രം ലോകവിപണിയെ മാറ്റിമറിച്ചു കഴിഞ്ഞു. ഭൂഗോളത്തില്‍ എവിടെയുമുള്ള ബ്രാന്‍ഡുകള്‍ വാങ്ങിക്കാന്‍ കഴിയുന്നതില്‍ നമ്മള്‍ അഹങ്കരിച്ചു. ഇത്തരത്തില്‍ ലോക വിപണി നമുക്കു തുറന്നു കിട്ടുമ്പോള്‍ ബോണസ്സായി ഇത്തരം ചില രോഗങ്ങള്‍ വരുമെന്നു നാമിപ്പോള്‍ തിരിച്ചറിയുകയാണ്. എന്നിട്ടും ഇതൊക്കെ അങ്ങു ചൈനയിലല്ലേ, ഇവിടെ കുഴപ്പമുണ്ടാകില്ല എന്ന മിഥ്യാചിന്തയില്‍ ആദ്യനാളുകളില്‍ നാം അഭിരമിച്ചു. ഇതേ വികാരമാകും മറ്റു പല രാജ്യങ്ങളിലും ആദ്യഘട്ടത്തില്‍ നില നിന്നിരിക്കുക എന്നു കരുതേണ്ടതുണ്ട്. ഏതായാലും വലിയ സിംഹങ്ങളെന്നു കരുതിയ പല ലോകരാഷ്ട്രങ്ങളും പതറി നില്‍ക്കുകയാണ്. ലോക പോലീസ് എന്നഹങ്കരിച്ച രാജ്യം സഹായത്തിനായി നിലവിളിക്കുന്നതു നമ്മള്‍ കേട്ടു. ആപത്തില്‍ പരിഹസിക്കുന്നത് ശരിയല്ല. എങ്കിലും ലോക്ക്ഡൗണ്‍ കാലത്തെ ശീലങ്ങള്‍ വരുത്തുന്ന മാറ്റങ്ങളും തിരിച്ചറിവുകളും നാളെ ലോക വിപണിയില്‍ പുതിയ സമവാക്യങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. അമേരിക്കയുടേയും യുറോപ്യന്‍ രാജ്യങ്ങളുടേയും അധീശത്വം ഇനിയുണ്ടാകുമോ എന്നു കണ്ടറിയണം.

മനുഷ്യര്‍ വീടിനുള്ളില്‍ അടച്ചിരുന്നപ്പോള്‍ പ്രകൃതിയിലെ മറ്റു ജീവികള്‍ക്ക് അതെങ്ങനെ ഉള്‍ക്കൊള്ളാനായി എന്നതു കൗതുകകരമായ ഒരു കാര്യമാണ്. ഏതാനും ആഴ്ചകള്‍ അടച്ചിട്ടപ്പോള്‍തന്നെ പ്രകൃതി സുന്ദരിയായി. നദികളില്‍ മാലിന്യങ്ങള്‍ കുറഞ്ഞു. പൊടിപടലങ്ങളൊഴിഞ്ഞ് ആകാശം നീലനിറം പൂണ്ടു. വന്യജീവികള്‍ വനപാതകളിലൂടെ സ്വതന്ത്രവിഹാരം ചെയ്യുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നതു കണ്ടു. ഭൂരിഭാഗം വൈറസ്സുകളും മൃഗങ്ങളില്‍ നിന്നുമാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നു തെളിഞ്ഞിട്ടുണ്ട്. വന്യജീവികളെ കൊന്നു തിന്നുന്നതു ശീലമാക്കിയ ചൈനയിലെ പ്രവിശ്യകള്‍ ഇത്തരം രോഗാണുക്കള്‍ക്കു പ്രഭവസ്ഥാനമാകുന്നത് അതുകൊണ്ടാണ്. എന്നാല്‍ മൃഗങ്ങളെയും പക്ഷികളെയുമൊക്കെ ഈ ലോകത്തിന്റെ തുല്യ അവകാശികളാണെന്ന സത്യം മനുഷ്യര്‍ അംഗീകരിക്കുകയും അവയെ അവയുടെ വഴിക്കു വിടുകയും ചെയ്യേണ്ടതുണ്ട് എന്നു പ്രകൃതി നല്‍കുന്ന ഓര്‍മ്മപ്പെടുത്തലാണ് ഇതെന്ന തിരിച്ചറിവു നമുക്ക് ഉണ്ടാകണം. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുമ്പോഴെല്ലാം ഇത്തരം തിരിച്ചടികള്‍ നമ്മള്‍ നേരിടേണ്ടി വരുന്നുണ്ട്. കൂട്ടത്തില്‍ നിരപരാധികളായ മറ്റു ജീവികളും അതില്‍ അകപ്പെടുകയാണ്. പ്രകൃതിയുമായി ആഴത്തില്‍ ബന്ധപ്പെട്ടാണു മനുഷ്യരുടെ അതിജീവനം നിലനില്‍ക്കുന്നത്. എവിടെയെങ്കിലും താളം തെറ്റിയാല്‍ അതു മൊത്തത്തില്‍ പ്രശ്‌നമാകുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ മനുഷ്യര്‍ പ്രകൃതിക്കൊപ്പം ചേര്‍ന്നുകൊണ്ടാണ് അതിജീവനത്തിനായി ശ്രമിക്കേണ്ടത്. എല്ലാ വികസനങ്ങളും നടത്തേണ്ടത് ആ ബോധമുള്‍ക്കൊണ്ടാകണം. അടച്ചിരിക്കുന്നത് നാളെ സുഖമായി പുറത്തിറങ്ങാനാണ്. അങ്ങനെ ഇറങ്ങുമ്പോള്‍ നാമെല്ലാം ഓര്‍ക്കേണ്ടത് ഇത്തരം വലിയ പാഠങ്ങളാണ്. അടച്ചിരിക്കുമ്പോള്‍ നമ്മള്‍ വീണ്ടും വീണ്ടും ഉരുവിട്ടു പഠിക്കേണ്ട പാഠങ്ങളാണവ. 

എന്റെ നിഴലിനെ ഞാനിന്നാദ്യമായി കണ്ടുമുട്ടി.
എന്നും എനിക്കൊപ്പം ഉണ്ടായിരുന്നെങ്കിലും
ഇതുവരെ അതിനെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.
ഒരു പരിഭവവും പറയാതെ അതെന്നെ തഴുകി.
അടച്ചിരിക്കെ, ഞങ്ങള്‍ പരസ്പരം സുഖപ്പെടുത്തി...

(article published in Goa Malayali Newspaper- Sunday 03.05.2020)




Saturday, March 21, 2020

ആഞ്ഞിലിക്കൊമ്പിലെ കാക്ക

കുറച്ചു വർഷങ്ങൾക്കു മുൻപ് നാട്ടിൽ ചെന്നപ്പോൾ എടുത്ത ചിത്രമാണ്. പഴയൊരു മെമ്മറി കാർഡിൽ നിന്ന് ഇപ്പോൾ കിട്ടി.
ആഞ്ഞിലിച്ചക്ക കൊത്തിത്തിന്നുന്ന കാക്ക.
കുട്ടിക്കാലത്ത് പഴങ്ങൾക്കായി കാക്കകളോടു മത്സരിച്ചത് ഓർമ്മ വരുന്നു. 
ഇന്നും കാക്ക അതേ കള്ളനോട്ടം നോക്കുന്നുണ്ട്. 
നമുക്ക് ആഞ്ഞിലിച്ചക്ക വേണ്ടാതായത് കാക്ക അറിഞ്ഞിട്ടുണ്ടാവില്ല...